അമ്മ, ഭാര്യ, മകൾ എന്നിവരല്ലാതെ ഞാൻ അറിഞ്ഞ മറ്റു സ്ത്രീകൾ

madhupal
SHARE
മധുപാൽ

മാതൃഭൂമി ബുക്സ്

175 രൂപ രൂപ

"മാധവോ പെണ്ണുങ്ങൾന്ന് പറഞ്ഞാ അത് വേറെ സാധനാണ്ടാ.. നമ്മനെനക്കിണപോലൊന്നൊല്ലാ.. നീ പെണ്ണ്ങ്ങളെ മണത്തിട്ട്ണ്ടാ.. ഓരോ പെണ്ണിനും ഓരോ മണാണ്ടാ..’’

ശാന്തയുടെ മണത്തിന്റെ പിന്നാലെയാണാദ്യം പാഞ്ഞത്. അത് സൗകര്യം കൊണ്ടായിരുന്നു. അവളുടെ മുറി എനിക്ക് കയറിച്ചെല്ലാവുന്നിടമായിരുന്നു. ഉടുത്തഴിച്ചിട്ട പാവാടയിലും ജമ്പറിലും പെൺമണം ശ്വസിച്ചു. ശാന്തയെന്ന കാഴ്ച വികസിക്കുന്നതും മണത്തിലൂടെയായിരുന്നു. അവളുടെ അടച്ചിട്ട വാതിലിനുള്ളിൽ ശാന്തയുടെ മണം നിറഞ്ഞു. അതേതു മണമായിരുന്നുവെന്നാണ് പിന്നെ ഞാൻ അലഞ്ഞത്. ശാന്തയ്ക്ക് കുലച്ചുവന്ന നെല്ലിന്റെയുള്ളിലെ പാൽമണമായിരുന്നു.. വിളഞ്ഞുതുടങ്ങിയ പാടത്തിന്റെ വരമ്പിലൂടെ സഞ്ചരിച്ചപ്പോഴൊക്കെ ശാന്തയുടെ മണത്തിനായിരുന്നു ഞാൻ കതിരിൽനിന്നു നെല്ലൂരി അതു പിളർന്ന് മണമേറ്റത്. പുഴയിലെ വെള്ളത്തിനും വീശുന്ന കാറ്റിനുമപ്പുറം മനുഷ്യമണങ്ങളുടെ അനന്തവഴികൾ ആഗ്രഹിച്ചു. ശിവപ്പൻ ആ ആഗ്രഹങ്ങളുടെ പഥങ്ങളിലേക്ക് എന്നെ നയിക്കുകയും ചെയ്തു. സിനിമാ കൊട്ടകയിലെ ചാരുബഞ്ചിൽ ശാന്തയിരിക്കുന്ന ചാരിൽ പിന്നിലിരുന്ന് ജീവനുള്ള മണമറിഞ്ഞു.

(മീനുകൾ നീന്തും കാലം)

"എന്റെ യാത്രകളിൽ ഞാൻ അറിഞ്ഞ പെണ്ണുങ്ങളെപ്പറ്റി എഴുതാമെന്ന തോന്നലുണ്ടാക്കിയത്, ഒരിക്കൽ, എഴുത്തുകാരനായ സതീഷ്ബാബു പയ്യന്നൂരിനൊപ്പമായിരുന്നു; അയാൾ തുടങ്ങിയ മാസികയിലേക്കു ചെറുകുറിപ്പുകളെഴുതണമെന്ന സ്നേഹനിർദേശത്തിൽ. കുട്ടിക്കാലം മുതൽക്കേ എനിക്കു മുന്നിൽ വന്നതും പോയതുമായ പെണ്ണുങ്ങൾ. അവരെന്നോടു പറഞ്ഞതും അവരെ ഞാൻ കേട്ടതുമായ കാര്യങ്ങൾ ആലോചിച്ചു തുടങ്ങാമെന്നു ഞാനുറപ്പിച്ചു. വളർച്ചയുടെ വിവിധ പ്രായങ്ങളിലൂടെ ഞാനവരെ കണ്ടു. കുട്ടിക്കാലത്ത് എന്നോടൊപ്പം വളർന്ന, എന്നെ വളർത്തിയ വീട്ടുവേലക്കാരുണ്ടായിരുന്നു. മാറിമാറി താമസിച്ച വീടുകൾക്കരികിൽ കൂട്ടുകാരുണ്ടായിരുന്നു. ക്ലാസ്മുറികളിൽ പൂമ്പാറ്റകളെപ്പോലെ പാറുന്ന കുറുമ്പുകളുണ്ടായിരുന്നു. സ്വന്തമായി പറയാൻ വാക്കുകളുണ്ടാകുന്നതുവരെ ഞാനവരെയൊക്കെ ദൂരേനിന്നു മാത്രം കണ്ടു. അപ്പോഴൊക്കെ ഞാനൊരു ഒളിച്ചുനോട്ടക്കാരനായിരുന്നു എന്നെനിക്കിപ്പോ തോന്നുന്നു. അവരെന്നോടു മിണ്ടാനും അവരുടെയരികിൽ നിൽക്കാനും അവരുടെ കണ്ണിൽ നോക്കാനും എനിക്കു പതർച്ചയായിരുന്നു. അവരെങ്ങാനും എന്നെ നോക്കിയാൽ ഞാൻ ഭൂമിപിളർന്നില്ലാതാകുമായിരുന്നു. ചിലപ്പോൾ എന്റെ അന്നത്തെ മനസ്സുതന്നെയായിരുന്നുവെന്നു ഞാനിപ്പോൾ അറിയുന്നുണ്ട്. പുസ്തകങ്ങളിലും സിനിമകളിലും മാത്രമായിരുന്നു എന്റെ ബാല്യകൗമാരങ്ങളിൽ പെണ്ണുങ്ങൾ. വായിച്ച നോവലിലെ ഇഷ്ടങ്ങളും കണ്ട സിനിമകളിലെ കഥാപാത്രങ്ങളിലും എന്റെ ഉറക്കത്തിലെ കിനാവുകളിൽ ഞാൻ ദൂരേനിന്നും കണ്ട പെണ്ണുങ്ങളുടെ  മുഖമാക്കുമായിരുന്നു. അവരുടെ ചോദ്യങ്ങളും അവരുടെ വാക്കുകളും പതുക്കെപ്പതുക്കെ എന്റെ വിളർച്ചയും പതർച്ചയും മാറ്റിത്തുടങ്ങിയിരുന്നു.

കഥാകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകൻ, നടൻ എന്നീ നിലകളിലെല്ലാം മലയാളിക്കു പരിചിതനാണ് മധുപാൽ. തലപ്പാവ്, ഒഴിമുറി, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ സിനിമകളിലൂടെ സംവിധായകനായി സ്വന്തം മേൽവിലാസമുണ്ടാക്കുന്നതിനു മുൻപു തന്നെ മികച്ചൊരു കഥാകൃത്തായി അദ്ദേഹം മലയാള സാഹിത്യത്തിൽ ഇടം നേടിയിരുന്നു. കഥകൾ പോലെയുള്ള അനുഭവങ്ങളാണ് പുതിയ കൃതിയായ ‘എന്റെ പെൺനോട്ടങ്ങൾ’ലൂടെ അദ്ദേഹം പറയുന്നത്. അമ്മ, ഭാര്യ, മക്കൾ എന്നീ നിലയ്ക്കല്ലാതെ താൻ അറിഞ്ഞ സ്ത്രീകളെക്കുറിച്ചുള്ള അനുഭവിച്ചറിയലുകൾ. ഒരു സുഹൃത്ത്, സഹായി, കാമുകൻ എന്നീ നിലകളിലൊക്കെ മധുപാൽ നിറഞ്ഞുനിൽക്കുകയാണ് ഓരോ അനുഭവത്തിലും.

.. അതൊരു മാസികയായിരുന്നു. ഒരു സ്ത്രീയുടെചിത്രം. അവൾപാതി നഗ്നയായിരുന്നു. അതവൻ എനിക്കു നേരെ നീട്ടി. ഞാനതു വാങ്ങി പേജുകൾ മറിച്ചു. എന്റെ കൈ വിറച്ചു. പൂർണവും അർധവുമായ, പെണ്ണുടലുകളുടെ നഗ്നത. ജീവിതത്തിൽ ഇത്രമാത്രം ഒന്നുമുടുക്കാത്ത പെണ്ണുങ്ങളെ കണ്ട് ഞാൻവിറച്ചു. സ്വർണനിറമുള്ള തലമുടിയാൽ അവർ മുലകൾമറച്ചു. നിറമുള്ള ഒരു ചെറുതുണിയാൽ അവർ അരക്കെട്ടു മറച്ചു. ഓരോ താളുകൾ മറഞ്ഞുപോകുന്നതിനിടയിൽ, ഇപ്പോൾ എനിക്കാ അരുതാത്തതെന്തെന്ന് മനസ്സിലായിത്തുടങ്ങി. ഇനിയുള്ള നാളുകളിലെ രാത്രിസ്വപ്നങ്ങളിൽ ഈയുടലുകൾ വരുമെന്നറിഞ്ഞ് ഞങ്ങൾ ആരും കാണാതെ ഒന്നും മിണ്ടാതെ പൊട്ടക്കിണറ്റിൽ നിന്നും കയറി. പുസ്തകത്തിലെ ചിത്രങ്ങൾ കണ്ട് ഞങ്ങളുടെ നാവിലെ വെള്ളം വറ്റിയിരുന്നു. കാലുകൾക്കിടയിൽ തരിച്ചൊഴുകിയിരുന്നു.

ഒറ്റപ്പെട്ട രഹസ്യങ്ങൾ സൂക്ഷിക്കുന്ന രണ്ടു മനസ്സുകളുമായി ഞങ്ങളാ ഇരുട്ടിൽ നിന്നും അസ്തമയ സൂര്യന്റെ വെളിച്ചത്തിൽ വന്നു. ഞങ്ങളുടെ മനസ്സിലും കണ്ണുകളിലും വെളുത്ത ആ പെണ്ണുങ്ങളായിരുന്നു. ഇരുട്ടിൽ തിളങ്ങിയ അവരുടെ ദേഹമായിരുന്നു…

മുളങ്കാടിനപ്പുറത്തെ പാടത്തേക്കിറങ്ങി ഒന്നു വളഞ്ഞ് ഒരു ചെറുതെങ്ങിൻതോപ്പ്ചുറ്റിയാൽ പാടത്തേക്കുള്ള പാതയിലെത്തും. മുളങ്കാട്ടിനുള്ളിലെ നടവഴിയിൽ നിന്നും പാടവരമ്പിലേക്കിറങ്ങി. ഒരു ചെറുപാടം. കാറ്റിന്റെ ശക്തി കുറഞ്ഞിട്ടേയില്ല. പാടത്തിൽ നിന്നും കയറിയാൽ ഒരു മരക്കൂട്ടമുണ്ട്. അതു കഴിഞ്ഞാൽ തെങ്ങിൻതോപ്പ്. മരക്കൂട്ടം ഒരു കാവാണ്. അതിനകത്തേക്കു കയറിയപ്പോൾ ആരോ അവിടെയുള്ളതുപോലെ. മരങ്ങൾക്കിടയിലെ വള്ളിപ്പടർപ്പുകൾക്കിടയിലേക്കെത്തിയതും കമലം ഒന്നു നിന്നു. അവൾ ആരെയോ കണ്ടു. അവൾ നോക്കിയ ഭാഗത്തേക്ക് ചെറുവള്ളികൾ മാറ്റി ഞാനും നോക്കി. അവർ രണ്ടുപേരുണ്ടായിരുന്നു. അവർ കറുത്തിരുണ്ടവരായിരുന്നു. അവരുടെ ദേഹങ്ങളിൽ വിയർപ്പുമണികൾ വെള്ളാരംകല്ലുപോലെ തിളങ്ങുന്നുണ്ടായിരുന്നു. അവർ ആണും പെണ്ണുമായിരുന്നു.

എന്റെ മുന്നിലെ പുസ്തകം ജീവൻ വച്ചു. ഞാൻ കമലത്തെ നോക്കി. അവൾ എന്റെ നോട്ടം കാണുന്നുണ്ടായിരുന്നില്ല.

(മുളയരി കൊഴിയുന്ന കാലം)

സിനിമയെന്ന അദ്ഭുതത്തിന്റെ പ്രപഞ്ചത്തിൽ സുമതി കാഴ്ചകൾ കണ്ട് നീങ്ങുന്നുണ്ടായിരുന്നു. പരസ്പരം കാണാതെ, അവളാരുടെയൊക്കയോ സിനിമകൾക്കു പിന്നിൽ സഞ്ചരിക്കുന്നതും പിന്നെയൊരാഡിറ്ററെ കല്യാണം കഴിച്ചുവെന്നും ഞാനറിഞ്ഞു. കല്യാണത്തിനവളെന്നെ അറിയിച്ചില്ലെങ്കിലും, ഇനി നിനക്കുവേണമെങ്കിൽ സ്വന്തമായൊരു ചിത്രം ആലോചിക്കാം. ജീവിതത്തെയും സിനിമയെയും ആവശ്യാനുസരണം കൃത്യമായി നിർമിക്കാൻ അറിയുന്ന ഒരാൾഒപ്പമുള്ളപ്പോൾ… എന്നൊരു സന്ദേശം ഞാനയച്ചു. അതു കിട്ടിയപ്പോൾ അവളെന്നെ വിളിച്ചു. കുറെ ക്ഷമ ചോദിച്ചു.

പിന്നെ കുറെക്കാലം ഞാൻ സുമതിയെ കണ്ടില്ല. എന്റെ സിനിമ കഴിഞ്ഞു ഞാൻഭൂട്ടാനിലേക്ക് ഒരു സഞ്ചാരത്തിനായി നഗരത്തിലെത്തിയപ്പോൾ സുമതി എന്നെ വിളിച്ചു.

സർ ഞാൻ സുമതിയാണ്.. എനിക്കൊന്നു കാണാൻ പറ്റ്വോ?

സുമതി ജീവിച്ചിരിപ്പുണ്ടോ

ഒട്ടൊരു ത മാശയോടെ ഞാൻ ചിരിച്ചു.

മരിച്ചിട്ടില്ല സാർ.. മരിക്കുകയുമില്ല.. എനിക്കൊന്നു കാണണം.. പ്ലീസ്..

ഞാനിത്തിരി തിരക്കിലാണല്ലോ… നാളെ ഉച്ചയ്ക്ക് പോകും. അതിനു മുൻപ് കാണാൻ പറ്റുമോന്ന് … ഞാൻവിളിക്കാം…

ഇത് സാറെന്നെ ഒഴിവാക്കാൻ പറയുന്നതാണ്.. പറ്റും സാർ..എപ്പളായാലും… ഏത് പാതിരാത്രിക്കാണേലും ഞാൻ വരാം.. എനിക്കൊന്ന് കാണണം..

എന്താ ഇത്ര അത്യാവശ്യം..

ഒക്കെ നേരിട്ടു പറയാം.. ഞാൻ ജീവിച്ച ജീവിതം ആരെങ്കിലും അറിയണമെന്നു തോന്നിയിട്ടാ.. അത് സാറുമാത്രേ അറിയ്യാമ്പാടൂ.. പ്ലീസ് സാർ.. എനിക്കിത്തിരി സമയം തരില്ലേ..

ജീവിക്കാനെന്നെ പടിപ്പിച്ചത് സാറിന്റെ വാക്കുകളായിരുന്നു.സാറിനെയൊന്നു കണ്ടാ എന്റെ പ്രശ്നമൊക്കെ തീരും.. അതെന്റെ വിശ്വാസാ.. എന്നെ കൈവിടരുത്…

ശരീ.. വെളുപ്പിന്നൊരു അഞ്ചുമണിക്ക് തനിക്കെന്നെ കാണാൻ വരാൻ പറ്റ്വോ.. ഞാൻ സ്റ്റേഡിയത്തിലുണ്ടാകും.

താങ്ക്യു സാർ ഞാൻവരും..

ഞാൻ ഭൂട്ടാനിൽ പോയി തിരിച്ചുവന്നിട്ടും സുമതി എന്നെ കാണാൻ വന്നില്ല. നഗരത്തിലെത്തിയപ്പോൾ ഞാനവളെ വിളിച്ചുനോക്കി. ആ ഫോൺ സ്വിച്ചോഫ് ആയിരുന്നു.അവളെ അറിയുന്ന, ഒപ്പം, എനിക്കുമറിയാവുന്ന ചിലരോട് ഞാനവളെ അന്വേഷിച്ചു. അവർക്കൊന്നും അവളെവിടെയായിരുന്നെന്ന് അറിയില്ലായിരുന്നു. പലർക്കുമറിയാവുന്ന ഒരാൾആരുമറിയാതെ ഇല്ലാതാവുന്നു എന്നു ഞാൻ വേവലാതിപ്പെട്ടു. അവളെ ഒന്നു കണ്ടിരുന്നെങ്കിൽ എന്റെ മനസ്സിന്റെ ആതങ്കം മാറുമെന്ന് ഞാൻകരുതുന്നു. അവൾ വിളിച്ചപ്പോൾ ഒരിത്തിരി സമയമുണ്ടാക്കിയിരുന്നെങ്കിൽ ഈ വിഷമം തോന്നില്ലായിരുന്നു. തിരിച്ചെടുക്കാനാവാതെ മനുഷ്യൻ വെറുതേ കളയുന്നത് സമയം മാത്രമാണല്ലോ, ജീവിച്ച ജീവിതത്തിൽ കാണാതെ പോകുന്നതും. ഒരു പ്രപഞ്ചത്തിൽ സകലതിനും ഇടമുള്ളതുപോലെ ചിലതിനൊക്കെ അങ്ങനെയല്ലാതെയുമുണ്ടെന്ന് ഞാനറിയുന്നു. ആരുമാവാതെ, ഒന്നുമാവാതെ അതൊക്കെ ആവിയായി അപ്രത്യക്ഷമാകും. ചിലർ കണ്ണുകാണാനാവാതെ പുകയാവും ചിലർ പുകയിലും തെളിയുന്ന സൂര്യനാവും.

പുരുഷന്റെ കാഴ്ചപ്പാടിലെ സ്ത്രീ, കളങ്കമില്ലാതെ ഏച്ചുകൂട്ടലില്ലാതെയാണ് മധുപാൽ ഇവിടെ അവതരിപ്പിക്കുന്നത്. എല്ലാം ജീവതത്തിൽ നിന്നെടുത്ത സത്യസന്ധമായ ഏടുകൾ. വായിക്കുമ്പോൾ ലാളിത്യത്തോടെ അവയെല്ലാം സിനിമയിലെന്നപോലെ നമുക്കു മുന്നിൽ തെളിഞ്ഞുവരും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA