sections
MORE

ചോര ചൊരിഞ്ഞ വിപ്ലവങ്ങൾ തകർന്നടിഞ്ഞ മണ്ണിൽനിന്ന്, പ്രണയത്തയും വിപ്ലവത്തെയും കുറിച്ച്...

prenayam-viplavam-veekshanam-p
SHARE
പ്രിയ ഉണ്ണികൃഷ്ണന്‍

ഹൊറൈസണ്‍ പബ്ളിക്കേഷന്‍ ഹൗസ്

വില 100 രൂപ

ആവർത്തിക്കപ്പെട്ട് അർഥം നഷ്ടപ്പെട്ടുപോയ വാക്കുകളുണ്ട്. ജീവന്റെ ഊർജം ഒഴുക്കിക്കളഞ്ഞവ. ചലനരഹിതമാക്കപ്പെട്ടവ. അർഥത്തിന്റെ വീണ്ടെടുപ്പ് ആവശ്യമെങ്കിലും  നിയോഗം ആരുടേതെന്ന സംശയത്തിൽ എല്ലാവരും നിശ്ശബ്ദരാക്കപ്പെടുന്ന കാലം. വിദ്വേഷത്തിന്റെയും വിവേചനത്തിന്റെയും ക്രൂരകാലം. നിയോഗം ഏറ്റെടുക്കുന്നതിലൂടെ തെറ്റിധരിക്കപ്പെടുന്നതിന്റെ ആശങ്കയും. കാലത്തിനുവേണ്ടി, ജീവനുവേണ്ടി, ഭാവിക്കുവേണ്ടി ഒരിക്കല്‍ നമ്മുടെ പ്രിയപ്പെട്ടവയായിരുന്ന വാക്കുകളെ വീണ്ടെടുക്കുകയാണ് പ്രിയ ഉണ്ണികൃഷ്ണൻ. ‘വിപ്ലവം’ , ‘പ്രണയം’,  സഖാവ്... എന്നിങ്ങനെ നക്ഷത്രങ്ങളില്‍ നിന്നു കരിക്കട്ടകളായിപ്പോയ വാക്കുകള്‍. വീണ്ടെടുപ്പിന്റെ വിപ്ലവത്തിനു പ്രിയയ്ക്കു മാധ്യമമാകുന്നതു കവിത. അതിജീവനത്തിനുവേണ്ടി ഒഴുക്കിൽ ഒരു ഇലയാകാതെ, വെല്ലുവിളികൾക്ക് ഭാവനയെ വിട്ടുകൊടുത്തുകൊണ്ടു നടത്തുന്ന വീറുറ്റ ശ്രമം. കടന്നുപോയ കാലത്തിന്റെ ചോർന്ന കൈകളിൽനിന്നു വീണ്ടെടുക്കപ്പെടുന്ന ആശയങ്ങള്‍. 

വിപ്ലവത്തോടു ചേര്‍ന്നുപോകുന്ന വാക്കുകളാണല്ലോ പ്രണയവും സഖാവുമെല്ലാം. സമരോത്സുകമായ മനസ്സാണല്ലോ വിപ്ലവത്തിന്റെ കൃഷിയിടം; വിപ്ലവത്തിന്റെ ചോര തന്നെയാണല്ലോ പ്രണയത്തിന്റെ ചുവപ്പും. ഇൻക്വിലാബിന്റെ മുഴക്കം തന്നെ പ്രണയത്തിന്റെ അർഥനകൾക്ക്. വെടിയുണ്ടകളെ ഏറ്റുവാങ്ങിയും ഉയർത്തിപ്പിടിക്കുന്ന ചുരുട്ടിയ മുഷ്ടി തന്നെയല്ലേ കാലം കവർന്ന കാമുകിയെ തിരിച്ചുവിളിക്കുന്നതും. 

അതിർത്തികൾക്കുള്ളിൽ ഒതുങ്ങിനിന്നും അതിർത്തികൾ മാറ്റിവരച്ചും ചോര ചൊരിഞ്ഞ വിപ്ലവങ്ങൾ തകർന്നടിഞ്ഞ മണ്ണിൽനിന്ന് മനുഷ്യ മനസ്സിലേക്കാണ് പ്രിയ ഉണ്ണികൃഷ്ണന്റെ വാക്കുകൾ യാത്ര ചെയ്യുന്നത്. വിപ്ലവത്തിന്റെ വീരഭൂമികൾക്കായുള്ള പ്രകടനങ്ങളോ പന്തയങ്ങളോ മുദ്രാവാക്യങ്ങളോ അല്ല മനസ്സിന്റെ ജാലകങ്ങളും കവാടങ്ങളും തുറന്നിടാനുള്ള ശ്രമം. അശയങ്ങളുടെ ജഡതയിൽനിന്ന് ഉണർവിന്റെ നിമിഷങ്ങളിലേക്കുള്ള ഉയിർത്തെഴുന്നേൽപ്. വീണുപോയവരെ കൈ പിടിച്ചുയർത്തുന്ന മനുഷ്യത്വം. കൂടെയെത്തുന്നവർക്കായി കാത്തുവച്ച കാരുണ്യം. വിപ്ലവം എന്ന വാക്കിന്റെ വീണ്ടെടുപ്പ് മാത്രമല്ല, നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കേണ്ട ആശയങ്ങളുടെ പുനരുജ്ജീവനം കൂടിയാണ് പ്രിയയ്ക്ക് കവിത. പ്രണയം, വിപ്ലവം, വീക്ഷണം എന്ന കവിതാ സമാഹാരം ആ ആര്‍ഥത്തില്‍ പുതിയ കാലത്തിന്റെ മാറാവ്യാധികള്‍ക്കുള്ള മരുന്നു കൂടിയാകുന്നു. 

കവിതയിലൂടെ സാധ്യമാകുന്ന വിപ്ലവത്തെക്കുറിച്ച് സംശയിക്കുന്നവരുണ്ടാകും. എഴുതപ്പെട്ടതെല്ലാം പരാജയപ്പെട്ടെന്ന വ്യർഥതയുമുണ്ട്. എങ്കിലും എഴുതാതിരിക്കാൻ അതു കാരണമോ ന്യായീകരണമോ അല്ല. നഷ്ടപ്പെട്ട ആകാശങ്ങളെക്കുറിച്ചുള്ള കണ്ണീരല്ല,  വീണ്ടെടുക്കാനുള്ള ഭൂമിക്കുവേണ്ടിയുള്ള സമർപ്പണമാണ് പ്രിയയ്ക്കു കവിത. നഷ്ടബോധമില്ലാതെ, നിരാശയുടെ നിഴലില്ലാതെ, പർവതീകരിക്കപ്പെട്ട പ്രത്യാശയുടെ വാഗ്ദാനമില്ലാത്ത തുറന്നുപറച്ചിൽ. മനസ്സ് മനസ്സിനോടു മന്ത്രിക്കുന്നത്. മനുഷ്യൻ മനുഷ്യനോടു പറയുന്നത്. 

ഇതൊരു കവിത മാത്രം, എങ്കിലും അഭിമാനത്തോടെ ഒന്നുകൂടി വിളിക്കട്ടെ 

സഖാക്കളേ... 

അറിയുക എന്ന കവിതയിൽ സഖാവിനെ സുഹൃത്തായി പരിവർത്തിപ്പിക്കുന്നുണ്ട് പ്രിയ. ഈ സുഹൃത്തു തന്നെയാണ് പ്രളയത്തിന്റെ കാലത്ത് എല്ലാവരും തുഴ തിരഞ്ഞപ്പോള്‍ സഖാവേ എന്നൊരൊറ്റ വിളിയിലൂടെ പ്രണയം പറഞ്ഞതും. 

തളർന്നവനു മുൻപിൽ 

മുഷ്ടി ചുരുട്ടരുത്, കൈ നൽകുക 

അവൻ നിന്റെ സുഹൃത്തല്ലാതാര് ? 

ഈ അറിവ്  പ്രിയയുടെ വിപ്ലവകവിതകളിലേക്കുള്ള പ്രവേശികയാണ്. കവിയുടെ പ്രത്യയശാസ്ത്രം. വിപ്ലവകാരിയുടെ മൂലധനം. ആദ്യത്തെയും അവസാനത്തെയും മാനിഫെസ്റ്റോ. 

വിപ്ലവത്തെ അറിയാനും ഉൾക്കൊള്ളാനും വേണ്ടതു വിശാലമായ മനസ്സ്. ലോകങ്ങളെ ഉൾക്കൊള്ളുന്ന മനസ്സിനെ ഉള്‍ക്കൊള്ളാനുള്ള  കരുത്തും കൗതുകവും. ഞാൻ എന്ന അൽപത്തരത്തിൽനിന്നുള്ള മോചനം. നമ്മൾ എന്ന ഐക്യപ്പടൽ. സാഹോദര്യത്തിന്റെ അതേ തുരുത്തിലാണ് പ്രണയത്തിന്റെ രക്തസാക്ഷിസ്തൂപവും. അച്ചടക്കമുള്ള ഒരു കമ്മ്യൂണിസ്റ്റായി വിപ്ലവം സാധ്യമാണെന്ന വിഫലപ്രതീക്ഷ എഴുത്തുകാരിക്കില്ല. അജണ്ടയ്ക്കനുസരിച്ചുള്ള മനുഷ്യസ്നേഹിക്കു പകരം അച്ചടക്കമില്ലാത്ത കമ്മ്യൂണിസ്റ്റായി ഐക്യപ്പെടുകയാണ്. വിയോജിപ്പുകളുടെ സമാന്തര രേഖകൾ‌ക്കുള്ളിൽ ഒരു നക്ഷത്രവും ഉദിക്കാതിരിക്കരുത് എന്ന വാശി ആദർശം തന്നെയാകുന്നു. ധീരതയുടെ ആദർശരാഷ്ട്രീയം. 

ഉദയത്തിന്റെ ചെങ്കൊടിയാണോ 

തിരയുന്നത്, ഇവിടേയ്ക്കു വരൂ, 

വിമോചനത്തിന്റെ പുഴയൊഴുകി 

‌ചുവന്നുപോയ ഹൃദയത്തിന്റെ 

അഗാധമായ തീരത്തൊരിടത്ത് 

വീറോടെയുണ്ടത്, ഒറ്റയ്ക്കുതന്നെ. 

പരാജയപ്പെട്ട വിപ്ലവങ്ങളെക്കുറിച്ചു പ്രിയ വാചാലയാകുന്നില്ല. പകരം ഉയർത്തിപ്പിടിക്കുന്ന ആശയങ്ങളിലാകട്ടെ പരാജയത്തിൽനിന്നു പഠിച്ച പാഠങ്ങളും മനുഷ്യത്വം വീണ്ടെടുക്കാനുള്ള ആവേശവുമുണ്ട്. പ്രസ്ഥാനങ്ങളിൽനിന്നുമാറി വ്യക്തികളുടെ ആന്തരിക ലോകത്തു നടക്കുന്ന കാഴ്ചപ്പാടുകളിലെ സമൂല മാറ്റത്തിലാണ് ഊന്നൽ. നാളെയുടെ ലോകം ആവശ്യപ്പെടുന്ന മാറ്റം. 

പ്രണയത്തേക്കാള്‍ വലിയ മൂശേട്ട വേറെയില്ല എന്നതൊരു അറിവാണ്; അനുഭവവും. ഒരിടത്തും ഇരുത്താതെ ശല്യപ്പെടുത്തുന്ന കുലട. ആഘോഷങ്ങളുടെ കൂട്ടായ്മകളിൽനിന്ന് ഏകാന്തമായ ശവപ്പറമ്പിൽ പ്രണയത്തെ അന്വേഷിക്കുന്ന കവിതയാണ് ‘മിടിപ്പുകളുടെ ആഴങ്ങൾ’.  ഹൃദയത്തെക്കുറിച്ച് ചോദിക്കേണ്ടത് ഏകാന്തമായ ശവപ്പറമ്പിനോടു തന്നെ. മണ്ണാഴങ്ങളിൽ ദ്രവിക്കാത്ത മിടിപ്പുകൾ അറിയുന്നത് ശവപ്പറമ്പിനല്ലാതെ മറ്റാർക്ക്. ഒരാളും ഉണർത്താനില്ലാത്ത ഉറക്കത്തിന്റെ ഏകോപനങ്ങളിലും ഹൃദയം പ്രണയം മിടിക്കുന്നു. ഏകാന്തതയുടെ ഭൂഗർത്തങ്ങൾ അപ്പോൾ മിടിപ്പുകളുടെ കല്ലറകളാകുന്നു. 

വിപ്ലവം സാഹോദര്യത്തിന്റെ വീണ്ടെടുപ്പാണെങ്കിൽ, പ്രണയം രാഷ്ട്രീയപ്രവര്‍ത്തനം തന്നെ. സർവാശ്ലേഷിയായ പ്രണയം ഓരോ ദിനവും പെണ്ണിനെ ഋതുമതിയാക്കുന്നു. യൗവനത്തിന്റെ ആത്മഹർഷങ്ങളിൽ മാത്രമല്ല, ഗ്രീഷ്മത്തിലും നിന്നുകത്തുന്ന പ്രണയം. 

ഓരോ ദിനവും ഇന്നലെകളായി 

പരിണമിക്കുമ്പോഴും 

നാളെയുടെ കതിർമണി 

നമുക്കുമാത്രമുള്ളതാണ് 

മരച്ചില്ലയിൽ വേടൻ ലക്ഷ്യം വയ്ക്കാത്ത 

കൂടുകളിലൊന്നിൽ മകരപ്പുതപ്പിൽ 

ആകാശം ഭൂമിയെ ഋതുമതിയാക്കുന്നപോലെ 

എനിക്കു നിന്നെ പ്രണയിക്കണം 

പുതിയ വിപ്ലവവും പ്രണയവും പെണ്ണിന്റെ വീണ്ടെടുപ്പ് കൂടിയാണ്. കഴിഞ്ഞുപോയ വിപ്ലവങ്ങളില്‍ വഴിയില്‍ ഉപേക്ഷിച്ചിരുന്നു അവളെ. പ്രണയങ്ങളും അവളെ അനാഥയാക്കുകയായിരുന്നു. പ്രിയ മുന്നോട്ടുവയ്ക്കുന്ന വിപ്ലവം വീണ്ടെടുക്കുകയാണ് പെണ്ണിനെ. പെണ്‍മയെ.  പ്രണയത്തെ കാമമെന്നു തെറ്റിധരിച്ച പുരുഷാധികാരലോകത്തിന്റെ ശാസനങ്ങളെ തിരസ്കരിക്കുന്ന കാമുകിമാരെ ഈ കവിതകൾ അവതരിപ്പിക്കുന്നുണ്ട്. ഹൃദയമില്ലാത്ത കാമം അടിച്ചേൽപ്പിക്കപ്പെട്ടപ്പോൾ, നിരന്തര ഭോഗങ്ങളിലും പ്രണയം അന്വേഷിച്ച പെണ്ണുങ്ങളെ. ശവക്കുഴിയുടെ നിശ്ശബ്ദതയിലേക്ക് എടുത്തെറിയപ്പെട്ടിട്ടും മരിക്കാത്തവർ. വസന്തത്തിന്റെ ചിതയിലും പുനർജൻമത്തിലേക്ക് വളരുന്നവർ‌. അവരുടെ ഉള്ളിൽ  പ്രണയത്തിന്റെ മിടിപ്പുകൾക്ക് അവസാനമില്ല. എങ്കിലും ചിതയുമായി ജീവിക്കുന്ന കാമുകനോട് അവൾ അഭ്യർഥിക്കുന്നു: 

പ്രിയ സ്നേഹിതാ, 

എന്റെ ഹൃദയമിടിപ്പെങ്കിലും 

നിന്നിൽനിന്നും പറിച്ചെറിയൂ.

മോചനമില്ലാത്ത ഹൃദയവ്യഥയില്‍നിന്ന് രക്ഷപ്പെടാന്‍ അതാണ് ഒരേയൊരു മാര്‍ഗം; അതത്ര എളുപ്പമല്ലെങ്കിലും. 

കവിതയുടെ തുടക്കം കാരുണ്യത്തിലാണ്. ഇപ്പോഴും കവിത അവശേഷിപ്പിക്കുന്നതും കാരുണ്യത്തിന്റെ ആര്‍ദ്രത തന്നെ. വിപ്ലവത്തിലെ മനുഷ്യത്വത്തെ വീണ്ടെടുക്കുന്ന, പ്രണയത്തിലെ പാരസ്പര്യം അംഗീകരിക്കുന്ന ഈ കവിതാസമാഹാരം ഒരു കഥാകൃത്തില്‍നിന്നു പ്രിയയെ പരിവര്‍ത്തിപ്പിക്കുകയാണ്; കവിയിലേക്ക്. കവിതയുടെ ആജീവനാന്ത തടവറയിലേക്ക് ഇതാ, ഒരു എഴുത്തുകാരി കൂടി ! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA