പല ആണുങ്ങളെ കിടപ്പറയിൽ കണ്ട ഒരു പെണ്ണെഴുതുന്നു, ആണുങ്ങളെ കുറിച്ച്...

Ente-Anungal
SHARE
നളിനി ജമീല

ഡി സി ബുക്സ്

125 രൂപ രൂപ

ഇരുട്ടിൽ അപരിചിതരായ ഒരാണിനെയും പെണ്ണിനെയും ഒന്നിച്ചുകണ്ടാൽ പിന്നെ, കാണുന്ന മലയാളിക്ക് ആകെ ഒരു അസ്വസ്ഥതയാണ്. എന്തൊക്കെയോ സംഭവിക്കാൻ പോകുന്നു എന്നൊരു ആധി. അടഞ്ഞവാതിലും ഉടഞ്ഞചെടിച്ചട്ടിയും കാണിച്ച് കഥയുടെ ബാക്കി പ്രേഷകനു പൂരിപ്പിക്കാൻ വിട്ടുകൊടുത്ത പലകലകളിൽ നിന്നായി ഈ ആകാംഷ  വളർന്നു വന്നു. ഇരുട്ടിൽ ഒരുമുറിയിൽ ആണും പെണ്ണും ഒറ്റയ്ക്കായാൽ അല്ലെങ്കിൽ രാത്രിയിൽ ഒരു പെണ്ണ് ഒറ്റയ്ക്കു പുറത്തിറങ്ങി നടന്നാൽ എന്തോ സംഭവിക്കുമെന്നു ഭയന്നിരുന്ന ഒരു സമൂഹത്തിലേയ്ക്കാണ് ഇരുട്ടിലടയുന്ന ആ വാതിലുകളുടെ അകവശം തുറന്നുകാട്ടികൊണ്ട് നളിനി ജമീല എന്ന എഴുത്തുകാരി കടന്നു വരുന്നത്. ആകാംഷകളിലും സങ്കൽപങ്ങളിലും ഭാവനകളിലുമായി പൊലിപ്പിച്ചുകൂട്ടിവെച്ചിരുന്ന ലൈംഗികതയുടെ പച്ചയായ യാഥാർഥ്യമെന്തെന്നു വിളിച്ചു പറയുന്ന എഴുത്തുകളുമായി. 

ലൈംഗിക തൊഴിലാളികളോടുള്ള സമൂഹത്തിന്റെ സമീപനത്തിൽ വരെ വൻമാറ്റങ്ങൾ സൃഷ്ടിച്ച 'ഞാൻ ലൈംഗിക തൊഴിലാളി' എന്ന ആത്മകഥയ്ക്കു ശേഷം നളിനി ജമീല എഴുതിയ പുസ്തകമാണ് 'എന്റെ ആണുങ്ങൾ'. ലൈംഗികതൊഴിലാളി എന്നാൽ സുഹൃത്തുക്കളോ ഉറ്റവരോ ഇല്ലാത്ത, ഇരുട്ടിൽ തെരുവിൽ പ്രത്യക്ഷപ്പെട്ട് എങ്ങോട്ടോ അപ്രത്യക്ഷരാവുന്ന ഒറ്റപ്പെട്ട നികൃഷ്ട ജീവികളാണെന്ന പൊതുധാരണ പൊളിച്ചെഴുതലാണ് ഈ പുസ്തകത്തിനു പിന്നിലെ രാഷ്ട്രീയ പ്രേരണ എന്ന് പുസ്തകത്തിന്റെ ആമുഖ കുറിപ്പിൽ പറയുന്നുണ്ട്. കേവലം നിഷ്ക്രീയരായ ഇരകൾ എന്ന മുൻവിധിയെ മുറിച്ചു കടന്ന് മുഖ്യധാര ഒതുക്കിയ തന്റെ സമുദായത്തിന്റെ സ്വയം മര്യാദയ്ക്കു വേണ്ടി നളിനി ശബ്ദമുയർത്തുന്നു.

ലൈംഗിക തൊഴിലാളികൾ എന്ന ദയനീയരായ ഇരകളും അവരെ സമീപിക്കുന്ന ക്രൂരരും ശക്തരുമായ ആക്രാന്തകാരും എന്ന പൊതുധാരണകളെ പൊളിച്ചെഴുതുന്നുണ്ട് ഈ പുസ്തകം. എല്ലാവർക്കും വഴങ്ങേണ്ടി വരുന്ന, ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട ഒരു വിഭാഗമാണ് ലൈംഗിക തൊഴിലാളികള്‍ എന്ന ധാരണയും ഇവിടെ തിരുത്തി കുറിക്കപ്പെടുന്നു. സന്തോഷങ്ങളും സങ്കടങ്ങളും ഉള്ള, കരയുകയും ചിരിക്കുകയും ചെയ്യുന്ന, പ്രണയവും പ്രണയനഷ്ടങ്ങളും, മോഹവും മോഹഭംഗവുമുള്ള എല്ലാമനുഷ്യരെയും പോലെ സർവസാധാരണരായ മനുഷ്യരാണ് നളിനി വായനക്കാർക്ക് പരിചയപ്പെടുത്തുന്ന ലൈംഗിക തൊഴിലാളികൾ. അഭിമാനത്തോടെ തനിക്ക് സാധ്യമായ തൊഴിൽ ചെയ്തു ജീവിക്കുന്ന, തന്റെ തൊഴിലിനാവശ്യമായ നൈപുണ്യം ആർജിച്ചെടുക്കാൻ ശ്രമിക്കുന്ന നളിനിയെയും പുസ്തകത്തിൽ കാണാം. 

ആണിനെ കുറിച്ച് ഇത്ര വ്യക്തമായി ആർക്കു വിളിച്ചുപറയാൻ കഴിയും? പല ആണുങ്ങളെ കിടപ്പറയിൽ കണ്ട ഒരു പെണ്ണിനല്ലാതെ? അതിനാൽ തന്നെ വായിക്കപ്പെടുകയും പഠിക്കപ്പെടുകയും ചെയ്യേണ്ട പുസ്തകമാണ് നളിനി ജമീലയുടെ 'എന്റെ ആണുങ്ങൾ'. ആണിനെ വായിച്ചെടുക്കാവുന്ന ഒരു പെൺപുസ്തകം. മലയാളി ആണുങ്ങളെ കുറിച്ച് നളിനിയുടെ നിരീക്ഷണം ഇങ്ങനെ–

"ഇക്കാലത്തിനിടയിൽ ഇടപെട്ട മലയാളി ആണുങ്ങളിൽ എഴുപത്തഞ്ചു ശതമാനവും സ്ത്രീകളോട് സമഭാവനയില്ലാത്തവരാണ്. സ്ത്രീ ഭയങ്കര മോശമാണെന്ന ധാരണ മലയാളികളുടെ ജന്മവാസനയാണ്." "തങ്ങൾക്കാവശ്യമുള്ളപ്പോഴും ഇതെല്ലാം സ്വന്തം ഔദാര്യമാണ് എന്ന പുച്ഛഭാവമാണ് മലയാളി ആണുങ്ങൾക്ക് 'വരുന്നോടീ' 'നിനക്കെത്രയാടീ' എന്ന മനോഭാവം". "പുറംനാട്ടിൽ ജീവിക്കുകയോ മറ്റോ ചെയ്തതിന്റെ പേരിലൊക്കെ വ്യത്യസ്തരായവരാണ് ബാക്കിവരുന്ന ഇരുപത്തഞ്ചു ശതമാനം ആണുങ്ങൾ." 

പലതരം ആണുങ്ങൾ കടന്നുവരുന്നുണ്ട് നളിനിയുടെ ഈ പുസ്തകത്തിൽ. അവരിലെല്ലാം സമൂഹത്തിന്റെ പരിഛേദവുമുണ്ട്. പല തട്ടിലുള്ളവർ, പല തരത്തിലുള്ളവർ, പല സ്വഭാവങ്ങളുള്ളവർ... രാത്രിയും പകലും രണ്ടു മുഖങ്ങളുള്ളവർ, മനസ്സലിവും കാരുണ്യവുമുള്ളവർ, ചിരിച്ചുകൊണ്ട് ചതിക്കുന്നവർ..

ജീവിതം കൊണ്ട് നളിനി ജമീല എന്ന മൂന്നാംക്ലാസ് വിദ്യാഭ്യാസ യോഗ്യതക്കാരി സ്വന്തമാക്കിയ പാഠങ്ങൾ സിലബസുകൾക്കുൾകൊള്ളാൻ കഴിയാത്തത്ര ബ്രഹത്താണ്. ആ ജീവിത പാഠങ്ങളാണ് 'എന്റെ ആണുങ്ങൾ' എന്ന പുസ്തകത്തിന് ആഴവും പരപ്പും നൽകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA