sections
MORE

പ്രണയത്തിനും ഭ്രാന്തിനുമിടയിൽ...

anthi-velicham
SHARE
ആശാപൂർണാദേവി

അടയാളം പബ്ലിക്കേഷൻസ്

വില 290 രൂപ രൂപ

ബംഗാളി ഭാഷയിലെ സമുന്നത എഴുത്തുകാരിൽ ആശാപൂർണാദേവിയുടെ സ്ഥാനം എക്കാലത്തും മുന്‍നിരയിൽ തന്നെയാണ്. ജ്ഞാനപീഠ പുരസ്കാരം അടക്കം നിരവധി ബഹുമതികൾ അവരെ തേടിയെത്തി. മനുഷ്യ ജീവിതത്തെ ആഴത്തിൽ നോക്കി കണ്ടു രചിച്ച അവരുടെ കൃതികളിൽ മനുഷ്യമനസ്സുകളുടെ സൂക്ഷ്മ അപഗ്രഥനം കാണുവാൻ കഴിയും. 

ഒരിക്കലും തുറക്കാതെ പൊടിക്കൂമ്പാരങ്ങൾ നിറഞ്ഞ ചില മുറികൾ പോലെയാണോ മനുഷ്യമനസ്സ്? പല പൂട്ടുകൾ ഇട്ട് ഭദ്രമായി അടച്ച ഇവ തുറന്നാൽ കാണുന്നത് എന്തൊക്കെയാണ്. ഈ വലിയ സമസ്യയാണ് അന്തിവെളിച്ചം എന്ന നോവലിൽ ചർച്ച ചെയ്യുന്നത്. 

അനുപം മിത്രയുടെ സ്വപ്നഭവനത്തിന്റെ പണി പൂർത്തിയാകുന്നതിനു മുൻപേ ആർക്കും ചെന്നെത്താൻ കഴിയാത്ത മറ്റൊരു ഭവനത്തിലേക്ക് അയാൾ യാത്രയായി. അയാളുടെ ഭാര്യ സുചിന്ത തന്റെ മൂന്ന് ആൺമക്കളുമായി ഭർത്താവ് ഒരുപാട് കിനാവുകണ്ടിരുന്ന അനുപം കുടീറിലെത്തി. ആരുമായും സമ്പർക്കം പുലർത്താതെ അവർ അവിടെ പാർപ്പാരംഭിച്ചു. 

അനുപം കുടീറിലെ ഒരു പ്രവൃത്തിയും ഒച്ചയുടെയും ബഹളത്തിന്റെയും അകമ്പടിയോടെയല്ല നടക്കുക. സംസ്കാരസമ്പന്നരായ നാലു വ്യക്തികളുടെ ദിനചര്യ ശാന്തമായി തന്നെയാണ് ആരംഭിക്കുക. എന്നാൽ അനുപം മിത്ര ജീവിച്ചിരുന്ന കാലത്ത് ഇതായിരുന്നില്ല സ്ഥിതി. അയാൾ ഒറ്റയ്ക്കു തന്നെ നാല്‍പത് ആളുകളുടെ ബഹളമുണ്ടാക്കുമായിരുന്നു. വളരെ വാചാലനായ ഒരാളായിരുന്നതിനാൽ മറ്റു നാലുപേരുടെയും മൗനം ആർക്കും പിടി കിട്ടുമായിരുന്നില്ല. രാജകീയമായ ആഡംബരം നയിച്ച ഭർത്താവിന്റെ സ്വഭാവം സുചിന്തയുടെ മനസ്സിൽ ഉണർത്തിയത് അനാസക്തിയും. 

സുചിന്തയാണ് ഈ നോവലിലെ പ്രധാന കഥാപാത്രം. അവരുടെ മനസ്സിന്റെ കാണാക്കയങ്ങളിലേക്കാണ് നോവലിസ്റ്റ് ടോർച്ച് െതളിയിക്കുന്നത്. അനുപം മിത്രയുമായുള്ള ദാമ്പത്യത്തിൽ അവർ സന്തോഷവതിയായിരുന്നോ. ഒരിക്കലും പുറത്തു വരാത്ത എത്രയെത്ര നൊമ്പരങ്ങളാണ് അവൾ ഉള്ളിൽ ഒളിപ്പിച്ചിരിക്കുന്നത്. 

സാധാരണ രീതിയിൽ കഴിഞ്ഞിരുന്ന അനുപം കുടീറിലേക്ക് ഒരു നാൾ രണ്ടു സന്ദർശകർ എത്തുന്നു. നിസ്സഹായനായ ഒരു മധ്യവയസ്കനും അയാളുടെ മകളും. സുനന്ദൻ എന്നാണ് അയാളുടെ പേര് മകൾ നീത. ഒരു ചെറിയ അഭ്യർഥനയുമായാണ് നീത എത്തുന്നത്. മറവിരോഗവും മാനസികാസ്വാസ്ഥ്യവും നിറഞ്ഞ സുനന്ദന്റെ രോഗം മാറ്റുവാൻ സുചിന്ത സഹായിക്കണം. ഏതുവിധമാണ് ഈ രോഗിയെ സുചിന്ത സൗഖ്യമാക്കുന്നത്. ഇവിടെയാണ് ഈ നോവലിന്റെ അസാധാരണ ഭംഗി കുടികൊള്ളുന്നത്.

എന്താണ് സുനന്ദനും സുചിന്തയുമായ ബന്ധം. അവർ ബാല്യകാല സുഹൃത്തുക്കളാണ് അതിലും അപ്പുറം എന്തെങ്കിലും ഉണ്ടോ? അൽപ്പം സ്നേഹവും സാന്ത്വനവും നൽകിയാൽ താളം തെറ്റിയ സുനന്ദന്റെ മനസ്സ് നേരെയാക്കാൻ കഴിയുമെന്ന് മകൾ നീത വിശ്വസിക്കുന്നു. ഈ നോവലിനെ മുന്നോട്ടു നയിക്കുന്ന ഘടകവും ഇതു തന്നെയാണ്. നീതയുടെ വാക്കുകളിൽ നിന്ന് ഇത് കണ്ടെത്താം. ‘‘തന്നിൽ ഉറങ്ങിക്കിടക്കുന്ന സ്രോതസ്സ് ഏതാണെന്ന് ഗംഗയോ ഗോമുഖോ പോലും സ്വയം അറിയുന്നില്ല. പെട്ടെന്നാണല്ലോ അരുവി പൊട്ടിയൊഴുകുന്നത്. അപ്പോൾ സുചിന്തയുടെ ചിന്ത ഈ വിധം ആയിരുന്നു’’. എന്റെ ശാന്തവും സ്തബ്ധവുമായ ഹിമാലയത്തിന്റെ ശാന്തിക്ക് ഭംഗം വരുത്തി ഉറങ്ങിക്കിടക്കുന്ന അരുവിയെ ഉണർത്താനാണു നീ എന്റെ വീട്ടിൽ വന്നിരിക്കുന്നത്’’. മൂകമായ വീടിനെ ഉണർത്താൻ എത്തിയവർ എന്ന് അയൽക്കാർ പോലും പറയാൻ തുടങ്ങി. 

സുചിന്തയ്ക്ക് തന്റെ ബാല്യകാലകാമുകനെ തിരിച്ചു കിട്ടി. അതോടെ ഗതകാല സ്മൃതികൾ ഗംഗാ പ്രവാഹം പോലെ ഒഴുകിയെത്തുകയും ചെയ്യുന്നു. മുത്തശ്ശിക്കു വേണ്ടി ചെമ്പകപ്പൂക്കൾ ശേഖരിക്കുന്നത്, പൂക്കൾക്കുവേണ്ടി ഇരുവരും നടത്തുന്ന പിണക്കങ്ങൾ, അവർ ഒരുമിച്ചു കഴിച്ച മധുരപലഹാരങ്ങൾ തുടങ്ങിയവ, ‘ഞാൻ എങ്ങോട്ടു ദൃഷ്ടി പായിച്ചാലും ആയിരം ഓർമകളുടെ സൂചിക്കുത്ത്’’ എന്ന വാക്കുകൾ.

അനുപം കുടീറിലെ മൂന്നു യുവാക്കളുടെ കാര്യമോ? സാധാരണക്കാരായിട്ടും സ്വയം അസാധാരണക്കാരായി കണക്കാക്കുന്നവർ. സാധാരണ ജനങ്ങളുടെ സ്പർശമേൽക്കുമോ എന്ന ഭയം കാരണം അവർ സ്വയം അസ്പർശ്യരായി സൂക്ഷിച്ചു. അതിന്റെ ഫലമായി അസ്പര്‍ശ്യരായ രോഗികളെപ്പോലെ സ്വയം അവരുടെ ചുറ്റുപാടിൽ ഒറ്റപ്പെട്ടു കഴിയുകയാണ്. 

സുചിന്തയെക്കുറിച്ച് രേഖപ്പെടുത്തിയത് വായിക്കാം. ‘‘അവൾക്കു ഭയം മാത്രമാണ് ഭയം. ജീവിതകാലം മുഴുവനും ഭയപ്പെട്ടാണ് അവൾ കഴിഞ്ഞുവന്നത്. ജീവിതത്തിന്റെ ആരംഭദശയിൽ ഒരാളോട് പ്രേമം തോന്നി. എന്ന അപരാധബോധം കാരണം അവൾ എന്നും ഭയപ്പെട്ടാണ് കഴിഞ്ഞു വന്നത്. ആരെങ്കിലും അറിയുമോ എന്ന ഭയം കാരണം അവൾ ജീവിതകാലം മുഴുവനും ആ പ്രേമത്തിനുമേൽ പാളിപാളിയായി മണ്ണ് മൂടപ്പെടുവാൻ അനുവദിക്കുകയും ചെയ്തു.’’

ആ മണ്‍കൂനയാണ് ഇപ്പോൾ നീക്കം ചെയ്യുന്നത്. ഓർമകൾ ഓർത്തെടുത്ത് നഷ്ടവസന്തങ്ങളെ തിരഞ്ഞു പിടിച്ച് തന്റെ പഴയ കൂട്ടുകാരനെ പൂർവസ്ഥിതിയിലെത്തിക്കുവാനുള്ള ശ്രമം.

മനുഷ്യമനസ്സ് എന്ന അദ്ഭുത പ്രപഞ്ചത്തിന്റെ ജനാലകൾ തുറക്കുകയാണ് ഈ നോവൽ. സ്നേഹത്തിന്റെ വാത്സല്യത്തിന്റെ തൂവൽസ്പർശം ഏൽക്കുമ്പോൾ ഏതു രോഗമാണ് സൗഖ്യമാകാത്തത്?

സാമൂഹ്യബന്ധങ്ങളിലും കുടുംബന്ധങ്ങളിലും വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും ഈ നോവൽ ഗൗരവമായി ചർച്ച ചെയ്യുന്നു. 

കാലം എത്ര ശക്തമായി ഉരച്ചു മായിക്കുവാൻ ശ്രമിച്ചാലും തെളിഞ്ഞു തെളിഞ്ഞു വരുന്ന ഓർമകളാണ് മനുഷ്യനുള്ളതെന്ന് സുചിന്തയുടെ ജീവിതകഥകൾ വായനക്കാരോട് പറയുകയാണ്. മക്കളെല്ലാം വിട്ടുപോകുമെന്നറിഞ്ഞിട്ടും തന്റെ ബാല്യകാലസഖിയുടെ നിസ്സഹായതയിൽ അയാളെ വിട്ടുപോകാൻ കൂട്ടാക്കാത്ത ഉജ്വല ചിത്രം ഈ നോവലിന് കൂടുതൽ മിഴിവു നൽകുന്നു.  രാധാകൃഷ്ണൻ അയിരൂർ ആണ് പുസ്തകത്തിന്റെ പരിഭാഷ നിർവഹിച്ചിരിക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA