sections
MORE

കോട്ടയത്തെ കോഫി ഹൗസിൽ നടന്ന കൊലപാതകങ്ങളുടെയും പീഡനത്തിന്റെയും കഥ

HIGHLIGHTS
  • കോട്ടയം നഗരത്തിന്റെ ഒരു അടയാളപ്പെടുത്തൽ കൂടിയാണ് ലാജോയുടെ നോവൽ.
  • പാരമ്പര്യ കുറ്റാന്വേഷണ വായനകളിൽ നിന്നുള്ള മാറി നടത്തം കൂടിയാണ് ഈ നോവൽ.
coffee-house-p
SHARE
ലാജോ ജോസ്

ഗ്രീൻ ബുക്സ്

വില: 270 രൂപ  രൂപ

If there is a book that you want to

read, but it hasn't been written yet,

Then you must write it.

ടോണി മോറിസൺ എഴുതിയ ഈ വാക്കുകളാണ് ലാജോ ജോസ് എന്ന എഴുത്തുകാരന്റെ കോഫീ ഹൗസ് എന്ന പുസ്തകത്തിൽ ആദ്യം. വായിക്കാൻ ആഗ്രഹമുള്ള പുസ്തകങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ, അവ ഇതുവരെ എഴുതപ്പെടാത്തത് എങ്കിൽ അത് നിങ്ങൾ തന്നെ എഴുതുക എന്നതാണ് സാരം. ലാജോയുടെ എഴുത്തും ടോണി മോറിസൺന്റെ ഈ വരികളോട് ചേർന്നു നിൽക്കുന്നു."വായിക്കാൻ ആഗ്രഹമുണ്ടായിരുന്നു ഒരു കഥ, അതിങ്ങനെ വായിക്കാൻ വേറെ അവസരം ലഭിക്കാഞ്ഞതിനാൽ ഞാൻ തന്നെ എഴുതുന്നു", ലാജോ പറയുന്നു.

മലയാളത്തിൽ കുറ്റാന്വേഷണ നോവലിനും ത്രില്ലറുകൾക്കും ഒക്കെ എവിടെയാണ് സ്ഥാനം! ബൗദ്ധിക ജീവികളെന്നു നടിക്കുന്നവരും അതല്ലാത്തവരും എല്ലായ്പ്പോഴും വായനയിൽ ബുദ്ധിജീവി സാഹിത്യം മാത്രം നിർദ്ദേശിക്കുകയും എന്നാൽ കുറ്റാന്വേഷണ, ഹൊറർ വായനകൾക്കായി ഇംഗ്ലിഷ് പുസ്തകങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നു. എന്തുകൊണ്ട് മലയാളത്തിൽ അത്തരം പുസ്തകങ്ങൾ ഉണ്ടാകുന്നില്ല എന്നത് ഇന്നത്തെ കാലം ഉയർത്തേണ്ടുന്ന ഒരു ചോദ്യമാണ്. കേരളത്തിനു പുറത്ത് കടന്നാൽ "പൈങ്കിളിവത്കരിക്കപ്പെട്ടത്" എന്ന് നാമൊക്കെ വിമർശിക്കുന്ന എഴുത്തുകൊണ്ട് ചേതൻ ഭഗത് ഉൾപ്പെടെയുള്ളവർ അന്താരാഷ്ട്ര പുസ്തക വിപണിയെ കൈയിലെടുക്കുമ്പോൾ ജനകീയ വായനയുടെ പ്രസക്തി ഒട്ടും കുറഞ്ഞിട്ടില്ല എന്നു തന്നെയാണ് അർഥം.

ലാജോ ജോസിന്റെ "കോഫി ഹൗസ്" മലയാള സാഹിത്യത്തിൽ വന്നുകൊണ്ടിരിക്കുന്ന ഒരു മാറ്റത്തിന്റെ തുടക്കം തന്നെയാണെന്ന് കരുതേണ്ടിയിരിക്കുന്നു. ആർതർ കൊനാൻ ഡോയലും, അഗത ക്രിസ്റ്റിയുമൊക്കെ മലയാളിയുടെ വായനയിൽ സ്ഥിരം സാന്നിധ്യമാകുമ്പോൾ നമ്മുക്ക് ഇവിടെ നമ്മുടെ ഭാഷയിൽ തന്നെ ലോക സാഹിത്യത്തോടൊപ്പം നിൽക്കുന്ന കൃതികളുണ്ടാകേണ്ടതുണ്ട്, അതിന്റെ തുടക്കമായി തന്നെ ലാജോയുടെ പുസ്തകത്തെയും കാണണം.

കോട്ടയം ജില്ലയിലെ ഒരു കോഫി ഷോപ്പിൽ നാടിനെ നടുക്കി നടന്ന അഞ്ചു കൊലപാതകങ്ങൾ, ഒരു റേപ്പ് കേസ്, അതിനെ പിന്തുടർന്ന് നടന്ന അന്വേഷണങ്ങൾ, അറസ്റ്റു രേഖപ്പെടുത്തൽ, മരണ വിധി പ്രസ്താവിക്കൽ, ഒടുവിൽ അയാളുടെ നിരപരാധിത്വം തെളിയിക്കാൻ ഇറങ്ങുന്ന ഒരു മാധ്യമപ്രവർത്തക, ഇതാണ് കോഫി ഹൗസിന്റെ മെറ്റിരിയലുകൾ. എസ്തർ ഇമ്മാനുവൽ എന്ന മാധ്യമപ്രവർത്തക കോട്ടയത്ത് വലിയ സർക്കുലേഷൻ ഉള്ള ഒരു വാരികയിൽ ജോലി ചെയ്യുകയാണ്. മുപ്പത് വയസ്സായിട്ടും ഒറ്റക്ക് താമസിക്കുന്ന എസ്തറിന്റെ ജീവിതത്തിലേക്കു കടന്നു വരുന്നത് നമ്മുടെ ചുറ്റും നടക്കുന്ന ഒരുപാട് വിഷയങ്ങളാണ്. കോഫി ഹൗസ് കൊലപാതകങ്ങളിൽ അഞ്ചു വർഷം മുൻപ് തെളിവെടുപ്പ് വൈകിയപ്പോൾ സോഷ്യൽ മീഡിയ കാമ്പയിനുകൾ ഉണ്ടാക്കി ആ കേസിൽ ബെഞ്ചമിൻ എന്നയാളെ അറസ്റ്റു ചെയ്യിക്കാൻ മുൻപിൽ നിന്നയാളാണ് എസ്തർ. ഒരു പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം അവളെ ബലാത്സംഗം ചെയ്ത നീചനായ ബെഞ്ചമിനോട് തരിമ്പും എസ്തറിനു സഹതാപമില്ല. അതുകൊണ്ടു തന്നെ വർഷങ്ങൾക്കിപ്പുറം അയാളുടെ തൂക്കു ശിക്ഷയ്ക്ക് ദിവസങ്ങൾ ബാക്കിയുള്ളപ്പോൾ പോലും അയാൾ കാണണമെന്ന് പറഞ്ഞപ്പോൾ എസ്തറിനു ദേഷ്യമാണ്. പക്ഷേ പിന്നീട് എസ്തറിന്റെ ജീവിതത്തിൽ നടന്നതൊക്കെയും അതിതീവ്രമായ അനുഭവങ്ങളാണ്. 

ബെഞ്ചമിന്റെ ദയനീയമായ നോട്ടം അവളുടെ ചിന്താധാരകളെ മാറ്റി മറിയ്ക്കുന്നു. കോഫി ഹൗസ് കൊലപാതകിയുടെ സമീപത്തേക്ക് എത്താൻ അവൾ യാത്ര തുടങ്ങുന്നു. പക്ഷേ തെളിവുകൾ ബെഞ്ചമിന് എതിരു തന്നെയാണ്, അവളുടെ യാത്രകളിലെങ്ങും അങ്ങനെയൊരു തെളിവ് എസ്തറിനു ലഭിക്കുന്നില്ല. പക്ഷേ നോവലിന്റെയൊടുവിൽ വളരെ യാദൃശ്ചികമായി ആ കണ്ടെത്തൽ എസ്തർ നടത്തുന്നു. ജിനു എന്ന പെൺകുട്ടിയുടെ റേപ്പ് ഉൾപ്പെടെ നടത്തിയതും അഞ്ചു പേരെ കൊലപ്പെടുത്തിയതും ബെഞ്ചമിൻ ആയിരുന്നില്ല. പക്ഷേ ഈ പുസ്തകത്തിന്റെ ഒരു പ്രത്യേകത എന്താണെന്നു വച്ചാൽ നോവലിന്റെ അവസാനം വരെ ആ സസ്പെൻസ് കാത്തുസൂക്ഷിക്കാൻ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട് എന്നതാണ്. ഓരോ അധ്യായം കഴിയുമ്പോഴും അടുത്ത അധ്യായത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള വ്യഗ്രത വായനയെ ഉലയ്ക്കുന്നുണ്ട്. ആരാണ് ആ കൊലപാതകങ്ങൾ നടത്തിയത്? എന്തിനാണ് ബെഞ്ചമിനെ അതിൽ ഇരയാക്കിയത്? എന്തിനായിരുന്നു ആ കൊലപാതകങ്ങൾ? ജിനു എന്ന പെൺകുട്ടിയെ എന്തിനു കൊലപ്പെടുത്തിയ ശേഷം റേപ്പ് ചെയ്തു?

ഇങ്ങനെ ഒരുപാട് ചോദ്യങ്ങളാണ് എസ്തറിനു ചുറ്റും ഉണ്ടായിരുന്നത്. പിന്നീട് എസ്തറിൽ നിന്നും വായനക്കാരിലേക്ക് ഈ ചോദ്യങ്ങൾ പടരുന്നു, എസ്തറിനൊപ്പം വായനക്കാരനും പരിഭ്രമിക്കുന്നു. ഒറ്റയ്ക്ക് എസ്തർ കോഫി ഷോപ്പിലേക്ക് രാത്രിയിൽ ചെന്ന് കയറുമ്പോൾ വല്ലാതെ ഭയക്കുന്നു. 

കോട്ടയം നഗരത്തിന്റെ ഒരു അടയാളപ്പെടുത്തൽ കൂടിയാണ് ലാജോയുടെ നോവൽ. നഗരത്തിലെ പ്രശസ്തമയ ഭക്ഷണ ശാലകൾ, പുതിയ ബ്രാൻഡുള്ള വസ്ത്രങ്ങൾ, പ്രശസ്തമായ ഷോപ്പുകൾ എല്ലാം ഇതിൽ പറഞ്ഞു വയ്ക്കുന്നുണ്ട്. തീർത്തും നാഗരിക ജീവിയായ എസ്തർ നഗരത്തിൽ അലഞ്ഞു നടക്കാനും നന്നായി ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള ഒരു സ്ത്രീയാണ്, പലപ്പോഴും വിമർശകർ കോഫി ഹൗസിനെതിരെ പറയുന്ന ഒരു വിമർശനവും ഇതുതന്നെയാണ്. പ്രധാന കുറ്റാന്വേഷണത്തെ മാറ്റി വച്ചുകൊണ്ട് പറയുന്ന നഗരവും ഭക്ഷണ വിശേഷങ്ങളും. പക്ഷേ പാരമ്പര്യ മലയാളിയുടെ കുറ്റാന്വേഷണ വായനയുടെ ഒരു പോരായ്മയാണതെന്ന് പറയേണ്ടി വരുന്നു. കുറ്റാന്വേഷണം എന്ന ഒരേ രേഖയിൽ സഞ്ചരിക്കാൻ എസ്തർ എന്ന സ്ത്രീ ഒരു പൊലീസ് ഉദ്യോഗസ്ഥയല്ല, മറിച്ച് നാഗരിക ജീവിതം ആസ്വദിക്കുന്ന ഒരു പത്രപ്രവർത്തകയാണ്. സൂക്ഷ്മ ബുദ്ധിയും നിരീക്ഷണവും കൈമുതലായുള്ള മിടുക്കിയായ പത്രപ്രവർത്തക. അത്ര മനോഹരമായ ഡീറ്റെയിലിങ് ഉൾപ്പെട്ട ഒരു കുറ്റാന്വേഷണ നോവൽ മലയാളത്തിൽ ആദ്യം തന്നെയാണെന്ന് പരിമിതമായ വായന തോന്നിപ്പിക്കുന്നു. പാരമ്പര്യ കുറ്റാന്വേഷണ വായനകളിൽ നിന്നുള്ള മാറി നടത്തം കൂടിയാണ് ഈ നോവൽ. അന്താരാഷ്ട്ര നിലവാരമുള്ള കഥകളും എഴുത്തുരീതികളും മലയാളത്തിലേക്കും അനുകരിക്കപ്പെടുന്നു എന്ന പ്രത്യേകതയുമുണ്ട്. 

എസ്തറിന്റെ ജീവിതത്തിലെ മറ്റൊരു അധ്യായത്തിലേയ്ക്ക് വഴി തുറക്കാനിരിക്കുന്ന ഒരു സസ്പെൻസിനുള്ള വഴി തുറന്നിട്ടുകൊണ്ടാണ് കോഫി ഹൗസ് തീരുന്നത്. അതായത് എസ്തർ ഇമ്മാനുവൽ പരമ്പര തുടരും എന്ന് തന്നെ അർഥം. സോഷ്യൽ മീഡിയ, അതിൽ ആവേശം പൂണ്ട മനുഷ്യരുടെ എടുത്തു ചാട്ടങ്ങൾ, തെറ്റിദ്ധരിപ്പിക്കാനുള്ള മനുഷ്യരുടെ ശ്രമങ്ങൾ, ഒറ്റയ്ക്ക് ജീവിക്കുന്ന പെൺകുട്ടിയോടുള്ള സാമൂഹിക മനഃശാസ്ത്രം, എന്നിങ്ങനെ പലതും കുറ്റാന്വേഷണത്തിനും ഭക്ഷണ വിശേഷങ്ങൾക്കും അപ്പുറം നോവൽ ചർച്ച ചെയ്യുന്നുണ്ട്. ഒരു സിനിമാ കഥ എന്ന നിലയിലാണ് ലാജോ ഈ പുസ്തകത്തെ സമീപിച്ചിരിക്കുന്നത്. നോവലിന്റെ ഒടുവിൽ തന്റെ സിനിമ മോഹം എസ്തറിലൂടെ ലാജോ എഴുതി ചേർക്കുകയും ചെയ്തിരിക്കുന്നു. എങ്ങനെയാണ് എസ്തർ കൊലപാതകം തെളിയിക്കുന്നത്?

ബെഞ്ചമിൻ തൂക്കു ശിക്ഷയ്ക്ക് വിധിക്കപ്പെടുമോ?

എങ്ങനെ എസ്തർ അത് സമൂഹത്തിന്റെ മുന്നിൽ തുറന്നു വയ്ക്കും, എന്നിങ്ങനെ നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം നോവലിന്റെ അവസാനം മാത്രമേ ലഭ്യമാകൂ. അതുകൊണ്ടു തന്നെ മികച്ചൊരു സസ്പെൻസ് ത്രില്ലർ എന്ന വിശേഷണവും കോഫി ഹൗസിനു സ്വന്തം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA