sections
MORE

കല്ലാകണോ, പെണ്ണാകണോ? കാളി തീരുമാനിക്കും; സജിത മഠത്തിൽ അരങ്ങിൽ എഴുതിയത്...

HIGHLIGHTS
  • നാലു നാടകങ്ങളുടെ സമാഹാരമാണ് അരങ്ങിലെ മത്സ്യഗന്ധികള്‍
  • ഒരു പെണ്ണിന്റെ യഥാര്‍ഥ വ്യക്തിത്വത്തിലേക്കുള്ള പകര്‍ന്നാട്ടമാണ് കാളിനാടകം
arangile-mathsyagandhikal
SHARE
സജിത മഠത്തില്‍

ഗ്രീന്‍ ബുക്സ്

വില 135 രൂപ രൂപ

അരങ്ങിൽനിന്ന് അണിയറയിലേക്കും അകത്തളങ്ങളിലേക്കും കളംമാറി ചവിട്ടാനൊരുങ്ങിയ നാടകത്തെ കലാസ്വാദകരായ സാധാരണക്കാരിലേക്ക് ആനയിച്ചതിൽ മലയാള സ്ത്രീ നാടകവേദിക്ക് വലിയൊരു പങ്കുണ്ട്. അരങ്ങിന്റെ അകലത്തെ ഇല്ലാതാക്കി കാഴ്ചക്കാരന്റെ നെഞ്ചിനുള്ളിലേക്ക് നാടകത്തിന്റെ തട്ട് മാറ്റിപ്രതിഷ്ഠിക്കുകയായിരുന്നു അവർ. വേഷത്തിന്റെ ധാരാളിത്തവും സംഭാഷണങ്ങളുടെ വ്യാജഗൗരവവും ഊരിയെറിഞ്ഞ് നേർക്കുനേരെ നിന്ന് നാടകം നാട്ടുകാരുമായി സംസാരിച്ചു. കാഴ്ചക്കാർ ഇല്ലാതാകുകയും അവർ കഥാപാത്രങ്ങളായി പരിവർത്തിക്കപ്പെടുകയും ചെയ്തു. അരങ്ങ് എന്നത് ആഡംബരമാണെന്നും കാണാൻ കാഴ്ചക്കാർ ഉണ്ടെങ്കിൽ അവർ കാത്തിരിക്കുന്നിടം നാടകത്തിന്റെ തട്ടാക്കാമെന്നും തെളിയിച്ച വിപ്ലവം– സ്ത്രീ നാടകവേദി അഭിമാനത്തോടെ നയിച്ച ആ വിപ്ലവത്തിന്റെ മുന്നണിപ്പോരാളികളിൽ ഒരാളാണ് സജിത മഠത്തിൽ. 

ആൺവേദി സൗകര്യപൂർവം ഒഴിവാക്കിയ പെൺശബ്ദങ്ങൾക്കു കാതുകൊടുത്ത, സ്റ്റേജിനു പുറത്തുമാത്രം നിൽക്കാൻ വിധിക്കപ്പെട്ടവരെ കഥാപാത്രങ്ങളാക്കിയ, അരങ്ങിനെ മനസാക്ഷിയാക്കിയ ആരോഗ്യകരമായ പരീക്ഷണങ്ങൾ. ചലനചിത്രങ്ങളുടെ ഏറ്റവും ഉജ്വലമായ സാങ്കേതികവിദ്യാക്കാലത്തും നാടകമെന്നത് കാലാഹരണപ്പെട്ട കലാരൂപമല്ലെന്നും പുത്തൻ ജൻമങ്ങളിലൂടെ നിരന്തരം നവീകരിക്കപ്പെടുന്ന നാളെയുടെ കലയും ജീവിതവുമാണെന്നും തെളിയിച്ച നാടകകാലത്തിന്റെ നാട്ടുശബ്ദം. 17 വർഷത്തിനിടെ, എഴുതാമായിരുന്ന നാടകങ്ങളെയൊക്കെ ഒഴിവാക്കിയിട്ടും, എണ്ണിത്തിട്ടപ്പെടുത്താവുന്ന നാലു നാടകങ്ങളിലൂടെ എണ്ണം പറഞ്ഞ സാന്നിധ്യമാകുകയാണ് സജിത. സ്ത്രീ നാടകവേദിയുടെ വളർച്ചയുടെ കൊടിയടയാളം, അരങ്ങിലെ മൽസ്യഗന്ധികൾ അരങ്ങത്തുനിന്നു കാഴ്ചക്കാർക്കൊപ്പം വായനക്കാരെ തേടിവരികയാണ്. ഇനി പുസ്തകം വായിക്കുന്ന ഇടം എവിടെയോ അവിടം അരങ്ങാകുന്നു. വായിക്കുന്ന പുസ്തകം കഥാപാത്രത്തിന്റെ കൈയിലെ ആയുധവും. സ്വയമൊരു തട്ടാകാൻ കൊതിക്കുന്ന നാടകപ്രേമികൾക്ക് ഇരുകയ്യും നീട്ടി സ്വീകരിക്കാം മൽസ്യഗന്ധികളെ... ആവോളം അനുഭവിക്കാം ആർപ്പുവിളിയും കയ്യടിയും ആർത്തിരമ്പലും നിറഞ്ഞ സജീവമായ നാടകക്കാലം. ഒപ്പം സഫലമായ അരങ്ങിനു മാത്രം നല്‍കാന്‍ കഴിയുന്ന ചലനസ്വാതന്ത്ര്യവും.

നാലു നാടകങ്ങളുടെ സമാഹാരമാണ് അരങ്ങിലെ മത്സ്യഗന്ധികള്‍- കാളിനാടകം, മദേഴ്സ് ഡേ, ചക്കീ-ചങ്കരന്‍, മത്സ്യഗന്ധികള്‍. നാലു നാടകങ്ങളും തനതായ സവിശേഷതകള്‍കൊണ്ട് വ്യത്യസ്തതയുടെ മുദ്ര ചാര്‍ത്തുന്നതിനൊപ്പം ഒരു സാഹിത്യരൂപം എന്ന നിലയിലും മലയാളഭാഷയുടെ ഭാഗമാകുന്നു; സംസ്കാരത്തെ പുതുക്കിപ്പണിയുന്നു. മത്സ്യഗന്ധികളും മദേഴ്സ് ഡേയും കാലിക സമകാലിയ പ്രശ്നങ്ങളുടെ നാടകരൂപങ്ങളാണെങ്കില്‍ സാര്‍വലൗകികവും സാര്‍വകാലികവുമാണ് കാളിനാടകം. ഒരു പെണ്ണിന്റെ യഥാര്‍ഥ വ്യക്തിത്വത്തിലേക്കുള്ള പകര്‍ന്നാട്ടം. ഐതിഹ്യങ്ങളിലും കഥകളിലും അരങ്ങിലും തളച്ചിടാന്‍ ശ്രമിച്ചിട്ടും മെരുങ്ങാത്ത പെണ്‍വീറിന്റെ കൊടിയേറ്റം.

വലിയന്നൂര്‍ കാവിന്റെ ചുറ്റുമതിലിന്റെ പുറത്ത് 51വര്‍ഷത്തിനുശേഷം ഭദ്രകാളീ പ്രീതിക്കായി അരങ്ങേറുകയാണ് കാളിനാടകം. ദുര്‍ഘടങ്ങള്‍ ഒഴിവാക്കാന്‍. നാടിനും നാട്ടുകാര്‍ക്കും കാളി പ്രീതി ലഭിക്കാന്‍. ദുഷ്ടനിഗ്രഹത്തിനും ശിഷ്ടപരിപാലനത്തിനും. സംഹാരമൂര്‍ത്തിയുടെ തൃക്കണ്ണില്‍നിന്ന് അവതരിച്ച മഹാകാളി.

അരനൂറ്റാണ്ടിനിടെ നാടിനുണ്ടായ മാറ്റത്തിന്റെ ചരിത്രമാണ് യഥാര്‍ഥത്തില്‍ കാളിനാടകത്തിന്റെ അരങ്ങ്. തുടരുന്ന ഫ്യൂഡല്‍ മേധാവിത്വത്തിന്റെയും ഇരയാക്കപ്പെടുന്ന പെണ്ണിന്റെയും അപമാനിക്കപ്പെടുന്ന ജാതിയുടെയും നിലപാടുതറ. പരിഷ്കൃതവും പുരോഗമനാത്മകവുമായ കാലത്തും എഴുതിയുറപ്പിച്ച സംഭാഷണത്തില്‍നിന്നു മാറി പറയപ്പെടുന്ന ആക്ഷേപങ്ങള്‍. കരനാഥന്‍മാരുടെ കുത്തകയായിരുന്ന സംഭാഷണം മാറ്റാനും തോന്നുന്നതു പറയാനുമുള്ള അവകാശത്തെ കാളി നേരിടുന്നത് സ്വന്തം ജീവിതംകൊണ്ട്. കൂളിയാണ് അവളുടെ പ്രചോദനം. സംശയങ്ങള്‍ക്ക് അറുതിവരുത്തിയും കെടാതെകിടക്കുന്ന കനലുകളെ ഊതിക്കത്തിച്ചും കൂളി നല്‍കുന്ന പ്രചോദനത്തില്‍നിന്ന് കാളി ശത്രുനിഗ്രഹത്തിനിറങ്ങുന്നു. വലിയന്നൂര്‍ കാവിന്റെ ചുറ്റുമതിലിന്റെ പുറത്തുനിന്ന് ഇരയാക്കപ്പെട്ടവരുടെ നിലവിളി ഉയരുന്ന ഓരോ വീട്ടിലേക്കും. പ്രതികാരത്തിന്റെ കനലില്‍ ജ്വലിക്കാന്‍ കാത്തിരിക്കുന്ന ഓരോ പെണ്ണും കാളിയാകുന്നു. മൂര്‍ച്ച കൂട്ടി കാത്തുവച്ച ആയുധം മിന്നിത്തിളങ്ങുന്നു.

മഹാവരങ്ങള്‍ നേടിയവനാണ് ദാരികന്‍. ആകാശത്തും ഭൂമിയിലും അവനു മരണമില്ല. രാവും പകലും അവനെ കൊല്ലാനാവില്ല. പ്രതികാരത്തിന്റെ ക്രൂരമുഹൂര്‍ത്തത്തിലും പിന്നോട്ടടിക്കുന്ന കാരുണ്യപ്പിശാചിനെയും നേരിടണം കാളിക്ക്. അതിജീവിക്കാന്‍ ദുര്‍ഘടങ്ങളുടെ പരമ്പര തന്നെയുണ്ടെങ്കിലും വലിയന്നൂര്‍കാവിന്റെ മുറ്റത്ത് മുടിയഴിച്ചാടുകയാണ് അഭിനവകാളി; ചാത്തന്റെയും കുങ്കിയുടെയും മകള്‍. കലി അടങ്ങാത്ത കാളി. ഒടുവില്‍ കലിയും കാമവും അടക്കി, ചിരിയും കരച്ചിലും ഒഴിവാക്കി സ്ഥാനം നിശ്ചയിച്ച് കല്ലാക്കി അടക്കിയിരുത്താനാണ് ശ്രമം. സ്ഥാനം ആരുതന്നെ നിശ്ചയിച്ചാലും ഇരിക്കണമോ എന്ന് കാളി തീരുമാനിക്കും. കല്ലാകണമോ പെണ്ണാകണമോ എന്ന്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA