sections
MORE

മഴയും മരണവും ഭ്രമാത്മകതയും തമ്മിലെന്താണ്?

HIGHLIGHTS
  • ഉണ്ണി മാധവന്റെ ആദ്യ ചെറുകഥാ സമാഹാരമാണ് ആഗ.
  • യാന്ത്രികതയുടെ വരൾച്ച പുസ്തകത്തിലെ മിക്ക കഥകൾക്കുമുണ്ട്.
aaga
SHARE
ഉണ്ണി മാധവൻ

നല്ലെഴുത്ത്

150 രൂപ  രൂപ

ആഗ എന്ന പേര് ആദ്യം കേൾക്കുകയാണ്. ഒരു ഇന്ത്യൻ ലുക്ക് അല്ലല്ലോ എന്നോർത്തു, പക്ഷേ പേരിന്റെ ഭംഗി ആ കഥ തന്നെ വായിപ്പിച്ചു, ഉണ്ണി മാധവന്റെ "ആഗ" എന്ന ചെറുകഥാ സമാഹാരത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. കവറിൽ മൂക്കിന്മേൽ കൈ ചുരുട്ടി പിടിച്ച് വിഷാദിച്ചു നിൽക്കുന്ന പെൺകുട്ടി ആഗ അകാൻ വഴിയില്ല, അവളാണല്ലോ അകാലത്തിൽ ഒരു പ്രണയത്തിന്റെ പുറകെ നെഞ്ചു കലക്കി നടന്നത്, അവളാണല്ലോ കൂട്ടുകാരിയുടെ അച്ഛനോട് ആ സങ്കടം ചോദ്യം ചോദിച്ചത്,

"അങ്കിൾ, ഈ പ്രണയവും സ്നേഹവും ഒന്നു തന്നെയല്ലേ? എന്നിട്ടും ഇത്ര തീവ്രമായ സ്നേഹമെന്താ വീട്ടിൽ ഉണ്ടാകാത്തത്?!" അക്ഷരാർഥത്തിൽ എന്ത് വലിയ ചോദ്യമാണത്. ഒരുപാട് ആഗമാരുടെ ചോദ്യം. ആഗമാരുടെ അച്ഛന്മാരും അമ്മമാരും ഒരിക്കലും തമ്മിൽ ചോദിച്ചിട്ടില്ലാത്ത ചോദ്യം, ഉത്തരമില്ലാത്ത അഗമാർ ആത്മഹത്യ ചെയ്യുക തന്നെ ചെയ്യും. നിശ്ശബ്ദരായ കാഴ്ചക്കാർ നെഞ്ച് കലങ്ങിയും ഇരിക്കേണ്ടി വരും. 

ഉണ്ണി മാധവന്റെ ആദ്യ ചെറുകഥാ സമാഹാരമാണ് ആഗ. വിവിധ ആനുകാലികങ്ങളിൽ അച്ചടിച്ചു വന്ന കഥകളെല്ലാം കൂടി ഒന്നിച്ചൊരു പുസ്തകത്തിലെ താളുകളിലേയ്ക്ക് പകർന്നു വച്ചിരിക്കുന്നു. പതിനെട്ടു ചെറുകഥകളുടെ സമാഹാരമാണ് ഈ പുസ്തകം. ഓരോ കഥകൾക്കും ഓരോ സ്വഭാവം, ഓരോ മനുഷ്യർ വന്ന് അഭിനയിച്ചു പോയ ഓരോ സിനിമകൾ പോലെ അവ വരികയും അഭിനയിക്കുകയും ശേഷം തിരശീല താഴ്ത്തി മറഞ്ഞു പോവുകയും ചെയ്യുന്നു.

ആഗ എന്ന പുസ്തകത്തിലെ കഥകളിൽ ഏറ്റവും കൂടുതൽ വായിച്ചത് മഴയാണ്. മഴയോടുള്ള പ്രേമം കൊണ്ട് കുട്ടിക്കാലം മുതൽ മഴയിൽ നനയാൻ കൊതിച്ചു നിൽക്കുന്ന ഭാമ മുതൽ മീര വരെ. ഓരോരുത്തരുടെയും മഴയ്ക്ക് ഓരോ ശീലങ്ങളുണ്ട്. അതിൽ നാട്ടിൻപുറം മുതൽ മെട്രോ സിറ്റി വരെയുണ്ട്. ഉണ്ണി മാധവന്റെ കഥകളിൽ പലയിടങ്ങളിലുമുണ്ട് മഴയുമായുള്ള ഈ ചങ്ങാത്തം. അതുപോലെ നഗരങ്ങളിലെ ഏകാന്തത, മരണം, യാന്ത്രികമായ ജീവിതങ്ങൾ എല്ലാം പലയിടങ്ങളിലും ആവർത്തിക്കപ്പെടുന്നു.

"തുലാവർഷം" എന്ന ആദ്യ കഥ തന്നെ ഒരു മഴയത്ത് ഭാമയോടൊപ്പം നടന്നു വരുന്ന ഗന്ധർവനെ കുറിച്ചാണ്. ഒരുതരം സർറിയലിസം അനുഭവപ്പെടുന്ന കഥയാണ് തുലാവർഷം. വിനോദ് എന്ന അരസികനായ ഭർത്താവിനെ വഞ്ചിക്കരുത് എന്നവൾക്ക് ആഗ്രഹമുണ്ട്, പക്ഷേ ഗന്ധർവന്റെ മുന്നിൽ വാക്കുകളും വരികളുമില്ല. അയാളുടെ പൂണ്ടടക്കം പിടിക്കലും ആത്മാവോളമെത്തുന്ന പ്രണയവും മാത്രമേയുള്ളൂ. ഭ്രമാത്മകതയാണ് ഭാമയ്ക്ക് ഗന്ധർവന്റെ പ്രണയം. അവരുടെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്ന അജ്ഞാതനോട് അവൾക്ക് അവളെന്നോ മനസ്സിൽ സങ്കൽപ്പിച്ചു കൂട്ടിയ ഗന്ധർവസ്വപ്നങ്ങളോടുള്ള ഭ്രമമാണ്. അയാൾ ആരാണെന്നത് അവളെ ബാധിക്കുന്ന കാര്യമല്ല, പക്ഷേ വളരെ യന്ത്രികവും മടുപ്പു നിറഞ്ഞതുമായ ജീവിതത്തിൽ അവളിൽ നിന്ന് നഷ്ടപ്പെട്ടു പോയ ആ മഴയും കൗമാര ഭംഗികളും ഗന്ധർവൻ അവൾക്ക് തിരികെ നൽകുന്നു. കാലത്തിന്റെ കഥകളിലേക്കാണ് ഉണ്ണിമാധവൻ ഭാമയിലൂടെ കൊണ്ടു പോകുന്നത്. 

യാന്ത്രികതയുടെ വരൾച്ച പുസ്തകത്തിലെ മിക്ക കഥകൾക്കുമുണ്ട്. ഹൈപ്പോ എന്ന കഥ ചങ്കിൽ മുള്ളുകൊണ്ട പോലെ തോന്നിപ്പിക്കും. മകനു വന്നുപെട്ട അപകടത്തിൽ എങ്ങനെയെങ്കിലും നാട്ടിലെത്താനുള്ള വെപ്രാളത്തിൽ കൈയിൽ പണമില്ലാതെ വലയുന്ന ഒരു മനുഷ്യൻ. ഷുഗർ കൂടിപ്പോയ അവസ്ഥയിൽ ജീവൻ നിലനിർത്താൻ അടുത്തിരുന്ന കുഞ്ഞിന്റെ പാൽ മോഷ്ടിച്ച് കുടിക്കേണ്ടി വരുന്ന അവസ്ഥ... ഒടുവിൽ നടന്നു കിതച്ച് ആശുപത്രിയിൽ അവനരികിലെത്തുമ്പോൾ വൈറലായ മോഷണ വിഡിയോയുടെ നേരെ അപഹാസ്യങ്ങളുടെ കനൽ കൂമ്പാരങ്ങൾ. ചില ജീവിതങ്ങൾ ഇങ്ങനെയൊക്കെയാണ്, ആർക്കു വേണമെങ്കിലും നൽകാം രാമസ്വാമിയുടെ മുഖം, പ്രത്യേകിച്ച് ഒരു പ്രവാസിക്ക്. ജീവൻ വലുതെന്ന് നിനച്ച്, സർവവും മറന്ന് അവരായിരിക്കുമല്ലോ ആദ്യം ഓടിയെത്തുന്നത്, വന്നു കഴിഞ്ഞു മാത്രമേ നഷ്ടപ്പെട്ടു പോയ പോക്കറ്റിനെ കുറിച്ച് പോലും അവർ ചിന്തിക്കൂ, അകലെ നിൽക്കുമ്പോൾ ഹൃദയത്തിനരികെ സ്നേഹം മാത്രം, മനുഷ്യരും ബന്ധങ്ങളും മാത്രം. 

മറ്റൊരു റിയലിസ്റ്റിക്ക് അല്ലാത്ത കഥയാണ് മെട്രോ. ജോൺ എന്ന നായകൻ അയാളുടെ എഴുത്തുകാരന്റെ തൂലിക തുമ്പിൽ നിന്ന് തന്നിഷ്ട പ്രകാരം ഇറങ്ങി നടക്കുകയാണ്. ഒരു ജനകീയ എഴുത്തുകാരന്റെ ജീവനുള്ള നായകനാണ് ജോൺ. ജോണിന്റെ ജീവിതം ഒന്നൊഴിയാതെ സ്വന്തം വരുമാനത്തിനുള്ള അക്ഷരങ്ങളാക്കുന്ന എഴുത്തുകാരൻ. ഒടുവിൽ മറയിൽ നിന്നും പുറത്തേയ്ക്കു വന്ന ജോൺ മറ്റൊരാളായി മാറിയതുകൊണ്ടു നിസ്സഹായനായിപോകുന്ന എഴുത്തുകാരൻ. സ്വാഭാവികമായും സ്വാർഥനായിരുന്ന എഴുത്തുകാരന്റെ മുന്നിൽ മറ്റൊരു മാർഗ്ഗവും ഇല്ലാതെയാകുന്നു. ജോൺ അവശേഷിപ്പിച്ചു പോയ വെളുത്ത ശൂന്യമായ കടലാസ്സിൽ അയാൾ സ്വയം ഹത്യയുടെ കാരണങ്ങളെഴുതി തുടങ്ങുന്നു. ഭ്രമാത്മകതയുടെ മറ്റൊരു വിത്താണ് മെട്രോ എന്ന കഥയിലൂടെ ഉണ്ണി മാധവൻ നൽകുന്നത്. വായിച്ചു കഴിയുമ്പോൾ ഉള്ളിൽ അത് പൊട്ടിമുളച്ച് ഒരു ആശങ്ക സൃഷ്ടിച്ചേക്കാം.

സാധാരണ ബുദ്ധിക്ക് പുറത്തു നിന്നാണ് ഇതിലെ പല കഥകളെയും വായിക്കേണ്ടത്. പക്ഷേ ബാക്കി കഥകളൊക്കെ ജീവിതത്തിന്റെ സാക്ഷ്യം പറച്ചിലും വഹിക്കുന്നു. നിഴലുകൾ എന്ന കഥയ്ക്ക് സമൂഹം വളരെ ഗൗരവത്തോടെ സമീപിക്കുന്ന പീഡോഫീലിക് അവസ്ഥയുമായി ബന്ധമുണ്ട്. പലപ്പോഴും കുഞ്ഞുങ്ങളെ കൂട്ടിക്കൊടുക്കുന്നത് അവർക്ക് പ്രിയപ്പെട്ടവർ തന്നെയാകുമ്പോൾ അവശേഷിക്കുന്നത് മരവിപ്പ് മാത്രമായിപ്പോകും. ഫാവർ-luba എന്ന കഥ ആ മരവിപ്പിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന ഒരു പച്ച മനുഷ്യന്റെ ആത്മഹത്യ കുറിപ്പാണ്. നേരിട്ടുള്ള കുറിപ്പല്ലെങ്കിലും അയാളിൽ അവശേഷിച്ച ഇത്തിരി മാനവികതയുടെ അവസാനത്തെ ഉത്തരമായി സ്വയം നഷ്ടപ്പെടാൻ അയാൾ ആ വലിയ മലയുടെ മുകളിൽ വന്നു നിൽക്കുന്നു. കഥയിൽ ഉറക്കെ നിലവിളിച്ചില്ലെങ്കിലും നിസ്സഹായനായിപ്പോയ അയാളുടെ നിലവിളി ഉച്ചത്തിൽ കേൾക്കാനാകും. ഇതല്ലാതെ പിന്നെ എന്തു ചെയ്യാനാണ് എന്നൊരു നിമിഷമെങ്കിലും ഓർത്തു പോകും. നാലുമണിപ്പൂക്കളുടെ ഭംഗിയോടെ എന്നും വന്നു മിണ്ടിയിരുന്നവൾ ഇനി ജീവിതത്തിൽ ഇല്ലെന്ന തിരിച്ചറിവാണ് "നാലുമണിപ്പൂവ്" എന്ന കഥ. ദിയ എന്ന പെൺകുട്ടി അകലെ നിന്നാണെങ്കിലും, കാണാതെയാണെങ്കിലും പ്രണയം തോന്നിയവളായിരുന്നു. പക്ഷേ, ജീവിതം പൂവണിയും മുൻപേ അവൾ മരണത്തിലേക്കിറങ്ങി നടന്നങ്ങു പോയി.

മഴയും മരണവും മാറി മാറി ആലേഖനം ചെയ്യപ്പെട്ട ഉണ്ണി മാധവന്റെ കഥകൾ ഒരേ മൂഡിൽ ഇരുന്ന് വായിച്ചു തീർക്കാനാകില്ല. പക്ഷേ, വായനയിലെല്ലാം അവശേഷിച്ചത് കടുത്ത വിഷാദത്തിന്റെ നീലപ്പൂക്കളാണ്. ഓരോ മനുഷ്യനെയും അവന്റെ മനസ്സിന്റെ നേർത്ത അറയിലേയ്ക്ക് ചെന്നു നോക്കി അവനെ തുറന്നു വയ്ക്കുകയാണിവിടെ. അതുകൊണ്ട് തന്നെ ചിലത് നോവിച്ചേക്കാം, ചിലത് ഭ്രമിപ്പിച്ചേക്കാം. ഒരു കൃത്യമായ ശൈലി പിന്തുടരാതെയിരിക്കാൻ ഉണ്ണി പ്രത്യേകം കഥാസമാഹാരത്തിൽ ശ്രദ്ധിച്ചിരുന്നു. ചിലപ്പോൾ ഓരോ കാലങ്ങളിൽ എഴുതപ്പെട്ടതു കൊണ്ടാകാം, പല കഥകൾക്കും പല താളമുണ്ടായത്. ഒരു ആന്തോളജി സിനിമ കാണും പോലെ ഹൃദ്യവും വ്യത്യസ്തവുമാണ് അതുകൊണ്ടു തന്നെ ഈ സമാഹാരം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA