sections
MORE

മലമുകളില്‍ ഒരു കുളം, ദേവതമാര്‍ നീരാട്ടിനിറങ്ങിയിരുന്ന ആ നാട്

HIGHLIGHTS
  • ക്ഷേത്രവും കന്യകാമാതാവിന്റെ പള്ളിയും നബീസാ ബീവിയും കാവല്‍നില്‍ക്കുന്ന ഗ്രാമം.
  • തീര്‍ത്തും മതേതരമായ ഒരു ദിവ്യസങ്കല്‍പത്തിന്റെ വന്യഭാവന.
divyam
SHARE
രാജീവ് ശിവശങ്കര്‍

സൈകതം ബുക്സ്

വില 180 രൂപ രൂപ

പാല്‍പ്പെട്ടിയുടെ ഭൂരിഭാഗവും പണ്ട് കൊടുംകാടായിരുന്നു. മലമുകളില്‍ വലിയൊരു കുളം. ദൈവമരത്തില്‍നിന്ന് സഹോദരങ്ങളായ മൂന്നു ദേവതമാര്‍ നീരാട്ടിനു വരുന്നത് ഇവിടെയായാരുന്നു. അവര്‍ മൂന്നുപേരും മതിയാവോളം നീന്തിത്തുടിക്കും. ഒരിക്കല്‍ ഒരു ആഭരണ വ്യാപാരി അന്യനാട്ടിലെ കച്ചവടം കഴിഞ്ഞ് മടങ്ങുമ്പോള്‍ വഴിതെറ്റി ഇവിടെയെത്തി. മനുഷ്യസാന്നിധ്യമറിഞ്ഞ് രണ്ടു ദേവതമാരും പറന്നൊളിച്ചു. കുളിച്ചുകൊണ്ടുനിന്നവള്‍ക്കു മാത്രം പറക്കാനായില്ല. അവള്‍ അയാളുടെ കണ്ണില്‍പെട്ടു. മനുഷ്യര്‍ കണ്ടാല്‍ മടക്കയാത്ര അസാധ്യമായതിനാല്‍ അവള്‍ക്ക് അയാളോടൊപ്പം കൂടേണ്ടിവന്നു. ദൈവസാമീപ്യമുണ്ടായതോടെ വ്യാപാരത്തില്‍ അയാള്‍ക്കു വച്ചടികയറ്റമായി. 

മറ്റു വ്യാപാരികളെ ഇത് അസൂയപ്പെടുത്തി. രഹസ്യമറിയാന്‍ അവര്‍ പിന്നാലെ കൂടി. ഒരിക്കല്‍ രണ്ടു സുഹൃത്തുക്കളോട് അയാള്‍ രഹസ്യം വെളിപ്പെടുത്തി. അതോടെ അവരും കാട്ടിലൊളിച്ചിരുന്ന് ദേവതമാരുടെ നീരാട്ട് കാണുകയും അവരെ സ്വന്തമാക്കുകയും ചെയ്തു. പണം കുമിഞ്ഞതോടെ മൂന്നുേപര്‍ക്കും അഹങ്കാരമായി. അവര്‍ തമ്മില്‍ത്തല്ലി. തങ്ങളുടെ സാന്നിധ്യമാണ് വ്യാപാരികള്‍ക്ക് കരുത്ത് നല്‍കുന്നതെന്നറിഞ്ഞ് ദേവതമാര്‍ ഒടുവില്‍ മനുഷ്യരെ ഉപേക്ഷിച്ചു. മനുഷ്യരോടൊപ്പമുള്ള ജീവിതം മടുത്തെങ്കിലും അവര്‍ക്ക് പോകാന്‍ ഒരു ഇടം ഉണ്ടായിരുന്നില്ല. ഒടുവില്‍ അവര്‍ മൂന്നു ചെമ്പകത്തൈകളായി മാറി. 

കാലം കുറെക്കഴിഞ്ഞ് ഒരു ബ്രാഹ്മണന്‍ ഒരിക്കല്‍ ഇവിടെയെത്തി വിശ്രമിച്ചു. പാല്‍നിലാവുള്ള രാത്രിയില്‍ അയാള്‍ ഉണര്‍ന്നപ്പോള്‍ ചെമ്പകം പൂത്തുലയുന്ന കാഴ്ചയാണ് കണ്ടത്. ദൈവസാന്നിധ്യമറിഞ്ഞ അയാള്‍ അവിടെ അമ്പലം പണിയാന്‍ തീരുമാനിച്ചു. ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കി ഒരിക്കലും ചെമ്പകത്തൈകള്‍ മുറിക്കരുതെന്ന് നിര്‍ദേശിച്ച് അദ്ദേഹം മടങ്ങി. 

ചോളപ്പടയെ ആക്രമിച്ചു തുരുത്തുന്നതിനിടയില്‍ ഒരിക്കല്‍ പാണ്ഡ്യപ്പട ഈ വഴി വന്നു. അവര്‍ ക്ഷേത്രത്തില്‍ തമ്പടിച്ചു. പക്ഷേ, പിന്തുടര്‍ന്ന മൂന്നു ചാരന്‍മാര്‍ ശത്രുപാളയത്തിനു തീയിട്ടു സ്ഥലം വിട്ടു. തീ കെടുത്തിയെങ്കിലും അരിശം തീരാതെ ചെമ്പകമരങ്ങള്‍ പാണ്ഡ്യപ്പട അറുത്തെറിഞ്ഞു. ക്ഷേത്രവും നശിപ്പിച്ചു. ഇപ്പോഴത്തെ ക്ഷേത്രം നാട്ടുകാര്‍ പുതുക്കിപ്പണിതതാണ്. 

പാല്‍പെട്ടി ജനവാസകേന്ദ്രമായി. അക്കാലത്ത് മറുനാട്ടില്‍നിന്നു കച്ചവടത്തിനെത്തിയ ഒരു ക്രൈസ്തവ വ്യാപാരി കാട്ടുമരങ്ങള്‍ പിഴുതെടുക്കുമ്പോള്‍ പച്ചവിടാത്ത ഒരു ചെമ്പകത്തടി കണ്ടു. അതിനു വാള്‍ വയ്ക്കുമ്പോള്‍ ആരോ നിലവിളിക്കുന്ന ശബ്ദവും കേട്ടു. അന്നുരാത്രി സ്വപ്നത്തില്‍ കിട്ടിയ വെളിപാടനുസരിച്ച് അയാള്‍ അവിടെ കന്യകാമാതാവിന് ഒരു പള്ളി പണിതു. പക്ഷേ, ഒരിക്കല്‍ അയാളുടെ മകന് ഒരു രോഗം പിടിപെട്ടു. എത്ര ചികില്‍സിച്ചും ഫലം കാണുന്നില്ല. ഒരു ഫക്കീറും മകളും അക്കാലത്താണ് നാട്ടില്‍വന്നത്. കാട്ടില്‍ ചെതുക്കിടാതെ കിടക്കുന്ന ഒരു ചെമ്പകത്തടിയുണ്ടെന്നും അതുകൊണ്ട് തന്റെ മകള്‍ക്കൊരു വീടു പണിതുതന്നാല്‍ രോഗം മാറ്റാമെന്നും  ഫക്കീര്‍ വാക്കുനല്‍കി. വ്യാപാരി അനുസരിച്ചു. രോഗം ഭേദമായതോടെ മകളെ ഇവിടെയാക്കി ഫക്കീര്‍ ഊരുചുറ്റാന്‍ പുറപ്പെട്ടു. അവളാണു നബീസാ ബീവി. 

മൂന്നു പെണ്ണുങ്ങളില്‍നിന്നു തുടങ്ങിയ പാല്‍പ്പെട്ടിയുടെ പുരാവൃത്തം. ക്ഷേത്രവും കന്യകാമാതാവിന്റെ പള്ളിയും നബീസാ ബീവിയും കാവല്‍നില്‍ക്കുന്ന ഗ്രാമം. പാല്‍പ്പെട്ടി ഒരു പ്രത്യേക ഭൂവിഭാഗത്തിലെ സവിശേഷതകളുള്ള ഒരു ഗ്രാമം മാത്രമല്ല, ലക്ഷക്കണക്കിനു ഗ്രാമങ്ങളുടെ പ്രതീകം. വ്യത്യസ്ത മതവിഭാഗങ്ങള്‍ ഒരുമിച്ചുജീവിക്കുന്ന നമുക്കറിയാവുന്ന നമ്മുടെ ഗ്രാമങ്ങളിലൊന്ന്. ഒരു തീപ്പൊരി വീണാല്‍ മതി അവിടെയൊരു വര്‍ഗീയ സംഘര്‍ഷമുണ്ടാകാന്‍. അതുവരെ സൃഷ്ടിച്ചതും സംരക്ഷിച്ചതുമെല്ലാം ഒരുപിടി ചാമ്പലാകാന്‍. ഒരു നൂല്‍പ്പാലത്തിലൂടെയെന്നവണ്ണം ഗ്രാമത്തെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കൈവഴിയിലൂടെ വീഴാതെ നടത്തുന്ന മനുഷ്യസാന്നിധ്യവും പുരാവൃത്തത്തിന്റെ ഭാഗമാണ്. ചരിത്രത്തിന്റെയും വര്‍ത്തമാനകാലത്തിന്റെയും ഭാവിയുടെയും ഭാഗമാണ്. ആ കഥയാണ് രാജീവ് ശിവശങ്കറിന്റെ പുതിയ നോവല്‍ ദിവ്യം പറയുന്നത്. 

മനുഷ്യകുലത്തിന്റെ മതാതീതമായ ഭാവിയെക്കുറിച്ചല്ല, തീര്‍ത്തും മതേതരമായ ഒരു ദിവ്യസങ്കല്‍പത്തിന്റെ വന്യഭാവന. ആദിമ ദൈവസങ്കല്‍പത്തിന്റെ നിഷ്കളങ്കമായ ആചാരങ്ങളും ആനുഷ്ഠാനങ്ങളും കൂടി ആനയിച്ചുകൊണ്ട് ജീവനിലുള്ള ജ്യോതിയെ കണ്ടെടുക്കാനുള്ള ശ്രമം. വയലിനില്‍ പാലയ്ക്കലച്ചന്‍  വായിക്കുന്ന ദൈവ സങ്കീര്‍ത്തനങ്ങളുടെ നേര്‍ത്ത ശ്രുതിയില്‍ പടയണിയുടെ തപ്പുതാളവും കൂടിച്ചേര്‍ത്ത് കരിമ്പിന്‍പൂവിന്റെ വെണ്‍മയുള്ള ഭാഷയില്‍ ആവര്‍ത്തിച്ചുവായിക്കാവുന്ന ഒഴുക്കും ആഴവുമുള്ള കഥ. 

മൂന്നു വ്യത്യസ്ത മതങ്ങളുടെ അന്തര്‍ധാരയും അവരുടെ യോജിപ്പുകളുടെയും വിയോജിപ്പുകളുടെയും മേഖലകളും സാധാരണക്കാരന്റെ കണ്ണിലൂടെ ഇതാദ്യമായിരിക്കും മലയാളത്തില്‍ ഒരൊറ്റ നോവലില്‍ ആവിഷ്ക്കരിക്കപ്പെടുന്നത്. വിശ്വാസവും അവിശ്വാസവും ദിവ്യത്തില്‍ വിശുദ്ധ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ആധുനിക ചികില്‍സയും മന്ത്രവാദവും ദുരൂഹ ചികില്‍സയും ഒരേ ചരടിലെ മണികളെന്നപോലെ ഇഴകീറി പരിശോധിക്കപ്പെടുന്നു. ആട്ടിയോടിക്കപ്പെടുന്നവരുടെയും അനാഥരുടെയും ആലംബമറ്റവരുടെയും ഹൃദയവ്യഥയില്‍നിന്നു വളര്‍ച്ച നേടുന്ന ദൈവസാമീപ്യത്തിന്റെ ലഹരി അനുഭവിപ്പിക്കുന്നു. ഒരേസമയം യാഥാര്‍ഥ്യത്തിന്റെയും അയഥാര്‍ഥ്യത്തിന്റെയും അതിരുകള്‍ ഭേദിച്ചുകൊണ്ടാണ് ദിവ്യം പുരോഗമിക്കുന്നത്. റിയലിസവും ഫാന്റസിയും ഒരേ താളില്‍ ഒരുമിച്ചുചേരുന്ന ദിവ്യാത്ഭുതം. 

ഒരു പുരാവൃത്തത്തിന്റെ ലാളിത്യമുള്ള ഭാഷ ദിവ്യത്തിന്റെ കരുത്താണ്. അതേ ഭാഷയിലൂടെ മതതത്വങ്ങളുടെ സാരാംശവും വിശദീകരിക്കുക അങ്ങേയറ്റം പ്രയാസകരമാണ്. മതങ്ങളും ആചാരങ്ങളും തമ്മിലുള്ള ബാലന്‍സ് നിലനിര്‍ത്തുന്നതും ഞാണിന്‍മേല്‍ക്കളിയാണ്. പക്ഷേ, മതങ്ങളെ ഇന്നു കാര്‍ന്നുതിന്നുകൊണ്ടിരിക്കുന്ന സ്വാര്‍ഥതാല്‍പര്യങ്ങളെ മറനീക്കി കാണിക്കുന്നതിനൊപ്പം ആന്തരിക വിശുദ്ധിയുടെ സൗന്ദര്യം വെളിപ്പെടുത്താനും രാജീവിനു കഴിയുന്നു. പടയണിയുടെ കാളീ സങ്കല്‍പത്തെ മറ്റു മതങ്ങള്‍ക്കുകൂടി ഇഷ്ടപ്പെടുന്നരീതിയില്‍ അവതരിപ്പിക്കാനും ദിവ്യത്തിനു കഴിയുന്നുണ്ട്. മനുഷ്യനും സമൂഹത്തിനും ഒരു ഉണര്‍ത്തുപാട്ടാവുകയാണ് ദിവ്യം... 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA