sections
MORE

അന്ന് ഇംഗ്ലിഷിന് തോറ്റു; ഇന്ന് ലോകമെങ്ങും ലക്ഷകണക്കിനു വായനക്കാരുള്ള എഴുത്തുകാരൻ

HIGHLIGHTS
  • സർവകലാശാലയിലെ ബി.എ. കോഴ്സിനുള്ള പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ടു.
  • ആദ്യ രചനകൾ തിരസ്കരിക്കപ്പെട്ടു.
ente-dinangal-p
SHARE
ആർ.കെ. നാരായൺ

ഡിസി ബുക്സ്

വില 220 രൂപ രൂപ

മാൽഗുഡി എന്ന സാങ്കൽപിക ദേശത്തിന്റെ കഥകളിലൂടെ ലക്ഷക്കണക്കിനു വായനക്കാരുടെ ഹൃദയം കവർന്ന പ്രമുഖ ഇന്തോ–ആംഗ്ലിയൻ എഴുത്തുകാരൻ ആർ. കെ. നാരായണന്റെ ആത്മകഥ. ഗ്രാമീണ ജീവിതത്തിന്റെ വശ്യഭാവങ്ങൾ നിറഞ്ഞു നിൽക്കുന്ന ഈ ജീവിതാഖ്യാനം ഓർമകളുടെ ഉത്സവമാണ്.

ബാല്യം സമ്മാനിച്ച ചേതോഹരാനുഭവങ്ങൾ ഒരു എഴുത്തുകാരനെ രൂപപ്പെടുത്തുന്നതിൽ വഹിച്ച പങ്ക് എത്ര ആഴത്തിലുള്ളതാണെന്ന് ഇതിൽ വായിച്ചെടുക്കാനാവും. സാമൂഹിക ബന്ധങ്ങൾ, നിലവിലെ വിദ്യാഭ്യാസരീതികൾ ഔപചാരിക വിദ്യാഭ്യാസത്തിന്റെ കുറവുകൾ കുടുംബ ബന്ധങ്ങളുടെ മഹത്വം എന്നിങ്ങനെ ഒട്ടനവധി വിഷയങ്ങളെക്കുറിച്ചുള്ള എഴുത്തുകാരന്റെ വീക്ഷണവും ഇതിലുണ്ട്. ബാല്യത്തിൽ തന്റെ സന്തതസഹചാരികളായ രണ്ടു സുഹൃത്തുക്കളുമായാണ് ഈ ആത്മകഥ ആരംഭിക്കുന്നത്. ഒരു മയിലും രാമൻ എന്നു വിളിപ്പേരുള്ള കുരങ്ങനും. തന്റെ അമ്മാവൻ ഒരു ഫോട്ടോഗ്രാഫറാണ്. ഈ വളർത്തു മൃഗങ്ങളോടൊപ്പം നിർത്തിയാണ് ഫോട്ടോ എടുക്കുന്നത്. ‘രാമന്റെ അതേ മുഖമാണ് തനിക്കും എന്ന് അഭിമാനിക്കുന്ന നിഷ്കളങ്ക ബാല്യം’. മദിരാശിയിലെ മാതൃഭവനത്തിൽ മുത്തശ്ശിയോടും അമ്മാവനോടുമൊപ്പമാണ് താമസം. ഗ്രാമീണ ജീവിതത്തിന്റെ തുടിപ്പുകൾ വിവരിക്കുകയാണ് ആദ്യ അധ്യയത്തിൽ.

മൈസൂറിൽ ഒരു സ്കൂളിലെ പ്രധാന അധ്യാപകനായ അച്ഛനെ കാണുവാനുള്ള യാത്ര തന്റെ അവധി ദിനങ്ങള്‍ കവർന്നെടുക്കാൻ മുത്തശ്ശിയുടെ തന്ത്രമായിട്ടാണ് നാരായൺ കാണുന്നത്. മധുരസ്മരണകളാണ് മദ്രാസിലെ ജീവിതത്തെക്കുറിച്ചുള്ളത്. ഊരു ചുറ്റലാണ് പ്രധാനം. ‘ഞങ്ങളുടെ സംഘത്തിലുള്ള ഒരാളുടെ കൈയിൽ സൈക്കിൾ വീൽ, മറ്റൊരുവന് ഒരു വീപ്പ വളയം കൂടെയുള്ള രണ്ടു പേരുടെ കൈകൾ ശൂന്യം. സാങ്കൽപ്പിക വളയം ഉരുട്ടിയാണ് അവർ ഞങ്ങളോടൊപ്പം ഓടുക.’

മദ്രാസിൽ നിന്ന് പിതാവിന്റെ വിദ്യാലയത്തിലേക്ക്. പിന്നീട് പല വിദ്യാലയങ്ങൾ. അവിടെയെല്ലാം ഒട്ടേറെ സ്നേഹിതർ. ‘‘അനാവശ്യമായ പ്രാധാന്യവും വിചിത്രമായ ആശയങ്ങളും പകർന്നു നൽകിയിരുന്ന വിദ്യാഭ്യാസ സങ്കൽപങ്ങളെയും പരീക്ഷാ സമ്പ്രദായത്തെയും ഞാൻ പാടെ വെറുത്തിരുന്നു.’’ അനന്തമായ ഒരു പീഢയായിട്ടാണ് നിത്യവും സ്കൂളിൽ പോകുന്നതിനെ അദ്ദേഹം കണ്ടിരുന്നത്. 

സർവകലാശാലയിലെ ബി.എ. കോഴ്സിനുള്ള പ്രവേശന പരീക്ഷയിൽ പരാജയപ്പെട്ടു. അങ്ങനെ ഒരു വർഷത്തെ ‘വിശ്രമം’ ലഭിക്കുകയും ചെയ്തു. എന്നാൽ പരീക്ഷാഫലങ്ങൾ ഗൗരവമായി എടുക്കാത്ത ആളായിരുന്നു പിതാവ് എന്നത് വലിയ ആശ്വാസമായിരുന്നു. ഇംഗ്ലീഷിനും നാരായൺ പരാജയപ്പെട്ടു. ഈ ‘വിശ്രമം’ അദ്ദേഹം ശരിക്കും ഉപയോഗിച്ചു. വായനയുടെ വിശാല ലോകത്തിലേക്കുള്ള യാത്രയായിരുന്നു അത്. പാൽഗ്രേവിന്റെ ‘ഗോൾഡൻ ട്രഷറിയും’ ടാഗോറിന്റെ ‘ഗീതാഞ്ജലിയും’ കൂടാതെ വാൾട്ടർ സ്കോട്ട്, ഡിക്കൻസ്, മേരികോറല്ലി മോളിയർ, അലക്സാണ്ടർ പോപ്പ്, മാർലോവ്, ടോൾസ്റ്റോയ്, തോമസ് ഹാർഡി തുടങ്ങിയ പ്രതിഭകളുടെ കൃതികളും വായിച്ചു തള്ളി. അത്യധികം ഉത്സാഹത്തോടെയാണ് ഈ മാഹരഥന്മാരെയെല്ലാം ഉത്സാഹത്തോടെ വായിച്ചു തീർത്തത്. ജ്യേഷ്ഠനും വലിയ വായനക്കാരൻ. ഇരുവരും ചേർന്നു നടത്തിയ വായനയെക്കുറിച്ച് ദിവസങ്ങളും മാസങ്ങളും കടന്നു പോയതറിയാതെ ഞങ്ങൾ വീടിനുള്ളിൽ കഴി‍ഞ്ഞു കൂടി. ഋതുക്കൾ വന്നു പോയതറിയാതെ കാലം പോയതറിയാതെ ഞങ്ങൾ പുസ്തക സാഗരത്തിൽ ലയിച്ചു. ആഹാരം കഴിക്കാനുള്ള സമയമെടുക്കുമ്പോൾ മാത്രം ‍ഞങ്ങൾ പ്രധാന കെട്ടിടത്തിലേക്കു പാ‍ഞ്ഞു’’. നാരായണിന്റെ എഴുത്തിന് അടിത്തറ പാകിയത് വായനയെന്നു വ്യക്തം. അച്ഛന്റെ പുസ്തക വായനയോടുള്ള കമ്പം മകനിലും പിടിപെട്ടു. 

പുസ്തക രചനയ്ക്കുള്ള വിഭവങ്ങൾ കണ്ടെത്തേണ്ടത് ചുറ്റുപാടുകളിൽ നിന്നാണെന്ന് നാരായൺ മനസ്സിലാക്കി. എഴുത്തു തുടങ്ങി. പ്രസാധകർക്ക് രചനകൾ ക്രമമായി അയച്ചു കൊടുക്കും. പിന്നെ കാത്തിരിപ്പാണ്. ‘‘എന്നെ സംബന്ധിച്ചിടത്തോളം അകലെ നിന്നു വന്നടുക്കുന്ന പോസ്റ്റ്മാൻ പ്രതീക്ഷയുടെ ഉറവിടമായിരുന്നു.’’ നിനക്ക് കത്തൊന്നുമില്ല. എന്താ ജോലിക്കുള്ള കാത്തിരിപ്പാണോ? 

അതോ ഏതെങ്കിലും പെൺകുട്ടിയുടെ......? ഒടുവിൽ പോസ്റ്റ്മാൻ കവറുമായി എത്തി. അഭിനന്ദന കത്തോ അതോ ചെക്കോ’. ‘കവർ പൊളിച്ചപ്പോൾ ഞാൻ കണ്ടത് എന്റെ സാഹിത്യ സൃഷ്ടിയും അതോടൊപ്പമുണ്ടായിരുന്ന തിരസ്കാരക്കുറിപ്പും’. രണ്ടു ദിവസം കഴിഞ്ഞപ്പോൾ മറ്റൊരു പ്രസാധകന് അവ അയച്ചു കൊടുത്തു. ആറാഴ്ചയിൽ ഒരിക്കൽ എന്ന രീതിയിലാണ് അയച്ചു കൊടുക്കുന്നത്. ‘രണ്ടാഴ്ച ഒരു വശത്തേക്കുള്ള യാത്രാ സമയം. രണ്ടാഴ്ചയോളം എഡിറ്ററുടെ മേശപ്പുറത്ത്. രണ്ടാഴ്ച സമയം മടങ്ങി വരവ്’ തിരസ്കാരത്തിന്റെ വേദന പ്രതിഫലിക്കുന്ന വാക്യം. 

തന്റെ സ്നേഹിതൻ പൂർണയ്ക്കയച്ച കത്ത്. 

‘‘എന്റെ കയ്യെഴുത്തു പ്രതിയിൽ ഒരു കല്ല് കെട്ടിത്തൂക്കി തെംസ് നദിയിലേക്ക് വലിച്ചെറിഞ്ഞ് മുക്കി കളയുക.’ എന്നാൽ അയാൾ അതു ചെയ്തില്ല. ലണ്ടനിൽ പ്രസാധകനെ തേടി അയാൾ അലഞ്ഞു. 

അധ്യാപകൻ, പത്രപ്രവർത്തകൻ എന്നീ നിലകളിലെല്ലാം നാരായൺ ഒരു കൈ നോക്കിയ വിവരങ്ങളും ഉണ്ട്. 

ഇതിനിടയിൽ വിവാഹം. ആദ്യകുട്ടിയുടെ ജനനം. ഭാര്യയുടെ മരണം. മരിച്ച ഭാര്യയുമായി ടെലിപ്പതിയിലുള്ള സംഭാഷണം. എല്ലാം നിറഞ്ഞ ആത്മകഥ. തന്റെ കൃതികൾ ഒന്നൊന്നായി പുറത്തു വന്നു. ലോകമെമ്പാടും അനേക ലക്ഷം വായനക്കാരുണ്ടായി. പ്രശസ്തിയുടെ ഔന്നിത്യത്തിലെത്തി. ആത്മകഥ എഴുത്തുകാർ എവിടെയും അനുഭവിക്കുന്ന വ്യഥകൾ ഇതിലും കാണാം. ജീവിതഗന്ധിയായ അനുഭവങ്ങൾ നർമ്മ മധുരമായാണ് അവതരിപ്പിച്ചിരിക്കുന്നത്. മാനവിക മൂല്യങ്ങളുടെ ചേതോഹരമായ കാഴ്ചകൾ ഇതിലെമ്പാടും കാണാം. പി.എസ്. സുനിൽ കുമാറാണ് പരിഭാഷ. മറ്റൊരു ഭാഷയിൽ നിന്ന് വിവർത്തനം ചെയ്തതാണെന്ന് കരുതാൻ കഴിയാത്ത വിധത്തിൽ ശാന്തമായി ഒഴുകുന്ന അരുവി പോലെയുള്ള പരിഭാഷ. ‍

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA