sections
MORE

മൂന്നാറിലേക്കുള്ള വഴിയിൽ ആ തമിഴത്തിയുടെ വീട് നിങ്ങൾ കണ്ടുവോ?

HIGHLIGHTS
  • മലയാളത്തിലെ ആദ്യത്തെ ട്രാവൽ ഫിക്ഷൻ എന്ന് അടയാളപ്പെടുത്താവുന്ന കൃതി.
  • ഭീകരമായൊരു ആമ്പിയൻസ് നോവലിൽ പലയിടങ്ങളിലും വായനയ്ക്കിടയിൽ അനുഭവപ്പെടും.
307.47-p
SHARE
ആശിഷ് ബെൻ അജയ്

ഡ്രീം ഇൻഡിപെൻഡന്റ് പ്രസ്

വില: 160 രൂപ രൂപ

രണ്ടാഴ്ച മുൻപാണ്, രാത്രി ഒരു ഒന്ന് ഒന്നര സമയം. രാത്രി പ്രോഗ്രാം കഴിഞ്ഞു വരുന്ന വഴി. മുട്ടം കഴിഞ്ഞു രാമപുരം വഴിക്ക് തിരിയുമ്പോൾ എളുപ്പവഴിക്കായി ആശ്രയിച്ച ഗൂഗിൾ മാപ്പ് ഒരു എളുപ്പവഴി പറഞ്ഞു തന്നു. വീടുകളിലൊക്കെ ഗേറ്റിനരികിലെ വിളക്ക് തെളിഞ്ഞു കാണാം, ചില വീടുകൾക്ക് ആ വെളിച്ചം പോലുമില്ല. എതിരെ വരുന്ന വണ്ടികൾ മുട്ടൻ ലോറികളും അപൂർവമായി കാറുകളും. നിരത്തിൽ ജനവാസമില്ല, പതുക്കെ ഞങ്ങൾ ഗൂഗിൾ മാപ്പ് കാണിച്ച വഴിയിലൂടെ തിരിഞ്ഞു. കുറെ ദൂരം പോയിട്ടുണ്ടാകും, വഴി രണ്ടായി തിരിയുന്നു, മാപ്പ് നോക്കുമ്പോൾ നെറ്റ് കണക്ഷൻ ഇല്ലാത്തതുകൊണ്ട് മാപ്പ് റൂട്ട് കാണിക്കുന്നുമില്ല. സാധാരണ നെറ്റ് കണക്ഷൻ ഇല്ലെങ്കിലും നാവിഗേഷൻ കൃത്യമാകാറുണ്ട്, പക്ഷേ ഇവിടെ പെട്ടെന്ന് മാപ്പ് ലൊക്കേഷൻ പോലും കാണിക്കുന്നില്ല. രണ്ടും കൽപ്പിച്ച് ഊഹം തോന്നിയ വഴി മുന്നോട്ട്. രണ്ടു വശവും നേർത്ത കാട്, ഇടയ്ക്കിടയ്ക്ക് ഓരോ വീടുകൾ, ഒരു കിലോമീറ്ററിനുള്ളിൽ ഒരു വഴി വിളക്ക്, അല്ലാത്തപ്പോൾ നല്ല ഇരുട്ട്...

ഒടുവിൽ വലിയൊരു ഇറക്കത്തിന്റെ മുന്നിൽ വണ്ടി നിന്നു, ആ ഇറക്കത്തിന്റെ താഴെ എന്താണെന്നറിയില്ല ചോദിക്കാൻ പാതി രാത്രിയിൽ റോഡിൽ ഒരാളുമില്ല. അഥവാ ഒരാളെ കണ്ടാൽ തന്നെ പേടി കൂടുകയേ ഉള്ളൂ എന്നു തോന്നി, നാട്ടിൻപുറത്തെ സദാചാരവാദികൾക്ക് അസമയത്ത് ഒരു പുരുഷനെയും സ്ത്രീയെയും കാണുമ്പൊൾ എന്തും തോന്നാമല്ലോ, ഭയക്കേണ്ടത് മനുഷ്യരെ മാത്രമാണ്!

ഒടുവിൽ ഏതൊക്കെയോ വഴികളിലൂടെ ഹൈവേയിലേയ്ക്ക് എത്തുമ്പോൾ തോന്നിയ ആശ്വാസം... അതുവരെ അനുഭവിച്ച ഭീതി...

ആശിഷ് ബെൻ അജയ് എഴുതിയ 307.47 എന്ന പുസ്തകത്തിന് ഈയൊരു ആമുഖം അത്യാവശ്യമാണെന്ന് തോന്നുന്നു. ഒരു എഴുത്തുകാരൻ എഴുതിയ ഭീകരമായ രാത്രി അനുഭവം വായിക്കുമ്പോൾ ഒരിക്കൽ അനുഭവിച്ച അതെ ആ തണുപ്പും ഭീതിയും ആവർത്തിച്ച് അനുഭവപ്പെടുക എന്നത് നിസ്സാരമല്ലല്ലോ! പക്ഷേ ആശിഷ് എഴുതുന്നത് കഥയ്ക്കുള്ളിൽ കഥാകാരൻ നേരിട്ട ഭീതിതമായ അനുഭവങ്ങളെ കുറിച്ചാണ്. ഏതാണ് സത്യം ഏതാണ് സ്വപ്നം എന്നറിയാത്ത പോലെ സ്വപ്നവും സത്യവും എല്ലാം ഇഴ ചേർന്നു കിടക്കുന്ന ഒരു മിസ്റ്റിക്ക് അനുഭവമാണ് ആശിഷ് ബെൻ അജയ് എഴുതിയ 307 .47 എന്ന നോവൽ.

എന്താണ് 307 .47 ?

ഈ ചോദ്യത്തിന്റെ വ്യാഖ്യാനം എഴുത്തുകാരൻ തന്നെ നോവലിന്റെ ഏറ്റവുമൊടുവിൽ നൽകുന്നുണ്ട്. മനഃശാസ്ത്രപരമായ പ്രശ്നങ്ങളെയും അവയുടെ അടയാളങ്ങളെയും പറ്റി പരാമർശിക്കുന്ന ഒരു കോഡ് ഭാഷയാണ് DSM. അതിൽ തന്നെ രാത്രിയിൽ കാണുന്ന ദുഃസ്വപ്നങ്ങളെ കുറിച്ച് പഠിക്കാൻ ഉപയോഗിക്കുന്ന നമ്പറാണ് 307 .47 എന്നത്. പക്ഷേ ഈ നോവലിൽ ദുസ്വപ്നം എന്ന തലത്തിൽ നിന്നല്ലാതെ ഈ കോഡ് നമ്പർ വായിക്കുമ്പോൾ എഴുത്തുകാരനും അദ്ദേഹത്തിന്റെ സുഹൃത്തും നടത്തിയ വ്യത്യസ്തമായ രണ്ടു യാത്രകളുടെ ദൂരമാണത്. കൊച്ചി മുതൽ ചിന്നക്കനാൽ വരെയുള്ള ദൂരം. അങ്ങനെ രണ്ടു വിധത്തിൽ ഈ നമ്പർ ഈ നോവലുമായി ചേർന്നു കിടക്കുന്നു.

307 .47 പറയുന്ന കഥ 

തിരുവനന്തപുരംകാരനായ അഭിഷേക് അയ്യർ കൊച്ചിയിലെ ബാങ്കിന്റെ ബ്രാഞ്ചിലേയ്ക്ക് സ്ഥലം മാറി പോവുകയാണ്. അവിടെ അയാൾക്ക് കാലപ്പഴക്കം ചെന്ന ഒരു ഇല്ലത്തിന്റെ സമീപമുള്ള ഒരു ഇരുനിലക്കെട്ടിടത്തിന്റെ മുകളിലെ ഒരു അപ്പാർട്ട്മെന്റ് വാടകയ്ക്ക് ലഭിക്കുന്നു. യാദൃശ്ചികമായി അവിടെ അഡ്രസ് മാറിയെത്തുന്ന ഒരു നോവലിന്റെ മാനുസ്ക്രിപ്റ്റ് അഭിഷേക് വായിക്കുന്നു. ആശിഷ് ബെൻ അജയ് എന്ന വ്യക്തി എഴുതിയ ഒരു പുസ്തകമാണത്, അതിൽ അയാളും അയാളുടെ നാല് സുഹൃത്തുക്കളും നടത്തിയ യാത്ര ഏറ്റവും ഭീകരമായ ഒരു അവസ്ഥയിൽ വിവരിച്ചിരിക്കുന്നു. കൊച്ചി മുതൽ ചിന്നക്കനാൽ വരെയാണ് അവരുടെ യാത്ര. ചിന്നക്കനാലിൽ ഉള്ള ഒരു റിസോർട്ട് ആണ് ലക്ഷ്യം. ഏകദേശം വൈകുന്നേരം തുടങ്ങിയ യാത്ര ഗൂഗിൾ മാപ്പ് വച്ചിട്ടും വഴി തെറ്റി അറിയാത്ത വഴിയിലൂടെ, കാട്ടിലൂടെ, ഒറ്റയാന് മുന്നിലൂടെ, തമിഴത്തിയുടെ വീടിനു മുന്നിലൂടെ യാതൊരു ലക്ഷ്യത്തിലുമെത്താതെ മുന്നോട്ടു പോവുകയാണ്. ആ അഞ്ചു പേര്, ആ യാത്രയിൽ അനുഭവിക്കുന്ന ഭീതികൾ, ഒരു തവണയെങ്കിലും അത്തരമൊരു അനുഭവം പങ്കിട്ടവർക്ക് എളുപ്പമാണ് ഉൾക്കൊള്ളാൻ. രാത്രി രണ്ടരയായപ്പോഴേക്കും അവർ ചിന്നക്കനാലിൽ എത്തുന്നു, പക്ഷേ അതിനു ശേഷം ആശിഷിനു വളരെ അതിശയകരമായ അനുഭവങ്ങളെ നേരിടേണ്ടി വരുന്നു. 

പുസ്തകം വായിച്ച ശേഷം അതേ യാത്ര അഭിഷേകിന്റെയും മുന്നിലെത്തുന്നു. സുഹൃത്തുക്കൾക്കൊപ്പം ആശിഷ് സഞ്ചരിച്ച വഴികളിലൂടെയൊക്കെ അഭിഷേകിനും സഞ്ചരിക്കേണ്ടി വരുന്നത് യാദൃശ്ചികം മാത്രമാണോ? അവിടെ അഭിഷേകിനെ കാത്തിരിക്കുന്ന അതിശയങ്ങൾ എന്തൊക്കെയാവും? അവർ രണ്ടു പേരും അനുഭവിച്ചതൊക്കെ വെറും സ്വപ്നം മാത്രമാണോ അതോ അതിൽ യാഥാർഥ്യങ്ങൾ കൂടി കുഴഞ്ഞു കിടപ്പുണ്ടോ? 

അങ്ങനെ കുറെ ചോദ്യങ്ങൾ വായനയുടെ ഏറ്റവും ഒടുവിലത്തെ താളിൽ വരെ വായനക്കാരനെ പിന്തുടരും. 

ട്രാവൽ ഫിക്ഷൻ 

മലയാളത്തിലെ ആദ്യത്തെ ട്രാവൽ ഫിക്ഷൻ എന്ന് അടയാളപ്പെടുത്താവുന്ന കൃതിയാണ് ആഷിഷിന്റെ 307 .47. യാത്രയിലൂന്നിയുള്ള കഥ പറച്ചിൽ, യാത്രകാഴ്ചകൾ, വഴിയിലെ മികച്ച ഭക്ഷണ ശാലകൾ, അതിന്റെ രുചികൾ, ഇതെല്ലാം ഈ നോവലിനെ മികച്ചൊരു ട്രാവൽ ഫിക്ഷനാക്കുന്നു. ഒരുപക്ഷേ മലയാളത്തിനാണ് ട്രാവൽ ഫിക്ഷൻ പുതുമയായി തീരുന്നത്, ഒന്നു പുറത്തേയ്ക്ക് നോക്കിയാൽ ഇതിഹാസങ്ങളിൽ മുതൽ ട്രാവൽ ഫിക്ഷനുകൾ ജനപ്രീതിയാർജ്ജിച്ചതായി കാണാൻ കഴിയും. അതിലൊരുപക്ഷേ എല്ലാവർക്കും പരിചിതമായ ഒരു പുസ്തകമെന്ന നിലയിൽ ഗല്ലിവേഴ്സ് ട്രാവൽസ് ഒരുപാട് വായിക്കപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമാണ്. സിനിമകളുടെ കാര്യമെടുത്താൽ നിരവധി ട്രാവൽ സിനിമകൾ ഇറങ്ങിയിട്ടുണ്ട്. എന്നാൽ മലയാളത്തിൽ ഇത്തരത്തിലൊരു പരീക്ഷണം ഇതാദ്യമാണെന്നു തോന്നുന്നു. അതും എളുപ്പവായനയുടെ ഭാഗമായൊരു പുസ്തകം. അതുകൊണ്ടു തന്നെ 307 .47 ചരിത്രത്തിന്റെ ഭാഗമാവുക തന്നെ ചെയ്യും. 

ഇളം കാറ്റു വീശുന്ന രാവിൽ അതിന്റെ നിശബ്ദതയിൽ മുഴുകി ബാൽക്കണിയിലെ ചാരുകസേരയിലിരുന്ന് കഴിവതും ഒറ്റയിരുപ്പിനു തന്നെ വായിച്ചു വേണം തീർക്കാൻ എന്നൊരു നിർദ്ദേശം നോവലിസ്റ്റ് പുസ്തകത്തിന്റെ ആദ്യ പേജുകളിൽ നൽകിയിട്ടുണ്ട്. 119 പേജുകളുള്ള ഈ പുസ്തകം അല്ലെങ്കിലും ഒറ്റയിരിപ്പിനു തന്നെ വായിച്ചു തീർക്കേണ്ടതാണ്, വായിച്ചു തുടങ്ങിയാൽ തീരാതെ വയ്ക്കാനാവില്ലെന്നത് മറ്റൊരു സത്യവുമാണ്. 

ഭീകരമായൊരു ആമ്പിയൻസ് നോവലിൽ പലയിടങ്ങളിലും വായനയ്ക്കിടയിൽ അനുഭവപ്പെടും. സുഹൃത്തുക്കളുടെ യാത്രയിൽ, അവർ ചെന്ന് കയറുന്ന തമിഴത്തിയുടെ വീട്ടിൽ, പുസ്തകത്തിൽ തമിഴത്തിയുടെ ഭാഗത്ത് വരച്ചു ചേർത്തിരിക്കുന്ന പെൻസിൽ സ്കെച്ചിൽ. പുസ്തകം യഥാർഥത്തിൽ അടയാളപ്പെടുത്തരുന്ന ചില കാര്യങ്ങളാണ് കവറിലൂടെ വരച്ചിട്ടിരിക്കുന്നത്. പക്ഷേ അതും നോവലും തമ്മിലുള്ള ബന്ധമെന്താണെന്നു വായിക്കുമ്പോൾ മാത്രം അനുഭവിക്കേണ്ട നിഗൂഢതകളാണ്. 

വളരെ എളുപ്പമുള്ള വായനയാണ് ഈ നോവലിന്റേത്. പുസ്തകം സങ്കീർണമായ മാനസിക ഘടനയുമായി അല്ലാതെ ഇരുന്നു വായിക്കുന്നവർക്ക് ഏറെ ഇഷ്ടപ്പെടാൻ സാധ്യതയുള്ള ട്രിക്കുകളൊക്കെ ആശിഷ് ഇതിൽ എഴുതി ചേർത്തിട്ടുണ്ട്. ആശിഷ് ബെൻ അജയ് എഴുതിയ ആദ്യത്തെ നോവലാണിത്. എഴുത്തുകാരനെ തന്നെ കഥാപാത്രമായി അവതരിപ്പിക്കുന്നതിലൂടെ യാഥാർഥ്യബോധത്തിന്റെ ഒരു തോന്നൽ വായനക്കാർക്ക് അനുഭവപ്പെടുകയും ചെയ്യും. ഇനി മൂന്നാർ ചിന്നക്കനാൽ റൂട്ടിൽ പോകുമ്പോൾ അറിയാതെ ബൈസൺവാലി വഴിയിലേക്ക് റീ- റൂട്ട് ചെയ്യപ്പെടുമ്പോൾ വഴിയിലെവിടെയെങ്കിലും വച്ച് ഉറപ്പായും ആശിഷിന്റെ ചില വരികൾ ഭീതിപ്പെടുത്തലായി ഒപ്പമുണ്ടാകും. ഓരോ വഴിയിലും തമിഴത്തിയുടെ വീട് പ്രതീക്ഷിക്കും, ഒരു ഒറ്റയാൻ ഉണ്ടാകുമെന്ന് കരുതും, വഴി ഇനിയങ്ങോട്ട് ഉണ്ടാകില്ലെന്ന് ഉറപ്പിക്കും...

അതു തന്നെയാണ് ഒരു എഴുത്തുകാരന്റെ എഴുത്തു ജീവിതത്തിലെ ഏറ്റവും വ്യത്യസ്തമായ അനുഭവവും, സ്വയം കഥാപാത്രമാകുന്ന വായനക്കാർ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA