sections
MORE

അവിഹിതത്തിലെ ആസക്തി, വിവാഹങ്ങളിലെ അനാസക്തി; ഇത് തസ്​ലിമയുടെ ജീവിതം

HIGHLIGHTS
  • വിവാഹങ്ങളും പ്രണയബന്ധങ്ങളുമുള്‍പ്പെടെ എഴുത്തും ജീവിതവും തസ്‍ലിമ തുറന്നുപറയുന്ന പുസ്തകം.
  • ആശയങ്ങളായിരുന്നില്ല, ഇഷ്ടപ്പെട്ട പ്രവൃത്തികളുടെ ഊര്‍ജമായിരുന്നു തസ്​ലിമയുടെ ജീവിതം.
split
SHARE
തസ്‍ലിമ നസ്രീന്‍

പെന്‍ഗ്വിന്‍

വില 599 രൂപ രൂപ

ഒരുദിവസം ‘കെ’യുടെ ഭാര്യ എന്നെ വിളിച്ചു. നിങ്ങളെന്റെ ഭര്‍ത്താവിനെ എന്തിനാണ് എപ്പോഴും കാണുന്നത്? നിങ്ങള്‍ക്കു നാണം തോന്നുന്നില്ലേ? നിങ്ങള്‍തന്നെയല്ലേ സ്ത്രീകളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് എഴുതുന്നത്. പിന്നെയെങ്ങനെ മറ്റൊരു സ്ത്രീയുടെ ജീവിതം നശിപ്പിക്കാന്‍ കഴിയുന്നു. 

ഒരു നിമിഷത്തേക്ക് ഞാന്‍ നിശ്ശബ്ദയായി. അവരോടു പറയാന്‍ എനിക്കൊരു ന്യായീകരണവുമില്ലായിരുന്നു. പതുക്കെ തൊണ്ട ശരിയാക്കിക്കൊണ്ട് ജീവനില്ലാത്ത സ്വരത്തില്‍ ഞാന്‍ പറഞ്ഞു: ഭര്‍ത്താവിനോടു സംസാരിച്ചു നിങ്ങള്‍തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കൂ. ഒരിക്കലും എന്നെ കാണാന്‍ വരരുതെന്ന് അയാളോടു പറയൂ... 

തസ്‍ലിമ നസ്രീന്‍ ആത്മകഥയുടെ അവസാനഭാഗത്താണ് കെയുടെ ഭാര്യയുമായി നടന്ന ഈ സംഭാഷണം വെളിപ്പെടുത്തുന്നത്. ആരായിരുന്നു കെ? അയാള്‍ക്ക് ഭാര്യയുണ്ട്. മറ്റൊരു കുടുംബമുണ്ട്. പക്ഷേ, തസ്‍ലിമയുടെ ജീവിതത്തില്‍ സംഘര്‍ഷങ്ങളില്ലാതെ ഏറ്റവും കൂടുതല്‍ കാലം നീണ്ടുനിന്ന ബന്ധം കെ യുമായി. 

ആര്‍ എന്ന കവിയായിരുന്നു തസ്ലിമയുടെ ഹൃദയം ആദ്യം കവര്‍ന്നത്. ആരുടെയും അനുവാദം ചോദിക്കാതെ, ആരോടും പറയാതെ, പ്രശസ്തനായ ആ എഴുത്തുകാരനെത്തന്നെ അവര്‍ വിവാഹം ചെയ്തു. അതൊരു ദുരന്തകഥയായി അവസാനിക്കുകയും ചെയ്തു. ആര്‍ എന്ന കവി മറ്റു സ്ത്രീകളെ തേടിപ്പോയപ്പോള്‍, അയാള്‍ക്കൊപ്പം ഒരുനിമിഷം പോലും ജീവിക്കാനാവില്ല എന്നു വന്നപ്പോള്‍ തസ്‍ലിമ ആ വിവാഹത്തില്‍നിന്നു പുറത്തുവന്നു. എങ്കിലും ജീവിതത്തിലുടനീളം ആറിനോടുള്ള സ്ഹേനബഹുമാനങ്ങള്‍ കാത്തുസൂക്ഷിച്ചു. വേര്‍പിരിഞ്ഞു ജീവിച്ചതിനുശേഷവും ആറിനെ കാണാനുള്ള ഒരു അവസരവും അവര്‍ പാഴാക്കിയില്ല. ആറിനൊപ്പം അവര്‍ ഗ്രാമങ്ങളിലും നഗരങ്ങളിലും സഞ്ചരിച്ചു. അയാള്‍ക്കൊപ്പം ഉറങ്ങി. തൊട്ടടുത്തിരുന്നുകൊണ്ട്, തസ്‍ലിമയുടെ കൈ സ്വന്തം കൈകളിലെടുത്തുകൊണ്ട് അയാള്‍ പുതിയ കാമുകിമാരെക്കുറിച്ചു പറഞ്ഞപ്പോള്‍ വിങ്ങുന്ന ഹൃദയത്തോടെ അവര്‍ അതു കേട്ടിരുന്നു. അകാലത്തില്‍ ആര്‍ വിടപറഞ്ഞപ്പോള്‍, അയാളുടെ നിയമവിധേയയായ ഭാര്യയെന്നപോലെ സ്വയം മറന്ന് അലമുറയിട്ടു കരഞ്ഞ് ആ മൃതദേഹത്തോടൊപ്പം ഒട്ടിച്ചേര്‍ന്നുകിടക്കാന്‍ കൊതിച്ചു; ആറിന്റെ ബന്ധുക്കള്‍ ചവിട്ടിപ്പുറത്താക്കുന്നതുവരെ. 

ആറുമായി വേര്‍പിരിഞ്ഞതിനുശേഷം അടുത്ത വിവാഹം- ‘ എംഎച്ച്ഐ’.  വളരെക്കുറച്ചുനാള്‍ മാത്രം നീണ്ടുനിന്ന ബന്ധം. 

അതിനുശേഷം ‘എന്‍എം’. ആ ബന്ധവും ദുരന്തത്തില്‍ അവസാനിച്ചു. പിന്നീട് ‘എംഎം’. അന്നൊക്കെ ദിശയില്ലാതെ നടുക്കടലില്‍പെട്ട തോണിപോലെ ആശ്രയവും അഭയവുമില്ലാതെ അലയുകയായിരുന്നു തസ്‍ലിമ. സ്വന്തം വീട്ടില്‍നിന്നുപോലും പുറത്താക്കപ്പെട്ട ദിവസങ്ങള്‍. ആശ്രയിച്ച പുരുഷന്‍മാരുടെയൊക്കെ തനിനിറം ദിവസങ്ങള്‍ക്കുള്ളില്‍ വെളിപ്പെട്ടു. സ്നേഹത്തിന്റെ വാക്കുകളുടെ നിറം മങ്ങിയപ്പോള്‍ വഞ്ചനയുടെ സത്യം പുറത്തുവന്നു. നാലു വിവാഹങ്ങള്‍ മാത്രമായിരുന്നില്ല; കൊല്‍ക്കത്തയില്‍ വച്ച് ഇന്ത്യാ സന്ദര്‍ശനത്തിനിടെ സഹയാത്രികനൊപ്പം ഏതാനും ദിവസങ്ങള്‍ ഉറങ്ങിയിട്ടുണ്ട്. ഇവയ്ക്കൊക്കെ ശേഷമായിരുന്നു കെയുമായുള്ള ബന്ധം തുടങ്ങുന്നത്. വിവാഹിതനായ കെയുമായി. 

അയാള്‍ കവിയായിരുന്നില്ല. എഴുത്തുകാരനോ പ്രശസ്തനോ പ്രമുഖനോ ആയിരുന്നില്ല. ശരീരത്തിന്റെ ആവശ്യം തന്നെയാണ് തന്നെ കെയുമായി അടുപ്പിച്ചതെന്നും തസ്‍ലിമ തുറന്നുപറയുന്നുണ്ട്. തസ്‍ലിമയുടെ ആഗ്രഹവും കെയുടെ ആവേശവും. സമൂഹത്തിന്റെ കണ്ണില്‍ അവിഹിതമെങ്കിലും ആ ബന്ധം അഭംഗുരം തുടര്‍ന്നു. കെ തസ്‍ലിമയെ അനുഗമിച്ചു, വീട്ടിലും നാട്ടിലും യാത്രകളിലും. ആ ബന്ധത്തില്‍ അവര്‍ പൂര്‍ണമായ സന്തോഷവും സംതൃപ്തിയും സുഖവും സുരക്ഷിതത്തവും അനുഭവിച്ചു. ശരീരത്തിനുവേണ്ടിയുള്ള യാചനകളും മാനഭംഗശ്രമങ്ങളും അസഭ്യങ്ങളും വഞ്ചനയുമൊക്കെ ഏറെ അനുഭവിക്കേണ്ടിവന്ന തസ്​ലിമയുടെ ജീവിതത്തിലെ രജതരേഖയായിരുന്നു, സ്നേഹത്തിന്റെ സുവര്‍ണനൂലായിരുന്നു കെയുമായുള്ള ബന്ധം. 

പക്ഷേ, ആത്മകഥയായ സ്പിളിറ്റിന്റെ അവസാനത്തില്‍ ആ ബന്ധത്തെക്കുറിച്ചും തസ്‍ലിമ സ്വയം വിചാരണ ചെയ്യുന്നു. അയാളുടെ ഭാര്യ വിളിച്ച് ശകാരിച്ചതിനെക്കുറിച്ച് നാണക്കേടില്ലാതെ പറയുന്നു. കെയുമായുള്ള ബന്ധം താന്‍ ഏറെ ആസ്വദിച്ചെങ്കിലും അയാള്‍ സ്വന്തം ഭാര്യയെ വഞ്ചിക്കുകയാണല്ലോ എന്ന ചിന്ത തസ്‍ലിമയെയും അസ്വസ്ഥയാക്കിയിരുന്നു. ഒരിക്കല്‍ അവര്‍ കെയോട് പറയുകതന്നെ ചെയ്തു: 

ഇനി നിങ്ങള്‍ എന്നെ കാണാന്‍ വരരുത്. ഭാര്യയോടൊത്ത് സുഖമായി ജീവിക്കൂ. മറ്റൊരു സ്ത്രീയെത്തേടിപ്പോകേണ്ട ആവശ്യം നിങ്ങള്‍ക്കില്ല. 

പക്ഷേ, കെ പിന്നെയും തസ്‍ലിമയെ കാണാന്‍ വന്നുകൊണ്ടിരുന്നു. ചിലപ്പോള്‍ ആഴ്ചയിലൊരിക്കല്‍. ചിലപ്പോള്‍ ഒരു മണിക്കൂറത്തേക്ക്. അതങ്ങനെ തുടര്‍ന്നുകൊണ്ടേയിരുന്നു. തുടങ്ങിയ ഒരു പ്രണയവും ഒരിക്കലും അവസാനിക്കാത്തതുപോലെ... 

വിവാഹങ്ങളും പ്രണയബന്ധങ്ങളുമുള്‍പ്പെടെ എഴുത്തും ജീവിതവും തസ്‍ലിമ തുറന്നുപറയുന്ന പുസ്തകമാണ് സ്പ്ളിറ്റ്. ലജ്ജ ഉള്‍പ്പെടെയുള്ള അവരുടെ നോവലുകള്‍ പോലെ ബംഗ്ളദേശ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ട പുസ്തകം. 

മറച്ചുവയ്ക്കാമായിരുന്ന സത്യങ്ങള്‍ പോലും തസ്‍ലിമ തുറന്നുപറയുന്നുണ്ട്. ആത്മാര്‍ഥതയുടെ വാക്കുകള്‍. പുകഴ്ത്തലില്ലാതെ, അഹംഭാവവും അഹങ്കാരവുമില്ലാതെ, സ്വയം നിരന്തരം വിചാരണചെയ്തുകൊണ്ട്, ആരോപിക്കപ്പെട്ട അസത്യങ്ങളും, യഥാര്‍ഥ വസ്തുതകളും വെളിപ്പെടുത്തിക്കൊണ്ട് നടത്തുന്ന ആത്മകഥനം. മുന്‍വിധികളോടെ വായിക്കാന്‍ തുടങ്ങിയാലും സ്പ്ളിറ്റ് വായനക്കാരെ കീഴ്പ്പെടുത്തും- പൂര്‍ണമായ സത്യസന്ധതയാലും ആത്മാര്‍ഥതയാലും ആര്‍ജവത്താലും. 

തലയ്ക്കു വിലപറഞ്ഞുകൊണ്ടുള്ള മതശാസനങ്ങള്‍ ഉയരുകയും ജനിച്ചുവളര്‍ന്ന നാട്ടില്‍ ജീവിക്കാനാകാതെ വരികയും ചെയ്തപ്പോള്‍ പലായനം ചെയ്യേണ്ടിവന്ന, എഴുത്തിന്റെ പേരില്‍ മാത്രം നിര്‍ബന്ധിത പ്രവാസം അനുഭവിക്കേണ്ടിവന്ന എഴുത്തുകാരിയാണ് തസ്‍ലിമ. ബംഗ്ലദേശില്‍ പ്രശസ്തമായ ഒരു മുസ്​ലിം കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന് എംബിബിഎസ് ബിരുദം നേടി ഡോക്ടറായി പ്രാക്റ്റീസ് ചെയ്യുന്നതിനിടെ എഴുത്തിന്റെ മോഹവലയത്തിലകപ്പെട്ടുപോയ സ്ത്രീ. കുട്ടിക്കാലം മുതലേ കണ്ടുവളരുകയും അനുഭവിക്കുകയും ചെയ്ത പുരുഷമേധാവിത്വ ലോകമാണ് തസ്‍ലിമയെ ഫെമിനിസ്റ്റാക്കിമാറ്റിയത്. ആഗ്രഹിക്കുന്നതെല്ലാം ചെയ്യുകയും ആസക്തികളുടെ കടിഞ്ഞാണില്ലാത്ത കുതിരപ്പുറത്ത് സഞ്ചരിക്കുകയും എന്നാല്‍ സ്ത്രീകളെ കളിപ്പാവകളായി കൊണ്ടുനടക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ തസ്‍ലിമ സ്വന്തം ജീവിതത്തിന്റെ തിരക്കഥ സ്വയം എഴുതി സ്വതന്ത്രയായി, ധൈര്യപൂര്‍വം ജീവിച്ചു. ധീരനായ ഒരു പുരുഷനെപ്പോലെ ഇഷ്ടമുള്ള ബന്ധങ്ങളില്‍ സദാചാര നിയമങ്ങള്‍ക്കു വിലകല്‍പിക്കാതെ സന്തോഷം കണ്ടെത്തി. എഴുതാന്‍ ആഗ്രഹിച്ചതെല്ലാം എഴുതി. മുസ്​ലിം ആകുന്നില്ലെങ്കില്‍ വേണ്ട ഒരു ഹിന്ദുവെങ്കിലും ആകൂ എന്നു പറഞ്ഞവരോട് തനിക്കു മതമില്ലെന്ന് ഉറക്കെ പ്രഖ്യപിച്ചു. 

ആശയങ്ങളായിരുന്നില്ല, ഇഷ്ടപ്പെട്ട പ്രവൃത്തികളുടെ ഊര്‍ജമായിരുന്നു അവരുടെ ജീവിതം. കല്ലെറിഞ്ഞപ്പോഴും, ആട്ടും തുപ്പുമായി കൂടെ കൂടിയപ്പോഴും, തലയ്ക്കു വില പറഞ്ഞപ്പോഴുമെല്ലാം സ്വന്തം വഴിയിലൂടെ സ്വതന്ത്രമായി സഞ്ചരിച്ച ഒരെഴുത്തുകാരിയുടെ ജീവിതം തുറന്നുപറയുന്ന സ്പ്ളിറ്റ് നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും മഹത്തായ കൃതികളില്‍ ഒന്നുതന്നെയാണ്. പ്രവാസത്തിനുമുമ്പുള്ള ബംഗ്ളദേശിലെ ജീവിതകാലം മാത്രമാണ് സ്പ്ളിറ്റിന്റെ ഉള്ളടക്കം. ആ അര്‍ഥത്തില്‍ അപൂര്‍ണം. പക്ഷേ, ജീവിത സത്യങ്ങളാൽ പൂര്‍ണം. 

ജീവിതത്തില്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഗംഭീര പുസ്തകങ്ങളിലൊന്ന്- സ്പ്ളിറ്റ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA