sections
MORE

ഈ പൂന്തോട്ടത്തിൽ വിടരുന്നത് പൂക്കളല്ല, ബോംബുകൾ; ഇത് വാനിറ്റി ബാഗിന്റെ കഥ

HIGHLIGHTS
  • വാനിറ്റി ബാഗിന്റെ ചരിത്രത്തിന് ഒരു നാടന്‍ ബോംബിന്റെ ആഘാതം സൃഷ്ടിക്കാനുള്ള കരുത്തുണ്ട്.
  • ജാതിമത പരിഗണനകള്‍ക്കപ്പുറം, മനുഷ്യന്റെ മനസ്സാണ് അനീസ് സലീം നോവലിൽ തേടുന്നത്.
vanity-bagh
SHARE
അനീസ് സലിം

പികാഡര്‍ ഇന്ത്യ

വില 499 രൂപ

റിക്ഷ ഇരച്ചുനിന്ന അതേ നിമിഷമാണ് അബ്ബ പറഞ്ഞത്: 

ഇതാണു വാനിറ്റി ബാഗ്. ഇവിടെയാണ് നമ്മള്‍ വീടു പണിയാന്‍ പോകുന്നത്. നമ്മുടെ കൊച്ചുസ്വര്‍ഗം. 

ബുഷ്റ ജബ്ബാരിയുടെ വാക്കുകള്‍ ഇമ്രാന്‍ ഓര്‍മിച്ചു. ഓര്‍മിച്ചതല്ല, ഒരു നാടന്‍ ബോംബിന്റെ ആഘാതത്തില്‍ ആ വാക്കുകള്‍ മനസ്സില്‍ വീണു ചിതറി. മുറിവേല്‍പിച്ചുകൊണ്ടും ചോരയൊലിപ്പിച്ചുകൊണ്ടും. ഒരിക്കലും രക്ഷപ്പെടാനാവാത്ത വേദന സൃഷ്ടിച്ചുകൊണ്ട്. 

ഇമ്രാന്റെ വാഹനം അകന്നുപോകുകയാണ്. അല്ല. അത് ഇമ്രാന്റെ വാഹനമല്ല. അയാള്‍ സഞ്ചരിക്കുന്ന വാഹനം മാത്രം. അയാളെയും വഹിച്ചുകൊണ്ടു കടന്നുപോകുന്ന വാഹനം. കൊച്ചു പാക്കിസ്ഥാനിലൂടെയാണ് ആ വാഹനം യാത്ര ചെയ്യുന്നത്. ഇമ്രാന്റെ വീടിന്റെ അരികിലൂടെ. വാഹനത്തിലിരിക്കുന്ന ഇമ്രാന്‍ ഇളയ സഹോദരന്‍ വാസീമിനെ കണ്ടു. വസീം സഹോദരി ഫാത്തിമയുടെ രണ്ടാമത്തെ മകന്റെ കൈ പിടിച്ചു നടക്കുയാണ്. അവരുടെ സമീപത്തുകൂടെയാണ് ഇമ്രാന്റെ വാഹനം കടന്നുപോകുന്നത്. 

വസീം.... ഇമ്രാന്‍ അലറിവിളിച്ചു. വസീം... 

വസീം അതു കേട്ടില്ല. അവന്‍ ബിലാവല്‍ എന്ന കൊച്ചുകുട്ടിയുടെ കൈയ്യില്‍ അമര്‍ത്തിപ്പിടിച്ച് കൊച്ചുപാക്കിസ്ഥാന്റെ മറ്റൊരു ഇടവഴിയിലേക്കു തിരിഞ്ഞു. കുറേക്കൂടി ഉച്ചത്തില്‍ ഇമ്രാന്‍ അലറിവിളിച്ചു... ബിലാവല്‍... ആരോ വിളിക്കുന്നതുപോലെ തോന്നിയിരിക്കും. ബിലാവല്‍ ചുറ്റും നോക്കി. അവന്റെ കണ്ണുകള്‍ എന്തോ തേടി. അന്വേഷിച്ചതൊന്നും കണ്ടെത്താതെ വന്നപ്പോള്‍ വസീമിന്റെ കയ്യില്‍പിടിച്ച് നടപ്പു തുടര്‍ന്നു. തലയുയര്‍ത്തിപ്പിടിച്ച് അവന്‍ വസീമിനോട് എന്തോ പറയുന്നു. അവരിരുവരും പൊട്ടിച്ചിരിച്ചുകൊണ്ട് യാത്ര തുടരുന്നു. ഇമ്രാന്റെ വാഹനം അവരില്‍നിന്ന് അകന്നുപോകുകയാണ്. പൊട്ടിച്ചിരിയില്‍നിന്ന് നിശ്ശബ്ദതയിലേക്ക്. ബഹളത്തില്‍നിന്ന് മൗനത്തിലേക്ക്. ആള്‍ക്കൂട്ടത്തില്‍നിന്ന് ഏകാന്തതയിലേക്ക്. അകലേയ്ക്ക്. കൂടുതല്‍ കൂടുതല്‍ അകലേയ്ക്ക്... പാക്കിസ്ഥാനില്‍ നിന്ന് ദൂരെ ദൂരെ ഒരിടത്തേക്ക്. 

പാക്കിസ്ഥാനില്‍നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട ഇമ്രാനെയും വഹിച്ചുകൊണ്ടുള്ള വാഹനം ജയിലിലേക്കു കുതിച്ചുപായുമ്പോഴാണ് ‘വാനിറ്റി ബാഗ് ’ എന്ന നോവല്‍ അവസാനിക്കുന്നത്. അനീസ് സലീം എന്ന മലയാളിയുടെ രണ്ടാമത്തെ ഇംഗ്ളിഷ് നോവല്‍. ഇംഗ്ളിഷ് നോവലിനു കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ചരിത്രത്തിലാദ്യമായി നേടിയ അനീസ് സലീമിന്റെ വിഖ്യാതമായ നോവല്‍. കേരളത്തിനു പുറത്ത് ഇന്ത്യയിലെ മറ്റു ഭാഷകളിലും ഇന്ത്യയ്ക്കു പുറത്തും അറിയപ്പെടുന്നുണ്ടെങ്കിലും മലയാളികള്‍ക്ക് വലിയ പരിചയമില്ല അനീസ് സലീമിനെ. കേരളത്തില്‍ ജീവിക്കുന്ന വ്യക്തിയാണെങ്കിലും മലയാളിയാണെങ്കിലും സാഹിത്യ-സാംസ്കാരിക വേദികളിലോ ഗ്രൂപ്പുകളിലോ ക്ളിക്കുകളിലോ സജീവസാന്നിധ്യമല്ല അനീസ്. ആള്‍ക്കൂട്ടത്തെ എന്നും വളരെ അകലെ നിര്‍ത്തി എഴുത്തുമായി മുന്നോട്ടുപോകുന്ന നിശ്ശബ്ദനാണ് അനീസ്. എഴുതുന്നത് ഇംഗ്ളിഷിലും. ദൈനംദിന രാഷ്ട്രീയത്തെക്കുറിച്ചോ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചോ ഏറ്റവും പുതിയ കാലുമാറ്റത്തെക്കുറിച്ചോ അഭിപ്രായങ്ങള്‍ തട്ടിമൂളിക്കാത്ത, തന്നെക്കുറിച്ചോ എഴുത്തിനെക്കുറിച്ചോ വാചാലനല്ലാത്ത, തന്റെ ഒരേയൊരു ആശ്രയമായ എഴുത്തില്‍ മുഴുകിക്കൊണ്ട് , ജോലി ചെയ്ത് കുടുംബം പോറ്റുന്ന സാധാരണക്കാരന്‍. എഴുത്തുകാരെക്കുറിച്ചുള്ള മലയാളിയുടെ പതിവു വാര്‍പ്പുമാതൃകകള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്ത മനുഷ്യന്‍. 

വാനിറ്റി ബാഗ് ഒരു പൂന്തോട്ടത്തിന്റെ പേരാണ്. ഇന്ത്യയിലെ ഏതൊരു നഗരത്തിന്റെയും ഇരുളടഞ്ഞ കോണിലുള്ള പൂന്തോട്ടം. മുസ്ലിംങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം. വാനിറ്റി ബാഗിന് തൊട്ടടത്തുതന്നെ മാംഗോ ബാഗുണ്ട്. അതു ഹിന്ദുക്കളുടെ സാമ്രാജ്യം. അടുത്തടുത്തു കിടക്കുന്ന രണ്ടു പ്രദേശങ്ങളിലുമുള്ളവര്‍ പരസ്പര സംശയത്തോടെയാണ് ജീവിക്കുന്നത്. പകയും പ്രതികാരവും ഒളിപ്പിച്ചുവച്ചുകൊണ്ടും. 

വാനിറ്റിബാഗില്‍ സ്ഥിതി ചെയ്യുന്ന പള്ളിയിലെ ഇമാമിന്റെ മകനാണ് ഇമ്രാന്‍. ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ പള്ളിയുടെ മുമ്പില്‍ ത്രിവര്‍ണപതാക അഭിമാനത്തോടെ ഉയര്‍ത്താന്‍ ആഗ്രഹിക്കുന്ന രാജ്യസ്നേഹിയുടെ മകന്‍. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ സമപ്രായക്കാര്‍ക്കൊപ്പം കളിച്ചും ചിരിച്ചും ചില്ലറ കുസൃതികളില്‍ ഏര്‍പ്പെട്ടും മുന്നോട്ടുപോകുകയാണ് ഇമ്രാന്‍. അവന്‍ കൂട്ടുകാരുടെ ഒരു ഗ്രൂപ്പിലെ അംഗമാണ്. ആറുപേരുണ്ടെങ്കിലും അഞ്ചരക്കൂട്ടം എന്നാണവരുടെ ഗ്രൂപ്പ് അറിയപ്പെടുന്നത്. ഒരാള്‍ ഭിന്നശേഷിക്കാരനാണ്. അതുകൊണ്ടാണ് ആറുപേരുടെ ഗ്രൂപ്പായിട്ടും അഞ്ചരക്കൂട്ടം എന്ന പേരില്‍ അറിയപ്പെട്ടത്. ഒരു കൊച്ചു ക്വട്ടേഷന്‍ സംഘം. മാംഗോബാഗില്‍ നിന്ന് ഒരിക്കല്‍ ഒരു വാഹനം അവര്‍ വാനിറ്റി ബാഗിലേക്ക് കടത്തിക്കൊണ്ടുവന്നു. വിജയകരമായ ആ ഓപറേഷന്‍ അവര്‍ക്ക് പേരും പെരുമയും നേടിക്കൊടുത്തു. പക്ഷേ, ദുരന്തം, അവരൊരിക്കലും സ്വപ്നം കാണാത്ത ദുരന്തം, അതേ വഴിയിലൂടെ വരുന്നതു കാണാന്‍ അവര്‍ക്കായില്ല. നാടിനെ വിറപ്പിച്ച സ്കൂട്ടര്‍ ബോബ് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായി 14 വര്‍ഷത്തേക്ക് ജയിലില്‍ അടയ്ക്കപ്പെടുന്ന ഇമ്രാന്റെ കാഴ്ചപ്പാടിലൂടെ വാനിറ്റി ബാഗിന്റെ കഥ വികസിക്കുന്നത്. വര്‍ത്തമാനകാലപശ്ഛാത്തലത്തില്‍ ‘ ഇസ്ലാമോഫോബിയ’ യുടെ ചരിത്രവും വര്‍ത്തമാനവും.

ഒരു ഏകാന്തത്തടവുകാരന്റെ  ഒറ്റപ്പെടല്‍. എന്നെങ്കിലുമൊരിക്കല്‍ ജയിലിന്റെ മതില്‍ചാടിക്കടന്നു രക്ഷപ്പെടുന്ന സുദിനത്തിനുവേണ്ടിയുള്ള വ്യര്‍ഥമായ കാത്തിരിപ്പ്. ജയിലിലെ പൂന്തോട്ടത്തില്‍നിന്ന് ബുക്ക് റൂമിലേക്ക് ഇമ്രാനു ജോലിമാറ്റം കിട്ടുന്നു. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു പുസ്തകം പോലും ആത്മാര്‍ഥമായി മറിച്ചുനോക്കാത്ത ഇമ്രാന് ബുക്ക് നിര്‍മിക്കുന്ന ജോലി! പൂര്‍ത്തിയാക്കിയ ബുക്ക് ഒരിക്കല്‍ മറിച്ചുനോക്കിയപ്പോള്‍ അക്ഷരങ്ങള്‍ തെളിഞ്ഞുവരുന്നത് ഇമ്രാന്‍ കാണുന്നു. സ്വന്തം കഥ. അബ്ബയുടെയെും അമ്മിയുടെയും കഥ. വസീമിന്റെയും ഫാത്തിമയുടെയും കഥ. നിലാവുദിച്ച രാത്രികളില്‍ രണ്ടാം നിലയിലെ ജനല്‍ തുറന്നിട്ട് കാത്തുനിന്ന ബേനസീറിന്റെ പ്രണയത്തിന്റെ കഥ. സിയയുടെയും യഹ്യയുടെയും സുള്‍ഫിക്കറിന്റെയും കഥ. നിഷ്കളങ്കതയില്‍നിന്ന്, നിരപരാധിത്വത്തില്‍നിന്ന് ഭീകരവിരുദ്ധ അന്വേഷണ ഏജന്‍സി അന്വേഷിക്കുന്ന ബോംബ് സ്ഫോടനക്കേസിലെ പ്രതിയിലേക്കുള്ള വളര്‍ച്ച(തകര്‍ച്ച)യുടെ ഹൃദയം തകര്‍ക്കുന്ന കഥ. 

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണപുരോഗതിയുടെ ഗൗരവത്തിനപ്പുറം നിഷ്കളങ്കതയിലൂടെയും കറുത്ത ഹാസ്യത്തിലൂടെയും അനീസ് സലീം വരച്ചിടുന്ന വാനിറ്റി ബാഗിന്റെ ചരിത്രത്തിന് ഒരു നാടന്‍ ബോംബിന്റെ ആഘാതം സൃഷ്ടിക്കാനുള്ള കരുത്തുണ്ട്. ഹിന്ദുവെന്നോ മുസ്ലീമെന്നോ വ്യത്യാസമില്ലാതെ, ജാതിമത പരിഗണനകള്‍ക്കപ്പുറം, മനുഷ്യന്റെ മനസ്സാണ് അനീസ് സലീം തേടുന്നത്. അവിടെയാണല്ലോ ഏറ്റവും വലിയ സ്ഫോടനങ്ങള്‍ നടക്കുന്നതും. എഴുത്തിന്റെ കരുത്തറിയാന്‍ വായിക്കേണ്ട നോവലാണ് വാനിറ്റി ബാഗ്. സാഹിത്യത്തിന്റെ ശക്തിയെക്കുറിച്ച് അവിശ്വസിക്കുന്നവരെ പരാജയപ്പെടുത്തി കീഴ്പ്പെടുത്തുന്ന ഒരു ഉഗ്രന്‍ പുസ്തകം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA