sections
MORE

പെണ്‍കുഞ്ഞ് ജനിച്ചാലുടന്‍ ശ്വാസനാളത്തില്‍ നെന്‍മണിയിട്ട് കഥകഴിക്കും; ക്രൂരമായ ആചാരങ്ങൾ

HIGHLIGHTS
  • തമിഴ്നാട്ടിലെ കല്ലാര്‍വംശക്കാര്‍ക്കിടയില്‍ വ്യാപകമാണ് പെണ്‍ശിശുഹത്യകള്‍.
  • സാറാ ജോസഫിന്റെ വിപുലമായ ആത്മകഥയുടെ ആമുഖം, ആരു നീ?
aru nee
SHARE
സാറാ ജോസഫ്

ഡിസി ബുക്സ്

വില 60 രൂപ

തലയുയര്‍ത്തി നില്‍ക്കുന്ന കരിമ്പനകള്‍ക്കിടയിലും പാലക്കാട്ട് സാറ ജോസഫ് കണ്ടത് അരളി. മഞ്ഞരളി. വീട്ടുപരിസരങ്ങളില്‍ വേലിയായും മതിലായും അലങ്കാരമായും മുറ്റിത്തഴച്ചുവളരുന്ന മഞ്ഞരളി. ഇലകള്‍ പച്ച, പൂക്കള്‍ മഞ്ഞ, ഈര്‍ക്കിലു പോലുള്ള നേര്‍ത്ത, നീണ്ട ഇലകള്‍. വിടര്‍ന്നുമലരാന്‍ മടിയുള്ള പൂക്കള്‍. പാലക്കാടന്‍ കാറ്റിനെയും വെയിലിനെയും ചെറുത്തുകൊണ്ട് എവിടെനോക്കിയാലും കാണാം ഇലവിറപ്പിച്ചുനില്‍ക്കുന്ന മഞ്ഞരളികളെ; ഒറ്റയ്ക്കും കൂട്ടായും. വരണ്ട മണ്ണിലും കുഴഞ്ഞ ചതുപ്പിലും ഒരേ ഭാവം. ഒരു സര്‍വസാധാരണമായ കുറ്റിച്ചെടി. ഈ ചെടിയില്‍നിന്നാണ് പെണ്ണെഴുത്ത് മലയാളത്തിനു സമ്മാനിച്ച ഏറ്റവും തീവ്രമായ കഥ ജനിക്കുന്നത്. സാറ ജോസഫിന്റെ  പാപത്തറ. പാലക്കാടന്‍ ഭൂമിശാസ്ത്രത്തില്‍ ചുണ്ണാമ്പുതറയുണ്ട്. അകത്തേത്തറയുണ്ട്. വടക്കുന്തറയുണ്ട്. ആരും കാണാതെ അവിടെത്തന്നെ ഒരു പാപത്തറയുമുണ്ട്. സാറജോസഫ് കണ്ടെടുത്ത, മലയാള സാഹിത്യ ഭൂമിശാസ്ത്രത്തിലെ പാപത്തറ. 

തമിഴ്നാട്ടിലെ കല്ലാര്‍വംശക്കാര്‍ക്കിടയില്‍ വ്യാപകമാണ് പെണ്‍ശിശുഹത്യകള്‍. തമിഴ്നാട്ടില്‍നിന്ന് പാലക്കാടിന്റെ അതിര്‍ത്തിപ്രദേശങ്ങളിലേക്കും വ്യാപിച്ച അനാചാരം. ഭീമമായ സ്ത്രീധനത്തുകയുടെ ഭീകരത ഓര്‍ത്ത് പെണ്‍കുട്ടികളെ ജനിച്ചുകഴിഞ്ഞാലുടന്‍ കഥകഴിക്കുന്ന ക്രൂരമായ ആചാരം. ജനിച്ചുവീണ അന്നോ തുടര്‍ദിവസങ്ങളിലോ അവര്‍ പെണ്‍ശിശുവിനെ ഇല്ലാതാക്കുന്നു. ശിശുവിന്റെ ശ്വാസനാളത്തില്‍ ഒരു നെന്‍മണിയിട്ടുകൊടുത്ത്, അതിനെ മരിക്കാന്‍ വിട്ടുകൊടുത്തുകൊണ്ട് കതകുംചാരി അമ്മയും അച്ഛനും പുറത്തേക്കു നടക്കുന്നതാണ് ഒരു രീതി. മഞ്ഞരളിക്കായ ശര്‍ക്കരയും ചേര്‍ത്തരച്ച് അമ്മയുടെ മുലക്കണ്ണില്‍ പുരട്ടി കുഞ്ഞിനെ മുലയൂട്ടുന്ന ശാന്തമായ രീതിയാണ് പലരും അനുവര്‍ത്തിക്കുക. താരതമ്യേന ക്രൂരത കുറഞ്ഞ ശിശുഹത്യ. മുടിയഴിച്ചാടുന്ന മഞ്ഞരളിക്കാടുകള്‍ക്കിടിയൂടെ, പിടഞ്ഞുമരിക്കുന്ന കുഞ്ഞുങ്ങളെയും മനസ്സിലേറ്റിക്കൊണ്ടുനടന്ന ഒരു യാത്രയില്‍ സാറാ ജോസഫിന്റെ മനസ്സില്‍ ജനിച്ചു പാപത്തറ. ഉഷ്ണത്തിര തള്ളുന്നൊരു പാലക്കാടന്‍ കാറ്റില്‍നിന്ന് മലയാളമാകെ വ്യാപിച്ച പെണ്ണെഴുത്തിന്റെ തീവ്രഗന്ധം. 

ഉണര്‍വിലും ഉറക്കത്തിലും കേള്‍ക്കുന്ന കുഞ്ഞുങ്ങളുടെ ശ്വാസം മുട്ടിപ്പിടയലുകള്‍. മരണഞരക്കങ്ങള്‍. നിലവിളികള്‍. ആ കുഞ്ഞുങ്ങള്‍ക്കുവേണ്ടിയായിരുന്നു പാപത്തറ; എല്ലാ പെണ്‍മക്കള്‍ക്കും അമ്മമാര്‍ക്കും സമര്‍പ്പിച്ച കഥ; എല്ലാ ആണ്‍മക്കളും അച്ഛന്‍മാരും ഏറ്റെടുക്കുമെന്ന പ്രതീക്ഷയില്‍ എഴുതിയത്. 

പാപത്തറയുടെ കഥയ്ക്കൊപ്പം ആത്മകഥയുടെ ഇതളുകളും സാറാ ജോസഫ് വാരിവിതറുന്ന പുസ്തകമാണ് ആരു നീ. ഏറിയാല്‍ അരപ്പേജ് മാത്രം വരുന്ന അകത്തുള്ളവരുടെ കഥകളില്‍ നിന്ന് ആറായിരം പേജുകളിലും എഴുതിയാല്‍ തീരാത്ത വിഷാദവീചികളുടെ മഴവില്ല്. 

ജനനത്തില്‍ത്തുടങ്ങി പ്രണയത്തില്‍ അവസാനിക്കുന്ന ആത്മകഥയുടെ സ്ഫുരണങ്ങളാണ് ആരു നീ ? ഒരുപക്ഷേ സാറാ ജോസഫിന്റെ വിപുലമായ ആത്മകഥയുടെ ആമുഖം. 

എന്നെ ജീവിപ്പിച്ചതും നിലനിര്‍ത്തിയതും പ്രണയമാണ്. കാരമുള്ളുകളില്‍ ചവിട്ടി ഞാനെന്റെ പ്രണയത്തിലേക്കു പ്രവേശിച്ചു. സുഗന്ധമുള്ള പൂക്കള്‍ ശേഖരിച്ചു. മരണം എല്ലാ നിറങ്ങളും തല്ലിക്കൊഴിച്ചുകൊണ്ട് കടന്നുവന്നു. യാത്ര പോലും പറയാതെ അവന്‍ കൂടെപ്പോയി. അവന്‍ കടന്നുപോയ മരണവാതിലിലൂടെ കടന്നുപോകാമല്ലോ എന്ന ചിന്തയാണ് മരിക്കാനെനിക്കു ധൈര്യം തരുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA