sections
MORE

പ്രളയം ഒന്നിപ്പിച്ച കേരളം, പ്രളയശേഷവും തുടരുന്ന രാഷ്ട്രീയ കൊലപാതകങ്ങൾ

HIGHLIGHTS
  • പ്രളയവും, ആള്‍ക്കൂട്ട കൊലപാതകങ്ങളും കണ്ണൂരിലെ ഹിംസയും കവിതയിലുണ്ട്.
  • ലോകത്തെയും തന്നെത്തന്നെയും നേരിടാന്‍ കവിതയിലൂടെ സച്ചിദാനന്ദന്‍ പുതിയ പാലം പണിയുന്നു.
Pakshikal-ente-pirake-varunnu
SHARE
സച്ചിദാനന്ദന്‍

ഡിസി ബുക്സ്

വില 100 രൂപ

രോഗിയായ അമ്മ, ഗര്‍ഭിണിയായ മകള്‍, 

വീടു നോക്കുന്ന മകന്‍. 

തോണിയില്‍ ഇനി ഇടം ഒരാള്‍ക്കു മാത്രം. 

മൂവരും വഴക്കിടുന്നു, അവനവനു കയറാനല്ല,

മറ്റേയാളെ കയറ്റാന്‍. 

രക്തം പുരളാത്ത പുതുബോധത്തിന്റെ മറുകരയിലേക്കു നയിച്ച പ്രളയം. പുതിയ അക്ഷരങ്ങള്‍ നക്ഷത്രങ്ങളായി ഉദിക്കുന്ന ഒരാകാശത്തിനു ചുവട്ടില്‍, പുതുബോധത്തിലേക്കു മലയാളത്തെ നയിച്ച പ്രകൃതിപ്രതിഭാസത്തെ വാക്കുകളുടെ ചിമിഴില്‍ ജ്വലിപ്പിക്കുകയാണ് ഏറ്റവും പുതിയ കാവ്യസമാഹാരത്തില്‍ സച്ചിദാനന്ദന്‍. 

പ്രളയം മാത്രമല്ല, ആള്‍ക്കൂട്ട കൊലപാതകങ്ങളും കണ്ണൂരിലെ ഹിംസയും ഭരണകൂട ഭീകരതയും സൃഷ്ടിച്ച ആഘാതങ്ങള്‍. വിദ്വേഷത്തിന്റെയും ഭീതിയുടെയും പൊതുഅന്തരീക്ഷം സൃഷ്ടിച്ച അനുരണനങ്ങള്‍. പ്രതിരോധത്തിന്റെ ഉയിര്‍ത്തെഴുന്നേൽപ്പുകള്‍. ഇവയ്ക്കൊപ്പം വ്യക്തിതലത്തിലെ വാര്‍ധക്യവും ഏകാന്തതയും മരണചിന്തകളും. ലോകത്തെയും തന്നെത്തന്നെയും നേരിടാന്‍ ഒരേയൊരായുധമായ കവിതയിലൂടെ സച്ചിദാനന്ദന്‍ പുതിയ പാലം പണിയുകയാണ്. ഇരുണ്ട കാലത്തെ കടന്നുപോകാന്‍ കവിതകൊണ്ടു നിര്‍മിക്കുന്ന നടപ്പാലം. കവി മുന്നേ നടക്കുന്നുണ്ട് കവി നടക്കുന്ന ഒരു വൃക്ഷമാണെന്ന പോലെ കവിതകളുടെ പക്ഷികള്‍ സച്ചിദാനന്ദനൊപ്പം സഞ്ചരിക്കുന്നു. ആഹ്ളാദവും അതിശയവും സമന്വയിപ്പിക്കുന്ന കാഴ്ചയ്ക്കു സാക്ഷിയായി മലയാളവും. 

അവശിഷ്ടങ്ങളിലാണ് നില്‍ക്കുന്നതെന്ന ബോധമുണ്ടെങ്കിലും ശുഭപ്രതീക്ഷിയുടെ ശുഭ്രപതാക തന്നെയാണ് ഈ കവിതകള്‍ വീശുന്നത്. കറുപ്പണിഞ്ഞ ശവഘോഷയാത്ര ഉത്സവമായി കൊണ്ടാടുകയും വിജയഗീതങ്ങള്‍ വിലാപങ്ങളാകുകയും ചെയ്യുന്നുണ്ടെങ്കിലും മെരുക്കാനാകാത്ത അഭിലാഷത്തിന്റെ വെളുത്ത കുതിരകളും‍ പ്രാവുകളും കുതിപ്പു നടത്താന്‍ ഒരുങ്ങുന്ന നാട്. വേരുകളില്‍ നിന്ന്് വീണ്ടും ഒരു ഉയിര്‍പ്പ്. ഓര്‍മകളുടെ കലങ്ങിയ കുളത്തില്‍നിന്ന് മഴ നനഞ്ഞ നായയെപ്പോലെ, ഭാഷയുടെ ചെപ്പിലടച്ച ധീരസ്മൃതികളില്‍നിന്ന്. എല്ലാവരെയും ആശ്ളേഷിക്കാന്‍ കൈകള്‍ തുറന്ന ഉന്നതശിരസ്സായ ഒരു രാഷ്ട്രത്തിലേക്ക്. 

മൃത്യുദേവതയുടെ കൊടികള്‍ പാറുന്ന കണ്ണൂരിെനക്കുറിച്ചുള്ള കവിതയില്‍ മുഴങ്ങുന്നത് എന്നും തപിക്കുന്ന, എന്നും ജനിക്കുന്ന അമ്മമാരുടെ ആത്മരോഷം. രോദനവും നിലവിളിയും നിസ്സഹായതയും പ്രതികാരത്തിലേക്കും വെല്ലുവിളിയിലേക്കും പോലും വഴിമാറുന്നു. ബുദ്ധന്റെ കാലടി പതിച്ച മണ്ണില്‍, ഗുരു വിഗ്രഹം സ്ഥാപിച്ചയിടത്ത്, ഇതിഹാസങ്ങള്‍ പാടുന്ന കോട്ടയില്‍... ഓരോ കൊലപാതകത്തിലും തോല്‍ക്കാന്‍ വിധിക്കപ്പെട്ട അമ്മമാര്‍ പ്രസവത്തെത്തുടര്‍ന്നു വയറിലുണ്ടായ വടുക്കള്‍ മാറുന്നതിനുമുമ്പുതന്നെ കാത്തുനില്‍ക്കാം എന്നു പറയുന്നത് കൊലപാതകികളോട്. എല്ലാ അമ്മമാരുടെയും കയ്യില്‍ ഒരു കൊടി മാത്രം- അതിനു നിറം വെളുപ്പ്. മക്കളേക്കാള്‍ സ്വാദുണ്ട് അമ്മമാരുടെ ചോരയ്ക്ക്... വരൂ ദംഷ്ട്രകളാഴ്ത്തൂ...അപ്പോഴും അവര്‍ തങ്ങള്‍ക്ക് അന്ത്യം വിധിക്കാന്‍ വരുന്നവരെ വിളിക്കുന്നത് കിടാങ്ങളേ എന്ന്... പൊള്ളിക്കും തീനാളങ്ങള്‍ പോലെ ഉരുകിത്തീരുന്ന ആയുസ്സിന്റെ ദൈന്യമാര്‍ന്ന രൂപം സഹനത്തിനൊടുവില്‍ പ്രതികാരമൂര്‍ത്തിയായി ഉറയുന്നു, ഉയരുന്നു. എങ്കിലും ഈ മണ്ണില്‍ത്തന്നെ തന്നെ കുഴിച്ചിട്ടാല്‍ മതിയെന്നാണ് അഭ്യര്‍ഥന. ചിതയില്‍ ദഹിപ്പിക്കേണ്ട എന്നത് അപേക്ഷയും. 

വൃത്തവും വികാരങ്ങളും സമന്വയിപ്പിക്കുന്ന പാരമ്പര്യത്തോടു ചേര്‍ന്നുനില്‍ക്കുന്ന കവിതകളുണ്ട് ഈ സമാഹാരത്തില്‍. ഒപ്പം രൂപത്തിലും ഭാവത്തിലും ആധുനികതയോടും ഉത്തരാധുനികതയോടും അഭിമുഖ്യം പ്രകടിപ്പിക്കുന്ന കവിതകളും. രൂപവും ഭാവവും മാറുമ്പോഴും താളത്തെ സ്വീകരിക്കുകയും വിസമ്മതിക്കുകയും ചെയ്യുമ്പോഴും ആത്യന്തികമായ കാവ്യതേജസ്സ് പകലിനു വെളിച്ചം പോലെയും രാത്രിക്ക് ഇരുട്ടുപോലെയും കവിതകളോടു ചേര്‍ന്നുനില്‍ക്കുന്നു. ആസ്വാദകരെ മടുപ്പിക്കാത്ത, വിരസത സൃഷ്ടിക്കാത്ത, ഹരം കൊള്ളിക്കുന്ന കവിതകള്‍. 

എനിക്കറിയാം

അപ്പോഴും നിങ്ങള്‍ വരും 

അതും നിങ്ങളുടെ സൗന്ദര്യശാസ്ത്രത്തില്‍ 

ഓരധ്യായമാക്കും. എനിക്ക് ആ ഇടം വേണ്ടാ

ഞാന്‍ ചെടികളിലൊന്നും വിടരാത്ത പൂവ് 

ഒരാകാശത്തുമില്ലാത്ത നക്ഷത്രം 

ഒരു ശബ്ദാവലിയിലും കാണാത്ത വാക്ക് 

ഒരു സമുദ്രത്തിലുമില്ലാത്ത മത്സ്യം

ഒരു ശരീരത്തിലുമില്ലാത്ത ആത്മാവ് 

നിര്‍വചനങ്ങളില്‍ ഒതുങ്ങാത്ത വെളിവ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA