sections
MORE

പ്രണയത്തിന്റെ ചൂടുള്ള പുതപ്പുകൊണ്ട് എന്നെ പുതപ്പിക്കൂ...

HIGHLIGHTS
  • റൂമിയെ വായിക്കുന്നത്ര മഹാ മൗനത്തോടെ വേണം സമ്മിലൂനി എന്ന പുസ്തകം വായിക്കാൻ
  • സമ്മിലൂനിയിലെ കഥകൾ മനോഹരമായ ആത്മീയ അനുഭൂതികളാൽ നിറയ്ക്കപ്പെട്ടവയാണ്.
Zamilooni
SHARE
റിഹാൻ റാഷിദ്

ധ്വനി ബുക്സ്

വില 110 രൂപ

എപ്പോഴാണ് നമുക്കൊക്കെയും പുതപ്പുകളുടെ ആവശ്യം? അപാരമായ തണുപ്പ് ഉടലിനെ പൊതിയുമ്പോൾ, അല്ലെങ്കിൽ ഉള്ളിൽ നിന്നൊരു തണുത്ത കിടുകിടുപ്പ് ശരീരത്തെയും കവിഞ്ഞു പുറത്തേയ്ക്ക് വിറയിലായി പടരുമ്പോൾ... പിന്നെയോ! ഒറ്റപ്പെടലിന്റെ തുരുത്തിൽ തനിച്ച് നിൽക്കുമ്പോൾ, വിഷാദത്തിന്റെ മറവിൽ തനിച്ചിരുന്നു കരയുമ്പോൾ, പ്രണയത്താൽ വിരഹത്തിന്റെ ഞരമ്പ് മുറിയുമ്പോൾ, ഒക്കെയും ഒരു പുതപ്പ് ആവശ്യം തന്നെ. അപ്പോൾ തന്നെയാണ് അവനോടു പറയേണ്ടത്... "എന്നെ ഒന്നു പുതപ്പിക്കൂ", നിന്റെ സ്നേഹമാകുന്ന കമ്പിളി പുതപ്പിനാൽ എന്നെ പുണർന്നു വയ്ക്കൂ, തണുത്തു മരച്ച ഈ ശരീരത്തെയും കുളിരുന്ന മനസ്സിനെയും പുതപ്പിച്ച് ചൂട് നൽകൂ, ഇതിനെല്ലാം കൂടി ഒരൊറ്റ വാക്കുണ്ട്, -സമ്മിലൂനി

എന്നെ പുതപ്പിക്കൂ എന്നാണ് ഈ അറബി വാക്കിന്റെ അർഥം. റിഹാൻ റാഷിദ് എഴുതിയ ചെറുകഥയുടെ സമാഹാരമാണ് സമ്മിലൂനി. സ്നേഹത്തിന്റെ പുതപ്പിനാൽ പുതയ്ക്കപ്പെടേണ്ട മനസുകളുടെ വാചകങ്ങളെയാണ് റിഹാൻ ഈ പുസ്തകത്തിനു വേണ്ടി കടം കൊണ്ടിരിക്കുന്നത്.

കരുണയുടെ, പ്രണയത്തിന്റെ, രതിയുടെ, ആർദ്രതയുടെ ഒക്കെ പതിനെട്ടു ചെറുകഥകളാണ് റിഹാൻ, സമ്മിലൂനി എന്ന കഥപുസ്തകത്തിൽ എഴുതി വച്ചത്. പേര് സൂചിപ്പിക്കും പോലെ അറബി പുസ്തകത്തിലെ കഥകളിൽ ഉടനീളം പടർന്നു കിടക്കുന്നു, മധ്യപൂർവേഷ്യൻ ലോകത്തിലെ പല കാഴ്ചകളും മനുഷ്യരും ഇതിലൂടെ മലയാളിക്കും പരിചിതരാകുന്നു. സൂഫി നൃത്തത്തിന്റെ കാഴ്ചയാണ് പുസ്തകത്തിന്റെ കവറിൽ, ആ നൃത്തം തന്നെയാണ് ഈ പുസ്തകത്തിലെ കഥകളുടെ സാരവും. പ്രണയത്തിന്റെ മഹാമാന്ത്രികതയാണ് സൂഫിസം, പ്രണയം എന്ന വാചകത്തെ ഏറ്റവും ആത്‌മീയമായ തലത്തിൽ കൊണ്ടെത്തിക്കുന്ന സൂഫിസം റിഹാന്റെ ഭാഷയിലൂടെ മലയാളീകരിക്കപ്പെടുന്നു. 

പ്രണയകഥകളാണ് സമ്മിലൂനിയിൽ നിറയെ. സ്നേഹത്തിന്റെ പുതപ്പു കൊണ്ട് വായനക്കാരെ വരെ പുതപ്പിക്കുന്ന ആർദ്രത ആ കഥകൾക്കെല്ലാമുണ്ട്. ഒരുപാട് മനുഷ്യരുടെ ജീവിതങ്ങളിലേയ്ക്ക് സമ്മിലൂനിയിലെ പല കഥകൾക്കും പ്രവേശികയുണ്ട്, അവ അവരുടെ വൈകാരിക അനുഭവത്തിലേക്കിറങ്ങി ചെന്ന് അവരുടേത് തന്നെയായി മാറുന്നു. അതിതീവ്രമായ ഭാഷയ്ക്ക് വല്ലാത്ത സംവേദന ശക്തിയുണ്ട്, റിഹാന്റെ ഭാഷ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി പോകുന്നതാണ്. 

"മണ്ണിലേയ്ക്കലിഞ്ഞു തീരും മുൻപേ ജീവിച്ചിരുന്നു, എന്നൊരു അടയാളപ്പെടുത്തലാണ് ഈ പുസ്തകം", എന്ന ആമുഖത്തിൽ റിഹാൻ എഴുതുന്നു. എഴുത്തുകാരൻ എവിടെയൊക്കെയോ വച്ച് കണ്ടു മുട്ടിയ മനുഷ്യരും, അവർ അദ്ദേഹത്തിൽ ഉണ്ടാക്കിയ അനുഭവങ്ങളും ചേർന്നാണ് വരികൾ ഉണ്ടായത്. മിക്ക കഥകളിലും എഴുത്തുകാരൻ തന്നെ പ്രധാന കഥാപാത്രമായി വരികയും ചെയ്യുന്നു, അതുകൊണ്ടു തന്നെ അപരിചിതമായ ഒരു പ്രവിശ്യയിൽ തന്നെതന്നെ പ്ലെയിസ് ചെയ്ത് താനെന്നോ അനുഭവിച്ചറിഞ്ഞവയെ അക്ഷരങ്ങളാൽ റിഹാൻ ചാലിച്ചെടുക്കുകയാണ്. 

"മഴ മണ്ണിനെ ചുംബിച്ചുണർത്തിയതിന്റെ സീൽക്കാരങ്ങൾ പരന്നൊഴുകുന്നുണ്ടിവിടെ..."

"ഏക്താര" എന്ന കഥ ഇങ്ങനെ തുടങ്ങുന്നു. പ്രണയിതാക്കളായ ജംഷിയും റിഹാനും കണ്ടു മുട്ടുന്ന ആ ഇടത്തെയാണ് ഇങ്ങനെ എഴുത്തുകാരൻ കുറിക്കുന്നത്, പക്ഷേ പ്രണയം തരംഗരൂപത്തിൽ രണ്ടിടങ്ങളിൽ നിന്ന് പുറപ്പെട്ട് ഒരേ സ്ഥലത്തു വന്ന് ഒന്നായി തീരുന്ന ആത്മായ ധ്യാനം ഈ കഥ അനുഭവിപ്പിക്കുന്നു. രണ്ടിടങ്ങളിൽ ഇരുന്നുകൊണ്ടും അവർ പരസ്പരം പ്രണയത്തിന്റെ സമ്മിലൂനി ആയി തീരുന്നു. 

"വിരിയില്ലാത്ത ജാലകത്തിന്റെ ചില്ലുകളിൽ മഴ മുത്തങ്ങളേറ്റ് ചിത്രങ്ങൾ ജനിക്കുന്നത് നോക്കി നിൽക്കെ ഫോണിന്റെ അങ്ങേത്തലയ്ക്കൽ നിന്നവൾ പതിയെ കുറുകി. 

- ഇവിടെ മഴ പെയ്യുന്നുണ്ട്, എന്നിലെ നീയെന്നോളം.-

ഞാനും അവളുമപ്പോൾ പ്രണയത്തിന്റെ അതീന്ദ്രിയതയുടെ അനുവാചകരായ് മാറുകയായ്."

പ്രണയത്തിന്റെ ഉറവിലേക്കുള്ള മഹാതീർത്ഥാടനമാണ് അവർക്കിടയിൽ നടക്കുന്നതെന്നത് എത്ര കൃത്യമാണ്. റൂമിയെ വായിക്കുന്നത്ര മഹാ മൗനത്തോടെ വേണം സമ്മിലൂനി എന്ന പുസ്തകം വായിക്കാൻ എന്നതാണ് സത്യം, കാരണം പ്രലദമാകുന്ന പ്രണയത്തിന്റെയും ലാളിത്യത്തിന്റെയും ഇടയിലൊക്കെ ആത്‌മീയതയുടെ തേജസ്സുണ്ട്, ഞാനും നീയും ഒന്ന് എന്ന മഹാ മന്ത്രമുണ്ട്. സൂഫിസത്തിന്റെ അടിസ്ഥാനവും അതു തന്നെയാണ്. 

മരണത്തിനു ശേഷം ഖബറിലേയ്ക്ക് എടുക്കുന്ന കുറച്ചു നിമിഷങ്ങളുടെ ആ ഇടവേളയെ കുറിച്ചാണ് സമ്മിലൂനി എന്ന കഥ പറയുന്നത്. എല്ലായ്പ്പോഴും കണ്ടിരുന്നവർ, പ്രിയപ്പെട്ടവർ, അവർ ചുറ്റുമിരിക്കുകയും നിലവിളിക്കുകയും ചെയ്യുന്നു. എന്നന്നേയ്ക്കുമായി പറഞ്ഞയക്കുന്നത് നിലവിളിച്ചുകൊണ്ടാകരുതെന്നാണ് മരണപ്പെട്ടവന്റെ ആഗ്രഹം, പക്ഷേ ചുറ്റും നിലവിളികൾ ഉയർന്നു കൊണ്ടേയിരിക്കുന്നു. എല്ലാം അയാൾ ഖബറിന് പുറത്തിരുന്നു കാണുകയും ചെയ്യുന്നു. ജീവിച്ചിരിക്കുന്നവരുടെയും മരണപ്പെട്ടവരുടെയും ലോകത്തിന്റെ ഇടയിൽ അദൃശ്യമായ ഒരു നൂലിഴ മാത്രമേ വ്യത്യാസമുള്ളൂ എന്നു തോന്നുന്നു, അവർക്കെല്ലാം കാണാം, എല്ലാം കേൾക്കാം,,,, 

"മരണത്തിന്റെ മനോഹരമായ സംഗീതത്തിന്റെ താള ലയങ്ങൾ നിലച്ച് ഇലകളെല്ലാം കൊഴിഞ്ഞ ഒരൊറ്റ മരത്തിന്റെ അടർന്നു വീഴാറായ ശിഖിരം പോലെ ഞാൻ ഗുരുവിന്റെ കൈവെള്ളയിലേയ്ക്ക് വീണു കിടക്കെ ഗുരു പറഞ്ഞ മരണത്തിന്റെ വാക്കുകൾ ഞാനോർമിച്ചെടുക്കാൻ ശ്രമിച്ചു, 

"സമ" നൃത്തത്തിന്റെ അനന്തതയെന്നോണം. "

ഗുരുവിന്റെ സമാശ്വാസമാകുന്ന, കരുണയാകുന്ന പുതപ്പിലേക്കാണ് മരണപ്പെട്ടവൻ പതിക്കുന്നത്, എന്തൊരു മനോഹരമായ കാഴ്ചയാണത്! ഇതിലെ ഓരോ കഥകളും ഇത്തരത്തിൽ ആ പുതപ്പിനെ തേടുന്നു, അല്ലെങ്കിൽ സ്വയം പുതപ്പാകുന്നു. 

സമ്മിലൂനിയിലെ പതിനെട്ടു കഥകളും മനോഹരമായ ആത്മീയ അനുഭൂതികൾ കൊണ്ട് നിറയ്ക്കപ്പെട്ടവയാണ്. പ്രണയത്തിൽ ആത്മീയത എന്നാൽ എത്രത്തോളം ഇന്നത്തെ കാലത്തിന് ഉൾക്കൊള്ളാൻ ആകുമെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്, പക്ഷേ റിഹാനെ പോലെയൊരു ചെറുപ്പക്കാരന്റെ ചിന്താധാര പൊതുബോധത്തിൽ നിന്ന് മാറി നടക്കുന്നു, അതുകൊണ്ടു തന്നെയാണ് സമ്മിലൂനി പോലെയൊരു പുസ്തകം പുറത്തിറങ്ങിയതും. സ്നേഹത്താൽ പുതയ്ക്കപ്പെടാൻ, അതിതീവ്രമായ പ്രണയ പദങ്ങളാൽ ആശ്ലേഷിക്കപ്പെട്ട സമ്മിലൂനി വ്യത്യസ്തമായ വായനയ്ക്ക് തീർച്ചയായും ഉപകരിക്കും. കാവ്യഭാഷയിൽ എഴുതപ്പെട്ട ഈ കുറിപ്പുകളുടെ സ്വഭാവമുള്ള കഥകൾക്ക് കടപ്പാട് റൂമിയോടും സൂഫിസത്തിനോടും തന്നെ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA