sections
MORE

എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം നിങ്ങളുടെ ഉള്ളിൽ തന്നെയുണ്ട്

designing-destiny
SHARE
കമലേഷ് ഡി. പട്ടേൽ

വെസ്റ്റ്ലാൻഡ് പബ്ലിഷേഴ്സ്

വില 299 രൂപ

ഓഫിസിലെ ടെൻഷനും തിരക്കും നിറഞ്ഞ ഒരു ദിവസത്തിനു ശേഷം പുറത്തിറങ്ങുമ്പോള്‍ നിങ്ങളുടെ മനസ്സിൽ എന്തായിരിക്കും. എങ്ങനെയെങ്കിലും വീട്ടിൽ എത്തിപ്പെടണം, ഓഫിസിലെ തിരക്കെല്ലാം മറന്ന് ഭാര്യയും ഭര്‍ത്താവുമൊത്ത് ഒരു സംസാരം, രാത്രിഭക്ഷണം, സുഖകരമായ ഉറക്കം. പക്ഷേ നിങ്ങളുടെ അതേ മാനസികാവസ്ഥയിലാണ് പങ്കാളിയും വീട്ടിലെത്തുന്നതെങ്കിലോ, ജീവിതം നരകമാണെന്നായിരിക്കും നിങ്ങളുടെ ആദ്യ ചിന്ത. വീട്ടിൽ വെച്ചുണ്ടായ അതേ നെഗറ്റീവ് ചിന്തകളുമായിട്ടായിരിക്കും പിറ്റേന്ന് ഓഫിസിലേയ്ക്കുള്ള യാത്രയും.

ജോലിയിൽ വലിയ ബുദ്ധിമുട്ടുണ്ടെങ്കിൽ ജോലി രാജി വെച്ച് മറ്റൊരു ജോലിക്ക് ശ്രമിക്കാം എന്നു ചിന്തിക്കാം. വിവാഹജീവിതം പ്രതിസന്ധിയാണെങ്കിൽ ബന്ധം വേര്‍പെടുത്തുകയല്ലാതെ വേറെ വഴിയില്ലെന്നും തോന്നാം. പക്ഷേ, ഇതൊന്നും പലപ്പോഴും അത്ര എളുപ്പമുള്ളതോ സാധ്യമായതോ ആയ കാര്യങ്ങളല്ല. അപ്പോള്‍ കാര്യങ്ങള്‍ കൂടുതൽ പ്രതിസന്ധിയിലാകും. ഈ പറഞ്ഞത് തെറ്റില്ലാത്ത ജോലിയും സ്ഥിരതയുള്ള കുടുംബജീവിതവും നയിക്കുന്നവരെപ്പറ്റിയാണ്. അല്ലാത്തവരുടെ കാര്യം വീണ്ടും കഷ്ടമാണ്. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ ആരുടെയെങ്കിലും തോളിൽ തല ചായ്ക്കണമെന്ന് തോന്നുന്നതിൽ അസ്വാഭാവികതയൊന്നുമില്ല, പക്ഷേ അത് എപ്പോഴും സാധിക്കണമെന്നില്ലെന്നു മാത്രം. അപ്പോള്‍ മനോബലം ആവശ്യമായ സന്ദര്‍ഭങ്ങള്‍ നേരിടാൻ മനസ്സിനെ പാകപ്പെടുത്തുകയെന്നതു മാത്രമാണ് വഴി.

ദൃഢമായ ബന്ധങ്ങള്‍ നിലനിര്‍ത്താൻ നമുക്ക് വേണ്ടത് അടിസ്ഥാനപരമായ പക്വതയും വൈകാരികബുദ്ധിയുമാണ്. ജീവിതപങ്കാളിയായാലും സുഹൃത്തുക്കളായാലും വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്താൻ വേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം യോജിപ്പാണെന്ന് ധ്യാനഗുരുവായ കമലേഷ് ഡി. പട്ടേൽ പറയുന്നു. മറ്റുള്ളവരെ കുറ്റം വിധിച്ചാലോ സ്വയം വിജയിച്ചു എന്ന തോന്നലുണ്ടായാലോ ജീവിതത്തിൽ സന്തോഷമുണ്ടാകണമെന്നില്ല. അതിന് ജീവിതത്തിൽ ചില ചിട്ടകള്‍ പാലിച്ചേ പറ്റൂ. ജീവിതത്തിൽ സന്തോഷം നിലനിര്‍ത്തേണ്ടതിന്‍റെ പ്രാധാന്യത്തെപ്പറ്റി ആളുകളെ ബോധവാന്മാരാക്കുകയാണ് 'ഡിസെനിങ് ഡസ്റ്റിനി' എന്ന പുസ്തകം. ഹാര്‍ട്ട്ഫുള്‍നെസ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സ്ഥാപകൻ കൂടിയായ ദാജി എന്ന പേരിൽ അറിയപ്പെടുന്ന കമലേഷ് ഡി. പട്ടേൽ ആണ് പുസ്തകം രചിച്ചിരിക്കുന്നത്.

കേള്‍ക്കുമ്പോള്‍ പുതുതെന്ന് തോന്നിയാലും നമുക്ക് പരിചിതമായ പരമ്പരാഗത ധ്യാനമുറകളുടെ ഒരു പരിഷ്കരിച്ച രൂപം തന്നെയാണ് ഹാര്‍ട്ട്ഫുള്‍നെസും മുൻപോട്ടു വയ്ക്കുന്നത്. പുതിയ കാലത്തെ സമ്മര്‍ദ്ദവും തിരക്കും കണക്കിലെടുത്ത് പരിഷ്‌കരിച്ച രാജ യോഗത്തിന്റെ മറ്റൊരു പതിപ്പാണ് ഹാര്‍ട്ട്ഫുള്‍നസ്. ഹൃദയം കൊണ്ട് ധ്യാനിക്കുക, മാനസികവും വൈകാരികവുമായ ഭാരം ഇല്ലാതാക്കുക, പ്രാർഥിക്കുക എന്നീ മൂന്ന് ശീലങ്ങൾ കൊണ്ട് ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയെന്നതാണ് ഹാര്‍ട്ട്ഫുള്‍നെസ് മുന്നോട്ടു വെയ്ക്കുന്ന തത്വം. 

ജീവിതത്തിലെ പ്രശ്നങ്ങള്‍ വലുതോ ചെറുതോ ആകട്ടെ, ഭാര്യയോ ഭര്‍ത്താവോ വീട്ടിൽ വന്നു കയറുമ്പോള്‍ പങ്കുവെയ്ക്കുന്ന ഒരു ജീവിതപ്രശ്നത്തെ എങ്ങനെയാണ് നിങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നതാണ് പ്രധാനം. പങ്കാളി പറഞ്ഞത് ശരിയോ തെറ്റോ ആയിക്കൊളളട്ടെ, അവിടെ ഒരു തര്‍ക്കത്തിന് നിൽക്കുന്നത് കാര്യങ്ങള്‍ വഷളാക്കുകയേ ഉള്ളൂ. താൻ പറഞ്ഞത് ശരിയാടോ, പറയെടോ, എന്താണ് പ്രശ്നം, നമുക്ക് ശരിയാക്കാമെന്നേ എന്നിങ്ങനെയുള്ള ഒരു ചെറിയ മറുപടി കൊണ്ട് തീര്‍ക്കാവുന്ന പ്രശ്നമായിരിക്കും തര്‍ക്കിച്ച് കുളമാക്കുന്നത്. നിങ്ങളുടെ വാദം ശരിയാണെന്ന് ബോധ്യപ്പെടുത്തുന്നതിനു മുൻപേ മുൻപിൽ ഇരിക്കുന്നയാള്‍ക്ക് എന്താണ് പറയാനുള്ളതെന്ന് കേള്‍ക്കുകയാണ് പ്രധാനം. അവരുടെ വികാരമെന്താണെന്ന് മനസ്സിലാക്കുക, അവര്‍ക്ക് പറയാൻ ഇടം കൊടുക്കുക. അവര്‍ പറയാതെ പറയുന്നതെന്താണെന്നു കൂടി മനസ്സിലാക്കാൻ ശ്രമിക്കണമെന്നു കൂടി ദാജി ഓര്‍മിപ്പിച്ചു. മറ്റുള്ളവര്‍ എങ്ങനെ ഒരു സാഹചര്യം മോശമാക്കുന്നു എന്നതല്ല, നിങ്ങൾക്ക് അതെത്ര നന്നാക്കാനാകുമെന്നതാണ് പ്രധാനം. മറ്റുള്ളവരുടെ വാക്കുകളും പ്രവൃത്തികളും നമ്മുടെ നിയന്ത്രണത്തിലല്ല. പക്ഷേ അതിനോട് എങ്ങനെ പ്രതികരിക്കണമെന്നു തീരുമാനിക്കേണ്ടത് നിങ്ങളാണ്. നിങ്ങൾക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ലെന്ന് തോന്നുന്ന ചില സന്ദര്‍ഭങ്ങളിൽ പോലും നിങ്ങളുടെ ചെറിയ ഇടപെടലുകൾ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും. 

അതേസമയം, ടെൻഷൻ അത്ര മോശം കാര്യമൊന്നുമല്ലെന്നാണ് ദാജിയുടെ അഭിപ്രായം. ജീവിതത്തിലെ ഒരു കാര്യത്തിന് മാറ്റം വരുമ്പോള്‍ കേള്‍ക്കുന്ന ഒരു അപായമണിയോ ഓര്‍മപ്പെടുത്തലോ ആണ് ടെൻഷൻ. അപ്പോള്‍ മറ്റുള്ളവര്‍ എങ്ങനെ മാറുന്നു എന്നതല്ല, സ്വയം എങ്ങനെ മാറാം എന്നാണ് ചിന്തിക്കേണ്ടത്.

അപ്പോള്‍ നമ്മള്‍ ആദ്യം പറഞ്ഞ സാഹചര്യത്തിൽ എങ്ങനെയാണ് ഇടപെടേണ്ടത്? ഭര്‍ത്താവും ഭാര്യയും ടെൻഷനിലാണെങ്കിൽ ഒരാള്‍ മറ്റേയാള്‍ക്ക് ചെവി കൊടുക്കുമോ വീട്ടിൽ കുട്ടികള്‍ കൂടിയുണ്ടെങ്കിൽ പിന്നെ പറയാനില്ല. പക്ഷേ ഇത്തരം സന്ദര്‍ഭങ്ങളിൽ വാക്കുകളെക്കാള്‍ പ്രധാനം ചിന്തയും പെരുമാറ്റവുമാണെന്നാണ് ദാജി പറയുന്നത്. നിങ്ങളുടെ ഹൃദയം തുറന്നു വയ്ക്കുക, എളിമയുള്ളവരായിരിക്കുക. നിങ്ങളുടെ ഹൃദയം നിങ്ങള്‍ക്കു ലഭിച്ച സന്തോഷത്തിന് നന്ദി പറയും. ദാജി പറയുന്നു. നിങ്ങളുടെ സംഭാഷണം തേൻ പോലെ ഒഴുകിയാൽ മറ്റുള്ളവ‍ര്‍ തിരിച്ചൊന്നും പറയാതെ നിങ്ങളെത്തന്നെ കേട്ടിരിക്കുമെന്നാണ് ദാജി പറയുന്നത്. അതായത് ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു ജീവിതപ്രശ്നത്തിനുള്ള പരിഹാരവും നിങ്ങളുടെ പക്കൽ തന്നെയുണ്ട്. പക്ഷേ ആ സന്ദര്‍ഭം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് പ്രധാനം. 

അതേസമയം വിഷമമേറിയ ജീവിതസാഹചര്യങ്ങളെ ക്ഷമയോടും പുഞ്ചിരിയോടും കൂടി നേരിടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് നല്ല വൈകാരികബുദ്ധിയും ചില മാനസിക പരിശീലനങ്ങളും ആവശ്യമാണ്. മാനസികാരോഗ്യത്തിൽ ഏറെ പ്രാധാന്യമുള്ള ധ്യാനത്തിന് പഴയ രൂപമല്ല ഇപ്പോഴുള്ളത്. ആധുനികലോകത്ത് മെഡിറ്റേഷന്‍റെ ഗുണങ്ങളെപ്പറ്റി നിരവധി പഠനങ്ങളും ഗവേഷണങ്ങളും നടക്കുന്നുണ്ട്.

എന്നാൽ എത്ര ശ്രമിച്ചാലും എല്ലാ പ്രശ്നങ്ങളും ഒറ്റ രാത്രി കൊണ്ട് പരിഹരിക്കപ്പെട്ടെന്നിരിക്കില്ല, ക്ഷമയോടെ കാത്തിരിക്കുക. മുറിവുകള്‍ ഉണങ്ങാൻ സമയമെടുക്കുമെന്ന് മനസ്സിലാക്കുക. ബുദ്ധിമുട്ടേറിയ ഓരോ സാഹചര്യവും കൂടുതൽ നല്ല മനുഷ്യരാകാനുള്ള അവസരമാണ്. നിങ്ങളുടെ ഭാര്യയോ ഭര്‍ത്താവോ നിങ്ങളെ വിഷമിപ്പിക്കാൻ വേണ്ടിയല്ല ഇതൊന്നും പറയുന്നതെന്നും അവരും നിങ്ങളെപ്പോലെ തെറ്റുകുറ്റങ്ങളുള്ള മനുഷ്യരാണെന്നും ഓര്‍ക്കുക. രാത്രി കിടക്കുന്നതിനു മുൻപ് കണ്ണടച്ച് അന്ന് ചെയ്ത തെറ്റുകളെക്കുറിച്ച് പശ്ചാത്തപിക്കുക. പ്രശ്നങ്ങളെല്ലാം കെട്ടടങ്ങും. പുസ്തകം പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA