sections
MORE

ഒരു ഗാന്ധിയൻ പ്രണയകഥ

HIGHLIGHTS
  • ഇന്ത്യൻ സ്വാതന്ത്ര്യ സമര പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഒരു പ്രണയ കഥ.
Mahatmavine-kath
SHARE
ആർ.കെ. നാരായണ്‍, പരിഭാഷ– പി. പ്രകാശ്

ഡിസി ബുക്സ്

വില 250 രൂപ

ഇന്ത്യൻ സ്വാതന്ത്ര്യ സമര പശ്ചാത്തലത്തിൽ രചിക്കപ്പെട്ട ഒരു പ്രണയ കഥ. ആർ.കെ. നാരായണിന്റെ എല്ലാ കൃതികളിലും എന്ന പോലെ മാൽഗുഡി എന്ന അസാധാരണ നഗരവും ഒരു കഥാപാത്രത്തെപ്പോലെ ഈ നോവലിലും നിറഞ്ഞു നിൽക്കുന്നു. പ്രണയവും ഗാന്ധിയൻ ചിന്തകളും ഒന്നായൊഴുകുന്ന ഈ അനുരാഗ കഥയിലെ നായകൻ ശ്രീറാമും ഭാരതിയുമാണ്. എന്നാൽ ഈ നോവലിലെ മുഖ്യ കഥാപാത്രം ഗാന്ധിജി തന്നെ. 

ശ്രീറാമിലാണ് ഈ നോവൽ തുടങ്ങുന്നത്. ഒരു അനാഥനാണവൻ. മുത്തശ്ശിയുടെ പരിലാളനയിലാണ് ശ്രീറാം വളരുന്നത്. ഭിത്തിയിൽ തൂങ്ങിയാടുന്ന നിറം മങ്ങിയ ഒരു ഫോട്ടോ മാത്രമാണ് അവന് അമ്മ. എല്ലാ മാസവും ആദ്യ ദിനത്തിൽ മുറതെറ്റാതെ എത്തുന്ന അച്ഛന്റെ  സൈനിക പെൻഷൻ ഏറ്റു വാങ്ങി വിതുമ്പുന്ന മുത്തശ്ശിയുടെ കണ്ണീരാണ് അവന് അച്ഛൻ. ഈ തുക മുത്തശ്ശി കൃത്യമായി ഫണ്ട് ഓഫിസിൽ അവന്റെ േപരിൽ നിക്ഷേപിക്കുന്നു. അവന് ഇരുപതു വയസ്സായപ്പോൾ മുത്തശ്ശി തുക അവന്റെ പേരിലാക്കുന്നു. ഒറ്റ ദിവസത്തിൽ ധനികനായി മാറിയ അവന് ഈ പണം എന്തുചെയ്യണമെന്ന് അറിയില്ല. ലക്ഷ്യബോധമില്ലാതെ അലയുന്ന നാളുകൾ.

അവന്റെ ജീവിതത്തിൽ വഴിത്തിരിവായ ഒരു സംഭവം ഉണ്ടാകുന്നു. സ്വാതന്ത്ര്യ സമര ഫണ്ടിനുവേണ്ടി ഒരു യുവതി അവനെ സമീപിച്ചു. അവൾ കൊണ്ടു വന്ന പാത്രത്തിൽ ശ്രീറാം പണം നിക്ഷേപിക്കുന്നു. അവളുടെ പ്രസന്നതയും ചടുലമായ നടപ്പും അവനെ ഹഠാദാകർഷിച്ചു. അവളെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ, ഗാന്ധിജിയോടൊപ്പം ഗാന്ധി ക്യാംപിൽ കഴിയുന്നവൾ എന്നറിയാൻ കഴിഞ്ഞു. ലക്ഷ്യ ബോധമില്ലാതെ അലഞ്ഞ യുവാവിന് പൊടുന്നനെ ലക്ഷ്യബോധം ഉണ്ടായി. ഗാന്ധിയോടൊപ്പം പ്രവർത്തിക്കാൻ അവനും തയാറാവുന്നതോടെ അവരുടെ പ്രണയ കഥയ്ക്കുള്ള കർട്ടൻ ഉയരുകയായി. 

ഭാരതി എന്നാണവളുടെ പേര്. തികഞ്ഞ ഗാന്ധി ഭക്ത. അവൾക്ക് ഒരേ ഒരു ലക്ഷ്യം മാത്രം. സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയോടൊപ്പം പങ്കാളിയാവുക. ശ്രീറാമിനാണെങ്കിൽ ഭാരതിയെ എങ്ങനെയും സ്വന്തമാക്കണം. ഗാന്ധിഭക്തിയും പ്രണയവും ഒന്നായി ഒഴുകുമോ? നോവലിസ്റ്റ് വിദഗ്ധമായി അവ വരച്ചു ചേർക്കുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഭാരതി ജയിൽവാസം അനുഷ്ഠിക്കുന്നു. ശ്രീറാമും ജയിൽ വാസം അനുഭവിച്ചു. അത് ഭാരതിയോടുള്ള പ്രണയത്തിന്റെ പേരില്‍. കർത്തവ്യത്തിന്റെ വഴിയിൽ നിന്ന് ഒരു നിമിഷം പോലും ഭാരതിയെ വ്യതിചലിപ്പിക്കുവാൻ ശ്രീറാമിന് കഴിയുന്നില്ല. അവളുടെ ഉള്ളിലും പ്രണയത്തിരകൾ ഉയരുന്നുവെങ്കിലും അതൊരിടത്തും ഗാന്ധിമാർഗത്തെ കവിയുന്നില്ല എന്നതാണ് ശ്രദ്ധേയം. ഗാന്ധിജി അവൾക്ക് കൺകണ്ട ദൈവവും. 

ഇന്ത്യൻ ജീവിതത്തിന്റെ യഥാർഥ ചിത്രം ഈ നോവലിലുണ്ട്. ഗ്രാമീണ മനസ്സുകളുടെ നിഷ്കപടമായ സമീപനം എവിടെയും കാണാം. അതുപോലെ കപടവേഷധാരികളുടെ ഗാന്ധിഭക്തിയും ദേശഭക്തിയും.

മാൽഗുഡിയിൽ ചെയർമാന്റെ കാറിൽ എത്തുന്ന ഗാന്ധിജിയുടെ ചിത്രം ചെയർമാന്റെ കൊട്ടാരസദൃശ്യമായ വീട്ടിൽ വരുത്തിയ മാറ്റങ്ങൾ ശ്രദ്ധിക്കുക. "ചുവരുകളെ അലങ്കരിച്ചിരിക്കുന്ന ചക്രവർത്തിമാരുടെയും നായാട്ടിലേർപ്പെട്ടിരിക്കുന്ന തോക്കേന്തിയ സായിപ്പന്മാരുടെയും ചിത്രങ്ങൾ എടുത്തു മാറ്റുകയും വാതിലുകളിലും ജനാലകളിലുമുണ്ടായിരുന്ന വിലപിടിച്ച പട്ടു തിരശ്ശീലകൾക്കു പകരം ഖദർ തുണികൾ കൊണ്ടുള്ള വില കുറഞ്ഞ പടുതകൾ തൂക്കുകയും ചെയ്തു. ജോർജ് അഞ്ചാമന്റെ രാജകീയ വിവാഹചടങ്ങിന്റെ വലിയ ചിത്രം എടുത്തു മാറ്റി ആ സ്ഥാനത്ത് മോട്ടിലാൽ നെഹ്റു, ജവഹർലാൽ നെഹ്റു, മൗലാനാ ആസാദ്, സരോജിനി നായിഡു, സി. രാജഗോപാലാചാരി, ആനി ബസന്റ് എന്നീ ദേശീയ നേതാക്കളുടെ ഛായാചിത്രങ്ങൾ സ്ഥാപിക്കാനുള്ള സാഹസികമായ ഔചിത്യവും അയാൾ കാണിച്ചു തരുന്നു." "തനിക്കു ധരിക്കാൻ വേണ്ടി ഒരു ഖദർ ജുബ്ബയും വെളുത്ത ഗാന്ധിത്തൊപ്പിയും ഭാര്യയ്ക്കു വേണ്ടി ഖദർ സാരിയും മകന്റെ പാകത്തിലുള്ള ഖദർ വസ്ത്രങ്ങളും സംഘടിപ്പിച്ചു. നഗരത്തിൽ ഏതാണ്ടൊരു നൂറു മൈൽ ദൂരം സ്വന്തം കാറിൽ ചുറ്റിനടന്ന ശേഷമാണ് ആറു വയസ്സായ മകന്റെ കൊച്ചു തലയ്ക്ക് അനുയോജ്യമായ ഒരു വെളുത്ത ഗാന്ധിത്തൊപ്പി സംഘടിപ്പിച്ചത്." ഇതു പോലെയുള്ള കപട ഗാന്ധിയന്മാരുടെ ചിത്രം വായനക്കാരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. 

ഈ നോവലിലെ ഓരോ അധ്യായത്തിലും ഗാന്ധിജി പ്രത്യക്ഷപ്പെടുന്നു. ഗാന്ധിജിയുടെ ലളിത ജീവിതം, ദളിത് സമൂഹത്തോടുള്ള അനുകമ്പ അഹിംസയിലധിഷ്ഠിതമായ ജീവിത ദർശനം, കൃത്യനിഷ്ഠ, ആഹാരരീതി, എല്ലാവരെയും ഒന്നായി കാണാനുളള വിശാല ഹൃദയം എല്ലാം ആർ.കെ. നാരയാണന്റെ വിദഗ്ധ തൂലിക മനോഹരമായി കോറിയിടുന്നു.

ഏതു ചെറിയ കഥാപാത്രത്തെയും മിഴിവുറ്റ വ്യക്തികളായി അവതരിപ്പിക്കുന്നു. ശ്രീറാമിന്റെ മുത്തശ്ശി അവരിലൊരാളാണ്. ഇന്ത്യൻ ഗ്രാമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന അന്ധവിശ്വാസങ്ങളെയും നോവലിസ്റ്റ് പകർത്തിയിട്ടുണ്ട്. ശ്രീറാമിന്റെ മുത്തശ്ശിയുടെ മരണം അതിലൊന്നാണ്. ചിതയിലേക്ക് എടുത്തുവെച്ച അവരുടെ കൈകൾ ഇളകുന്നതായി ഒരാൾ കണ്ടെത്തുന്നു. പെട്ടെന്നു തന്നെ ചിതയിൽ നിന്ന് പുറത്തെടുത്ത അവരെ പരിചരിച്ച്  ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരുന്നു. പക്ഷേ, ചിതയിൽ വെച്ച ശരീരം വീണ്ടും സ്വഗൃഹത്തിൽ എത്തിക്കാമോ ജീവൻ ലഭിച്ചുവെങ്കിലും വലിയ തർക്കത്തിന് കാരണമാകുന്നു. അവർ തിരിച്ചു വന്നാൽ ഗ്രാമം നശിച്ചു പോകും പോലും.

ഭാരതി സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ജയിലിലാകുന്നു. ശ്രീറാമിനും ജയില്‍ കിട്ടി. സന്നദ്ധ ഭടനായല്ലെന്നു മാത്രം! ജയിലിൽ കുറ്റവാളികൾക്കൊപ്പമുള്ള ജീവിതം വിവരിക്കുന്നുണ്ട്. ഏറെ നാളത്തെ ജയിൽ വാസത്തിനു ശേഷം പുറത്തെത്തുന്ന ശ്രീറാം ഭാരതിയെ പിന്നെ കാണുന്നത് വർഗീയ ലഹളയിൽ തകർന്ന നവഖാലിയിലാണ്. ഭാരതി ഗാന്ധിമാർഗത്തിൽ അച്ചടക്കമുള്ള പ്രവർത്തകയായി നിരന്തരം പ്രവർത്തിക്കുന്നു. വർഗീയ ലഹളയിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട അനാഥക്കുട്ടികളുടെ സംരക്ഷകയായി പ്രവർത്തിക്കുമ്പോൾ അവിടെ എത്തിയ ശ്രീറാം തങ്ങളുടെ വിവാഹം നടത്തുവാൻ ആഗ്രഹിക്കുന്നു. അവർ ഇരുവരും ഗാന്ധിജിയുടെ അനുഗ്രഹം തേടുകയാണ്. സംഭാഷണങ്ങൾക്കൊടുവിൽ ഗാന്ധിജി പറയുന്നു ‘‘നാളെ രാവിലെ ഞാൻ ആദ്യം ചെയ്യുന്ന മംഗള കർമ്മം അതായിരിക്കും... ഏതായാലും ഞാൻ ആയിരിക്കും വധുവിനെ കൈപിടിച്ച് ഏൽപ്പിക്കുന്നത്.’ അവരുടെ വിവാഹസ്വപ്നം പൂവണിയാൻ മഹാത്മാവിനെ കാത്ത് നിൽക്കുന്ന അവർക്ക് ബിർള ഹൗസിൽ അന്നു തന്നെ വെടിയേറ്റു മരിക്കുന്ന ഗാന്ധിയെയാണ് കാണാൻ കഴിയുന്നത്. അസാധാരണ ശോഭ പരത്തുകയാണ് ഈ നോവൽ. ശ്രീറാമിനും ഭാരതിയ്ക്കും അവരുടെ സ്വപ്നം പൂവണിയാൻ കഴിഞ്ഞോ എന്ന് വായനക്കാർക്ക് വിട്ടുകൊണ്ട് ഈ നോവൽ അവസാനിക്കുന്നു. ഹൃദ്യമായ പരിഭാഷയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA