sections
MORE

യുവതിയായ ദൈവമുള്ള, സാത്താനുള്ള, പാട്ടിന്റെ താഴ്‌വരയുടെ കഥ

HIGHLIGHTS
  • സക്കറിയയുടെ ആദ്യത്തെ നോവല്‍.
  • കഥകളിലെന്നപോലെ ആക്ഷേപഹാസ്യം നോവലിലും കാണാം
a-secret-history-of-compassion-p
SHARE
പോള്‍ സക്കറിയ

കോണ്‍ടെക്സ്റ്റ്

വില 699 രൂപ

പറന്നു പറന്നു പറന്നു മാത്രം എത്തിച്ചേരാനാവുന്ന താഴ്‍വര. നഷ്ടപ്പെട്ട പാട്ടുകളുടെ താഴ്‍വര. മോഹിപ്പിച്ച പാട്ടുകള്‍ അലയടിച്ചുകൊണ്ടിരിക്കുന്ന അന്തരീക്ഷം. ഒരിക്കലെങ്കിലും അവിടെയെത്തി ആ പാട്ടുകള്‍ക്കൊപ്പം ചുണ്ടനക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടോ? 

ജനപ്രിയ സാഹിത്യകാരന്‍ സ്പൈഡറും ഭാര്യ റോസിയും ജെ.എല്‍. പിള്ളയുടെ സഹായത്തോടെ പക്ഷികളായി മാറി പറന്നുചെല്ലുന്നു; പാട്ടുകളുടെ താഴ്‍വരയിലേക്ക്. അവരെ അവിടെ സ്വീകരിക്കുന്നത് തൃക്കൊടിത്താനം സച്ചിദാനന്ദന്‍ പ്രശസ്തമാക്കിയ പാട്ട്. എല്‍.പി.ആര്‍. വര്‍മയുടെ പിന്തുടരുന്ന സംഗീതം. പൂവനങ്ങള്‍ക്കറിയാമോ... ഒരു പൂവിന്‍ വേദന.... 

നഷ്ടപ്പെട്ട പാട്ടുകളുടെ താഴ്‍വരയിലേക്കുള്ള യാത്രയില്‍ അവര്‍ ദൈവത്തെയും സാത്താനെയുമൊക്കെ കാണുന്നുണ്ട്. ദൈവം ഇവിടെ യുവതിയാണ്. യൗവനയുക്തയായ, സുന്ദരിയായ, വീണ്ടും വീണ്ടും കാണാന്‍ മോഹിപ്പിക്കുന്ന യുവതി. ഒന്നിലധികം തവണ അതു വ്യക്തമാക്കപ്പെടുന്നുമുണ്ട്. പാരമ്പര്യത്തിന്റെ ചുവടുപിടിച്ച് ദൈവത്തെ 'He' എന്ന് അഭിസംബോധന ചെയ്യുന്ന രീതിക്കു മാറ്റം വരുത്തി 'She' എന്നുതന്നെ പരാമര്‍ശിക്കുന്നു. ദൈവമെന്ന യുവതിക്ക് ആഗ്രഹമുണ്ട് പാട്ടുകളുടെ താഴ്‍വരയിലേക്കു പോകണമെന്ന്. തിരക്ക്. സാത്താന് ആഗ്രഹമുണ്ട്. നടക്കുന്നില്ല. അപൂര്‍വ ഭാഗ്യത്താല്‍ അനുഗ്രഹിക്കപ്പെട്ട സ്പൈഡറും റോസിയും താഴ്‍വരയില്‍ ചങ്ങനാശേരി അജിത്ത്കുമാര്‍ എന്ന തൃക്കൊടിത്താനം സച്ചിദാനന്ദന്റെ നാദമാധുരിയില്‍ ലയിച്ചുചേരുകയാണ്. ഒരു പാട്ടായി.. പാട്ടിലെ വരിയായി... താളമായി ഇഴുകിച്ചേരുകയാണ്... പൂവനങ്ങള്‍ക്കറിയാമോ.... ഒരു പൂവിന്‍ വേദന.... 

മലയാളത്തിന്റെ പ്രിയ സക്കറിയയുടെ ആദ്യ ഇംഗ്ലിഷ് നോവല്‍ വായിച്ചവസാനിക്കുമ്പോള്‍ മനസ്സില്‍ അലയടിക്കുന്നുണ്ട് പൂവനങ്ങള്‍ ഉപേക്ഷിച്ച പൂവിന്റെ വേദന. ആ വേദന. അതു മാത്രം. ബാക്കിയൊക്കെ അസ്വസ്ഥതകളും ആശയക്കുഴപ്പവും വ്യത്യസ്ത വികാരങ്ങളും. 

മലയാളം അദ്ഭുതത്തോടെയും ആദരവോടെയും വായിക്കുന്ന എഴുത്തുകാരന്റെ ആദ്യത്തെ നോവല്‍ എന്നതുതന്നെ വലിയ വാര്‍ത്തയാണ്; അതും കഥകളെഴുതിയതില്‍നിന്നു വ്യത്യസ്തമായ ഒരു ഭാഷയില്‍, വ്യത്യസ്തരായ വായനക്കാര്‍ക്കുവേണ്ടി. ആകാംക്ഷയോടെയാണ് കരുണയെക്കുറിച്ചുള്ള രഹസ്യചരിതം വായിച്ചത്; അതിശയത്തോടെയും. വായന പൂര്‍ത്തിയാക്കുമ്പോള്‍ ബാക്കിയാകുന്നതാകട്ടെ വ്യത്യസ്ത വികാരങ്ങളും. 

ഒരിക്കല്‍പ്പോലും നിരാശനാക്കിയിട്ടില്ലാത്ത എഴുത്തുകാരനാണ് എന്നും മലയാളിയെ പ്രകോപിപ്പിച്ചിട്ടുള്ള സക്കറിയ. വാക്കുകൊണ്ടും ഭാഷ കൊണ്ടും ശൈലിയാലും പ്രതിപാദനത്തിലെ വ്യത്യസ്തതയാലുമെല്ലാം ആസ്വാദ്യകരമായ വിരുന്നൊരുക്കിയിട്ടുണ്ട് അദ്ദേഹത്തിന്റെ ഏതാണ്ട് എല്ലാ കഥകളും നോവലെറ്റുകളെന്നു വിളിക്കാവുന്ന നീണ്ട കഥകളും എണ്ണമറ്റ ലേഖനങ്ങളും. കഥകളിലും ലേഖനങ്ങളിലും എന്നും അദ്ദേഹം വേറിട്ട സ്വരത്തിന്റെ ഉടമയായിരുന്നു. കൃത്യമായ വീക്ഷണം. മൗലികമായ സമീപനം. ശക്തമായ ഭാഷ. കുറിക്കുകൊള്ളുന്ന പ്രയോഗങ്ങള്‍. അതിശയിപ്പിക്കുന്ന കഥാപാത്രങ്ങളും പേരുകളും പോലും. സുദീര്‍ഘമായ സാഹിത്യജീവിതത്തില്‍ ഇങ്ങനെ ഒട്ടേറെ ബഹുമതികള്‍ക്ക് അര്‍ഹനാണെങ്കിലും സക്കറിയയുടെ ആദ്യത്തെ നോവല്‍ ആസ്വദിപ്പിക്കുന്നതിലേറെ നിരാശപ്പെടുത്തുന്നു. രസിപ്പിക്കുന്നതിലേറെ മുഷിപ്പിക്കുന്നു. വ്യത്യസ്തമെന്നു തീര്‍ത്തുപറയുമ്പോഴും വ്യക്തമാകാത്ത ഒരു അസ്വസ്ഥതയില്‍ വായനക്കാരെ എത്തിക്കുകയും ചെയ്യുന്നു. 

കഥകളിലെന്നപോലെ ആക്ഷേപഹാസ്യം തന്നെയാണ് നോവലിലും സക്കറിയ പ്രയോഗിക്കുന്നതും പരീക്ഷിക്കുന്നതും. പക്ഷേ, അവ ലക്ഷ്യം കാണുന്നുണ്ടോ എന്ന കാര്യത്തില്‍ സംശയം. നോവല്‍ ഏതാണ്ട് പൂര്‍ണമായും സംഭവങ്ങളേക്കാള്‍ രണ്ടു വ്യക്തികള്‍ തമ്മിലുള്ള സംഭാഷണമാണ്. അതും അയഥാര്‍ഥമായ തലത്തില്‍ നടക്കുന്ന സംഭാഷണവും യുക്തിക്കു സ്ഥാനമില്ലാത്ത സംഭവങ്ങളും. കഥകളില്‍ ആദ്യാവസാനം രസച്ചരടു പൊട്ടാതെ കാക്കുന്ന സക്കറിയന്‍ മാജിക്ക് അന്വേഷിച്ച് വായനക്കാര്‍ കടന്നുപോകേണ്ടത് 430 പേജ്. 

സക്കറിയ എന്ന എഴുത്തുകാരന്‍ എന്നും എതിര്‍ക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടി കരുണയുടെ രഹസ്യചരിതത്തിലും പ്രതിസ്ഥാനത്തുണ്ട്. ദൈവവും സാത്താനും മാലാഖമാരും അംഗീകരിക്കപ്പെട്ട യാഥാസ്ഥിതിക വിശ്വാസങ്ങളും പാരമ്പര്യങ്ങളും അച്ചടക്കവും ലൈംഗികതയെക്കുറിച്ചുള്ള വിശുദ്ധസങ്കല്‍പങ്ങളും എഴുത്തുകാരന്റെ ക്രൂരമായ പരിഹാസത്തിനു വിധേയമാകുന്നുമുണ്ട്. പൂര്‍ണമായും ഒരു അഡൽറ്റ് ഫിക്‌ഷനാണ് കരുണയുടെ രഹസ്യചരിതം. രസകരമായും പരിധി ലംഘിക്കാതെയും ലൈംഗികതയെ തുറന്ന മനസ്സോടെ സ്വീകരിച്ചിട്ടുള്ള ഒരു എഴുത്തുകാരന്‍ ശവരതിയുടെ മേഖലകളില്‍പ്പോലും അടക്കമോ ഒതുക്കമോ ഇല്ലാതെ മേഞ്ഞുനടക്കുന്ന ചിത്രങ്ങള്‍ അദ്ഭുതത്തോടെയേ വായിക്കാനാവൂ. അദ്ഭുതത്തിനപ്പുറം അവ പ്രത്യേകിച്ചൊരു വികാരവും അവശേഷിപ്പിക്കാതെ അവസാനിക്കുകയും ചെയ്യുന്നു. 

നോവലില്‍ വന്നുപോകുന്ന ഏതാണ്ടെല്ലാ സ്ത്രീകളെയും കാമിക്കുന്ന ജനപ്രിയ സാഹിത്യകാരനാണ് നായകന്‍ അഥവാ പ്രതിനായകന്‍. ഇടവേളകളില്ലാതെ രതി അയാളുടെ ചിന്തകളിലും പ്രവൃത്തികളിലും കടന്നുവരുന്നു. ഒരേസമയം രണ്ടു കസിന്‍ സിസ്റ്റേഴ്സിനെ ആഗ്രഹിക്കുന്നതില്‍പോലും ആനന്ദം കണ്ടെത്തുന്നയാള്‍. ഗള്‍ഫിലുള്ള ബന്ധുവിന്റെ അപകടത്തില്‍ മരിച്ച യുവതിയായ ഭാര്യയുടെ നഗ്നമായ ശവശരീരം കാണുമ്പോള്‍ പോലും ഉത്തേജനം അനുഭവിക്കുന്ന, തത്വചിന്തകയായ ഭാര്യയുടെ പ്രിയപ്പെട്ട ഭര്‍ത്താവ്. കഥയില്‍നിന്നു ലേഖനത്തിലേക്ക് ഒരു ചുവടു വയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ സ്പൈഡര്‍ എന്നറിയപ്പെടുന്ന എഴുത്തുകാരന്‍ നേരിടുന്ന പ്രതിസന്ധികളും അയാളെ സഹായിക്കാനെത്തുന്ന ‘യേശു’ വിന്റെ ബന്ധുകൂടിയായ ആരാച്ചാരുമാണ് കഥയെ മുന്നോട്ടുകൊണ്ടുപോകുന്നത്. ആരാച്ചാര്‍ക്ക് വേഷം മാറുന്നതുപോലെ രൂപം മാറാനുള്ള കഴിവുണ്ട്. പക്ഷിയായും പാമ്പായും ആടായും മാനായുമെല്ലാം മാറാന്‍ കഴിവുള്ളയാള്‍. ജീസസ് ലംബോധരന്‍ പിള്ള എന്ന ജെ.എല്‍. പിള്ളയുടെ സഹായത്തോടെ കമ്യൂണിസ്റ്റ് പാർട്ടി ഏല്‍പിച്ച ലേഖനമെന്ന ദൗത്യം പൂര്‍ത്തിയാക്കുന്ന എഴുത്തുകാരന്‍. ലേഖനത്തിന്റെ അവസാനഭാഗത്ത് ഭാര്യ റോസിയും സ്പൈഡര്‍ക്കൊപ്പം ചേരുന്നു. 

സക്കറിയയുടെ കഥകളെ ഏറെ ഇഷ്ടപ്പെടുന്ന വായനക്കാരന്‍ എന്ന നിലയിൽ കരുണയുടെ രഹസ്യചരിതം നിരാശപ്പെടുത്തുമെങ്കിലും ഒരുപക്ഷേ, സക്കറിയ പ്രതീക്ഷിക്കുന്നതുപോലെ ഇംഗ്ലിഷ് ഭാഷയുടെ വിപുലമായ വായനക്കാര്‍ നോവലില്‍നിന്ന് പുതിയ അര്‍ഥങ്ങളും അര്‍ഥമില്ലായ്മകളും കണ്ടെത്തിയേക്കാം. അവരുടെ ബുദ്ധിയെ പ്രകോപിപ്പിക്കുന്ന മൗലിക നിരീക്ഷണങ്ങളും ആക്ഷേപഹാസ്യത്തിന്റെ കടലും നോവല്‍ വാഗ്ദാനം ചെയ്യുന്നുമുണ്ട്. പക്ഷേ അവര്‍ക്കു മനസ്സിലാകുമോ പൂവനങ്ങള്‍ മറന്നുപോയ പൂവിന്റെ വേദന? വേദന...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA