sections
MORE

ഓർമയില്ലേ അവധിദിവസങ്ങൾ കാത്തിരുന്ന ആ കുട്ടിക്കാലം?

HIGHLIGHTS
  • കുട്ടികളുടെ ലോകം വായനക്കാർക്ക് പരിചയപ്പെടുത്തുന്ന കൃതി
swamiyum-koottukarum-p
SHARE
ആർ.കെ. നാരായൺ പരിഭാഷ: പി. പ്രകാശ്

ഡിസി ബുക്സ്

വില– 195 രൂപ

കുട്ടിക്കാലത്തിന്റെ വർണാഭമായ ചിത്രമാണ് പ്രസിദ്ധ ഇന്തോ– ആംഗ്ലിയൻ എഴുത്തുകാരൻ ആർ.കെ. നാരായണിന്റെ ‘സ്വാമിയും കൂട്ടുകാരും’ എന്ന നോവൽ. കുട്ടികളുടെ കളിയും ചിരിയും സാഹസികതയും കുസൃതികളും അമളികളും എല്ലാം ചേർന്ന വ്യത്യസ്തമായ ലോകമാണ് ഇതിലുള്ളത്. ലോകത്തിലെവിടെയും കുട്ടികൾ ഒരേപോലെയെന്ന് ഈ കൃതിയിലൂടെ സഞ്ചരിക്കുമ്പോൾ അനുവാചകന് കണ്ടെത്താൻ കഴിയും. അതു തന്നെയാണ് ഈ നോവൽ രാജ്യാതിർത്തികൾക്കപ്പുറത്തേക്ക് ഭാഷാ അതിരുകൾ കടന്നു പോകുവാൻ ഇടയാക്കുന്നതും. പല ഭാഷകളിലേക്കും വിവർത്തനം ചെയ്ത ഈ കൃതിയിൽ പലപ്പോഴും നമ്മെത്തന്നെ കണ്ടെത്താനും കഴിയുന്നു. ആർ.കെ. നാരായണിന്റെ ഭാവനാ നഗരമായ മാൽഗുഡി ഇതിൽ പ്രകാശം പരത്തി നിൽക്കുന്നു. എൺപതു വർഷങ്ങൾക്കു മുൻപുള്ള ഒരു ദക്ഷിണേന്ത്യൻ നഗരം ഏതുവിധമെന്നും അതിലെ ജനജീവിതത്തിന്റെ സ്പന്ദനങ്ങൾ എപ്രകാരമെന്നും ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നു. 

സ്വാമിനാഥനെന്ന പത്തു വയസ്സുകാരനാണ് ഈ നോവലിലെ മുഖ്യ കഥാപാത്രം. ക്ലാസിലെ മോനിറ്റർ സോമു, പുസ്തകങ്ങൾ കൊണ്ടു വരാത്ത ഗൃഹപാഠങ്ങളെക്കുറിച്ച് ആലോചിക്കാത്ത ശക്തനായ മണി, ക്ലാസ്സിലെ ഏറ്റവും മിടുക്കൻ ശങ്കർ, പയറുമണി എന്നു വിളിക്കുന്ന സാമുവേൽ പിന്നെ പൊലീസ് സൂപ്രണ്ടിന്റെ മകൻ രാജം എന്നിവരാണ് സ്വാമിയുടെ ചങ്ങാതിമാർ.

വിദ്യാലയമാണല്ലോ കുട്ടികൾക്ക് എന്നും എവിടെയും ജയിൽ. കാലഹരണപ്പെട്ട വിദ്യാഭ്യാസ രീതിയോട് കലഹിക്കുന്നവനാണ് സ്വാമിനാഥൻ. സ്കൂളിൽ കൃത്യമായി വരിക, ഗൃഹപാഠങ്ങൾ ചെയ്യുക, പാഠങ്ങൾ പഠിക്കുക തുടങ്ങിയവയൊന്നും സ്വാമിനാഥന് തെല്ലും രസിക്കുന്നില്ല. ഈ വകയിൽ അധ്യാപകരിൽ നിന്ന് കാര്യമായ ശിക്ഷയും അവൻ വാങ്ങിച്ച് കൂട്ടും. വിദ്യാലയ വർണനയോടെയാണ് നോവൽ തുടങ്ങുന്നത്. ‘‘തിങ്കളാഴ്ച രാവിലെ സ്വാമിനാഥന് കണ്ണു തുറക്കാൻ തന്നെ മടി തോന്നി. കലണ്ടറിൽ അവന് തീരെ രസിക്കാത്ത ദിവസവമാണ് തിങ്കൾ. ശനിയും ഞായറും മുഴുവൻ സ്വാതന്ത്ര്യത്തിന്റെ സമ്പൂർണസുഖം ആസ്വദിച്ചതിനുശേഷം തിങ്കളാഴ്ച പ്രവൃത്തിയുടെയും അച്ചടക്കത്തിന്റെയും മാനസികാവസ്ഥയിലേക്കുള്ള മാറ്റം വിഷമം പിടിച്ചതു തന്നെ... 

സ്വാമിനാഥൻ സ്കൂൾ വർത്തമാനം പങ്കു വയ്ക്കുന്നത് അവന്റെ മുത്തശ്ശിയോടാണ്. പൊടിപ്പും തൊങ്ങലും വെച്ചു പറയുന്ന അവന്റെ കഥകൾ കേൾക്കാൻ മുത്തശ്ശിക്കു വലിയ താൽപര്യമാണ്. മുത്തശ്ശി അവനെ കഥകൾ പറഞ്ഞാണ് ഉറക്കുന്നത്. ഹരിശ്ചന്ദ്ര രാജാവ് വാക്കുപാലിക്കാൻ സിംഹാസനം ഉപേക്ഷിച്ച കഥ എത്രവട്ടമാണ് അവൻ കേട്ടിട്ടുള്ളത്. കഥ തുടങ്ങി അധികം വൈകാതെതന്നെ സ്വാമിനാഥന്റെ കൂർക്കം വലിയുടെ ശബ്ദം കേൾക്കാൻ തുടങ്ങും. ക്രിക്കറ്റ് കളിയെക്കുറിച്ചും അവൻ പറയുന്നത് മുത്തശ്ശിക്കു കേൾക്കാതിരിക്കാൻ കഴിയില്ല’’. അവന് എന്നോട് വലിയ സ്നേഹമാണ് പാവം! അവനെന്നോട് എന്തൊക്കെയോ ഒരുപാട് കാര്യങ്ങൾ പറഞ്ഞു. നീ എന്നോടൊന്നും പറയാറില്ലല്ലോ. ‘നിങ്ങളൊക്കെ വല്യ ആളുകളല്ലേ’ എന്ന് മുത്തശ്ശി തന്റെ മകനോട് പറയുന്നുണ്ട്. കൂട്ടുകുടുംബങ്ങളിൽ നിലനിന്ന സ്നേഹത്തിന്റെ ചിത്രം. ആർ.കെ. നാരായണും ബാല്യത്തിൽ തന്റെ മുത്തശ്ശിയോടൊപ്പം ജീവിച്ച നാളുകളുടെ മധുര ഓർമ്മകളാവാം ഇത്. വായനക്കാരെ പോയകാലത്തേക്ക് തിരിക്കാൻ സഹായിക്കുന്ന രചന.

മുതിർന്നവരെ കുട്ടികൾ അനുകരിക്കുന്ന ചിത്രം ഇതിൽ എവിടെയും കാണാം. പൊലീസ് സൂപ്രണ്ടിന്റെ മകൻ രാജത്തെ കാണുവാൻ സ്വാമിയും മണിയും ചെല്ലുന്ന സന്ദർഭം ഇതിലുണ്ട്. രാജത്തിന്റെ വിശാലമായ മുറിയിൽ കാത്തിരിക്കുകയാണ് ഈ സ്നേഹിതർ. കുറെ സമയം കഴിഞ്ഞാണ് അവൻ വരുന്നത്. അതിനു കാരണം പറയുന്നത് ശ്രദ്ധിക്കുക ‘ആരെങ്കിലും വന്നാൽ അച്ഛൻ അവരെ ഇങ്ങനെ കുറേ നേരം കാത്തിരുത്തുന്നത് അവൻ കണ്ടിട്ടുണ്ട്’. രാജം തന്റെ വീട്ടിലെ പരിചാരകരോട് വളരെ മോശമായിട്ടാണ് ഇടപെടുന്നത്. ഇതും അച്ഛനിൽ നിന്നാവും പഠിച്ചതെന്ന് നോവലിസ്റ്റ് പറയാതെ പറയുന്നു. 

അന്ധവിശ്വാസം കുട്ടികളെ എത്ര സ്വാധീനിക്കുന്നു എന്നും വിവരിക്കുന്നുണ്ട്. ഒരു വണ്ടി ചക്രം സ്വന്തമാക്കാൻ സ്വാമി ചെയ്ത കാര്യം നോക്കാം. വണ്ടിക്കാരന്റെ വീട്ടിൽ ഒരു പ്രത്യേക രീതിയിലുള്ള ലോഹ പാത്രമുണ്ട്. അതിൽ ചെമ്പു നാണയങ്ങൾ ഇട്ടു വയ്ക്കും. പിന്നീട് ഒരു പച്ചമരുന്ന് അതിൽ ചേർക്കും. ഈ പാത്രം മണ്ണിനടിയിൽ കുഴിച്ചിട്ടതിനു ശേഷം, രാത്രി എല്ലാവരും ഉറക്കത്തിലാണ്ടിരിക്കുന്ന സമയത്ത് അയാൾ അതിനു മുകളിലിരുന്ന് ചില മന്ത്രങ്ങള്‍ ചൊല്ലും അപ്പോൾ ചെമ്പു നാണയങ്ങൾ വെള്ളിയായി മാറിയിട്ടുണ്ടാകും. ഈയിനത്തിൽ സ്വാമിനാഥന് കുറെ നാണയങ്ങൾ നഷ്ടമാകുകയും ചെയ്തു. 

പൈസ വർധിപ്പിക്കാൻ കാർഡ്ബോർഡ് പെട്ടിയിൽ വെള്ളാരങ്കല്ലുകൾ ഇടുകയും അതിനു മീതെ മണലും പച്ചിലകളും നിറച്ച് പൂജാമുറിയിൽ വെച്ചുള്ള പ്രാർത്ഥന മറ്റൊരു ഉദാഹരണം. അവന്റെ പതിഞ്ഞ സ്വരത്തിലുള്ള പ്രാർഥന ‘‘അല്ലയോ ശ്രീരാമാ! പത്തു തലകളുള്ള രാവണനെ നിഗ്രഹിക്കാൻ കഴിഞ്ഞ അങ്ങേയ്ക്ക് ഒരാറു പൈസ തരാൻ വല്ല പ്രയാസവുമുണ്ടോ’ പ്രാർത്ഥനയ്ക്കു ശേഷം പൂജാ മുറിയിൽ നിന്ന് വീടിന്റെ പിന്നാമ്പുറത്തേക്ക് ചെന്ന് പെട്ടി തുറന്നപ്പോൾ കണ്ട കാഴ്ച അവനെ നിരാശനാക്കി. പഴയ വെള്ളാരങ്കല്ലുകൾക്ക് ഒരു മാറ്റവും ഇല്ല. എന്തും വിശ്വസിക്കുന്ന നിഷ്കളങ്ക ബാല്യം. 

കുട്ടികളുടെ മനസ്സ് സസൂക്ഷ്മം പഠിച്ച് ഒരു മനഃശാസ്ത്രജ്ഞന്റെ പ്രാഗൽഭ്യത്തോടെയാണ് ആർ.കെ. നാരായൺ ഈ നോവൽ രചിച്ചിരിക്കുന്നത്. അവരുടെ ഇണക്കവും പിണക്കവും അടിപിടിയും സ്കൂൾ പഠനത്തോടുള്ള വെറുപ്പും അലച്ചിലും കളികളും എല്ലാം തന്മയത്തോടെ ആവിഷ്കരിച്ചിരിക്കുന്നു. മറ്റൊരു ഭാഷയിൽ നിന്ന് മൊഴിമാറ്റം ചെയ്തതാണെന്ന് തോന്നാത്ത ഭാഷയും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA