sections
MORE

ജോസഫിന്റെ മരണശേഷം സംഭവിച്ചതെന്ത്?

HIGHLIGHTS
  • അക്ഷരങ്ങളിലൂടെ ജോസഫിനെ അടയാളപ്പെടുത്തുകയാണ് ഷാഹി കബീര്‍.
joseph-p
SHARE
ഷാഹി കബീര്‍

കറന്റ് ബുക്സ്, തൃശൂര്‍

വില 120 രൂപ

അന്നുരാവിലെ അലാം അടിക്കുന്ന ശബ്ദം കേട്ടാണ് ജോസഫ് ഉണര്‍ന്നത്. അതയാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ്. ലക്ഷ്യമില്ലാത്ത, ബന്ധുക്കളില്ലാത്ത ജീവിതത്തില്‍, വേര്‍പാടിന്റെ വേദനകള്‍ ഏറെ ഏറ്റുവാങ്ങിയ അനുഭവങ്ങള്‍ക്കൊടുവില്‍ ലക്ഷ്യം കണ്ടെത്തിയതിന്റെ സംതൃപ്തിയുണ്ട് അയാളുടെ മുഖത്ത്. ചലനങ്ങളില്‍ എത്രയോ നാളായി അയാളെ വിട്ടുപോയിരുന്ന ആവേശവും. 

കുളിച്ചുവന്ന് അലസമായ മുടിയും താടിയും ചീകിയൊതുക്കുന്ന ജോസഫ്. പള്ളിയില്‍ പോകാന്‍ ഒരുങ്ങിവന്ന് മുന്‍വാതില്‍ തുറക്കുന്നു. വീടിനും മുറ്റത്തിനുമെല്ലാം പതിവില്ലാത്ത പ്രത്യേകതയുള്ളതുപോലെ നോക്കുന്നു. പുറത്തിറങ്ങി വാതില്‍ പൂട്ടി സ്കൂട്ടര്‍ എടുത്ത് ഓടിച്ചുപോകുമ്പോള്‍ വീട്ടിലേക്കു തിരിഞ്ഞുനോക്കുന്നു. 

പൊട്ടിച്ചിരിയും പൊട്ടിക്കരച്ചിലും ഏറ്റുവാങ്ങിയ വീട്. അവിടെനിന്ന്, ജീവിതത്തില്‍നിന്ന് യാത്രയാകുകയാണ് അയാള്‍. അതയാളുടെ അവസാനയാത്ര ആയേക്കാമെങ്കിലും തന്റെ ജീവന്റെ പാതി നഷ്ടപ്പെട്ടതുപോലെ ഒരു ദുരന്തം മറ്റാര്‍ക്കുമുണ്ടാകരുതെന്ന് അയാള്‍ ആഗ്രഹിക്കുന്നു. ജീവിതത്തിന്റെ വില ഏറ്റവും നന്നായി അറിയുന്ന വ്യക്തിയാണ് ജോസഫ്. സന്തോഷം എത്ര അമൂല്യവും അപൂര്‍വവുമായ വികാരമാണെന്നും. ജീവിതത്തിന്റെ ഓരോരോ ഘട്ടങ്ങളില്‍ അടുത്തുനിന്നവരെ ഓരോരുത്തരെയായി അയാള്‍ക്ക് നഷ്ടപ്പെട്ടു. ഏറ്റവും പ്രിയപ്പെട്ട വ്യക്തിയെ ഏറ്റവും മോശമായ സഹചര്യത്തില്‍ കണ്ടതിനെത്തുടര്‍ന്ന് സന്തോഷത്തിന്റെ നിമിഷങ്ങളില്‍നിന്ന് എന്നെന്നേക്കുമായി അകറ്റപ്പെടുകയും ചെയ്തു. 

കുന്നിന്‍മുകളിലെ റോഡിലൂടെ പള്ളിയിലേക്കും കല്ലറയില്‍ പൂക്കള്‍വച്ച് പ്രാര്‍ഥിച്ചതിനുശേഷം റോഡിലേക്കും സ്കൂട്ടറോടിക്കുന്ന ജോസഫ്... ക്രമാതീതമായി മിടിക്കുന്ന നെഞ്ചുമായി ആ യാത്ര കണ്ടുനിന്നവരാണ് ജോസഫ് എന്ന കുഞ്ഞന്‍സിനിമയ്ക്ക്  2018-ലെ മികച്ച മലയാളചലച്ചിത്രത്തിനുള്ള പുരസ്കാരം നല്‍കിയത്. ആളും ആരവവും സൂപ്പര്‍താര പരിവേഷങ്ങളും ഇല്ലാതിരുന്നിട്ടും ബോക്സ്ഓഫിസില്‍ വിജയിപ്പിച്ചത്. 25 ൽ നിന്ന് അമ്പതും 75 ഉം ദിവസങ്ങളിലേക്ക് തുടരുന്ന ഷോയാക്കി മാറ്റിയത്. 

നെഞ്ചില്‍ കനലുവാരിയിട്ട ജോസഫ് ബോക്സ് ഓഫിസില്‍ വിജയിച്ചപ്പോള്‍ ക്ഷതമേറ്റത് പുതിയ കാലത്തെ ഏറ്റവും സംഘടിത ശക്തിയായ വമ്പന്‍ ആശുപത്രികളുടെ ക്രിമിനല്‍-മാഫിയ കൂട്ടുകെട്ടിന്. പ്രതിഷേധവും പ്രസ്താവനയും ഉയര്‍ന്നെങ്കിലും അതിനും മീതെ ജ്വലിക്കാനുള്ള ശക്തിയുണ്ടായിരുന്നു ജോസഫിന്; രക്തസാക്ഷിത്വത്താല്‍ ബോധ്യപ്പെടുത്തിയ ആ അപ്രിയ സത്യത്തിനും. 

ദൃശ്യവിജയത്തിനുശേഷം ജോസഫ് പുതിയ പടയോട്ടം തുടങ്ങുകയാണ്; തിരക്കഥാ രൂപത്തില്‍ അക്ഷരസാമ്രാജ്യത്തിലൂടെ. കാലത്തില്‍ മറ്റൊരു മാധ്യമത്തിലൂടെയും ജോസഫിനെ അടയാളപ്പെടുത്തുകയാണ് ഷാഹി കബീര്‍. അപ്രിയ സത്യവും അംഗീകരിക്കപ്പെടുമെന്ന് തെളിയിച്ചുകൊണ്ട്. ചില സത്യങ്ങള്‍ വിളിച്ചുപറയാന്‍ ഇഛാശക്തിയുള്ളവര്‍ ഇടയ്ക്കിടെയെങ്കിലും അവതരിക്കണമെന്ന് ഓര്‍മിപ്പിച്ചുകൊണ്ട്. 

സിനിമ റിലീസാകുന്നതോടെ കാലാഹരണപ്പെടാനാണ് തിരക്കഥകളുടെ വിധി. സിനിമ സാമാന്യജനങ്ങളില്‍നിന്ന് കുറേക്കൂടി അകലെയായിരുന്ന കാലഘട്ടത്തില്‍ ആയുസ്സ് നീട്ടിക്കിട്ടിയെങ്കിലും റിലീസാകുന്നതിനും മുന്നേ സിനിമ വിരുന്നുമുറിയില്‍ എത്തുന്ന പുതിയ കാലത്ത് ചില പ്രാക്തന കലാരൂപങ്ങള്‍ പോലെ കാലത്തിന്റെ തിരശ്ശീലയ്ക്കു പിന്നിലേക്കാണ് തിരക്കഥയുടെ യാത്ര. ജോസഫ് പതിവ് ലംഘിക്കുകയാണ്. പാരമ്പര്യം പൊളിച്ചെഴുതുകയാണ്. പുതിയൊരു റെക്കോര്‍ഡ് സൃഷ്ടിക്കുകയാണ്. ഈ പുതിയ കാലത്തിലും പഠിച്ചെഴുതിയ, ആത്മാവുള്ള ഒരു തിരക്കഥയ്ക്ക് ആവശ്യക്കാരുണ്ടാകുമെന്ന് ബോധ്യപ്പെടുത്തുന്നുണ്ട് ജോസഫ് എന്ന പുസ്തകം. 

സര്‍, ഇന്നു പകല്‍ എനിക്കൊരു ആക്സിഡന്റ് പറ്റും. ഞാന്‍ മരണപ്പെട്ടാല്‍ എന്റെ അവയവങ്ങള്‍ ദാനം ചെയ്യപ്പെടും. എന്റെ ഹൃദയം സിറ്റി ഹോസ്പിറ്റലിലെ മൃതസഞ്ജീവനിയില്‍ ലിസ്റ്റിലുള്ള വ്യക്തിക്കാണെന്ന രീതിയിലായിരിക്കും കൊണ്ടുപോകുന്നത്. പക്ഷേ, മറ്റാര്‍ക്കോ വേണ്ടിയാണവിടെ എത്തിപ്പെടുന്നത്. സര്‍ജറി നടന്ന് 24 മണിക്കൂറിനുശേഷം ഇതിനെക്കുറിച്ച് അന്വേഷിച്ച് ശാസ്ത്രീയമായ തെളിവുകളോടെ പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണം. കോടതിയില്‍ ഒരുതരത്തിലുള്ള തെളിവിന്റെ അഭാവവും ഉണ്ടാകാതിരിക്കാനാണ് ഞാന്‍ എന്റെ ശരീരം തന്നെ തെളിവായി തരുന്നത്. 

പ്രവചന സ്വഭാവമുള്ള ജോസഫിന്റെ വാക്കുകളുടെ ആദ്യപകുതി യാഥാര്‍ഥ്യമായെങ്കിലും മറുപാതി ഇപ്പോഴും ആഗ്രഹമായിത്തന്നെ അവശേഷിക്കുകയാണ്. ആ സ്വപ്നത്തെ, ആഗ്രഹത്തെ യാഥാര്‍ഥ്യത്തിന്റെ തലത്തിലേക്ക് കൊണ്ടുപോകാനുള്ള ചുമതലയുണ്ട് മാറിച്ചിന്തിക്കുന്ന ഓരോ മനുഷ്യനും. ആ കര്‍ത്തവ്യം ഓര്‍മിപ്പിക്കുകയാണ് 2015 മുതല്‍ കേരള പൊലീസില്‍ ജോലി ചെയ്യുന്ന ഷാഹി കബീര്‍ എന്ന സിവില്‍ പൊലീസ് ഓഫിസര്‍. എം.പദ്മകുമാറും ജോജു ജോര്‍ജും അനശ്വരമാക്കിയ ചലച്ചിത്രത്തിന്റെ ദൃശ്യഭാഷയുടെ ലിഖിതരൂപത്തിലൂടെ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA