sections
MORE

എന്നും ചെറുപ്പമാണ്, മൈക്കിൾ സാറിനും കഥയ്ക്കും

HIGHLIGHTS
  • വായനക്കാരെ എഴുത്തുകാരനിലേക്കു വലിച്ചടുപ്പിക്കുന്നതാണ് മഹേഷിന്റെ ഓരോ കഥയും.
entethaya-kadhakal-p
SHARE
മഹേഷ് വെട്ടിയാര്‍

കറന്റ് ബുക്സ് തൃശൂര്‍

വില 115 രൂപ

എഴുതിയ കഥകള്‍ സ്വന്തമെന്നു നെഞ്ചില്‍ത്തട്ടി പറയാന്‍ ആഗ്രഹിക്കാത്ത എഴുത്തുകാരില്ല. ആഗ്രഹിക്കുക മാത്രമല്ല, അവകാശപ്പെടുകയും ആ അവകാശവാദത്തെ വായനക്കാര്‍ അംഗീകരിക്കുകയും ചെയ്യുമ്പോഴേ അവ എഴുത്തുകാരന്റെ സ്വന്തമാകുന്നുള്ളൂ. മഹേഷ് വെട്ടിയാര്‍ എന്ന ചെറുപ്പക്കാരന്‍ സ്വന്തമെന്ന് അവകാശപ്പെട്ട് അവതരിപ്പിക്കുന്ന കഥകള്‍ മികച്ചതോ മോശമോ എന്നതിനപ്പുറം അദ്ദേഹത്തിന്റെയെന്ന് വാനയക്കാരും അംഗീകരിക്കും. യാതൊരു രസ-രാസ പ്രയോഗങ്ങളും വിപണനതന്ത്രങ്ങളും ക്രാഫ്റ്റുകളും മനഃപൂര്‍വം തിരുകാതെ ഒരോ കഥയേയും പരിശുദ്ധമായി നിലനിര്‍ത്തുന്ന എഴുത്തുകാരന്റെ കയ്യൊപ്പ് പതിഞ്ഞ കഥകള്‍. 

മൈക്കിള്‍ സാര്‍ എന്ന കഥയുടെ തുടക്കം നോക്കുക. 

മൈക്കിള്‍ സാര്‍ ഒരു സംഭവമായിരുന്നു. സംഭവമായി തുടരുകയും ചെയ്യും. ഏതാനും വാക്കുകളില്‍ സങ്കീര്‍ണതകളോ ഒളിപ്പിച്ചുവച്ച അര്‍ഥങ്ങളോ ഇല്ലാതെ കഥ തുടങ്ങുകയാണ് മഹേഷ്. അതേസയമം വായനക്കാരന്റെ താല്‍പര്യം നിലനിര്‍ത്താനുള്ള താക്കോല്‍ ആ വാക്കുകളിലുണ്ടുതാനും. അതുതന്നെയാണ് ഒരു മികച്ച എഴുത്തുകാരന്റെ പ്രതിഭയുടെ മുദ്ര. 

അദ്ദേഹം എന്ന ഇദ്ദേഹം സദാസമയവും താനൊരു പയ്യനാണെന്ന് ധരിക്കുകയും പെരുമാറുകയും ചെയ്യുന്നു. ധരിക്കുന്നതുപോട്ടെ പെരുമാറ്റമാണ് പലരിലും മനംമാറ്റവും മനംഞെട്ടലും ഉണ്ടാക്കിയത്. ഭൂമി ഉരുണ്ടതാണെന്നും, അത് അതിന്റെ അച്ചുതണ്ടില്‍ സ്വയം റൊട്ടേറ്റു ചെയ്യുന്നുണ്ടെന്നുള്ളത് മൈക്കിള്‍ സാറിന്റെ സഭക്കാര്‍ ചോദ്യം ചെയ്തെങ്കിലും മൈക്കിള്‍ സാറിനറിയാം എന്താ യാഥാര്‍ഥ്യമെന്ന്. പക്ഷേ, അദ്ദേഹത്തിന് അറിയാത്തത്, അറിയാവുന്നതായി ഭാവിക്കാത്തത് ഒന്നുമാത്രം. തന്റെ പ്രായം. 

ഭാഷ എഴുത്തുകാരന്റെ പരിമിതിയും ധീരതയുമാണ്. ഒന്നും പറായനില്ലെങ്കിലും സങ്കീര്‍ണമായ ഭാഷയെ കൂട്ടുപിടിച്ച് താന്‍ ഒരു സംഭവമാണെന്നു ധരിപ്പിക്കാന്‍ ശ്രമിക്കുന്ന എഴുത്തുകാരുണ്ട്. അവരുടെ ആയുധമാണ് ഭാഷ. സങ്കീര്‍ണതകളുടെ ആവരണം ഊരിമാറ്റുന്നതോടെ ആ കഥകള്‍ ശുഷ്കമാകുന്നു. ആരിലും ഒന്നും അവശേഷിപ്പിക്കാതെ വിസ്മൃതമാകുകയും ചെയ്യുന്നു. തെളിഞ്ഞ ഭാഷയാകട്ടെ ധൈര്യമുള്ള എഴുത്തുകാരുടെ മാത്രം പ്രത്യേകതയാണ്. ഒന്നും ഒളിക്കാനില്ലെന്നുള്ള തുറന്നുപറച്ചില്‍. തെളിച്ചത്തിലും വെളിച്ചത്തിലും താനറിഞ്ഞ നിഴലും നിലാവും പകര്‍ത്തിവയ്ക്കുകയാണ് എഴുത്തുകാരന്‍. വെളിച്ചത്തില്‍ തന്നെത്തന്നെ കാണുന്നതോടെ വായനക്കാര്‍ സ്വന്തം കഥ വായിക്കുന്നു. പരിചിതരുടെ കഥകള്‍. കേട്ട കഥകള്‍. കേള്‍ക്കാനിരിക്കുന്നവ. അതൊരു ബന്ധത്തിന്റെ തുടക്കമാണ്: വായനക്കാരും എഴുത്തുകാരും തമ്മിലുള്ള അപൂര്‍വമായ ജൈവബന്ധത്തിന്റെ തുടക്കം. 

വായനക്കാരെ എഴുത്തുകാരനിലേക്കു വലിച്ചടുപ്പിക്കുന്നതാണ് മഹേഷിന്റെ ഓരോ കഥയും. അതിന് അദ്ദേഹത്തെ സഹായിക്കുന്നതാകട്ടെ തെളിച്ചമുള്ള മനസ്സും വെളിച്ചം നിറഞ്ഞ ഭാഷയും. നാട്ടിന്‍പുറത്തെ ശാന്തമായ രാത്രികളില്‍ തെങ്ങോലകള്‍ക്കിടയിലൂടെ അരിച്ചിറങ്ങുന്ന നിലാവു പോലെ നേര്‍മയേറിയ, ദുര്‍മേദസ്സില്ലാത്ത ഭാഷ. പൊയ്പ്പോയ ഒരു കാലത്തിന്റെ ഭാഷയല്ല, ഇന്നിന്റെ ഭാഷ. എല്ലാ നാടുകളും നഗരങ്ങളായി രൂപം മാറവേ ഉപയോഗിക്കുന്ന ഭാഷ. സംസാരഭാഷയില്‍ പതിവായ ഇംഗ്ളിഷ് വാക്കുകളും പ്രയോഗങ്ങളും പോലും സുലഭം. സംസാര ഭാഷയാകവേ തന്നെ ആത്മാവ് നഷ്ടപ്പെടാത്ത ഭാഷ. പിടിച്ചിരുത്തുന്ന ലളിതമായ ശൈലികള്‍. രസകരമായ പ്രയോഗങ്ങള്‍. കഥയാകട്ടെ അതിവേഗം മുന്നോട്ടു കുതിക്കുകയും ചെയ്യുന്നുണ്ട്. 

മടങ്ങിവരാം മൈക്കിള്‍ സാറിലേക്ക്. 

ട്രക്കിങ്, ബൈക്കിങ്, സൈക്ളിങ്, ഇക്ളിങ്, ബോക്സിങ്, കരാട്ടെ, കളരി, യോഗ. സര്‍വതിലും മൈക്കിള്‍ സാര്‍ കൈ കടത്തും. ഇടംകിട്ടിയാല്‍ ശരീരം തന്നെ കടത്തും. അങ്കിളെന്നു വിളിക്കുന്നുവരെ കാലേകൂട്ടി കണ്ടെത്തി ഒഴിവാക്കും. ഫ്രീക്കന്‍മാരോട് ഇടപഴകുമ്പോള്‍ സ്വയം മൊഴിയും: 

അയാം മിക്കി... ഏതു ബോറനെയും ബ്രോ എന്നു വിളിക്കും. 

തനിക്കു വലിയ പ്രായമൊന്നുമായിട്ടില്ലെന്നു തെളിയിക്കാന്‍ ശ്രമിക്കുന്ന മൈക്കിള്‍ സാറും സാറിന്റെ പ്രായാധിക്യം സാറിനെത്തന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന സമൂഹവും തമ്മിലുള്ള സംഘര്‍ഷത്തിലൂടെ പുരോഗമിക്കുന്ന കഥ മഹേഷിന്റെ രചനാകൗശലത്തിന്റെയും അനന്യമായ ശൈലിയുടെയും ഉത്തമ ഉദാഹരണമാണ്. വാക്കുകളിലും വരികളിലും ഒളിപ്പിച്ചുവച്ച നര്‍മവും കറുത്ത ഹാസ്യവും വായനയെ രസകരമായ പ്രക്രിയയാക്കുന്നു. 

‘കുമ്പിളിമലയിലെ കെടാപ്പന്തങ്ങള്‍’  പോലെ ഗൗരവമേറിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും എഴുത്തുകാരന്‍ വാദിയുടെയോ പ്രതിയുടെയോ പക്ഷം ചേരുന്നില്ല. തനിക്കു പറയാനുള്ളതു പറഞ്ഞിട്ടു മാറിനില്‍ക്കുകയാണ്. നിഗമനങ്ങളിലെത്തേണ്ടതു വായനക്കാര്‍. അതിനുള്ള സ്വാതന്ത്ര്യം അവര്‍ക്കു പൂര്‍ണമായി വിട്ടുകൊടുക്കുന്നു. 

കുമ്പിളിമലയില്‍ വെള്ളിയാഴ്ചകളില്‍ തെളിയാന്‍ ഒരു പന്തം കൂടി പിറന്നു എന്നെഴുതി എഴുത്തുകാരന്‍ വിടവാങ്ങുമ്പോള്‍ വായനക്കാര്‍ നെഞ്ചിലേക്ക് ഒരു പന്തം ഏറ്റുവാങ്ങുകയാണ്. ഒരു നല്ല കഥ മനസ്സില്‍ അവശേഷിപ്പിക്കുന്ന സംതൃപ്തിയുടെ, സന്തോഷത്തിന്റെ, ജാഗ്രതയുടെ പന്തം. 

എന്റേതായ കഥകള്‍ നമ്മുടേതുകൂടിയാകുകയാണ്. വായനക്കാരുടേതാകുകയാണ്. മലയാളത്തിന്റേതാകുകയാണ്. ആ രാസപരിണാമം അനുഭവിച്ചറിയാന്‍ ക്ഷണിക്കുകയാണ് മഹേഷ് വെട്ടിയാര്‍ ‘എന്റേതായ കഥകളിലൂടെ’. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA