sections
MORE

'മുലകുടിക്കുന്ന കുഞ്ഞിനെ പിരിഞ്ഞ്, കൂലിക്ക് മറ്റൊരു കുഞ്ഞിനെ മുലയൂട്ടേണ്ടിവന്നവൾ' - തീവണ്ടി പറഞ്ഞ കഥകൾ

HIGHLIGHTS
  • പലതരം റെയിലനുഭവങ്ങളുടെ, റെയിൽക്കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.
  • പരിഭാഷകളുടെ മികവു കൂടിയാണ് ഈ പുസ്തകത്തെ ആസ്വാദ്യമാക്കുന്നത്.
theevandi-paranja-kadhakal-p
SHARE
നൗഷാദ്

മാതൃഭൂമി ബുക്സ്

വില – 300 രൂപ

"വണ്ടിയുടെ കുതിച്ചുപായൽ കാണാൻ അയാൾക്കിപ്പോഴും ഹരമാണ്, ചിരപരിചയം ആ ലഹരി കുറച്ചിട്ടില്ല. കുട്ടികൾക്ക് തീവണ്ടിയോടുണ്ടാകാറുള്ള ഒരാരാധനയാണ് അയാൾക്ക്... പ്ലെയിനുകളും കാറുകളും ഒന്നും തന്നെ തീവണ്ടിയുടെ അത്ര തന്നെ  ആകർഷണവസ്തുക്കളായിരുന്നില്ല."

ഫ്രീമാൻ വിൽസ് ക്രോഫ്റ്റ് എന്ന ആംഗ്ലോ ഐറിഷ് എഴുത്തുകാരന്റെ ഒരു തീവണ്ടിയുടെ മരണം എന്ന കഥയിൽ നിന്നുള്ള വരികളാണിത്. തീവണ്ടിയോടുള്ള ഇഷ്ടം, ആരാധന, അടുപ്പം ഒരു ശരാശരിമനുഷ്യനിലെ സഹജഭാവമാണെന്നു തോന്നിപ്പോകാം. തീവണ്ടിയാത്രകളും റെയിൽവേ സ്റ്റേഷനുകളുമൊക്കെ പ്രമേയ പരിസരമായി വരുന്ന 26 കഥകളുടെ സമാഹാരമായ "തീവണ്ടി പറഞ്ഞ കഥകൾ" ഇത്രത്തോളം ഹൃദയത്തോടടുത്തു നിൽക്കാനുള്ള കാരണവും മറ്റൊന്നല്ല. ട്രെയിൻ യാത്രകൾ, ഒന്നിച്ച് ഒരുപാടു പേർ യാത്ര ചെയ്യുന്നുവെന്നതു കൊണ്ടു തന്നെ ഓരോ യാത്രയും സമ്മാനിക്കാനിടയുള്ള വിചിത്രവും വ്യത്യസ്തവുമായ അനുഭവങ്ങൾ ഇതൊക്കെ നമുക്ക് ചിരപരിചിതങ്ങളാണ്. 

നിരവധി ബോഗികളുള്ള ട്രെയിൻ പോലെത്തന്നെ അനുഭവങ്ങളുടെ ശൃംഖലകളാൽ ബന്ധിതമായ മനുഷ്യജീവിതവും മുന്നോട്ടു തന്നെ തുടരുന്നു. അവിരാമമായ ചലനങ്ങൾ, ഹൃസ്വമായ നിശ്ചലതകൾ പോലും കൂടുതൽ വേഗത്തിലോടാനുള്ള ഊർജ്ജത്തിനായാണ്. നൗഷാദ് എഡിറ്റു ചെയ്ത തീവണ്ടി പറഞ്ഞ കഥകളിൽ പല നാടുകളിൽ നിന്നുള്ള കഥകളുണ്ട്, പല കാലങ്ങളിലെ കഥകൾ, പലതരം പ്രമേയങ്ങൾ. എല്ലാറ്റിനെയും കൂട്ടിയിണക്കുന്നതാകട്ടെ തീവണ്ടിയും. ചിരപരിചയം കൊണ്ട് ലഹരി കുറയാതെ, അവസാനിക്കാത്ത കൗതുകം ജനിപ്പിച്ചു കൊണ്ട് അതിങ്ങനെ നമ്മുടെയൊക്കെ ജീവിതപരിസരങ്ങളിലൂടെ കൂവിയാർത്തു പാഞ്ഞു പോകുന്നു. അതുകൊണ്ടുതന്നെ ഇതിലെ കഥകളൊന്നും അപരിചിത ദേശങ്ങളിൽ സംഭവിച്ചതല്ല, കഥാപാത്രങ്ങൾ അറിയാത്ത ഭാഷകൾ സംസാരിക്കുന്നവരല്ല. നമ്മൾ തന്നെയാണവർ. അത്രത്തോളം അടുത്ത്, അത്രയധികം സ്വന്തം. കൊച്ചുകുട്ടികളുടെ നിഷ്കളങ്കതയോടെ കൂകിപ്പായുന്ന തീവണ്ടിയെ നോക്കുന്ന പോലെ, ആദ്യയാത്രയുടെ ലഹരിയോടും ആശങ്കയോടും തീവണ്ടിയിൽ കയറുന്ന പോലെ ഇതിലെ കഥകളെയും നമ്മളനുഭവിക്കുന്നു.

തീവണ്ടി പറഞ്ഞ കഥകളിൽ ഇന്ത്യൻ കഥകൾ അഞ്ചെണ്ണം മാത്രമേയുള്ളു. മലയാളത്തിൽ മികച്ച തീവണ്ടിക്കഥകൾ പലതുണ്ടെങ്കിലും (വൈശാഖൻ, സി.വി. ശ്രീരാമൻ, അശോകൻ ചരുവിൽ...) അവയൊന്നും ഈ പുസ്തകത്തിലുൾപ്പെടാത്തത് എന്തുകൊണ്ടെന്ന് അതിശയം തോന്നാം. പക്ഷേ ഇതിലുള്ള വിവർത്തിതകഥകളുടെ പ്രമേയ– ആഖ്യാന വൈവിധ്യങ്ങൾക്കിടയിൽ, അവയ്ക്ക് നമ്മുടെ ചിന്തകളോടും അനുഭവങ്ങളോടുമുള്ള സമാനത കൊണ്ടു തന്നെ അതൊരു ഗുരുതരമായ ന്യൂനത ആയി തോന്നിയെന്നു വരില്ല. 

ഇന്ത്യയുടെ ക്ലാസിക് തീവണ്ടിക്കാഴ്ചയെന്നു വിശേഷിപ്പിക്കാവുന്ന ദൃശ്യം ഭൂരിപക്ഷത്തെ സംബന്ധിച്ചും പഥേർ പാഞ്ജലിയിലെ വിഖ്യാതമായ ആ രംഗം തന്നെയായിരിക്കും. കാശപ്പുല്ലുകൾക്കിടയിലൂടെ ഓടിയോടി വന്ന് അപുവും ദുർഗയും അത്ഭുതസ്തബ്ധരായി അവരുടെ ജീവിതത്തിലെ ആദ്യത്തെ തീവണ്ടി കാണുന്ന ദൃശ്യം. നിശ്ചിന്ദിപുരം വിട്ട് എങ്ങോട്ടും പോവില്ലാത്ത ദുർഗ്ഗ, നിരന്തരസഞ്ചാരിയായി മാറേണ്ട അപു, രണ്ടു കുഞ്ഞുങ്ങളുടെ തീരാത്ത വിസ്മയം. നിരവധി അർത്ഥധ്വനികളുള്ള ആ രംഗത്തിന്റെ സൂചനയോടെയാണ് തീവണ്ടി പറഞ്ഞ കഥകൾ ആരംഭിക്കുന്നത്. ഇത്തരമൊരു പുസ്തകത്തിന് അവിടെ നിന്നേ തുടങ്ങാനാവൂ താനും. 1837–ൽ റെഡ് ഹിൽ റെയിൽവേ, 1853 ൽ ആദ്യത്തെ പാസഞ്ചർ ഒക്കെ ഓടിത്തുടങ്ങിയ ഇന്ത്യയിൽ ഒരു നൂറ്റാണ്ടിലധികം കാലത്തിനു ശേഷവും നിശ്ശബ്ദരായി, പാഞ്ഞു പോവുന്ന തീവണ്ടി ആരാധനയോടെ നോക്കി നിൽക്കുന്ന കുട്ടികളുൾച്ചേർന്ന ഗ്രാമീണദൃശ്യം ഒട്ടും അപരിചിതമല്ല താനും.

പലതരം റെയിലനുഭവങ്ങളുടെ, റെയിൽക്കഥകളുടെ സമാഹാരമാണ് ഈ പുസ്തകം. പ്രമേയം, എഴുതപ്പെട്ട ഭാഷ, ആഖ്യാനം, കാലം തുടങ്ങി സാധാരണമായ വിവേചന മാനദണ്ഡങ്ങൾക്ക് എളുപ്പത്തിൽ വഴങ്ങുന്നവയല്ല ഇതിലെ കഥകൾ. എങ്കിലും സാമാന്യമായി തരം തിരിക്കുകയാണെങ്കിൽ ഈ 26 കഥകളിലെ നല്ലൊരു പങ്കും ട്രെയിൻ യാത്രകളുടെ കഥകളാണ്. യാത്രയ്ക്കിടയിലെ കാഴ്ചകളുടെയും അനുഭവങ്ങളുടെയും ആഖ്യാനം.

മോപ്പസാങിന്റെ ഒരു നാടൻ കഥ, വസന്തകാലത്തെ ദീർഘമായ ട്രെയിൻയാത്രയുടെ കഥയാണ്. താഴ്ന്നവർഗ്ഗക്കാരുടെ ജീവിത പ്രതിസന്ധികളും ദൈന്യതകളും ദാരിദ്ര്യവും യാത്രയ്ക്കിടയിലെ അസ്വാഭാവികമായൊരു രംഗത്തിന്റെ ആഖ്യാനത്തിലൂടെ തീവ്രമായനുഭവിപ്പിക്കുന്നു ഈ കഥ. മുലകുടിക്കുന്ന കുഞ്ഞിനെ വീട്ടുകാരെയേൽപ്പിച്ച് ദൂരെ ഏതോ സമ്പന്നയായ പ്രഭ്വിയുടെ കുഞ്ഞിനെ മുലയൂട്ടാനുള്ള ജോലി –വെറ്റ് നെഴ്സിങ്– സ്വീകരിക്കാനായി യാത്ര ചെയ്യുന്ന യുവതി. അവൾക്കെതിരെയിരിക്കുന്ന ദരിദ്രനായ യുവാവ്. യാത്ര ദീർഘിച്ചതോടെ പാലുകെട്ടി നിന്ന മാറിടം കടഞ്ഞ് മരണത്തോടടുത്ത അസ്വസ്ഥത കാട്ടുന്ന അവളുടെ മുലകൾ അയാൾ വലിച്ചു കുടക്കുന്നു. ദിവസങ്ങളായി ഭക്ഷണം കഴിക്കാത്ത അയാൾക്കത് അമൃതായിരുന്നു, അവൾക്കും ജീവിതം തിരിച്ചു കിട്ടിയ ആനന്ദം. കഥയിലെ മാറിടം ലൈംഗികോദ്ദീപകങ്ങളല്ല, മുതിർന്ന പുരുഷന്റെ മുലകുടി അശ്ലീലദ്യോതകവുമല്ല. റഷ്യയുടെ ഗ്രാമഭംഗികൾക്കിടയിലൂടെ പാഞ്ഞു പോകുന്ന ആ ട്രെയിൻ അക്കാലത്തെ ദാരിദ്ര്യത്തെയും താഴെക്കിടക്കാരുടെ നിസഹായതകളെയുമാണ് അടയാളപ്പെടുത്തുന്നത്. മേരി ബോയ്ലി ഓറയ്ലിയുടെ ഐറിഷ് കഥ - 'ബർലിനിൽ' ഒറ്റ പാരഗ്രാഫ് മാത്രമുള്ള കുറുങ്കഥയാണ്. പക്ഷേ ലോകമഹായുദ്ധത്തിന്റെ ഭീകരതകളെയും നശീകരണ സ്വഭാവത്തെയും ശക്തമായി ആവിഷ്കരിക്കാൻ ആ കഥയ്ക്ക് കഴിഞ്ഞിരിക്കുന്നു. ലൂയി പിരാന്തലോയുടെ 'യുദ്ധം' എന്ന കഥയും, ഇരകളാക്കപ്പെടുന്നവരുടെ വേദനകളുടെ പാരമ്യത്തിലെ നിസംഗതയിലൂന്നിക്കൊണ്ട് യുദ്ധത്തിനെതിരായ അവബോധമുണർത്താൻ പര്യാപ്തമാണ്.

ജയകാന്തന്റെ പകൽനേരപാസഞ്ചർ വണ്ടി, മറ്റൊരു ജീവിതദുരന്തത്തെക്കുറിച്ചു പറയുന്നു. ടാഗോറിന്റെ എലികളുടെ വീട് സരളമായൊരാശയതലം കൊണ്ടു ശ്രദ്ധേയമാവുന്നു. ഹെമിങ് വേയുടെ ഒരു തീവണ്ടിയാത്ര, സാകിയുടെ തീവണ്ടിയിലെ കാഥികൻ.. വേറെയുമെത്രയോ കഥകൾ. ഇങ്ങനെ തീവണ്ടി പറഞ്ഞ കഥകളുടെ പുസ്തകത്തിലേറെയും യാത്രകളുടെ കഥകളാവുന്നതിൽ അതിശയമില്ലതാനും.

ഈ പുസ്തകത്തിലെ മറ്റൊരു വിഭാഗം കഥകൾ ട്രെയിൻ അപകടം /തീവണ്ടിക്കൊള്ള എന്നിവയെ പ്രമേയമാക്കുന്നവയാണ്. അക്കൂട്ടത്തിലേറ്റവും വേറിട്ടു നിൽക്കുന്നത് ഫ്രീമാൻ വിൽസ് ക്രോഫ്റ്റിന്റെ ഐറിഷ് കഥയാണ്. ഒരു തീവണ്ടിയുടെ മരണമെന്ന ആ ശീർഷകം പോലും സവിശേഷമാണ്. അപകടമല്ല, മരണമാണത്. തീവണ്ടിയെ അത്രയേറെ ഇഷ്ടപ്പെടുന്ന ജോൺ ഹിസ് ലോപ്പെന്ന ഗേറ്റ് കീപ്പറുടെ ഒരു രാത്രിയിലെ അസാധരണമായ അനുഭവങ്ങളാണ് കഥ. അയാൾ കണ്മുന്നിൽ ഒരു തീവണ്ടിയുടെ മരണം കാണുന്നു. ദൃശ്യപരതയുടെ സമൃദ്ധിയാണ് ഈ കഥയുടെ ചാരുത, തീവണ്ടിയുടെ അന്ത്യനിമിഷങ്ങൾ ഹിസ് ലോപ് മാത്രമല്ല, വായനക്കാരും അനുഭവിച്ചു പോകുന്നു, വേദനയോടെ, ഞെട്ടലോടെ. തോമസ് മനിന്റെ ഒരു തീവണ്ടിയപകടം എന്ന കഥ ഒരു ട്രെയിൻ ആക്സിഡന്റ് മനുഷ്യർക്കിടയിലെ ഉച്ചനീചത്വങ്ങളെ ഇല്ലാതാക്കുന്നത് ആക്ഷേപഹാസ്യത്തോടെ ചിത്രീകരിക്കുന്നു. സോഷ്യലിസം, കമ്യൂണിസ്റ്റ് മാതൃക, മുതലാളിത്തം, തൊഴിലാളി വർഗ്ഗം തുടങ്ങി ലോകം വരുംകാലങ്ങളിൽ ചർച്ച ചെയ്യാനിരിക്കുന്നതെല്ലാം തോമസ് മാൻ ആ കഥയിൽ വ്യംഗ്യമായി ഉള്ളടക്കിയിട്ടുണ്ട്. കഥയിലേറ്റവും ഹൃദയത്തെ തൊടുക, അപകടത്തിനു ശേഷം, സാധനങ്ങൾ സൂക്ഷിക്കുന്ന വാഗണിലേൽപ്പിച്ച കൈയ്യെഴുത്തുപ്രതികൾ നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള കഥാകാരന്റെ ആത്മഗതങ്ങളാണ്. ജീവനുള്ള, സംസാരിക്കുന്ന ഒന്ന് –മറ്റൊരു പകർപ്പില്ലാത്തത്, അണ്ണാറക്കണ്ണന്റെ കലവറ പോലെ, തേനീച്ചക്കൂടു പോലെ, ചിലന്തിവല നെയ്യുന്ന പോലെ സ്വരുക്കൂട്ടിയ എഴുത്തുകളാണ് എന്നേയ്ക്കുമായി നഷ്ടപ്പെട്ടത്. തീവണ്ടി അപകടങ്ങൾ ചിലപ്പോൾ അപഹരിക്കുക ജീവൻ മാത്രമല്ല, അതിലും പ്രധാനപ്പെട്ടവയെക്കൂടിയാണ്. ഒ. ഹെൻറിയുടെ തീവണ്ടിക്കൊള്ള, ടോൾസ്റ്റോയിയുടെ അന്ത്യയാത്ര, ആർതർ കോനൽഡോയലിന്റെ ഡിറ്റക്ടീവ് കഥ... തീവണ്ടിയിലെ അപകടകഥകളും ഈ പുസ്തകത്തിൽ ധാരാളമുണ്ട്. സർജിവെറോണിലിന്റെ  "ഭൂഗർഭ റെയിൽവേയിൽ" പോലെ ആന്തരികമായ സ്ഫോടനങ്ങളുടെ, തകർച്ചകളുടെ കഥകൾ വേറെയും.

മൂന്നാമതൊരു വിഭാഗകല്പന നടത്തുകയാണെങ്കിൽ അത് റെയിൽ ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള കഥകളാണ്. അവരുടെ ആത്മസംഘർഷങ്ങൾ, ജീവിത സങ്കീർണതകൾ, വ്യഥകൾ എന്നിവയെക്കുറിച്ചുള്ള കഥകൾ. എണ്ണത്തിൽ അധികമില്ലെങ്കിലും ആ കഥകളുടെ ദാർശനികമാനങ്ങൾ, നിരന്തരം ചെയ്തു കൊണ്ടിരിക്കുന്ന തൊഴിൽ എങ്ങനെയാണ് ആ മനുഷ്യനെ നിർണയിക്കുന്നതെന്നും അതുകൊണ്ടുണ്ടാവുന്ന സ്വത്വപ്രതിസന്ധികളെക്കുറിച്ചും ശക്തമായി പറയുന്നു. ചാൾസ് ഡിക്കൻസിന്റെ സിഗ്നൽമാൻ അത്തരമൊരു കഥയാണ്. ഏകാന്തമായൊരിടത്ത്‌ ഏകാകിയായി ജോലി ചെയ്യുന്ന സിഗ്നൽമാന്റെ ഭ്രമാത്മകമായ കാഴ്ചകൾ, എല്ലാം ട്രെയിനപകടവുമായി ബന്ധപ്പെട്ടതും, ഈ കാഴ്ചകളുടെ ഭാരവും ആഘാതവും താങ്ങാനാവാതെ അയാൾ സ്വയം ജീവനൊടുക്കുന്നു. സിവലോഡ്ഗാർഷി എഴുതിയ സിഗ്നൽ എന്ന കഥ, അസംതൃപ്തനായ, മേലധികാരികളാൽ ശിക്ഷിക്കപ്പെടുന്ന വാസ്​ലി എന്ന ലൈൻമാന്റെ പ്രതികാരത്തിന്റെയും ആത്മസംഘർഷത്തിന്റെയും കഥയാണ്. അയാൾക്ക് അധികാരസ്ഥാപനങ്ങളെ ചോദ്യം ചെയ്യാനുള്ള കെൽപില്ല, പക്ഷേ എന്തെങ്കിലും ചെയ്തേ മതിയാവൂ താനും. ആ വൈകാരിക സമ്മർദ്ദത്തെ അതിജീവിക്കാൻ അവസാനമയാൾ തീവണ്ടിയോടു തന്റെ പക തീർക്കാൻ ശ്രമിക്കുന്നു. പക്ഷേ നിർണായകമായൊരു നിമിഷം, തനിക്കതു സാധിക്കില്ലെന്ന് അയാളറിയുന്നിടത്താണ് കഥയുടെ ട്വിസ്റ്റ്. ചെക്കോവിന്റെ ഷാംപെയിൻ തീവണ്ടി സ്റ്റേഷന്റെ പരിസരങ്ങളിൽ ഒരു റെയിൽവേ ഉദ്യോഗസ്ഥന്റെ നിരാർദ്രവും വിരസവുമായ അനുഭവങ്ങളാവിഷ്കരിക്കുന്നു.

മറ്റൊരു വിഭാഗം കഥകൾ തീവണ്ടി ഒരനുഭവും അനുഭൂതിയുമായി വായനക്കാരിലേക്കു വിനിമയം ചെയ്യുന്ന കഥകളാണ്. സമാഹാരത്തിലെ മിക്കവാറും കഥകൾ അങ്ങനെത്തന്നെയെങ്കിലും ഈ വിഭാഗത്തിൽ വരുന്നവ കൂടുതൽ തീക്ഷ്ണമായി, ദാർശനികച്ഛായകളോടെ ട്രെയിനിന്റെ പരിസരങ്ങളിൽ വെച്ച് ജീവിതത്തെ പകർത്തുകയാണ്. പാർ ലാഗർ ക്വിസ്റ്റിന്റെ അച്ഛനും ഞാനും അത്തരമൊരു കഥയാണ്. റെയിൽവേ ട്രാക്കിലൂടെ അച്ഛനും മകനുമൊത്തുള്ള ഒരു രാത്രിസഞ്ചാരം, വിജനമായ റെയിൽപ്പാതയിലൂടെ അവിചാരിതമായി പാഞ്ഞെത്തുന്ന തീവണ്ടി. 10 വയസുകാരൻ മകൻ ഭീതികൊണ്ടുറഞ്ഞു പോകുന്നു. അറ്റമില്ലാത്ത ഇരുട്ടിലേക്ക് വണ്ടിയോടിക്കുന്ന ഒരു ഡ്രൈവർ. പിന്നീടവനു തിരിച്ചറിയാനാവുന്നു, ഇരുട്ടിലേക്കു ചൂളം വിളിച്ചു പോവുന്ന തീവണ്ടി തന്റെ അജ്ഞാതമായ ഭാവി തന്നെയാണ്. താൻ അനുഭവിക്കാനിരിക്കുന്നത്, ഒരിക്കലും ഒഴിവാക്കാനാവാത്തത്. കാട്, വിജനത, ഇരച്ചു വരുന്ന ട്രെയിൻ, എഞ്ചിനിൽ കനൽ കോരിയിടുന്ന ഡ്രൈവർ ... കഥയിലെ ദൃശ്യബിംബങ്ങളുടെ നിഗൂഡധ്വനികൾ അസാധാരണമാം വിധം പിടിച്ചുലയ്ക്കും. ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളെക്കുറിച്ച് ഹൃദയം മരവിപ്പിക്കും വിധം ഓർമ്മിപ്പിക്കും.

പരിഭാഷകളുടെ മികവു കൂടിയാണ് ഈ പുസ്തകത്തെ ആസ്വാദ്യമാക്കുന്നത്. ലോകത്തെല്ലായിടത്തും തീവണ്ടി ഉണ്ട്, പണ്ടേ ഉണ്ടായിരുന്നു, ഇനിയും ഉണ്ടാവും. ഓരോ യാത്രയും ഇവ്വിധം ചിലതൊക്കെ അവശേഷിപ്പിച്ചു പോകുന്നു, തീവണ്ടി പറഞ്ഞ കഥകളിലൂടെയുള്ള സഞ്ചാരം അതൊക്കെ പിന്നെയുമോർമ്മിപ്പിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA