sections
MORE

ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ

anto-antony-1
SHARE
ആന്റോ ആന്റണി

ഡിസി ബുക്സ്, കോട്ടയം

വില– 175 രൂപ

ഫാസിസത്തിന് എവിടെയും എന്നും ഭയപ്പെടുത്തുന്ന ഒരു മുഖമുണ്ട്. വെറുപ്പിന്റെ തത്വശാസ്ത്രമാണ് ഫാസിസ്റ്റുകളുടെ പ്രാണവായു. ജാതിയുടെയും മതത്തിന്റെയും നിറത്തിന്റെയും പേരിൽ  അവർ ജനങ്ങളെ വിഭജിക്കുന്നു. ഇറ്റലിയിൽ ആരംഭിച്ച് ജർമ്മനിയിൽ ആസുര നൃത്തം ചവിട്ടിയ അവരുടെ കഥ ചരിത്രത്തിലെ രക്തക്കറ പുരണ്ട അധ്യായമാണ്. 

ഇന്ത്യയിലും ഫാസിസത്തിന്റെ വിഷപ്പുക പടരുന്നു എന്ന ആശങ്ക പങ്കുവയ്ക്കുകയാണ് ആന്റോ ആന്റണി. ഇന്ത്യ നേരിടുന്ന പല വിപത്തുകളെയും അടയാളപ്പെടുത്തുന്ന ഇരുപത്തിനാലു ലേഖനങ്ങളുടെ സമാഹാരമാണ് ‘ഫാസിസത്തിന്റെ വിഷപ്പുക’. ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും ഇന്ത്യയിൽ വെല്ലുവിളികൾ നേരിടുന്നു എന്ന് ഈ ലേഖനങ്ങളിൽ അദ്ദേഹം പറയുന്നു.

വ്യക്തികളുടെ സ്വതന്ത്രമായ അസ്തിത്വത്തിന് യാതൊരു വിലയും ഫാസിസ്റ്റുകൾ നൽകുന്നില്ല. വ്യക്തിബോധം, സ്വതന്ത്രചിന്ത, ആധുനികത തുടങ്ങിയ പുരോഗമനകരമായ കാര്യങ്ങളോടുള്ള അസഹിഷ്ണുത ഫാസിസത്തിന്റെ പ്രത്യേകതയാണ്. ഫാസിസ്റ്റുകൾ തങ്ങൾ പ്രതിനിധാനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തിന് അനുസൃതമായി എല്ലാറ്റിനെയും മാറ്റി മറിക്കുന്നു. ഹിറ്റ്ലറുടെ ഭരണത്തിൽ തഴച്ചു വളര്‍ന്ന ഫാസിസത്തിന്റെ ചിത്രം ലോകത്തിനു മുൻപിലുണ്ട്. 

പ്രതിലോമകരമായ ഒരു പ്രത്യയശാസ്ത്രമാണ് ഫാസിസം. മതം, വംശം, ഭാഷ തുടങ്ങിയ സ്വത്വബോധത്തിൽ അധിഷ്ഠിതമായ കൂട്ടായ്മയുടെ ഭാഗം മാത്രമായി പരിഗണിക്കുന്ന ഒരു വ്യവസ്ഥയാണിത്.

ഇന്ത്യയിൽ ഈ അസഹിഷ്ണുത പടർന്നു പന്തലിക്കുന്നു എന്ന് ലേഖന കർത്താവ് പറയുന്നു. ഡോ. നരേന്ദ്ര ദാബോൽക്കർ, ഗോവിന്ദ് പൽസാരെ, പ്രഫ. എം.എം. കൽബുർഗ്ഗി, ഗൗരി ലങ്കേഷ് തുടങ്ങിയവരെ നിശ്ശബ്ദരാക്കിയ ഫാസിസ്റ്റ് പ്രവണതയെ ചെറുത്തു തോൽപ്പിക്കാൻ നാടുണരണമെന്ന് ഈ ലേഖനത്തിൽ വ്യക്തമാക്കുന്നു.

സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തേണ്ട പാർലമെന്റിൽ വിഷയങ്ങൾ വേണ്ടവിധത്തിൽ ചർച്ച ചെയ്യാതെ പിരിയുന്നതിന്റെ ആപത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് പാർലമെന്റിലെ പ്രതിസന്ധികൾ എന്ന ലേഖനം. സാമുദായിക ലഹളകൾ, ദളിത് ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള അതിക്രമങ്ങൾ, നീതിന്യായ വ്യവസ്ഥയിലുള്ള കൈകടത്തൽ തുടങ്ങിയ വിഷയങ്ങൾ ഉന്നയിക്കാനുള്ള വേദിയാകേണ്ട പാർലമെന്റിൽ അവ അവതരിപ്പിക്കാൻ കഴിയാത്ത അവസ്ഥ വിവരിക്കുന്നുണ്ട്. 

നോബല്‍ സമ്മാന േജതാവും സാമ്പത്തിക വിദഗ്ധനുമായ അമർത്യാസെൻ നടത്തിയ നിരീക്ഷണം ഉദ്ധരിക്കുന്നു. 

‘അതിവേഗം വളരുന്ന സമ്പദ്ഘടന എന്ന സ്ഥിതിയിൽ നിന്നും ദക്ഷിണേഷ്യയിലെ ഏറ്റവും മോശപ്പെട്ട രണ്ടാമത്തെ രാജ്യം എന്ന അവസ്ഥയിലേക്ക് നാം കൂപ്പു കുത്തി. തലതിരിഞ്ഞ വികസന നയം മൂലം രാജ്യത്തെ ദുർബല വിഭാഗങ്ങൾ പ്രാന്തവൽക്കരിക്കപ്പെടുന്നതായും സാമൂഹ്യനീതി അട്ടിമറിക്കുന്നതായും അമർത്യാസെൻ ആശങ്കപ്പെടുന്നു.’

നോട്ട് പിൻവലിക്കലും ക്യാഷ് ലെസ് ഇക്കോണമിയും എന്ന ലേഖനത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തളർത്തുവാനാണ് നോട്ട് നിരോധനം സഹായിച്ചത് എന്ന് വ്യക്തമാക്കുന്നു.

‘‘നോട്ട് നിരോധനം ആരോഗ്യപൂർണമായ ഒരു ശരീരത്തിൽ നിന്നും 85 ശതമാനം രക്തവും വലിച്ചെടുക്കുന്നതു പോലെയായിരുന്നു. ദൈനംദിന വരുമാനക്കാരായ 40 കോടി ജനങ്ങളുടെ ജീവിതത്തെ നോട്ട് നിരോധനം പ്രത്യക്ഷമായിത്തന്നെ തകർത്തു എന്ന് വിലയിരുത്തപ്പെടുന്നു.... ഇടത്തരം, വ്യവസായങ്ങളിൽ 70 ശതമാനവും അടച്ചു പൂട്ടപ്പെട്ടു. സമ്പദ് വ്യവസ്ഥയെ പുറകോട്ടടിക്കാൻ മാത്രമേ നോട്ട് നിരോധനം സഹായിച്ചിട്ടുള്ളൂ എന്ന് കണക്കുകൾ നിരത്തിക്കൊണ്ട് സമർഥിക്കുന്നു ഈ ലേഖനത്തിൽ.

‘ഡിജിറ്റൽ ഇന്ത്യ’ മുൻ യുപിഎ സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന മൂന്നു പദ്ധതികളെ ലയിപ്പിച്ച് നടപ്പാക്കുന്നതാണെന്ന് പറയുന്നു. മുൻ സർക്കാറിന്റെ നാഷണൽ നോളജ് നെറ്റ് വര്‍ക്ക്, ഇ–ഗവേണൻസ് ഇനിഷ്യേറ്റീവ്, എന്നീ മൂന്നു പദ്ധതികൾ വിളക്കിച്ചേർത്ത് പേരുമാറ്റിയതാണെന്നും ലേഖനത്തിൽ പറയുന്നു. കർഷകർ നേരിടുന്ന പ്രശ്നങ്ങൾ, വിലക്കയറ്റം, തൊഴിലില്ലായ്മ, ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ എന്നിവയെല്ലാം തുറന്ന ചർച്ചയ്ക്ക് വിധേയമാകുന്നു. 

ആവാസവ്യവസ്ഥയും പരിസ്ഥിതിയും മനം നിറയ്ക്കും ഭക്ഷ്യ സുരക്ഷ, പ്രവാസികൾ ഇന്ത്യയുടെ അംബാസഡർമാർ, ഇന്ത്യയ്ക്കും വേണം ഒരു കാർബൺ വിപണി, അറുപതിന്റെ നിറവിൽ ഇന്ത്യൻ പാർലമെന്റ് തുടങ്ങിയ ലേഖനങ്ങളുമുണ്ട്. ഇന്ത്യയുടെ ഇന്നത്തെ അവസ്ഥകളെ തുറന്ന കണ്ണുകളോടെ നോക്കി കാണാൻ ശ്രമിക്കുമ്പോഴും ലേഖനകർത്താവ് പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ ചിന്തകളുടെ അലയടികൾ പല ലേഖനങ്ങളിലും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA