sections
MORE

ഇഷ്ടമാണെന്നു ചൊല്ലും. നൂറല്ല നൂറ്റൊന്നുവട്ടം ഈ കവിതകള്‍

Book Reveiw-PalIce-Mazha-Pottanum
SHARE
മോഹനകൃഷ്ണന്‍ കാലടി

ഡിസി ബുക്സ്

വില 110 രൂപ രൂപ

ബാല്യത്തിന്റെ എല്ലാമെല്ലാമായിരുന്ന വളപ്പൊട്ടുകള്‍ വര്‍ഷങ്ങള്‍ക്കുശേഷം പെട്ടെന്നൊരു നിമിഷം കണ്‍മുന്നില്‍ ഉതിര്‍ന്നവീണപോലെയൊരു അനുഭൂതി സമ്മാനിക്കുന്നുണ്ട് ‘പാലൈസും മഴപ്പൊട്ടനും’ എന്ന സമാഹാരത്തിലെ കവിതകള്‍. നിഷ്കളങ്കതയുടെ ഒരു ലോകം തുറക്കപ്പെടുകയാണ്. ചുവരുകളും മതിലുകളുമില്ലാത്ത വ്യത്യാസങ്ങളൊന്നും ബാധകമാകാത്ത എല്ലാ മനുഷ്യരെയും ഒരുപോലെ കണ്ടിരുന്ന ലോകം. കൊച്ചു കൊച്ചു ആഹ്ളാദങ്ങളുടെ ലോകം. ജീവിതം എത്രയോ ലളിതമായിരുന്ന ലോകം. ഓരോ വളപ്പൊട്ടും കയ്യിലെടുത്തു പരിശോധിക്കുമ്പോള്‍ ഓരോ കഥകളായി ചുരുള്‍നിവരുകയാണ്. ഓരോ വളപ്പൊട്ടിനുമുണ്ട് ഒരു കഥ പറയാന്‍. ആദ്യാനുരാഗപാരവശ്യത്തിന്റെ. ആത്മരക്തത്താല്‍ എഴുതിയ വരികളുടെ. ഒന്നിച്ചുകെട്ടിയ സ്വപ്നക്കൊട്ടാരങ്ങളുടെ തകര്‍ച്ചയുടെ കഥ. വിരഹത്തിന്റെയും സമാഗമത്തിന്റെയും അര്‍ഥവും അര്‍ഥമില്ലായ്മയും. ഒരു തുള്ളിക്കണ്ണീരും ഒരു മന്ദഹാസവും ഒന്നിച്ചുവിരിയുന്ന നിമിഷങ്ങള്‍. വീണ്ടും ജീവിതത്തിലേക്കു തിരിച്ചെടുക്കപ്പെട്ട പ്രതീതി. ചെന്നിനായകം നല്‍കിയ ജീവിതത്തെപ്പോലും മധുരിപ്പിച്ച അദ്ഭുതം. 

കാലുഷ്യമോ പാരുഷ്യമോ തൊട്ടുതീണ്ടാതെ ഇത്രയും നിര്‍മമനായും കുസൃതിയോടെയും ജീവിതത്തെ കാണാന്‍ ഈ കവിക്കെങ്ങനെ കഴിയുന്നു എന്നു നമ്മെ അദ്ഭുതപ്പെടുത്തുന്നുണ്ട് മോഹനകൃഷ്ണന്‍ കാലടി. പാലൈസും മഴപ്പൊട്ടനും വായിക്കുമ്പോള്‍ അതിശയം കുറച്ചുകൂടി വര്‍ധിക്കുന്നു. ജീവിതത്തെ ഇങ്ങനെയും കാണാനാകുമെന്നൊരു വെളിപാടു കൂടിയാണ് ഈ കവിതകള്‍. വീണ്ടും വീണ്ടും വായിക്കുമ്പോഴും അമര്‍ത്തിയ തേങ്ങലിനിടയിലൂടെ പുറത്തേക്കുവരുന്ന വിശുദ്ധമായ ചിരിയുടെ മഴവില്ലഴക്. 

നിഷ്കളങ്കതയുടെ കുട്ടിക്കാലത്ത് ലോകം മുഴുവന്‍ സുഹൃത്തായിരിക്കുന്നതുപോലെ കാവ്യാഭാഷയും ഭാവുകത്വവും കനിഞ്ഞനുഗ്രഹിച്ച കവിയാണ് മോഹനകൃഷ്ണന്‍. ധാരാളിത്തമില്ലാതെ കവിതയെ ഉറ്റതോഴനായി കൂടെക്കൊണ്ടുനടക്കുന്ന കവി കവിതയ്ക്കു തിരിച്ചുകൊടുക്കുന്നത് ജീവിതത്തിന്റെ ഷോകെയ്സില്‍ എന്നുമെടുത്ത് ഓമനിക്കാന്‍വേണ്ടി കാത്തുവയ്ക്കുന്ന കൗതുകവസ്തുക്കളുടെ ശോഭയുള്ള കവിതകള്‍. 

പ്രണയത്തിന്റെ, പ്രണയവഞ്ചനയുടെ, വിവാഹമെന്ന ഒത്തുതീര്‍പ്പിന്റെ കടുത്ത വര്‍ണത്തില്‍ എഴുതേണ്ട കവിതയ്ക്ക് ‘സൗന്ദര്യലഹരി’ എന്ന വാക്ക് എങ്ങനെ ചേരുമെന്ന് അദ്ഭുതം തോന്നാം. നഷ്ടസൗന്ദര്യമല്ല ഇവിടെ ഈ കാമുകന്റെ മനസ്സില്‍ നിറയുന്നത്. ഒരിക്കല്‍ കയ്യിലെടുത്ത് ഓമനിക്കാന്‍ കൊതിച്ച സൗന്ദര്യത്തിന്റെ ഭാവപൂര്‍ണിമ. ചേരാത്തതായി ആകെ ഒന്നേയുള്ളൂ- നെറ്റിയില്‍ വെട്ടുകൊണ്ടപോലെയുള്ള ആ വലിയ സിന്ദൂരപ്പൊട്ട്. അതൊരു വെട്ടു തന്നെയാണ്. പ്രണയത്തെ വെട്ടിമുറിച്ച സിന്ദൂരം. എങ്കില്‍ത്തന്നെയെന്ത്. ഒരിക്കല്‍ ഒരുമിച്ചു ജീവിക്കാന്‍ കൊതിച്ച കാമുകി, വെട്ടുകൊണ്ട പൊട്ടുമായി മുന്നില്‍വന്നുനിപ്പോള്‍ നിറയുകയാണ് ഒരിക്കല്‍ അടച്ച നെറ്റിയിലെ തീമിഴി. അതു തിരുമിഴിയുമാണ്. പ്രണയത്തിന്റെ മൂന്നാം കണ്ണ്. ആറു വരികളില്‍ നിഷ്കളങ്കസൗന്ദര്യത്തോടെ പ്രണയത്തിന്റെ തലക്കുറി എഴുതുന്ന മോഹനകൃഷ്ണന്‍ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നത് കര കടത്തുമ്പോഴെല്ലാം നാലുകാലില്‍ തിരിച്ചെത്തുന്ന പൂച്ചക്കുട്ടിയെപ്പോലുള്ള പ്രണയത്തെത്തന്നെ. 

‘അവിവാഹിതന്റെ തലയിണ’യെക്കുറിച്ച് ഒരു കവിത ഇതാദ്യമായിരിക്കും മലയാളത്തില്‍ എഴുതുന്നത്. അവന്റെ മുടിയിഴകളില്‍ പതിയെത്തഴുകാന്‍ ആഗ്രഹിച്ച തലയിണ. ഒരു ചുംബനമെങ്കിലും മടക്കിക്കൊടുക്കാന്‍ ആഗ്രഹിച്ച തലയിണ. ഒരുപാടു പറയാനും ഒന്നു കെട്ടിപ്പിടിക്കാനും ആഗ്രഹിച്ച തലയിണ. ചെവിയോര്‍ത്ത് ആഴങ്ങളില്‍ മുങ്ങിപ്പൊങ്ങുന്ന ഹൃദയത്തെ വീണ്ടെടുക്കാന്‍ ആഗ്രഹിച്ച തലയിണ. ഒടുവില്‍ അവന്റെയൊരു സ്വപ്നത്തെ പെറ്റുവളര്‍ത്താനും ആഗ്രഹിച്ച തലയിണ. അവസാനവരിയിലാണ് ക്ളൈമാക്സ്. 

അവളൊരു പെണ്ണായില്ലല്ലോ. 

പ്രണയവും കാലങ്ങളുടെ പുഴയെ തലോടിയൊഴുകുന്ന വികാരങ്ങളും മാത്രമല്ല കാലത്തെ പിടിച്ചുകുലുക്കുന്ന സാമൂഹിക പ്രശ്നങ്ങളുടെ രൂക്ഷതയും മോഹനകൃഷ്ണന്‍ കാണാതിരിക്കുന്നില്ല. അവയ്ക്കൊക്കെയും രൂക്ഷതയും തീവ്രതയും നിറഞ്ഞ വാങ്മയം ആവിഷ്ക്കരിക്കാതിരിക്കുന്നുമില്ല. കവിത ഇവിടെ അകലെയേതോ ലോകത്ത്, ഉയരത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട വിഗ്രഹമല്ല; കൂടെനടക്കുന്ന കരച്ചിലിലും ചിരിയിലും കൂടെയുള്ള സഹയാത്രികനാണ്. അജ്ഞാതനല്ല, ആഴത്തില്‍ അറിയുന്ന സഹയാത്രികന്‍. 

ഞാനൊരു കാര്യം പറയുമിപ്പോള്‍ 

വേറെയാരാരുമറിയരുത്. 

കേള്‍ക്കുമ്പോള്‍ പൊട്ടിത്തെറിക്കരുത്

ഓര്‍ത്തോര്‍ത്തു പിന്നെച്ചിരിക്കരുത്. 

തെറ്റിദ്ധരിച്ചു കരയരുത്

തെറ്റും ശരിയും തിരിക്കരുത്. 

ഇപ്പൊഴേ കേട്ട് മറുന്നുപോകാം

മറ്റൊരിക്കല്‍ കളിയാക്കരുത്. 

നാളെയും നമ്മള്‍ക്കിതേ വഴിയില്‍ 

നല്ല സുഹൃത്തുക്കളായിരിക്കാം. 

മറ്റൊന്നുമല്ല, മറ്റൊന്നുമല്ല

നിന്നെയെനിക്കിഷ്ടമാണ്... 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA