sections
MORE

ഒരു ഭ്രാന്തൻ എഴുതിയ തിരക്കഥയാണീ പുസ്തകം

HIGHLIGHTS
  • ആകാശത്തിൽ എഡിറ്റിംഗ് നടത്തിയാൽ എങ്ങനെ ഉണ്ടാകും?
  • ഭ്രാന്താശുപത്രിയിൽ നിന്നാണ് അയാൾ തന്റെ സിനിമയ്ക്ക് കഥ എഴുതിത്തുടങ്ങുന്നത്.
editing-nadakkunna-aakasham-book-review1
SHARE
പി ജിംഷാർ

ഡി സി ബുക്സ്

വില : 130 രൂപ  രൂപ

എനിക്കറിയുന്ന ആ നദി തന്നെയല്ലേ അത് ! ഇദ്രിസിനെയും അഷ്റഫിനെയും എനിക്കറിയാമല്ലോ. കൊല്ലപ്പെട്ടവരെയും ആത്മഹത്യ ചെയ്തവരെയും, അതിൽ ഏതാണു താൻ തിരഞ്ഞെടുക്കുക എന്നറിയാതെ ഭ്രാന്തു പിടിച്ചിരിക്കുന്നവരെയും ഞാൻ കണ്ടിട്ടുണ്ടല്ലോ. പി ജിംഷാർ എഴുതിയ ‘എഡിറ്റിംഗ് നടക്കുന്ന ആകാശം’ എന്ന നോവൽ പലരെയും ഓർമിപ്പിക്കുന്നു. അതിലെ കഥാപാത്രങ്ങൾക്കെല്ലാം മുഖങ്ങൾ അനുവദിക്കപ്പെടുന്നു. എല്ലാവരും പരിചിതരാവുന്നു.  പരിചിതരായ, പ്രിയപ്പെട്ട ആരുടെയെങ്കിലും മുഖങ്ങൾ ഇദ്രിസിനോ നദിക്കോ കിട്ടിയേക്കുമോ എന്ന് ഭയപ്പെടുന്നു. എല്ലാം കഴിഞ്ഞാൽ പിന്നെ നീട്ടി വലിച്ച് ഒരു ഡയലോഗേ ഉള്ളൂ, ‘ടിപിയുടെയും ഇദ്രിസിന്റെയും ഒക്കെ മരണത്തിന്റെ വഴികളിൽ വെറുതെ കിടന്ന് തിരിഞ്ഞ് കളിക്കരുത്’ എന്ന്. ആ ശബ്ദം അധികാരത്തിന്റേതാണ്, ശബ്ദമുയർത്തുന്നവരെ നിശ്ശബ്ദരാക്കുന്ന ശബ്ദം. 

പി. ജിംഷാർ എഴുതിയ ഏറ്റവും പുതിയ നോവലാണ് എഡിറ്റിംഗ് നടക്കുന്ന ആകാശം. ഒരു ഭ്രാന്തന്റെ വരികളാണ് അതിൽ നിറയെ, അതുകൊണ്ടുതന്നെ വായന വിശ്വസനീയമാണോ എന്നു ചിന്തിക്കുമ്പോൾ മുന്നിൽ പൻസാരെ മുതൽ ഗൗരി ലങ്കേഷും നദിയും വരെയുള്ളവരുടെ മുഖങ്ങൾ തെളിഞ്ഞു വരും. അപ്പോൾ മനസ്സിലാകും ഭ്രാന്ത് അഷ്റഫിന് ആയിരുന്നില്ല, അധികാരത്തിന്റെ ഉന്മാദത്തിൽ സ്വേച്ഛാധിപതികളായി വിലസുന്നവർക്കാണെന്ന്. പക്ഷേ സത്യം പറയുന്നവൻ, കണ്ടെത്താൻ ശ്രമിക്കുന്നവൻ എന്നും ഭ്രാന്താലയത്തിലെ ഭക്ഷണത്തിന്റെ ഓഹരി പറ്റും. 

ആകാശത്തിൽ എഡിറ്റിംഗ് നടത്തിയാൽ എങ്ങനെ ഉണ്ടാകും? അതുപോലെതന്നെയാണ് നോവലിലെ കഥാപാത്രങ്ങളുടെ ജീവിതവും. അതുപോലെതന്നെയാണ് എഡിറ്റ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന അഷ്‌റഫിന്റെ തിരക്കഥയും. ആകാശത്തിൽ എഡിറ്റിംഗ് അസാധ്യമാകുന്നതു പോലെ നീണ്ടു പരന്നു ജീവിതമായി കിടക്കുന്ന ഇദ്രിസിന്റെയും നദിയുടേയും ഒന്നും കഥ എഡിറ്റിങ്ങിനു വഴങ്ങുന്നതല്ല. 

ഭ്രാന്താശുപത്രിയിൽ നിന്നാണ് അയാൾ തന്റെ സിനിമയ്ക്ക് കഥ എഴുതിത്തുടങ്ങുന്നത്. എങ്ങനെ അയാൾ ഭ്രാന്താശുപത്രിയിൽ ആയി എന്നതിന്റെ ഉത്തരം കിട്ടിയാൽ ഇദ്രിസ് എന്തിന് കൊല്ലപ്പെട്ടു, നദി എന്നു പേരുള്ള യുവാവ് എന്തിന് ആത്മഹത്യ ചെയ്തു എന്നിവയ്ക്കും ഉത്തരം കിട്ടും. ഒരുപക്ഷേ ആ ഉത്തരം ലഭിക്കുന്നതിനു വേണ്ടിക്കൂടിയാണ് അയാൾ ആ തിരക്കഥ എഴുതുന്നതും. എന്നാൽ പല ഉത്തരങ്ങളിൽപെട്ട് ഒടുവിൽ അതിന്റെ ഉത്തരമില്ലായ്മകളിൽ അയാൾ വന്നടിയുന്നു. ഒരു ഭ്രാന്തന്റെ ഡയറിക്കുറിപ്പുകളായി ഇതിനെ വായിക്കാനാകും. ഒരുപക്ഷേ വായിക്കുന്നവരിലേക്കും പകരുന്ന അവസ്ഥയായി ഭ്രാന്ത് മാറപ്പെടുകയും ചെയ്യും.

ഒരു കോളജ് മാഗസിൻ പുറത്തിറങ്ങാൻ പോകുന്നു, അതിൽ ഉള്ളത് സഖാവ് ഇദ്രിസിന്റെ ജീവിതവും കൊലപാതകവുമാണ്. അതുകൊണ്ടുതന്നെ ആ മാഗസിൻ നിരോധിക്കപ്പെടുന്നു. . ഒരു രാത്രിയിൽ പലരാൽ ഇദ്രിസ് ക്രൂരമായി കൊല്ലപ്പെടുകയായിരുന്നു. ഇദ്രിസിന്റെ മരണം അറിഞ്ഞിട്ടാണോ എന്തോ, നദി എന്ന യുവാവ് ആത്മഹത്യ ചെയ്തിരിക്കുന്നു. ഇതറിഞ്ഞ ഒരുവന് ഭ്രാന്ത്‌ പിടിച്ചിരിക്കുന്നു. നദി എന്തിനാവും ആത്മഹത്യ ചെയ്തിട്ടുണ്ടാവുക ! അവന്റെ കാമുകി ഉപേക്ഷിച്ചു പോയതു കൊണ്ടോ, അവന്റെ മുകളിൽ മാവോയിസ്റ്റ് എന്ന് ചാപ്പ കുത്തി പൊലീസ് അറസ്റ്റ് ചെയ്തതു കൊണ്ടോ, അതിന്റെ പേരിൽ പരിഹസിക്കപ്പെടുന്നതു കൊണ്ടോ, അറസ്റ്റിന്റെ പേരിൽ പെങ്ങൾക്കു വന്ന വിവാഹാലോചന മുടങ്ങിയതു കൊണ്ടോ ? കാരണം കൃത്യമായി ആർക്കും അറിയില്ല, പക്ഷേ ഇദ്രിസിന്റെ കൊലപാതകത്തിനു പിന്നാലെ ഉത്തരം അന്വേഷിച്ച് അവൻ ഒരുപാടു നടന്നിരുന്നു. ഒടുവിൽ ഉത്തരം കിട്ടാതെ അവൻ കഥാവശേഷൻ എന്ന സിനിമയിലെ നായകനെ പോലെ പെട്ടെന്ന് അങ്ങ് ഇല്ലാതായി. ഒരുക്ഷേ ഇദ്രിസിന്റെ കൊലപാതകത്തെക്കാൾ ചങ്കു നോവിക്കുക നദിയുടെ ആത്മഹത്യ തന്നെ ആവും. 

അധികാരം പേറുന്ന സമൂഹം, അത് ഏതു പാർട്ടി ആണെങ്കിലും തനിക്കെതിരെ ശബ്ദിക്കുന്ന മനുഷ്യരുടെ കാലൻ തന്നെ. എഴുത്തും ലഘു രേഖകളും കോളജ് മാഗസിനുകളും എല്ലാം വെറും കാരണങ്ങൾ മാത്രം, ഫാസിസം എന്നതിന്റെ പര്യായം വർഗീയത എന്നു മാത്രമല്ല അസഹിഷ്ണുത എന്നുമാണ് എന്ന് ഇദ്രിസിന്റെ മരണം പറഞ്ഞു തരുന്നു. ആവിഷ്കാര സ്വാതന്ത്ര്യം എന്നത് ഏതു സമയവും പിഴുതു മാറ്റപ്പെടാവുന്ന വെറും രോമങ്ങൾക്ക് സമമാകുമ്പോൾ അതിനു വേണ്ടി സമരം നയിക്കുന്നവർ കൊല്ലപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തേക്കാം. ചിലർക്ക് ഭ്രാന്ത്‌ പിടിപെട്ടേക്കാം. 

ഭ്രാന്തന്റെ ജല്പനങ്ങൾ ആണ് ആ തിരക്കഥ എന്ന് ഡോക്ടർമാർ വിലയിരുത്തുമ്പോഴും അഷ്റഫിന് അത് താൻ ഏറ്റവും നോർമൽ ആയിരിക്കുമ്പോൾ എഴുതിയ ഓർമകളാണ്. ഇതിലെ ഏത് കഥാപാത്രം ആണ് ജിംഷാർ...  നദി എന്നത് എനിക്കും പരിചയമുള്ള ഒരു പേരാണല്ലോ. ഇദ്രിസ് എന്നതിന് നേരെ മറ്റു ചില പേരുകൾ ചേർക്കാം. അവർ ഇരകളാക്കപ്പെട്ടവരാണ്. അവർ ഇനിയും ആവർത്തിക്കപ്പെട്ടു കൊണ്ടിരിക്കും പേരും മുഖവും മാത്രമേ മാറുന്നുള്ളൂ, കാരണങ്ങൾ അവ തന്നെ. ജിംഷാർ ഭയക്കുക തന്നെ വേണം ചില വിട്ടു പോയ ഭാഗങ്ങൾ പൂരിപ്പിച്ചതിന്... 

അതുകൊണ്ടാകണം അയാളെ ഓർത്തും ഞാൻ ആധിപ്പെടുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA