sections
MORE

ചരിത്രത്തില്‍നിന്നു പുറത്താക്കപ്പെട്ടവരുടെ ചരിത്രവുമായി എംജിഎസ്

HIGHLIGHTS
  • പുതിയ കാലം വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യേണ്ട പ്രൗഢമായ ഗ്രന്ഥം
mgs-p
SHARE
എം.ജി.എസ്. നാരായണന്‍

കറന്റ് ബുക്സ്, തൃശൂര്‍

വില 300 രൂപ രൂപ

ചരിത്രം അസംബന്ധമല്ല, പ്രത്യേകിച്ചും ഇന്ത്യാചരിത്രം. പക്ഷേ, പലപ്പോഴും സ്കൂളുകളിലും കോളജുകളിലും പഠിപ്പിക്കാന്‍ ഇംഗ്ളിഷില്‍ എഴുതിവയ്ക്കുന്ന ചരിത്രപാഠങ്ങള്‍ അസംബന്ധമാണെന്നു വാദിക്കുന്നു പ്രസിദ്ധ ചരിത്ര ഗവേഷകനായ എംജിഎസ് നാരായണന്‍. ചരിത്രം എന്ന പേരില്‍ എഴുതിവച്ചിരിക്കുന്ന പല പ്രസ്താവനകളും ചരിത്രത്തോടു വെറുപ്പു തന്നെ തോന്നിപ്പിക്കുന്നവയുമാണെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. 

ചരിത്രം ആരുടെയും കുത്തകയല്ല. ഒരോ തലമുറയും ഓരോ വിഭാഗവും അവര്‍ക്കിഷ്ടപ്പെട്ടരീതിയിലാണ് കഴിഞ്ഞകാലത്തെ നോക്കിക്കാണുന്നത്. ഉണ്ടായതിനെ ഇല്ലാതാക്കാനും ഇല്ലാത്തതിനെ ഉണ്ടാക്കാനും ആര്‍ക്കും സ്വാതന്ത്ര്യവുമില്ല. പക്ഷേ, ഉണ്ടായിരുന്നതില്‍ ഏതുവശത്തെയാണ് ശ്രദ്ധിക്കേണ്ടത്, ഓരോന്നിനോടും എന്തു മനോഭാവമാണ് കൈക്കൊള്ളേണ്ടത് എന്നൊക്കെ ഓരോരുത്തരും തീരുമാനിക്കുന്നു. ജിജ്ഞാസ, വൈകാരികാനുകൂല്യം, പ്രായോഗികലാഭം, ശാസ്ത്രീയാപഗ്രഥനാപാടവം ഇങ്ങനെ പല ഘടകങ്ങളും ഭൂതകാലത്തിലേക്ക് നയിക്കാറുണ്ട്. അവയൊക്കെ വര്‍ത്തമാന-ഭാവി താല്‍പര്യങ്ങളുടെ ഉപോല്‍പന്നങ്ങളുമാണ്. അതായത് ചരിത്രം സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളുമായി കൂടിക്കുഴഞ്ഞു കിടക്കുന്നു. ഇതംഗീകരിച്ചുകൊണ്ടുവേണം ചരിത്രം പഠിക്കാനും മനസ്സിലാക്കാനും. 

ചരിത്രപാഠങ്ങളെ വികലമാക്കുന്നത് പലപ്പോഴും അന്ധമായ ആരാധനയും അന്ധമായ നിന്ദയുമാണെന്നു പറയുന്നു എംജിഎസ്. ബുദ്ധിശൂന്യമായ ചിന്താഗതികളും പ്രതിസ്ഥാനത്തുതന്നെയുണ്ട്. വൈദികാര്യന്‍മാരുടെ വിക്രിയകള്‍ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. വിദൂരകാലഘട്ടത്തിലെ അവരുടെ ആചാരങ്ങളെക്കുറിച്ചും ആരാധനാരീതികളെക്കുറിച്ചുമുള്ള വിസ്തരിച്ച കീര്‍ത്തനങ്ങള്‍ അദ്ദേഹവും ചരിത്രപുസ്തകങ്ങളില്‍ പഠിച്ചിട്ടുണ്ട്. ഇത് ആ വൈദികാചാര്യന്‍മാരുടെ പിന്‍ഗാമികളെന്നു നടിക്കുന്നവര്‍ക്ക് പ്രിയങ്കരമായി തോന്നാം. എന്നാല്‍ ഭൂരിഭാഗം വരുന്ന ഇന്ത്യക്കാര്‍ക്ക് ഒരു താല്‍പര്യവും തോന്നില്ല. കറുത്തവര്‍, വൈദിക ഗോത്രങ്ങളില്‍ ഉള്‍പ്പെടാത്തവര്‍, മ്ളേഛരായും ദസ്യുക്കളായും കരുതി പുറത്തുനിര്‍ത്തിയിരിക്കുന്നവരുടെ അനന്തരാവകാശികള്‍ക്ക് ഒരു സ്നേഹവും തോന്നാത്ത ചരിത്രം. തങ്ങളുടെ പൂര്‍വ്വികന്‍മാരെ അടിച്ചമര്‍ത്തിയവരോട് വിദ്വേഷവും അടിച്ചമര്‍ത്തപ്പെട്ടവരോട് സഹാനുഭൂതിയുമാണ് സ്വാഭാവികയും തോന്നുക. ഈ സാഹചര്യത്തില്‍ എങ്ങനെ നിഷ്പക്ഷമായി ചരിത്രം പഠിപ്പിക്കുമെന്നും എംജിഎസ് ചോദിക്കുന്നു. 

ജാതിയുടെ കാര്യത്തില്‍ മാത്രമല്ല, മതം, സാമ്പത്തികവര്‍ഗ്ഗം, പ്രദേശം എന്നിവയുടെ കാര്യത്തിലും പക്ഷപാതങ്ങള്‍ക്ക് സ്ഥാനമുണ്ട്. അതിനാല്‍ ഭൂരിപക്ഷം വിദ്യാര്‍ഥികളുടെ വിജ്ഞാനദാഹത്തിനുമുന്നില്‍ ഒളിച്ചുകളി നടത്തി അവരെ മണ്ടന്‍മാരാക്കി നിര്‍ത്തി വിദ്യാഭ്യാസം തുടരാന്‍ കഴിയില്ല. അതിനു തിരിച്ചടിയുണ്ടാകുമെന്നും ഉറപ്പ്. അസുഖകരമായ സത്യങ്ങളും പരാജയങ്ങളും പക്ഷപാതങ്ങളും ദൗര്‍ബല്യങ്ങളും നിറഞ്ഞ ചരിത്രത്തെ മിനുക്കിത്തേച്ച് ഒരു കാപട്യമായി പ്രദര്‍ശിപ്പിക്കുന്നവനായിരിക്കരുത് ചരിത്രകാരന്‍. ചരിത്ര അധ്യാപകനും. അന്യരെ വഞ്ചിക്കുന്നവര്‍ കാലക്രമത്തില്‍ സ്വയം വഞ്ചിക്കും. പുറത്താക്കപ്പെട്ടവരെകൂടി ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചരിത്രമാണ് ഇന്നത്തെയും എന്നത്തെയും ആവശ്യം. അങ്ങനെയൊരു ചരിത്രം എങ്ങനെ രചിക്കുമെന്നും പഠിപ്പിക്കുമെന്നും പഠിക്കുമെന്നും എംജിഎസ് നീതിയുക്തമായി വിശദീകരിക്കുന്നുണ്ട് ചരിത്രത്തില്‍നിന്നു പുറത്താക്കപ്പെട്ടവര്‍ എന്ന ലേഖനത്തില്‍. ഈ ലേഖനം ഉള്‍പ്പെടെ വിവിധ മേഖലകളെക്കുറിച്ച് അദ്ദേഹം പല കാലത്തില്‍ എഴുതിയ പണ്ഡിത ലേഖനങ്ങളുടെ സമാഹാരമാണ് കവിത, കമ്മ്യൂണിസം, വര്‍ഗ്ഗീയത എന്ന പുതിയ പുസ്തകം. 

മലയാളിയുടെ വായനാലോകത്തിന് ആമുഖം ആവശ്യമില്ലാത്ത എംജിഎസ് സാഹിത്യ-സാമൂഹിക ചിന്തകളുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. കവിതാ പഠനമാണ് ആദ്യഭാഗം. കവിതയും കഥയുമെഴുതുകയും എഴുത്തുകാരനാകുന്നതില്‍ പരാജയപ്പെടുകയും ചെയ്തു എന്നു സ്വയം സമ്മതിക്കുന്ന ചരിത്രഗവേഷകന്റെ വേറിട്ട മുഖം കാണിച്ചുതരുന്ന നിരൂപണങ്ങളുടെയും വിമര്‍ശനങ്ങളുടെയും സൂര്യതേജസ്സ് വ്യക്തമാക്കുന്ന ഗംഭീര ലേഖനങ്ങള്‍. ഒരിക്കല്‍ വള്ളത്തോളിനെ നിശിതമായി വിമര്‍ശിക്കുകയും പിന്നീട് തെറ്റ് ബോധ്യപ്പെട്ട് വള്ളത്തോളിന്റെ ആരാധകനായി മാറുകയും ചെയ്തയാളാണ് എംജിഎസ്. വള്ളത്തോളും കുമാരനാശാനും എഴുത്തഛനും മുതല്‍ ഇടശ്ശേരിയും സി.ജെ.തോമസും ഉള്‍പ്പെടെയുള്ളരുടെ സാഹിത്യസംഭാവനകളെ എംജിഎസ് വിലയിരുത്തുന്നുണ്ട് ആദ്യഭാഗത്തിലെ ലേഖനങ്ങളില്‍. 

ചരിത്ര പഠനത്തെക്കുറിച്ചുള്ള ആശയങ്ങളും പ്രസ്ഥാനങ്ങളുടെ നന്‍മ, തിന്‍മകളും വിശകലനം ചെയ്യുകയാണ് രണ്ടാം ഭാഗത്തില്‍. വ്യക്തികളെക്കുറിച്ചുള്ള സ്മരണകളും എം.എന്‍.കാരശ്ശേരിയുമായുള്ള അഭിമുഖവുമാണ് മൂന്നാം ഭാഗം. പുതിയ കാലം വായിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യേണ്ട പ്രൗഢമായ ഗ്രന്ഥമാണ് എംജിഎസ് എന്ന കേരളത്തിലെ ഏറ്റവും പ്രഗത്ഭനായ ചരിത്രഗവേഷകന്റെ ലേഖനങ്ങള്‍. പുതിയ വെളിച്ചവും തെളിച്ചവും പ്രദാനം ചെയ്യുന്ന പ്രകാശം നിറഞ്ഞ ലേഖനങ്ങള്‍. പുതിയ വെളിപാടുകളിലേക്കും ഉള്‍ക്കാഴ്ചകളിലേക്കും നയിക്കുന്നവ. മലയാള സാഹിത്യ-ചരിത്ര പഠന ഗവേഷണത്തിന് ഒരു മുതല്‍ക്കൂട്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA