sections
MORE

ഇനിയുമെത്ര ജന്മദൂരം നിന്നിലേക്കെത്തുവാന്‍?

HIGHLIGHTS
  • ആഴത്തില്‍ മരണം അനുഭവിപ്പിക്കുന്ന കവിതകൾ
  • പ്രണയത്തെ ആഴത്തില്‍ അറിഞ്ഞുകൊണ്ട് വിരഹത്തിന്റെ വേദനയിലേക്കു നയിക്കുന്നു.
ottamurivu
SHARE
സോഫിയ ഷാജഹാന്‍

ഡിസി ബുക്സ്

വില 95 രൂപ രൂപ

ജീവിതത്തെ അഗാധമായി സ്നേഹിക്കുന്നതിനാല്‍ മരണത്തെയും സ്നേഹിക്കുന്നു എന്ന് അര്‍ഥമുള്ള വരികള്‍ കുറിച്ചിട്ടുണ്ട് വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോര്‍. ജീവിതത്തിന്റെ പുഴയോരത്ത് കാത്തുനില്‍ക്കുമ്പോള്‍ സ്നേഹത്തോടെ സമീപിക്കുന്ന തോണിക്കാരനാണു മരണം. രാത്രിയുടെ നിഴലുപോലുള്ള തോണിക്കാരനും വെള്ളമുലയാതെയെത്തുന്ന തോണിയും നക്ഷത്രാങ്കിത ആകാശവും നിറഞ്ഞ രാത്രിയാത്ര. ടാഗോറിന്റെ വരികള്‍ മലയാളത്തിലേക്കു മൊഴിമാറ്റിയ ജീവനസംഗീതത്തിന്റെ കവി ജി.ശങ്കരക്കുറുപ്പിന് മരണം മുരളീരാഗ മധുരമുഖനാം യാത്രികനാണ്. അവന്‍ വരുമ്പോള്‍, വിളിക്കുമ്പോള്‍ യാത്ര പറയാതെ, വാതില്‍ ചാരാതെ കൂടെയിറങ്ങിപ്പോകാനുള്ള കാത്തിരിപ്പാണു ജീവിതം. പ്രേമസാക്ഷിയായ സ്നേഹത്തിന്റെ മഴ നിര്‍ത്താതെ തലയിട്ടടിക്കുന്ന മൂകസാക്ഷിയാകുന്നുണ്ട് സുഗതകുമാരിയുടെ വെറുതെ പെയ്യുന്ന രാത്രിമഴയില്‍. ചുവന്ന ചുണ്ടും രാത്രിയുടെ മുടിയിഴകളുമായി അലസഭാവത്തില്‍ എത്തുന്ന മദാലസയായ സുന്ദരിയായി മരണം കടന്നുവരുന്നുണ്ട് എംടിയുടെ രണ്ടാമൂഴത്തില്‍. മരണം മണക്കുന്ന എത്രയോ വരികള്‍. മരണത്തിന്റെ തണുപ്പ് അനുഭവിപ്പിക്കുന്ന വിവരണങ്ങള്‍. വിവശരാക്കുന്ന, നിസ്സഹായരാക്കുന്ന ഉന്‍മാദനിമിഷങ്ങള്‍. 

മരണം ഇപ്പോഴിതാ മഴയായി പെയ്യുന്നു. കവിതയുടെ തീരാമഴ. സോഫിയ ഷാജഹാന്റെ ഒറ്റമുറി(വ്) എന്ന കാവ്യ സമാഹാരത്തിലൂടെ. പുതിയ തലമുറയിലെ ഒരു കവിയുടെ ഈ കവിതാ സമാഹാരം പുതിയ കാലത്തെ മറ്റേതു പുസ്തകത്തേക്കാളും ആഴത്തില്‍ മരണം അനുഭവിപ്പിക്കുന്നു; ജീവിതത്തെ മുറുകെപ്പുണര്‍ന്നുകൊണ്ട്. പ്രണയത്തെ ആഴത്തില്‍ അറിഞ്ഞുകൊണ്ട് വിരഹത്തിന്റെ വേദനയിലേക്കു നയിക്കുന്നു. 

കൂടിച്ചേരലിന്റെ ആഹ്ളാദത്തിലും വേര്‍പാടിനെ തൊടുന്നു. ഒറ്റമുറിയില്‍ ഒരൊറ്റക്കണ്ണാടിയില്‍ ഒരൊറ്റനോട്ടമായി കൂടിച്ചേരുമ്പോഴും വേര്‍പാടിന്റെ നൊമ്പരത്തെ ഏറ്റുവാങ്ങുന്നു. അനന്തതയിലേക്കു പറക്കുന്ന ഒരേ കടല്‍ക്കാക്കയുടെ ഇരു ചിറകുകളായിരിക്കെത്തന്നെ ഒരൊറ്റ നക്ഷത്രത്തെ ഉള്ളില്‍പ്പേറിക്കൊണ്ട്. 

പ്രണയത്തിന്റെ അതുല്യനിമിഷങ്ങളിലും, വെളിച്ചത്തിന്റെ ഉല്‍സവത്തിലെന്നപോലെ രാത്രി കടന്നുവരുകയാണ്. ജീവിതത്തില്‍ അപൂര്‍ണമാകുന്ന പ്രണയം മരണത്തില്‍ പൂര്‍ണമാകുകയാണ്. അതിശയിപ്പിക്കുന്ന ഭാവഭംഗിയോടെ മരണത്തിനു ജീവിതത്തിന്റെ സുവര്‍ണ കിരീടം സമ്മാനിക്കുകയാണ് സോഫിയ. 

മിഴി പൂട്ടാതെ എന്നെ നോക്കി 

ഏറെ നേരം നീയിരുന്നത് 

നിന്റെ കണ്ണുകളില്‍നിന്ന് 

ഞാന്‍ മായാതിരിക്കാനാണെന്ന് നീ പറഞ്ഞു 

പക്ഷേ, 

കണ്ണുകള്‍ പൂട്ടി നീ എന്നേക്കുമുള്ള 

ഒരോര്‍മയായി 

എന്നില്‍ മാറിയതെന്തേ? 

‘കൊഴിയല്‍’ എന്ന കവിതയില്‍ ദേഹം വിട്ടകന്ന ദേഹിയെപ്പോലെ നിന്റെ ഓര്‍മയെ ഞാന്‍ എന്നില്‍ നിന്നും സ്വതന്ത്രമാക്കുന്നു എന്നെഴുതുന്നുണ്ട് സോഫിയ. നീ മുറിവേല്‍പിച്ച ഹൃദയരക്തത്താല്‍ ചുവന്നുതുടുത്ത റോസാ പുഷ്പമാണെന്ന് ഓര്‍മിപ്പിക്കുകയും. മൗനത്തിന്റെ താഴ്‍വരയില്‍ പുനര്‍ജനിച്ചാലുമില്ലെങ്കിലും ഇനി എനിക്ക് കൊഴിയണം എന്ന ആഗ്രഹത്തിന്റെ പൂര്‍ണതയില്‍ കവിത എത്തിച്ചേരുന്നു.  

‘സ്മൃതിപേടകം’ ഒരു അഭ്യര്‍ഥനയുടെ രൂപത്തിലാണ്. 

നിന്റെ കണ്ണിമകളാല്‍ എന്നെ ബന്ധനത്തിലാക്കുക. 

മൗനം ഉറഞ്ഞുകൂടിയ 

നിന്റെ വാക്കുകളുടെ ഭാരത്താല്‍ 

എന്റെ ഹൃദയമിടിപ്പ് നിലയ്ക്കും വരെ ! 

‘പോകുംമുന്‍പ്’ എന്ന് മറ്റൊരു കവിത. 

നീ പോവുകയെന്നാല്‍ 

മരണമെന്ന് അലമുറയിടുന്നതൊക്കെയും 

തിരിച്ചേല്‍പിക്കുക! 

നിന്നിലുറഞ്ഞ എന്റെ സന്ധ്യകളെ മടക്കിത്തരിക എന്നാണ് ‘നൂലുപട്ടങ്ങള്‍’ എന്ന കവിത ആവശ്യപ്പെടുന്നത്. അന്ത്യകര്‍മങ്ങള്‍ ചെയ്ത് എനിക്കവയെ അടക്കം ചെയ്യേണ്ടതുണ്ട്. മരണത്തിനും ജീവിതത്തിനുമുടയിലെ ഇടുങ്ങിയ ഇടവഴിയുടെ ഭാരമില്ലായ്മയിലും നിന്നെയോര്‍ത്ത് എന്നാണ് മരണാനന്തരം എന്ന കവിത തുടങ്ങുന്നതു തന്നെ. 

അടുത്ത ജന്‍മത്തിന്റെ പടിമേല്‍ ഇറക്കിവച്ച തണുത്ത ചുണ്ടിന്‍മേല്‍ ആദ്യാവസാന ചുംബനം അര്‍പ്പിക്കുന്ന ഈ കവിതകള്‍ ജീവിതത്തിന്റെ ചിതയിലേക്കല്ല നയിക്കുന്നത്. മരണത്തിന്റെ മഹാരാത്രിയിലേക്കുമല്ല. ജീവിതത്തെ അതിജീവിക്കുകയും മരണത്തെ നിഷപ്രഭമാക്കുകയും ചെയ്യുന്ന മഹോന്നത നിമിഷങ്ങളിലേക്ക്. ആ നിമിഷങ്ങളില്‍ മാത്രമല്ലേ നമ്മളുള്ളൂ. ആ നിമിഷങ്ങളില്‍ മാത്രമല്ലേ ജീവിതമുള്ളൂ. ആ ഓര്‍മയിലല്ലേ ജന്‍മദൂരങ്ങള്‍ നാം സഹിക്കുന്നതും... എങ്കിലും ഒരാഗ്രഹം കൂടി.... 

അവസാനം, കൂട്ടിക്കെട്ടുന്ന 

കാല്‍വിരലുകളില്‍ 

ഒന്ന് നിന്റേതും 

മറ്റൊന്ന് എന്റേതും 

ആയിരുന്നെങ്കില്‍! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA