sections
MORE

രാജാവ് നഗ്നനാണെന്നു വിളിച്ചു പറയാൻ മടിയില്ലാത്തവർ...

HIGHLIGHTS
  • ചരിത്രം അനുസരണയുടെ ആനന്ദം മാത്രമല്ല, എതിര്‍പ്പിന്റെ വിമതസ്വരം കൂടിയാണ്.
Neerenkal-cheppedukal
SHARE
എം. നന്ദകുമാര്‍

മാതൃഭൂമി ബുക്സ്

വില 110 രൂപ

കരിമ്പുഴയുടെ തീരത്തുള്ള ‘നിശ്വാസം’ വാട്ടര്‍ തീം പാര്‍ക്. മന്ദമാരുതന്‍, ഒടിച്ചൂറ്റി പൊന്തകളില്‍ വണ്ണാത്തിപ്പുള്ളകളുടെ കുറുകല്‍, ഗുല്‍മോഹര്‍ മരങ്ങള്‍ പൂത്തുകൊഴിയുന്ന കടുംചുവപ്പു വര്‍ണങ്ങള്‍, മണല്‍വാരി ശോഷിച്ച പുഴയിലെ നീര്‍ച്ചുഴികളില്‍ മുങ്ങാങ്കുഴിയിടുന്ന ചപ്പുചവറുകള്‍...  അങ്ങനെയങ്ങനെ പ്രണയത്തിനു യോജിച്ച കീറ്റ്സിയന്‍ കാലാവസ്ഥ.

ഐസ്ക്രീം പാര്‍ലറിലെ ശീതീകരിച്ച ക്യാബിനില്‍ ഇട്ടിയും കുറുമ്പയും കണ്ണോടു കണ്ണുനോക്കി ഇരിക്കുന്നു. ലൂയി കടം തന്നെ ഇരുന്നൂറ്റമ്പതിന്റെ വീരരായന്‍ നോട്ടുമായാണ് ഇട്ടിയുടെ ഇരിപ്പ്. പ്ളാനുകള്‍ പലതുണ്ട്. എങ്കിലും കുറുമ്പയുടെ മധുരക്കൊതി കൂടി തീര്‍ക്കേണ്ടതുണ്ട്. കുറുമ്പയുടെ അപ്പനു ലോണ്‍ പാസ്സാകുമ്പോള്‍ കുറച്ചു വീരരായന്‍ ഒപ്പിക്കാനാവുമോ എന്നും നോക്കണം. സ്വയം മധുരം ത്യജിച്ച് കുറുമ്പയെ മധുരം കൊണ്ടു പൊതിയുകയാണ് ഇട്ടി. 

മധുരം കഴിഞ്ഞപ്പോള്‍ വെയ്റ്റര്‍ പയ്യന്‍ എത്തി. കീശയില്‍നിന്ന് ഇരുന്നൂറ്റമ്പതിന്റെ വീരരായന്‍ ഇട്ടി വലിച്ചെടുത്തു. പക്ഷേ പയ്യന്റെ മറുപടി ഇട്ടിയെ തളര്‍ത്തിക്കളഞ്ഞു. 

ഇത് എടുക്കത്തില്ല ചേട്ടാ... 

സംഗതി ശരിയാണ്. പ്രേമപാരവശ്യത്തില്‍പ്പെട്ടു കുളിച്ചു കുപ്പായമിട്ടു നടന്നപ്പോള്‍ അറിയേണ്ടതൊന്നും അറിഞ്ഞില്ല. പാതിരാത്രിക്ക് അംശം അധികാരിയുടെ കൊലച്ചതി. 250, 550, 1050 വീരരായന്‍ നോട്ടുകള്‍ അസാധുവാക്കിയിരിക്കുന്നു. നോട്ട് കടം തന്ന ലൂയിയെ വിളിച്ചു. ആള്‍ തകര്‍ക്കുകയാണ്: 

നിലവിലുള്ള 250, 550, 1050 വീരരായന്‍ നോട്ടുകളില്‍ കള്ളത്തരം, പഞ്ചായത്തുദ്രോഹം എന്നിവ മുദ്രണം ചെയ്തതായി നാം പ്രഖ്യാപിക്കുന്നു. അതിനാല്‍, കാലന്‍കോഴി കൂവുന്ന ഈ കാളരാത്രി മുതല്‍ നിങ്ങളുടെയൊക്കെ കീശയിലും ബാങ്കിലുമുള്ള നോട്ടുകള്‍ വെറും പീറക്കടലാസുകള്‍ മാത്രം....

ക്ണാശ്ശീരിയില്‍ നീറേങ്കല്‍ അങ്ങാടിയില്‍ ചൂടുകാറ്റായി വീശിയടിക്കുകയാണ് വട്ടര്‍ തീം പാര്‍ക്കില്‍നിന്നുള്ള ഇട്ടിയുടെ നിശ്വാസം. കുറുമ്പ മണിപ്പേഴ്സ് തുറന്ന് അസാധുവല്ലാത്ത ചില്ലറകള്‍ എണ്ണിപ്പെറുക്കി ബില്ല് ഒപ്പിച്ചു. ടിപ്പും. ഗുല്‍മോഹറിന്റെ ചുവന്ന തണലില്‍ സദാചാര ഒളിക്യാമറകളുടെ കണ്ണുവെട്ടിച്ച്, ആന്റി റോമിയോ സ്ക്വാഡുകള്‍ക്കു പിടികൊടുക്കാതെ ഇട്ടിയും കുറുമ്പയും ഒരു ചുംബനത്തില്‍ ഒന്നാകുമ്പോള്‍ ഒരു ചെമ്പോല പൂര്‍ത്തിയാകുന്നു. നീറേങ്കല്‍ ചെപ്പേടുകളിലെ പതിനഞ്ചാം ചെമ്പോല. 

ക്ണാശ്ശീരി ഏതു നാടാണെന്നു ചോദിക്കരുത്. നീറേങ്കല്‍ അങ്ങാടിയും. ക്ണാശ്ശീരിയുടെ കഥയും നീറേങ്കലിന്റെ ചരിത്രവും സാങ്കല്‍പികമാണെന്ന് രചയിതാവ് ജാമ്യമെടുക്കുന്നില്ല. കഥയും കഥാപാത്രങ്ങളും വെറും ഭാവനയാണെന്ന് അവകാശപ്പെടുന്നുമില്ല. അല്ലെങ്കില്‍ത്തന്നെ യാഥാര്‍ഥ്യത്തെ കഥയില്‍ ഒളിപ്പിക്കാനാവുമോ. കഥയെ കഥയില്ലായ്മയാക്കി മാറ്റാനാവുമോ... നീറേങ്കല്‍ ചെപ്പേടുകളില്‍ കഥയുണ്ട്; യാഥാര്‍ഥ്യവും. കാലമുണ്ട്; കാലനും. ചരിത്രമുണ്ട്; വര്‍ത്തമാനവും. ഭൂതമുണ്ട്; ഭാവിയും. ആസുരമായ കാലത്തിനും വിധിക്കപ്പെട്ടിരിക്കുന്ന (അ)നീതിക്കുമെതിരെ കറുത്ത ഹാസ്യത്തില്‍ കുഞ്ചന്റെയും വികെഎന്നിന്റെയും പിന്‍ഗാമി നടത്തുന്ന അക്ഷരങ്ങളുടെ യജ്‍ഞമാണ് നിറേങ്കല്‍ ചെപ്പേടുകള്‍. ഹോമിക്കപ്പെടുന്നത് ആശയങ്ങള്‍. യാഗശാലയില്‍ ആളിക്കത്തുന്നത് ക്ണാശ്ശീരിക്കാര്‍ പ്രകടിപ്പിക്കാന്‍ കാത്തുവച്ച വികാരവിചാരങ്ങള്‍. പുറത്തേക്കു പടരുന്ന ഹോമപ്പുകയില്‍പ്പോലുമുണ്ട് ആക്ഷേപഹാസ്യത്തിന്റെ കറുപ്പ്. വ്യത്യസ്തമായി ചിന്തിക്കുന്ന എഴുത്തുകാരനില്‍നിന്നു കാലം ചോദിച്ചുവാങ്ങുന്ന കറുപ്പ്. ചിന്തകളെ ശരിയായ ദിശയിലേക്കു വഴിതിരിച്ചുവിടുന്ന പ്രകോപനങ്ങള്‍. 

നോട്ട് അസാധുവാക്കല്‍ വര്‍ത്തമാനകാലത്തില്‍ നിന്നു കടംകൊണ്ട യാഥാര്‍ഥ്യമായിരുന്നെങ്കില്‍ വൃത്തമഞ്ജരിയെക്കുറിച്ച് ഡല്‍ഹിയില്‍ പ്രബന്ധം അവതരിപ്പിക്കാന്‍പോയ പെന്‍ഷന്‍പറ്റി പിരിഞ്ഞ അധ്യാപകനായ നാപ്പുണ്ണി നടുറോഡില്‍ നടക്കുന്ന കേകയും കാകളിയുമോ ? പത്രവിതരണക്കാരന്‍ രാമുവിന്റെ കൊലപാതകമോ? ആരാണു രാമുവിനെ കൊന്നത്? എന്തിന്? എങ്ങനെ? 

ഉത്തരമില്ലാത്ത ചോദ്യങ്ങളിലൂടെ, നീറേങ്കലിന്റെ ചെപ്പേടുകളിലൂടെ, ചെമ്പോലകളിലൂടെ എം. നന്ദകുമാര്‍ സൃഷ്ടിക്കുന്നത് പുതിയൊരു ഭാവുകത്വം. ആശയത്തെ ആശയം കൊണ്ടു നേരിടുന്ന കടുത്ത ഗൗരവത്തിനുപകരം തല കീഴായി നോക്കുമ്പോള്‍ കാണുന്ന കാഴ്ചകളുടെ ലാഘവമാണ് നീറേങ്കല്‍ ചെപ്പേടുകളെ വ്യത്യസ്തമാക്കുന്നത്. അധികാരത്തെ മാലിന്യം കൊണ്ടുനേരിട്ട ധര്‍മപുരാണത്തെപ്പോലെ, അടിയന്തരാവസ്ഥയെ തൊലിയുരിച്ചുകാട്ടിയ വികെഎന്‍ കൃതികളിലെന്നപോലെ വര്‍ത്തമാനകാല രാഷ്ട്രീയത്തിന്റെ അന്ധതയും പൊരുത്തക്കേടുകളും അക്ഷേപഹാസ്യത്തിനു വിധേയമാകുകയാണ്. ചിരിച്ചും ചിരിപ്പിച്ചും പുത്തന്‍ കാഴ്ചപ്പാടുകളിലേക്കു നയിക്കുന്ന പുതിയൊരു രസതന്ത്രമാണ് നന്ദകുമാര്‍ പയറ്റുന്നത്. അതുകൊണ്ടുതന്നെ നീറേങ്കല്‍ ചെപ്പേടുകളുടെ വിജയം കാലത്തിന്റെ ആവശ്യം കൂടിയാണ്. 

രാജാവ് ന്ഗ്നനാണെന്നു വിളിച്ചുപറയുന്ന ശൈശവ നിഷ്കളങ്കത കൂടി നഷ്ടപ്പെട്ടാല്‍ കാത്തിരിക്കുന്നത് ഇരുട്ട് മാത്രമായിരിക്കും. അധികാരത്തിനുവേണ്ടിയുള്ള കിടമത്സരങ്ങളുടെ, ലഭിച്ച അധികാരം നിലനിര്‍ത്താനുള്ള കുതികാല്‍വെട്ടുകളുടെ, അധികാര സോപാനങ്ങളിലിരിക്കുന്നവരെ സ്തിതുച്ചുപാടുന്ന വാഴ്ത്തുപാട്ടുകാരുടെ വായ്ത്താരികളുടെ ഒറ്റശ്രുതി മാത്രം. നിറേങ്കല്‍ ചെപ്പേടുകള്‍ ശ്രുതിഭംഗമാണ്. രാജസദസ്സില്‍ വധശിക്ഷ പോലും പേടിക്കാത്ത ബുദ്ധിയുള്ള ഭ്രാന്തന്റെ കൂവലുകളാണ്. ചരിത്രം രാജശാസനങ്ങള്‍ മാത്രമല്ലല്ലോ; കൂവലുകളും കൂടിയാണ്. അനുസരണയുടെ ആനന്ദം മാത്രമല്ലല്ലോ; എതിര്‍പ്പിന്റെ വിമതസ്വരം കൂടിയല്ലേ. 

നീറേങ്കല്‍ ചെപ്പേടുകളെ നമുക്ക് കാത്തുസൂക്ഷിക്കണം. നല്ലൊരു വരുംകാലത്തിന് ഇത്തരം ചെപ്പേടുകള്‍ ആവശ്യമാണ്. നമ്മുടെ ആശയങ്ങളും ആശയസമരങ്ങളും നിലനിര്‍ത്താന്‍, ചിരിയും കളിയാക്കലും മായാതിരിക്കാന്‍, അധികാരികള്‍ അനുവദിച്ചുതരുന്ന കാഴ്ചകള്‍ക്കപ്പുറവും വേറൊരു കാഴ്ചയുണ്ടെന്നു ബോധ്യപ്പെടുത്താന്‍.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA