sections
MORE

ഇത് നിലയ്ക്കാത്ത യുദ്ധങ്ങളുടെ കഥ...

HIGHLIGHTS
  • ഓര്‍മകളിലൂടെ കഥ പറയുന്ന രീതിയിലൂടെയാണ് നോവല്‍ ആരംഭിക്കുന്നത്.
  • മനോഹരമായ വിവരണങ്ങളാണ് ഈ നോവലിന്റെ ഭംഗി.
the-end-of-wars-p
SHARE
അഭിലാഷ് ഫ്രേസർ

ബ്ലൂറോസ് പബ്ലിഷേഴ്‌സ്

വില 204 രൂപ

ആത്മാവില്‍ മുറിവേറ്റൊരാളുടെ ചെറുതും വലുതുമായ യുദ്ധപരമ്പരകളുടെ കഥ എന്നാണ് തന്റെ പുതിയ ഇംഗ്ലീഷ് നോവലായ 'ദി എൻഡ് ഓഫ് വാർസിന്' മലയാളിയായ നോവലിസ്റ്റ് അഭിലാഷ് ഫ്രേസർ കൊടുക്കുന്ന നിര്‍വചനം. എല്ലാ യുദ്ധവും ആദ്യം ആരംഭിക്കുന്നത് മനസ്സിലാണ്. ആത്മാവിലും മനസ്സിലും യുദ്ധം കൊണ്ടു നടക്കുന്നവര്‍ ഏറെയുള്ള ഈ ലോകത്തില്‍ രണഭൂമികള്‍ക്കപ്പുറം ജീവിതം പലപ്പോഴും യുദ്ധഭൂമികയായി മാറുന്നുണ്ട്. ഓരോ ബന്ധവും യുദ്ധമാകുന്നുണ്ട്. യുദ്ധം ഒരു മനസ്ഥിതിയാണ്. കലുഷിതമായ നമ്മുടെ കാലം അത് വ്യക്തമായി കാണിച്ചു തരുന്നുണ്ട്. ഈ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തിലാണ് അഭിലാഷ് ഫ്രേസര്‍ എന്ന കൊച്ചിക്കാരന്റെ ഏറ്റവും പുതിയ ഇംഗ്ലിഷ് നോവല്‍ 'ദി എൻഡ് ഓഫ് വാർസ്' പ്രസക്തമാകുന്നത്. 

ബാല്യത്തില്‍ അമ്മയുടെ മരണത്തോടെ ആത്മാവില്‍ മുറിവേറ്റ് ആഴമായ ഏകാന്തത അനുഭവിക്കുന്നവനാണ് കഥയിലെ നായകന്‍. ജീവിതത്തിലെ പ്രതിസന്ധികള്‍ അയാളെ പൊരുതാന്‍ പ്രാപ്തനാക്കുന്നു. പക്ഷേ, യുദ്ധം പതുക്കെ പതുക്കെ അയാളുടെ ആത്മാവിലേക്ക് കയറിക്കൂടുന്നത് അയാള്‍ തിരിച്ചറിയുന്നില്ല. ജീവിതത്തെ അതിജീവിക്കാനുള്ള ആയുധമായി സ്വയം കണ്ടെത്തുന്ന പ്രതിരോധമാര്‍ഗമാണ് അലക്‌സാണ്ടറിന് പോരാളിയുടെ മനസ്സ്. എന്നാല്‍ ഈ യുദ്ധമനസ്ഥിതി ക്രമേണ വന്യമായ ഒരു ചേതനയായി പരിണമിക്കുന്നു. അതിനിടെ അയാള്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ സൈനികനായി ചേരുന്നു. പക്ഷേ, യുദ്ധം കഴിഞ്ഞിട്ടും അയാളിലെ വന്യസ്വഭാവിയായ പോരാളി വിട്ടു പോകുന്നില്ല. അയാളുടെ ജീവിതത്തിന്റെ സമസ്ത മേഖലകളും ഒരു യുദ്ധമായി മാറുന്നു. 

ആയിരത്തി തൊള്ളായിരത്തി നാൽപത്, അമ്പത് കാലഘട്ടത്തിലെ വൈപ്പിന്‍ ദ്വീപും കൊച്ചിയുമാണ് നോവലിന്റെ പ്രധാന ഭൂമിക. ആസ്സാമും ബ്രഹ്മപുത്രാ നദിയുമെല്ലാം ഒരു മിന്നായം പോലെ വന്നു പോകുന്നുണ്ട്. ലോകമഹായുദ്ധത്തെയും ഹിറ്റ്‌ലറെയുമെല്ലാം ദ്വീപുകാര്‍ നോക്കി കണ്ട രീതിയും ഗ്രാമ്യമായ അഭിപ്രായ രൂപീകരണവുമെല്ലാം നോവലില്‍ പരാമര്‍ശ വിഷയമാകുന്നുമുണ്ട്.    

ഓര്‍മകളിലൂടെ കഥ പറയുന്ന രീതിയിലൂടെയാണ് നോവല്‍ ആരംഭിക്കുന്നത്. ജീവിതം ദുര്‍ഘട സന്ധിയില്‍ പെട്ടു കിടക്കുമ്പോള്‍ ജീവിതധ്യാനം ഓര്‍മയിലൂടെ ഇതള്‍ വിരിയുകയാണ്. ഓര്‍മകള്‍ അവസാനിക്കുന്നിടത്ത് വെളിപാടിന്റെ പൂക്കള്‍ വിരിയുന്നു. കൊച്ചി നേവല്‍ ബേസ് ആശുപത്രിയില്‍ കാല്‍ മുട്ടിന് കീഴെ മുറിച്ച് കിടക്കുമ്പോള്‍ ലഡാക്കിലെ യുദ്ധഭൂമി പേക്കിനാവില്‍ കാണുന്നതോടെയാണ് നോവല്‍ ആരംഭിക്കുന്നത്. 

അമ്മയുടെ മരണമാണ് അലക്‌സാണ്ടറിനെ ആത്മാവില്‍ അനാഥനാക്കുന്നത്. അമ്മയില്‍ നിന്നകലുന്തോറും അയാളിലെ നന്മകളുടെ അമ്മിഞ്ഞയുടെ ഉറവകള്‍ വറ്റി വറ്റി പോകുന്നു. എങ്കിലും, എല്ലാ വന്യതയിലും അയാള്‍ ഒരു മയില്‍പീലി ആരും കാണാതെ കൊണ്ടു നടക്കുന്നുണ്ട്. അയാള്‍ ആര്‍ദ്രമായി സ്‌നേഹിച്ചിരുന്ന അമ്മയെ കുറിച്ചുള്ള സ്മരണകളാണത്. മുറവേറ്റ്, രോഗാതുരനായി ആതുരാലയത്തില്‍ ഏകാകിയായി കിടക്കുമ്പോള്‍ ഒരു സുഖദസ്മരണ പോലെ ആ ഓര്‍മകള്‍ വീണ്ടുമുയിര്‍ക്കുന്നത് നോവലിസ്റ്റ് വിവരിക്കുന്നുണ്ട്.

മനോഹരമായ വിവരണങ്ങളാണ് ഈ നോവലിന്റെ ഭംഗി. നദിയോരത്തുള്ള ദ്വീപുജീവിതവും, കടല്‍യാത്രകളുടെ ആവശേവും ആസാമിലേക്കുള്ള യാത്രയില്‍ കാണുന്ന മോഹക്കാഴ്ചകളും ബ്രഹ്മപുത്രാ നദിയുമെല്ലാം മിഴിവോടെ നോവലിസ്റ്റ് വരച്ചിടുന്നു. 

ഈ നോവലിന്റെ കഥാതന്തു തനിക്ക് ലഭിച്ചത് ഇന്ത്യന്‍ സൈന്യത്തില്‍ സൈനികോദ്യോഗസ്ഥനായി സേവനം ചെയ്ത മാതൃപിതാവില്‍ നിന്നാണെന്ന് അഭിലാഷ് ഫ്രേസര്‍ പറയുന്നു. 'ഇന്ത്യന്‍ ആര്‍മിയില്‍ സൈനികനായിരുന്നു അപ്പൂപ്പന്‍. തോമസ് എന്നായിരുന്നു പേര്. അവസാനകാലത്ത് പ്രമേഹം വന്ന് കാലിലെ മൂന്നുനാല് വിരലുകള്‍ മുറിച്ചു കളഞ്ഞിട്ടും 'പുലി പോലെ' നടന്നിരുന്നു. വല്ലാത്ത ഇച്ഛാശക്തിയായിരുന്നു, ആള്‍ക്ക്. ഇന്ത്യാപാക്ക്, ഇന്ത്യാചീന യുദ്ധങ്ങളില്‍ പങ്കെടുത്ത കഥയെല്ലാം പൊതുവേ എല്ലാ വിമുക്ത ഭടന്‍മാരും പറയുന്ന വിധം അഭിമാനത്തോടെയും അല്‍പം പൊങ്ങച്ചത്തോടെയും വിവരിക്കുമായിരുന്നു. ഒടുങ്ങാത്ത ഒരു യുദ്ധം ആ മനസ്സില്‍ കനലായി കിടക്കുന്നുണ്ടെന്ന് തോന്നിയിരുന്നു, ആ ഭാഷണം കേള്‍ക്കുമ്പോഴെല്ലാം. അദ്ദേഹം മരിക്കും മുമ്പ് പറയുമായിരുന്നു, നീ എന്നെ കുറിച്ചെഴുതണം. ജീവിതകാലത്തൊന്നും എഴുതാന്‍ കഴിഞ്ഞില്ല. മരിച്ച് പിന്നെയും ഏറെ കഴിഞ്ഞാണ് ഡയറിക്കുറിപ്പ് എഴുതുന്നത് പോലെ 'The End of Wars' എന്ന നോവല്‍ എഴുതുന്നത്. പൂര്‍ണമായും അപ്പൂപ്പന്റെ കഥയല്ല. അദ്ദേഹം രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തിട്ടൊന്നുമില്ല. കുറേ ഭാവനയുണ്ട്. എനിക്ക് എത്തിപ്പിടിക്കാന്‍ കഴിയാത്ത കാലത്തെ നെയ്‌തെടുക്കുമ്പോള്‍ ഭാവനയെ കൂട്ടു പിടിക്കാതെ നിര്‍വാഹമില്ലല്ലോ. ജീവിതം തന്നെ യുദ്ധമാക്കി മാറ്റിയ ഒരാളുടെ ആത്മാവില്‍ കയറി കഥ പറയാനുള്ള ഒരു എളിയ ശ്രമമാണ് ഇങ്ങനൊരു പുസ്തകമായി പരിണമിച്ചത്.'

‍ഡല്‍ഹിയിലെ ബ്ലൂറോസ് പബ്ലിഷേഴ്‌സ് പുറത്തിറക്കിയിരിക്കുന്ന ഈ നോവല്‍ ആമസോണ്‍, ഫ്ലിപ്കാര്‍ട്ട്,  ഷോപ്ക്ലൂസ് തുടങ്ങിയ പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലൂടെ ലോകവ്യാപകമായി വിതരണത്തിനുണ്ട്. വില 204 രൂപ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA