sections
MORE

കൊലപാതക ശേഷം ഹൈ‍ഡ്രേഞ്ചിയ പൂക്കൾ - വ്യത്യസ്തമായ ഒരു ക്രൈം ത്രില്ലർ

HIGHLIGHTS
  • സീരിയൽ കില്ലർ കൊലപ്പെടുത്തുന്ന സ്ത്രീകളെല്ലാം വീടുകളിൽ ഒറ്റയ്ക്കായിപ്പോകുന്നവരാണ്.
hydrangea
SHARE
ലാജോ ജോസ്

മാതൃഭൂമി

വില–300 രൂപ

ലാജോ ജോസിന്റെ കോഫി ഹൗസ് എന്ന നോവലിൽ നിന്നാണ് ഹൈഡ്രേഞ്ചിയ എന്ന പുതിയ നോവലിൽ എത്തിയത്. ആദ്യത്തെ നോവലിലെ നായികാ കഥാപാത്രമായ എസ്തർ ഇമ്മാനുവേൽ എന്ന പത്രപ്രവർത്തകയുടെ ജീവിതത്തെ കുറച്ചു കൂടി ആഴത്തിൽ ഹൈഡ്രേഞ്ചിയ നോക്കിക്കാണുന്നു. എസ്തറിന്റെ ജീവിതത്തിന്റെ എക്സ്റ്റൻഷൻ ആണ് ലാജോയുടെ രണ്ടാമത്തെ നോവൽ. 

നോവലിന്റെ ചില പ്രസക്ത ഭാഗങ്ങൾ :

-"കോട്ടയം പൊലീസ് മേധാവിയുടെ ഔദ്യോഗിക ഇ മെയിലിലേക്ക് വന്ന ഒരു വീഡിയോ ക്ലിപ്പ് സൈബർസെൽ വീക്ഷിച്ചു. ഏതോ ഒരു സ്ത്രീ അടുക്കളയിൽ ജോലി ചെയ്യുന്നു. ടിവി കാണുന്നു. ആരോ വെളിയിൽനിന്ന് ഷൂട്ട് ചെയ്തതുപോലെ ദൃശ്യങ്ങൾ. പിറ്റേന്ന് ആ സ്ത്രീ സ്വന്തം കിടപ്പുമുറിയിൽ കൊല്ലപ്പെട്ടുകിടന്നു.

അന്വേഷണോദ്യോഗസ്ഥരെ അമ്പരപ്പിച്ചത് കൊലപാതകം നടന്ന കിടപ്പുമുറിയാണ്. ആ മുറിയാകെ അലങ്കരിക്കപ്പെട്ടിരുന്നു. കത്തിത്തീർന്ന വലിയ മെഴുകുതിരികൾ മേശപ്പുറത്തു കാണപ്പെട്ടു. കിടക്കയിലും നിലത്തും വാതിൽക്കലും മറ്റും പൂക്കൾ വിതറിയിരുന്നു – പിങ്ക് ഹൈഡ്രേഞ്ചിയപ്പൂക്കൾ! കഴിഞ്ഞ കൊലപാതകങ്ങൾ പോലെ എല്ലാം കാണപ്പെട്ടു. രക്തം പുരണ്ട കിടക്കവിരി മൂലയിൽ, എരിഞ്ഞുതീർന്ന സുഗന്ധം പരത്തുന്ന മെഴുകുതിരികൾ, വാതിൽക്കൽ തൊട്ട് കിടക്കവരെയും കിടക്കയിലും പിങ്ക് ഹൈഡ്രേഞ്ചിയപ്പൂക്കൾ."

മലയാള നോവൽ സാഹിത്യത്തിൽ കോട്ടയം പുഷ്പനാഥും ബാറ്റൺബോസും ഒക്കെ എഴുതി വച്ച കുറ്റാന്വേഷണത്തിന്റെയും ഭയപ്പെടുത്തലിന്റെയും കാലങ്ങൾ എത്രയോ മുൻപായിരുന്നു, പിന്നീട് വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും വീണ്ടും അതിന്റെ സാധ്യതകൾ പുതിയ സാങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് എഴുതാൻ ഒരുപക്ഷേ, എഴുത്തുകാരൊന്നും ധൈര്യപ്പെട്ടില്ല. ബൗദ്ധികതയുടെ ലോകത്തിൽ മാത്രമായി മലയാള സാഹിത്യം അടയാളപ്പെടുമ്പോൾ ഇവിടെനിന്ന് ആനന്ദ് നീലകണ്ഠനെ പോലെയുള്ളവർ പുറത്തു പോയി ഇംഗ്ലിഷിൽ എഴുതി പേരെടുത്തു. ഭയപ്പെടുത്തുന്ന, ത്രില്ലടിപ്പിക്കുന്ന പുസ്തകമെഴുതിയ അഖിൽ പി. ധർമജനെ പോലെയുള്ള യുവ എഴുത്തുകാർ എഴുതിയത് മലയാളമായതിനാൽ അംഗീകരിക്കപ്പെടാതെ എന്നാൽ പുസ്തകങ്ങൾ രഹസ്യമായി വായിക്കപ്പെട്ടും കോപ്പികൾ തീർന്നുമിരുന്നു. അതെ, കുറച്ചു കാലം മുൻപു വരെ പോപ്പുലർ ഫിക്‌ഷന്റെ വായനക്കാർ ഒരിക്കലും തങ്ങളെ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ കാലം മാറുന്നു, പുതിയ ഒരു തലമുറ, മാറിയ കാലത്തിനനുസരിച്ച് തങ്ങളുടെ രചനകൾ ക്രൈം ത്രില്ലർ ആയും ഹൊറർ ത്രില്ലർ ആയും ഒക്കെ എഴുതിച്ചേർക്കുന്നു.  ആ പുതിയ എഴുത്തുകാരുടെ കൂട്ടത്തിൽ ലാജോയുടെ പേര് ആദ്യം തന്നെയുണ്ട്. 

മൂന്നു സ്ത്രീകളാണ് ‌ഒന്നിനു പുറകെ ഒന്നായി കൊല്ലപ്പെടുന്നത്. ആദ്യ കൊലയുടെ രീതി കണ്ടപ്പോൾത്തന്നെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥ ഷാരോൺ ഐപിഎസിന് ഒരു സീരിയൽ കില്ലറിന്റെ ശൈലി മണത്തെങ്കിലും ഷാരോണിനോട് കലിപ്പുള്ള മറ്റ് ഉദ്യോഗസ്ഥർ അങ്ങനൊരു അന്വേഷണത്തിന് തയാറാകുന്നില്ല, പക്ഷേ വീണ്ടും കൊലപാതകങ്ങൾ അതേ രീതിയിൽ ആവർത്തിക്കപ്പെട്ടപ്പോൾ വളരെ ക്രൂരനായ, പൈശാചികനായ ഒരു സീരിയൽ കൊലപാതകിയുടെ നിഴൽ അവരിൽ വന്നടിച്ചു തുടങ്ങി. പക്ഷേ എങ്ങനെയെങ്കിലും തെളിവ് കണ്ടെത്തി കേസ് അവസാനിപ്പിക്കാൻ ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദം നിമിത്തം കൊലകളുടെ ഉത്തരവാദിത്വം ഒരു ബംഗാളിയിൽ വന്നു വീഴുന്നു. ഔദ്യോഗിക രേഖ പ്രകാരം ഹൈഡ്രേഞ്ചിയ കൊലക്കേസ് അവിടെ അവസാനിക്കുന്നു. പക്ഷേ സ്ഥലംമാറ്റത്തിനു വിധേയയായ ഉദ്യോഗസ്ഥ ഷാരോൺ അങ്ങനെ വെറുതെ ഇരിക്കാൻ ആഗ്രഹിച്ചില്ല, അവർ  AAA എന്ന സമാന്തര അന്വേഷണ ഏജൻസിയെ കേസ് രഹസ്യമായി ഏൽപ്പിക്കുന്നു. ഈ ഡിറ്റക്ടീവ് ഏജൻസി ഇമ്രാൻ അലിയുടേതാണ്. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ഇമ്രാൻ ഇപ്പോഴും ബുദ്ധികൂർമയിൽ മുന്നിൽ തന്നെയാണ്, പൊലീസ്ജീവിതം ഉപേക്ഷിച്ച് അദ്ദേഹം ഡിറ്റക്ടീവ് ഏജൻസി തുടങ്ങുമ്പോൾ, പത്രപ്രവർത്തന ജോലി ഉപേക്ഷിച്ച എസ്തറും യാദൃച്ഛികമായി അതിൽ വന്നെത്തുന്നു. പിന്നീട് അതിഭീകരമായ ഹൈഡ്രാഞ്ചിയ കേസ് അന്വേഷിക്കുന്നത് ഇമ്രാൻ അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ്. 

നോവലിന്റെ തുടക്കം മുതൽ അവസാനം വരെ ഒരു കുറ്റാന്വേഷണ സാധ്യത നിർത്തിക്കൊണ്ടുതന്നെ സസ്പെൻസ് നിലനിൽക്കുന്നുണ്ട്. പലയിടങ്ങളിലും കുറ്റവാളിയുടെ അടുത്തുവരെ പോയ വായനക്കാർ ക്ലൈമാക്ലിൽ എത്തുമ്പോൾ തകർന്നു തരിപ്പണമായിപ്പോകും എന്നതാണ് സത്യം. അത്രയേറെ ഭീകരമാണ് ചില സത്യങ്ങൾ. അഞ്ചു ഭാഗമായാണ് നോവൽ വികസിക്കുന്നത്. ആദ്യത്തെ മൂന്നു ഭാഗമായപ്പോൾ, പെട്ടെന്ന് അവസാനത്തിലേക്കെത്താനും കുറ്റവാളി ആരെന്നറിയാനുള്ള ഉത്കണ്ഠയും കൊണ്ട് അവസാനം എടുത്തു വായിക്കാൻ തോന്നുമെങ്കിലും ഹൃദയത്തെ അടക്കി നിർത്തി വായിച്ചു പോന്ന അതേ തലത്തിൽത്തന്നെ അവസാനം വരെ എത്തുമ്പോൾ അവിടെ ഒരു വലിയ കൊക്കയാണുള്ളത്. അവിട നിന്ന് ആരോ തള്ളിയിട്ടെന്നപോലെ വായനക്കാരൻ താഴെ വീണു പോകും. 

കോഫിഹൗസിൽ എസ്തർ എന്ന പത്രപ്രവർത്തക കുറച്ചുകൂടി ബോൾഡ് ആണെങ്കിൽ ഹൈഡ്രേഞ്ചിയയിൽ വരുമ്പോൾ അവർ കുറച്ചുകൂടി ജീവിതത്തിലേക്ക് ഇറങ്ങി വരുന്നുണ്ട്. ഒരു ഷെർലക്ക് ഹോംസൊന്നുമല്ല എസ്തർ, ബുദ്ധി നന്നായി ഉപയോഗിക്കാനറിയുന്ന ഒരു പെൺകുട്ടിയാണ്. അവൾക്കുമുണ്ട് ജീവിതത്തിൽ താൻ നേരിട്ട ചില പൊള്ളുന്ന യാഥാർഥ്യങ്ങൾ, ശാരീരികമായ അവശതകൾ, മാനസികമായ അപകടകരമായ അവസ്ഥ, പക്ഷേ പല രംഗങ്ങളിലും എസ്തറിന്റെ അവസരോചിതമായ നിലപാടുകളാണ് കഥയെ മാറ്റി മറിക്കുന്നത്. അലി ഇമ്രാന്റെ സഹായി ആണെങ്കിലും എസ്തർ അവളുടെ ഉള്ളിലെ ആ പഴയ നിലപാടിനെയും ആന്തരിക ധൈര്യത്തെയും ഇടയ്ക്കെങ്കിലും കണ്ടെത്തുന്നുണ്ട്. എങ്കിലും അവസാനത്തോടെത്തുമ്പോൾ നെഞ്ച് മുറിഞ്ഞു പോകുന്നു. എസ്തറിന്റെ ജീവിതം... എന്റെ ദൈവമേ!

എഴുത്തുകാരന്റെ ചിന്തകളുടെ ആകെ തുകയൊന്നുമല്ല ഹൈഡ്രാഞ്ചിയ. വളരെ പക്വമായ രീതിയിൽ വിഷയത്തെ കണ്ടെത്തിയ ശേഷം ആഴത്തിലുള്ള ഗവേഷണം നടത്തി എഴുതപ്പെട്ട ഒരു കുറ്റാന്വേഷണ നോവലാണിത്. പല സീനുകളും ആ സത്യം വെളിപ്പെടുത്തുന്നു. പോസ്റ്റ്മോർട്ടം രംഗത്തിന്റെ വിവരണം ഇതിൽ മികച്ചു നിൽക്കുന്നു. എല്ലുകൾ തുളയ്ക്കുന്ന യന്ത്രത്തിന്റെ ഒച്ച തലച്ചോറിൽ ഇപ്പോഴും കേൾക്കാമെന്ന് തോന്നുന്നുണ്ട്, ഒപ്പം എല്ലുകളുടെ ആ ഗന്ധവും. പരിചിതമല്ലാത്ത പല വാക്കുകളും പല കുറ്റാന്വേഷണ നോവലുകളുടെ വിവരണങ്ങളും വായനക്കാരെ ഏറെ കൗതുകത്തിലാഴ്ത്തും എന്നതിൽ സംശയമില്ല. പിങ്ക് ഹൈഡ്രേഞ്ചിയ പൂക്കളാണ് മരണഗന്ധമുള്ള മുറികളെ ആകർഷകമാക്കുന്നത്. എന്തുകൊണ്ട് അപൂർവമായ പിങ്ക് ഹൈഡ്രേഞ്ചിയ പൂക്കൾ? അതിന്റെ ഉത്തരം അന്വേഷിച്ച് ചെല്ലുമ്പോൾ ലഭിക്കുന്ന ഉത്തരങ്ങൾ എല്ലാത്തിന്റെയും ഉത്തരമാണ്. പക്ഷേ ഏറ്റവുമൊടുവിൽ ആ ഹൈഡ്രാഞ്ചിയ പൂക്കൾ ഞെട്ടിച്ചു കളയും എന്നതാണ് സത്യം. 

സീരിയൽ കില്ലർ കൊലപ്പെടുത്തുന്ന സ്ത്രീകളെല്ലാം വീടുകളിൽ ഒറ്റയ്ക്കായിപ്പോകുന്നവരാണ്. പക്ഷേ ആരെ തിരഞ്ഞെടുക്കണം എന്നു തുടങ്ങി എല്ലാത്തിനും കൊലപാതകിക്ക് അയാളുടേതായ ഒരു ഫോർമാറ്റുണ്ടായിരുന്നു. വളരെ സൂക്ഷ്മമായി ആ വഴിയിലൂടെ വായനക്കാരൻ സഞ്ചരിക്കുമ്പോൾ അതിനു വേണ്ടി എഴുത്തുകാരൻ നടത്തിയ ശ്രമം ഊഹിക്കാനാകും. ഒറ്റയ്ക്കായിപ്പോകുന്ന അവസരങ്ങളിൽ ഈ നോവൽ വായിക്കുന്ന ഓരോ സ്ത്രീയും പുരുഷനും പരിഭ്രമിക്കും, ആളൊഴിഞ്ഞ സന്ധ്യകളിൽ വെറുതെ ഇലയനങ്ങുന്നതു കാണുമ്പോൾ പുറത്താരോ തന്നെ കാത്തിരിക്കുന്നെന്നോർത്ത് ഭീതിപ്പെടും.അയാൾ അത്ര നിസ്സാരനല്ല, അതിക്രൂരമായ നിലയിൽ റേപ്പ് ചെയ്ത ശേഷം കൊലപാതകം നടത്തുന്ന, കണ്ണുകൾ തുറന്നു പിടിക്കാൻ പശയൊഴിക്കുന്ന, തെളിവുകൾ അവശേഷിക്കാതെയിരിക്കാൻ ഫോർമാലിൻ ഒഴിച്ച മൃതദേഹം വൃത്തിയാക്കുന്ന, പിങ്ക് ഹൈഡ്രാഞ്ചിയ പൂക്കൾ വിതറുന്ന അതിക്രൂരനായ മാനസിക രോഗിയാണ്. അയാളെ എങ്ങനെയാവും നോവലിനൊടുവിൽ തിരിച്ചറിയുക?

എസ്തറോ ഷാരോണോ അതോ ഇമ്രാൻ അലിയോ? ആരാണ് അയാളെ കണ്ടെത്തുക? ഓരോ അധ്യായത്തിലും ഈ ഉദ്വേഗം ബാക്കി വച്ചുകൊണ്ടു നോവൽ മുന്നോട്ടു പോകുന്നു.

ആരാണ് ഹരി?

ആരാണ് നോവൽ തുടങ്ങുമ്പോൾ പരിചയപ്പെടുത്തുന്ന മുനിയാണ്ടിയും സേതുലക്ഷ്മിയും?

എന്താണ് എസ്തർ അനുഭവിക്കുന്ന വിഷാദം?

ഇനി അടുത്തൊരു എസ്തർ നോവൽ ഉണ്ടാകുമോ?

ചിലതിനൊന്നും ഉത്തരമില്ല, ഒരു നടുക്കം ഇപ്പോഴും വിട്ടു മാറാതെ ഹൃദയത്തിലവശേഷിക്കുന്നു. 

"ഈ നോവലെഴുത്ത് എന്റെ ജീവിതം മുഴുവൻ ഞാൻ സമർപ്പിച്ച് ചെയ്ത ഒന്നാണ്. അതുകൊണ്ടാവണം എഴുതിക്കഴിഞ്ഞപ്പോഴേക്കും ഞാൻ തകർന്നു തരിപ്പണമായിപ്പോയത്!", നോവലിസ്റ്റ് ലാജോ ജോസ് പറയുന്നു. അത് സത്യമാകാനേ തരമുള്ളൂ. ഹൈഡ്രേഞ്ചിയ മലയാള സാഹിത്യത്തിന്റെ ദിശാസൂചി മാറുന്നതിന്റെ അടയാളം തന്നെയായി കുറിക്കപ്പെട്ടിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA