sections
MORE

നിരോധിക്കപ്പെട്ട ഓർമകളിലേക്ക് ഒരു പെൺസവാരി; ബുള്ളറ്റിൽ, ടോപ് ഗിയറിൽ...

HIGHLIGHTS
  • ഓർമനിരോധനം അത്യന്തം ലളിതമായ ഒരു കഥയുടെ ചുരുളഴിക്കാനാണ് ശ്രമിക്കുന്നത്
Book-Orma-nirodhanam-p
SHARE
രവിവർമ്മ തമ്പുരാൻ

നാഷണൽ ബുക്ക് സ്റ്റാൾ

വില 230 രൂപ

ഇടയൻ: ഞാൻ എന്റെ ആട്ടിൻപറ്റങ്ങളെ ആലയിലാക്കി. മഴമേഘങ്ങളേ, ഇനി ആവോളം പെയ്തുകൊള്ളുക. 

ബുദ്ധൻ: എനിക്ക് ആടില്ല, ആലയുമില്ല. മഴമേഘങ്ങളേ ആവോളം പെയ്തുകൊള്ളുക. 

ഇടയൻ: എനിക്കായി ചൂടുള്ള അത്താഴം കാത്തിരിപ്പുണ്ട്. മഴമേഘങ്ങളേ ആവോളം പെയ്തുകൊള്ളുക. 

ബുദ്ധൻ: ഈ രാത്രിയിൽ പട്ടിണിയാണെന്റെ അത്താഴം. മഴമേഘങ്ങളേ ആവോളം പെയ്തുകൊള്ളുക. 

ഇടയൻ: എനിക്ക് സുന്ദരിയായ ഭാര്യയുണ്ട്. ഈ രാത്രിയിൽ ഞാൻ അവളോടൊപ്പം ഉറങ്ങും. മഴമേഘങ്ങളേ ആവോളം പെയ്തുകൊള്ളുക. 

ബുദ്ധൻ: സ്വന്തം ആത്മാവിനോടു തന്നെ രമിക്കുവാൻ ‍ഞാൻ എന്റെ മനസ്സിനെ പഠിപ്പിച്ചിട്ടുണ്ട്. മഴമേഘങ്ങളേ, ആവോളം പെയ്തുകൊള്ളുക.

ബുദ്ധനും ഇടയനും തമ്മിലുള്ള സംഭാഷണങ്ങളിലൊന്ന്. ഇതേപോലെ വിവിധ വിഷയങ്ങളെക്കുറിച്ച് ബുദ്ധൻ പലരുമായി നടത്തിയ സംഭാഷണങ്ങളുണ്ട്. ഓരോ വിഷയത്തിന്റെയും ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന, സത്യം കണ്ടെത്തുന്ന ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്ന സംഭാഷണങ്ങൾ. വീണ്ടും വായിക്കാനും ആലോചിക്കാനും പ്രേരിപ്പിക്കുന്ന സംഭാഷണങ്ങളും എണ്ണമറ്റ കഥകളും. ത്യാഗത്തെ സ്നേഹവും സൗന്ദര്യവുമാക്കിയ ബുദ്ധനെക്കുറിച്ച് ചിന്തിക്കാതിരിക്കാനാകില്ല, ആഷ എലിസബത്ത് വർഗീസിന്റെ ബുള്ളറ്റ് യാത്രയെ പിൻപറ്റുമ്പോൾ. ബുള്ളറ്റിൽ മിന്നൽവേഗത്തിൽ ചെങ്ങന്നൂരിൽനിന്ന് ബുദ്ധ ഗയയിലേക്കും പിന്നെ ലക്ഷ്യം പുനർനിർണയിച്ച് ഹിമാലയ സാനുക്കളിലേക്കും യാത്ര ചെയ്തപ്പോൾ. ഓർമകളെ അന്തഃപുരത്തിൽ അടച്ചിട്ട്, യാത്ര പറയാതെ രാത്രിയിലെ ഇരുട്ടിലേക്കും നിശ്ശബ്ദതയിലേക്കും ഇറങ്ങിനടന്ന ബുദ്ധപഥങ്ങളിൽ. സങ്കടത്തിന്റെ കാഴ്ചകളും വേദനയുടെ ഞരക്കങ്ങളും കാണാമറയത്താക്കി രാജശാസനങ്ങൾ പുറപ്പെടുവിച്ചിട്ടും അതേ കാഴ്ചകളിലേക്കും കേൾവികളിലേക്കും എത്തിപ്പെട്ട രാജകുമാരന്റെ ജൻമനിയോഗത്തിൽ. വാരിപ്പുണരാൻ കാത്തുനിന്ന ഓർമകളെ നിരോധിച്ചിട്ടും അതേ ഓർമകളിലേക്ക് തീവ്രശക്തിയോടെ അടുക്കുകയും ആലിംഗനം ചെയ്യുകയും ഒടുവിൽ ഓർമകൾക്കും മീതെ ശാന്തിപീഠം സ്ഥാപിച്ച് ധ്യാനസ്ഥനായ യോഗിവര്യന്റെ വിശുദ്ധജീവിതത്തിൽ. 

ആഷയുടെ ബുള്ളറ്റ് യാത്ര യഥാർഥത്തിൽ എങ്ങോട്ടായിരുന്നു. എവിടെനിന്ന് ? 

ഓർമകളിൽനിന്നോ, അതോ ഓർമകളിലേക്കോ ? 

പെട്ടെന്നൊരു ദിനം ഓർമകൾ നിരോധിക്കപ്പെട്ടപ്പോൾ, ആഷയ്ക്കു തിരിച്ചുവരേണ്ടിവന്നു. ഓർമകളിലേക്കല്ല, ജീവിതത്തിലേക്ക്. ശൂന്യതയിലേക്കല്ല, പരിപൂർണതയിലേക്ക്. ആഷയിൽ മാത്രമല്ല, ഓരോ വ്യക്തിയുടെയും ജീവിതത്തിൽ നടക്കുന്ന ഓർമകളുടെ അധിനിവേശത്തിന്റെയും ചെറുത്തുനിൽപിന്റെയും ആധിപത്യത്തിന്റെയും കീഴടങ്ങലിന്റെയും കഥയാണ് ഓർമനിരോധനം. രവിവർമ്മ തമ്പുരാന്റെ പുതിയ നോവൽ. 

ഓർമകൾ പെട്ടെന്നൊരു ദിനം പൊട്ടിമുളയ്ക്കുകയല്ല. യാഥാർഥ്യങ്ങളിൽനിന്ന് സൃഷ്ടിക്കപ്പെടുകയാണ്. അഥവാ യാഥാർഥ്യങ്ങൾ ഓർമകളായി പരിണമിക്കുന്നതാണ് ജീവിതത്തിന്റെ വൈചിത്ര്യവും വേദനയും. ബുദ്ധൻ ഓർമകളെക്കുറിച്ചുള്ള ധ്യാനപാഠങ്ങൾ സമ്മാനിച്ചിട്ടുണ്ട്. പിന്നീട് ജിദ്ദു കൃഷ്ണമൂർത്തി ഓർമകളെക്കുറിച്ച് അഗാധമായി പഠിച്ച് പ്രഭാഷണങ്ങളിലൂടെ പഠിപ്പിച്ചിട്ടുണ്ട്. ഓർമകൾ എങ്ങനെ ജീവിതത്തെ കാർന്നുതിന്നുന്നു എന്നും സന്തോഷ നിമിഷങ്ങളുടെ അടിവേരറക്കുന്നു എന്നുമൊക്കെ. ഓർമ്മനിരോധനം സമർപ്പിച്ചിരിക്കുന്ന് ഓർമകൾക്കല്ല. മുന്നറിവില്ലാത്ത വഴികളിലൂടെ പൂർവനിശ്ഛയങ്ങളില്ലാതെ നടത്തുന്ന അന്തമില്ലാത്ത യാത്രകളിൽ അവനവനെ കണ്ടെത്താൻ ശ്രമിക്കുന്ന എല്ലാ നല്ല മനുഷ്യർക്കും. അവർക്കുമുണ്ട് ഓർമകൾ. തണൽ തരികയും അതേ സമയം ഉഷ്ണിപ്പിക്കുകയും ചെയ്യുന്ന ഓർമകൾ. 

പേരും സമർപ്പണ വാചകവും ഒരു ആശയ സംവാദത്തിന്റെ സൂചനകളാണു നൽകുന്നതെങ്കിലും ഓർമനിരോധനം അത്യന്തം ലളിതമായ ഒരു കഥയുടെ ചുരുളഴിക്കാനാണ് ശ്രമിക്കുന്നത്. മധ്യതിരുവിതാംകൂറിലെ ഒരു സാധാരണ ക്രിസ്ത്യൻ കുടുംബത്തിലെ അസാധാരണമല്ലാത്ത സാഹചര്യങ്ങളിലൂടെ ഓർമകളുടെ മല കയറിയിറങ്ങാൻ. ഭാഷയാകട്ടെ പറഞ്ഞുപരിചയിച്ച, വായിച്ചു സുപരിചിതമായ, കേട്ടുമറക്കാത്ത ഈണത്തിന്റെ ലാളിത്യമുള്ളതും. പുതിയ കാലത്തെ എഴുത്തുകാർ ഏതാണ്ട് ഉപേക്ഷിച്ച ശൈലി. പക്ഷേ, ആഷ എലിസബത്ത് വർഗീസിന്റെ ജീവിതയാത്രകൾക്കും ബുള്ളറ്റ് റൈഡുകൾക്കും ഇണങ്ങിച്ചേരുന്നുണ്ട് ഭാഷയും ശൈലിയും. 

ഒരു പൈങ്കിളിക്കഥയുടെ കെട്ടിലും മട്ടിലുമാണ് ഓർമ്മനിരോധനത്തിന്റെ തുടക്കം. ഊട്ടിയാത്രയ്ക്ക്, ചെറുപ്പക്കാരനായ ബുള്ളറ്റ് റൈഡറെ കണ്ടുമുട്ടുന്ന രംഗങ്ങൾക്ക്, ആഷയുടെ ഭർത്താവ് സുനിലിന്റെ രഹസ്യരോഗത്തിനും ചികിത്സയ്ക്കും ജയദേവനുമായുള്ള ആഷയുടെ കൂടിക്കാഴ്ചകൾക്ക്. മനസ്സിലെ വലിയൊരു ആഗ്രഹമായ ബുദ്ധഗയയിലേക്കുള്ള യാത്രയ്ക്ക് ഒരു നുണപറച്ചിലിന്റെ മൂടിയിട്ട് ആഷയും ജയദേവനും ഒരുങ്ങിയിറങ്ങുമ്പോൾ പക്ഷേ നോവൽ മറ്റൊരു തലത്തിലേക്കു കടക്കുന്നു. അവരുടെ യാത്രയിലെ അപ്രതീക്ഷിത തടസ്സം ഒരു ക്ളൈമാക്സ് എന്നതിലുപരി ജീവിതത്തിലെ അടിസ്ഥാനപ്രശ്നങ്ങളെ നേരിടുന്ന അഗ്നിപരീക്ഷയാകുന്നു. 

പൈങ്കിളിക്കഥയിൽനിന്ന് ഗൗരവമുള്ള, ആകാംക്ഷയും ഉത്കണ്ഠയും ജനിപ്പിക്കുന്ന ദേശീയ പ്രശ്നങ്ങളിലേക്ക്. ഒരു രാത്രി ഒരു സംസ്ഥാനത്ത് പെട്ടെന്നുണ്ടാകുന്ന ഒരു ഉത്തരവ് ജീവിതചിത്രങ്ങൾ മാറ്റിവരയ്ക്കുകയാണ്. വിധിയുടെ നിയോഗങ്ങൾ പോലും തിരുത്തിക്കുറിക്കുന്നു. ആഷയുടെ ബുള്ളറ്റ് റൈഡ് പൂർണമാകുന്നില്ല, ജീവിതയാത്രയും. പക്ഷേ, കുടുംബബന്ധങ്ങളുടെ ഉറച്ച ഭാവിക്ക് ഏറ്റവും പ്രിയപ്പെട്ട ത്യാഗത്തിലൂടെ അടിത്തറയൊരുക്കുന്നു. 

സ്കൂൾഹോസ്റ്റൽ കാലത്തെ ഒരു ഓർമയിൽനിന്ന് ഓടിയൊളിക്കാൻ ശ്രമിക്കുന്നുണ്ട് ആഷ. ചിലപ്പോഴൊക്കെ ആ ഓർമയുടെ കൂടണയാനും. ഒരു ബുള്ളറ്റ് റൈഡിനിടെ സംഭവിച്ച മറ്റൊരു ഓർമയും ആ ഓർമയിലെ നായകനുമാണ് മറ്റൊരു ശക്തമായ ഓർമ. ആ ഓർമയും ആഷയെ ഒരു ചുഴലിക്കാറ്റിലെന്നപോലെ വട്ടം ചുറ്റിക്കുന്നുണ്ട്. ഇതിനിടയിലാണ് കുടുംബം കടപ്പാടിന്റെ ചരടുകളുമായി ആഷയെ വരിഞ്ഞുമുറുക്കുന്നത്. ഒരേസമയം രക്ഷപ്പെടാനും കീഴടങ്ങാനും ആഗ്രഹിക്കുന്ന മനസ്സിന്റെ ഉടമയാകുകയാണ് ആഷ. സങ്കീർണമായ ജീവിതസാഹചര്യം. സവിശേഷമായ ഈ ജീവിതാവസ്ഥയ്ക്കു മറ്റൊരു തലം സമ്മാനിക്കുകയാണ് ജീവിതത്തിൽ കൊതിയോടെ  കാത്തിരുന്ന യാത്ര. അതും ഇഷ്ടപുരുഷനുമൊത്ത്. യാത്രയുടെയും കൂടിച്ചേരലിന്റെയും സാഹസികതകൾ. കൂട്ടായ്മയുടെ ഹർഷോൻമാദങ്ങൾ. ആവേഗങ്ങൾ. പക്ഷേ, എല്ലാ ഉയരങ്ങളും തിരിച്ചിറങ്ങാനുള്ളതാണ്. അവസാനമില്ലാത്ത സന്തോഷമില്ല; വേദനിപ്പിക്കാത്ത സ്നേഹവും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA