sections
MORE

ചിന്തയിലെ മാന്ത്രിക ഇടപെടലുകള്‍

HIGHLIGHTS
  • പുതുതലമുറയുടെ വന്യതയും ആസക്തിയും ഈ കഥകളിൽ കാണാൻ കഴിയും
vanyam
SHARE
വിവേക് ചന്ദ്രൻ

ഡിസി ബുക്സ്

110 രൂപ രൂപ

ഒരു കഥ ഒറ്റയ്ക്ക് നിൽക്കുമ്പോൾ ഉണർത്തുന്ന വൈകാരിക വേലിയേറ്റത്തെക്കാൾ പതിന്മടങ്ങ് ഉന്മാദം മനസ്സിൽ ഉയർത്തുകയാണ് ഒരു കൂട്ടം കഥകളടങ്ങുന്ന വന്യം എന്ന ചെറുകഥാ സമാഹാരം. ഒരു കഥയിൽ നിന്ന് മറ്റൊരു കഥയിലേക്ക് നടക്കുമ്പോൾ ഒരു ഭ്രാന്തിൽ നിന്ന് മറ്റൊരു ഭ്രാന്തിലേയ്ക്ക് കൂടുമാറുകയാണോ എന്നൊരു ഭ്രമകൽപ്പന വായനക്കാരന് ഉണ്ടായിക്കൊണ്ടേയിരിക്കും. അപരിചിതമായ പരിസരങ്ങളിലൂടെ സവാരി നടത്തുമ്പോൾ വഴിയിലുണ്ടാകുന്ന നിസ്സാരസംഭവങ്ങള്‍ പോലും മനസ്സില്‍ സംഭ്രമം ജനിപ്പിക്കുന്നതുപോലെ കഥാപാത്ര വൈചിത്രൃംകൊണ്ട് ചിലപ്പോഴൊക്കെ വന്യം വായനക്കാരന്‍റെ മനസ്സിനെ ഞെട്ടിക്കുന്നു. വന്യതയുടെ മാരകരൂപങ്ങളായിത്തന്നെ കഥ വായനക്കാരനിലേയ്ക്ക് എത്തിച്ചേരുന്നു. കഥയെ ലളിതവത്കരിച്ച് അതിനൊപ്പം നടന്നു കയറുക എന്ന ആയാസകരമായ ജോലി കുശാഗ്രബുദ്ധിയായ കഥാകാരൻ വായനക്കാരനെക്കൊണ്ട് ചെയ്യിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ ആ ബുദ്ധിവൈഭവത്തിനൊപ്പം ചുവടു വെക്കാൻ കഴിയാത്ത നിസ്സഹായത അനുഭവപ്പെടുന്നതിൽ കുണ്ഠിതം തോന്നുന്നത് വളരെ സ്വാഭാവികമത്രെ!

ഒരേ ജാലകത്തിലൂടെയുള്ള കാഴ്ചകൾ കണ്ണുയരത്തിനനുസരിച്ച് വ്യത്യസ്തമാവുന്നു എങ്കിൽ, സമകാലിക ലോകത്തെ ഒരാൾ അടയാളപ്പെടുത്തുന്നത് അയാളുടെ ബുദ്ധിയുടെ ഉയരം വെച്ചു തന്നെയിരിക്കും എന്ന തിരിച്ചറിവ് മാന്ത്രികനിലൂടെ വായനക്കാരനിലെത്തുമ്പോള്‍ നമ്മെ അമ്പരപ്പിച്ചുകൊണ്ട് എഴുത്തുകാരന്‍ പറയുന്നത് സമൂഹത്തിന്‍റെ രാഷ്ടീയ ഇരട്ടത്താപ്പുകള്‍ തന്നെയാണ്. മായക്കാഴ്ചകളായി മനുഷ്യരുടെ ചിന്തകളിൽ നിരന്തരം ഇടപെടുന്ന സാമൂഹ്യ വിപത്തുകള്‍ സത്യവും മിഥ്യയും വ്യവച്ഛേദിക്കാൻ സാധിക്കാത്ത വിധത്തിൽ വാസ്തവത്തിന്‍റെ നിഴലുകളെ ഒളിപ്പിക്കുന്നുണ്ട്‌. സ്വന്തം നിഴലിന്‍റെ വലിപ്പം നിയന്ത്രിക്കാൻ കഴിയാത്ത മാന്ത്രികന്‍ തന്‍റെ കാപട്യത്തിന്‍റെ നിസ്സഹായ തുറസ്സില്‍ വെളിപ്പെടുകയാണ്. യാഥാർഥ്യമെന്ന് കരുതുന്നവയെല്ലാം കൺകെട്ടുകാരന്‍റെ ബുദ്ധിവൈഭവം എന്ന് തിരിച്ചറിയാന്‍ സാധിക്കാത്തതുപോലെ കഥ സത്യത്തിനും മിഥ്യയ്ക്കുമിടയിലുള്ള കണാച്ചരടുകൾ പൊട്ടിച്ചെറിയുന്നു. വായനക്കാരൻ വഴിതെറ്റി ഉഴറുന്നു.

വേരുകൾ ഇല്ലാത്ത ജനതയായി മാറുന്ന സമൂഹത്തിന്റെ ചില ഒറ്റ നടത്തങ്ങൾ അവസാനിക്കുന്നത് ഗർഭപാത്രം പോലെ സുരക്ഷിതമെന്നു തോന്നിപ്പിക്കുന്ന ദുർനിമിത്തങ്ങൾ ഫണമുയർത്തുന്ന നഗരത്തിലെ മുറികളിലാണെന്ന് എഴുത്തുകാരന്‍ സ്ഥിരീകരിക്കുന്നത് സമൂഹത്തിന് നേരെപിടിച്ച കണ്ണാടിയിലൂടെയാണ്. അലറിക്കരഞ്ഞ് ഉദിപ്പിച്ച പ്രഭാത സൂര്യനെ സാക്ഷിയാക്കി കിടപ്പുമുറിയുടെ തറയിൽ ഭ്രൂണത്തെ സംസ്കരിക്കുകയും അതിൽ കിനിഞ്ഞ ചോരയുടെ വടുക്കളുമായി ഒരുവളുടെ മരണം ചിത്രീകരിക്കപ്പെടുകയും ചെയ്യുമ്പോൾ മിന്നൽപ്പിണർ പോലെയെന്തോ ഒന്ന് സമാനകാഴ്ചകൾ ആവര്‍ത്തിക്കപ്പെടുമെന്നുളള ഭീതി വായനക്കാരിലുണര്‍ത്തുന്നു. ഏറെ പ്രിയപ്പെട്ട പാമ്പുകളെ ചാക്കിൽ നിറച്ച് ഇറങ്ങി നടക്കുന്ന ഒരാൾ ഭീതിയല്ലാതെ എന്താണ് പകർന്നു തരിക? മുൻപു താമസിച്ചവരുടെ അടക്കം പറച്ചിലുകൾ കേൾക്കാൻ വാടക മുറിയുടെ ചുമരിലേയ്ക്ക് അറിയാതെ ചെവിചേർത്തുവെയ്ക്കാൻ തോന്നുന്ന ഒരു ഉന്മാദത്തിലേക്ക് നടക്കാൻ വായനക്കാരൻ നിർബന്ധിക്കപ്പെടുന്നു. ഒരേ ചരിത്രം പങ്കുവെക്കുന്ന കോശങ്ങളിലൂടെ വളരാനുള്ള ആഹ്വാന്നത്തിനൊപ്പം  അമ്മയെ വധിച്ച പരശുരാമന്‍റെ കഥ പറഞ്ഞു കൊടുക്കുന്ന കഥാപാത്രം കാലത്തിനു മുൻപേ എഴുത്തുകാരന്‍റെ പ്രതിഭ നടക്കുന്നു എന്നതിനുളള തെളിവാണ്. വന്യമായ ചുവടുമാറ്റങ്ങൾ നടത്തുന്ന പുതുയുഗത്തിന് ഒരുപടി മുന്നിൽ തന്നെ പായുന്നുണ്ട് ഭ്രാന്തൻ വഴികളിലൂടെയുള്ള എഴുത്ത്. സമരൻ എന്ന വിളിപ്പേരിലെ വ്യത്യസ്തത തന്നെയാണ് കഥയിലുടനീളം കാണുന്ന സംഭ്രമാത്മക കാഴ്ചകൾക്കും. ശാസ്ത്രത്തിന്‍റെ സങ്കേതങ്ങളെ ചേർത്തുപിടിച്ച് ജൈവകോശങ്ങളിൽ തിരുത്തലുകൾ വരുത്തിക്കൊണ്ട് ഗർഭപാത്രത്തിലേക്കുള്ള തിരിച്ചു പോക്കിന്‍റെ പൂർണ്ണ ചിത്രം ആസന്നമാകുന്ന കാലത്തിന്‍റെ വിപത്തുകളെ തുറന്നു കാണിക്കുന്നു.

പുതു തലമുറയുടെ വന്യതയും ആസക്തിയും അഭ്രപാളികളിലൂടെ അതിവേഗത്തിൽ ബഹുദൂരം സഞ്ചരിക്കുന്നുണ്ട്. സ്കൂളിലെ മുഷിഞ്ഞ കാൻവാസ് തിരശ്ശീലയിൽ നിന്ന് എത്ര വേഗമാണ് സാനിറ്ററി പാഡിന്‍റെ കുളിരുള്ള നനവറിയുന്ന ആശുപത്രി കിടക്കയിലെത്തിയത്. വേഗം കൂടിയ കാലത്തെ രേഖപ്പെടുത്താൻ അഭ്രപാളികളിൽ വികസിപ്പിക്കുന്ന നീക്കുപോക്കുകൾക്ക് അനായാസമായി സാധിക്കുമെന്നത് ഒരു ജനത അവയെ സ്വീകരിക്കുന്ന രീതിയില്‍ നിന്ന് അനുമാനിക്കാവുന്നതെയുളളൂ. സംസ്കാരത്തിന്‍റെ ഈടുവെയ്പുകളായി കരുതാവുന്ന സിനിമാ ലോകത്തിന്റെ ഇരുട്ടുമുറികൾ ഒട്ടും സുരക്ഷിതമല്ലാത്ത പെണ്ണിടങ്ങളായി മാറിയ കാഴ്ച്, കണ്ടു കഴിഞ്ഞ സമൂഹത്തിനോട് താൻ വളരെ മുൻപേ ഈ കാഴ്ചകള്‍ സ്വാംശീകരിച്ചിരുന്നുവെന്ന് എഴുത്തുകാരന്‍ തെളിവുരേഖപ്പെടുത്തുന്നു. സർവൈവർ ഗിൽട്ടിന്‍റെ കൂട്ടുപിടിച്ച് തലച്ചോർ പുനർനിർമ്മിച്ച് കാഴ്ചകൾ മായ്ക്കുന്ന വിദ്യയുമായി അതിജീവനം തീരെ കുറ്റബോധമില്ലാതെ സാധ്യമാക്കി തീർക്കാന്‍ പരിശീലിക്കുന്ന ഒരു സമൂഹമായി നാം മാറിക്കൊണ്ടിരിക്കയാണ്. 

പ്രകൃതിയിലെ തിരയിളക്കങ്ങളിലൂടെ ഏകനായ് ജീവിച്ചു തീർന്നു പോയ, വിരലടയാളങ്ങൾ മാഞ്ഞുപോയ പലരും പച്ചപ്പിന്‍റെ തുരുത്തുകൾ അവശേഷിപ്പിച്ചിരിക്കും. തീത്തുള്ളികളായി ഉരുകി വീണ കാടിന്‍റെ കരച്ചിലുകളിൽ മനുഷ്യന്‍റെ വേദനകളും ഇടിവെട്ടേറ്റു മരിച്ചിരിക്കും. ജീവിതത്തിന്‍റെ വിധിനിർണ്ണയത്തിനുള്ള തിരിച്ചറിയൽ കാർഡുകളുടെ അഭാവത്തിൽ പലാശമരങ്ങൾ ഗതകാല നോവുകൾ നട്ടുനനച്ചിട്ടുണ്ടാവാം. വിഷുച്ചക്രം പോലെ പിരുപിരാന്ന് പുളഞ്ഞ് അതിജീവനത്തിനുള്ള വക അവരുടെ പ്രണയം പങ്കുവെച്ചവര്‍ കണ്ടെത്തുമായിരിക്കും. അകവനത്തിൽ മരങ്ങൾ നീരു വാർന്നു വീഴുന്നതും കുരുവികൾ കാടുവിടുന്നതും കാടണിയിച്ചൊരുക്കുന്നതും ജീവിതത്തിന്‍റെ നടവഴികളിലൂടെത്തന്നെ എങ്കിലും വനത്തിനകത്തുനിന്ന് പുറത്തേക്ക് വീശുന്ന കാറ്റിനൊപ്പം വല്ലാത്ത തിടുക്കത്തോടെയുള്ള ഒരു പൊള്ളൽ വായനക്കാരന് അനുഭവപ്പെടും. പലാശവേരിലെ കാഴ്ചയുള്ള ജീവിതത്തിന്‍റെ കാത്തിരിപ്പും അരയാലിൻ വള്ളിയിൽ കരിഞ്ഞ കാഴ്ചയില്ലാത്ത ജഡവും തമ്മിലുള്ള ദൂരം വായനക്കാരൻ ഭാരപ്പെട്ട ചുവടുവെച്ചു തന്നെ നടന്നു തീർക്കണം. 

കുമ്പസാര കഥകളുടെ സ്വകാര്യതയിലൂടെ വികസിക്കുന്ന ഔഷധ പായൽ ചെന്നെത്തുന്നത് രതിക്രീഡകളുടെ അഭിവാഞ്ചയിൽ സ്വത്വബോധം പോലും നഷ്ടപ്പെടുത്തിയ മാരക ചിന്തകളിലേയ്ക്കാണ്. താത്കാലിക അന്ധത വരിക്കുന്നതു വഴി സ്വന്തം പ്രവൃത്തികളുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയുമെന്ന് പ്രതീക്ഷിച്ച മനുഷ്യൻ വേലിയിൽ കരിഞ്ഞമർന്ന കുരുന്നു ജീവനിൽ നിന്നും കുതറി മാറുന്നു.   സമൂഹത്തിന്‍റെ മുഴുവൻ വിഴുപ്പും അലക്കി കൊണ്ട് എഴുത്തുകാരൻ പിൻവാങ്ങുമ്പോൾ ചെന്നായുടെ രൂപത്തിൽ ആർത്തുനിൽക്കുന്ന അരയാൽചുവട്ടിലെ ഇളകിയ മണ്ണിനു പുറത്ത് കത്തിച്ച മെഴുതിരികളിൽ മാലാഖമാർ ആ കുരുന്നു ഹൃദയത്തിനായി പ്രാർത്ഥന ചൊല്ലുകയാരുന്നിരിക്കാം. 

കുറ്റവാസനകളുടെ ഒരു ഇരുണ്ടപടലം ഭൂമിയെ ആവരണം ചെയ്യാൻ തുടങ്ങിയിരിക്കുന്നു എന്ന് ഓരോ കഥയിലൂടെ കടന്നുപോകുമ്പോഴും വായനക്കാരന് തോന്നിയേക്കാം. അത് എഴുത്തുകാരൻ നടത്തുന്ന സാമൂഹ്യ ഇടപെടലായിത്തന്നെ വായിക്കാവുന്നതാണ്. മരിക്കാൻ പോകുന്ന മനുഷ്യരിൽ നിന്നും പ്രസരിക്കുന്ന അത്യുജ്ജലപ്രകാശത്തിലും മരണം എന്ന ഇരുട്ട് ജാമുൻ മരത്തിൽ തൂങ്ങിയാടുക തന്നെ ചെയ്യുന്നു. ഏറ്റവും വേണ്ടപ്പെട്ടവരുടെ അകാലവിയോഗം ജീവിച്ചിരിക്കുന്നവരുടെ മനസ്സിൽ വടുകെട്ടി കിടന്ന് ജീവിതത്തിലേക്ക് അൽപ്പാൽപ്പമായി കയ്പ് കിനിയിക്കുന്നു. ഓരോ ജീവിത പരിസരവും കഥ പറയുന്നുണ്ട് എന്ന് പാവവീട് പറയുമ്പോൾ, ചെവിയോർത്താൽ കേൾക്കുന്ന ഓരോ ശബ്ദവും പാവവീടിന്റെ ശില്പിയുടെ മനോനില തെറ്റിക്കുന്ന സാങ്കേതിക മാതൃകയായി മാറുന്നു. എന്തിലേയ്ക്കെങ്കിലും ആഴത്തിൽ ഇറങ്ങുമ്പോൾ സ്വയം മുറിപ്പെടാതിരിക്കാൻ കഷ്ടപ്പെടേണ്ടി വരുമെന്ന് വായനക്കാരന് വ്യക്തമായും ബോധ്യമാകുന്നുണ്ട്. ഇന്‍റർനെറ്റും ബ്ളൂവെയ്‌ലും തലച്ചോറുകൾ തുരന്ന് കയറുമ്പോൾ പരിക്കുപറ്റാതിരിക്കാനുള്ള സാധ്യതകൾ നന്നേ കുറവാണെന്ന് ദിനംപ്രതിയുള്ള മാധ്യമകണക്കുകളിലൂടെ തിരിച്ചറിയുന്ന ഇക്കാലത്ത് കഥയുടെ പശ്ചാത്തലം ചേർത്തുവയ്ക്കാമല്ലോ? മനുഷ്യൻ മനുഷ്യനുമായുള്ള ഇടപെടലുകൾ കുറച്ച് സ്വയംനിർമ്മിത ചലനാത്മകമുറികളായി പരിണമിച്ചു കൊണ്ടിരിക്കുന്ന സമൂഹത്തിൽ, വിഹ്വലതകൾ കുറ്റകൃത്യങ്ങളും ആത്മഹത്യയുമായി പുറത്തുവരുന്നു. സെറ്റിയിലെ കുഷനിലെ ചുളുവിൽ ഒരു നഷ്ടം തിരയുമ്പോൾ ഭൂതകാലം തള്ളിക്കയറിവന്ന് ഭൂമിയില്‍ ബാക്കിയായവരോട് കഥപറയുന്നു.  സ്ഥിരമായ കാഴ്ചകളും അവയിലെ സ്ഥിരവർണ്ണങ്ങളും മടുപ്പുളവാക്കുന്നത് പറയാൻ കഥാകൃത്ത് അന്ധതയെത്തന്നെ കൂട്ടുപിടിക്കുന്നു. അന്ധതയും ഭ്രാന്തും ഏറെ ദുഷ്ക്കരാവസ്ഥകളെന്ന് ബാഗിൽ ചങ്ങല സൂക്ഷിക്കുന്ന മാനസീകാവസ്ഥയിൽ നിന്ന് തിരിച്ചറിയാൻ കഴിയും. ഊരാക്കുടുക്കിൽ നിന്നും ഇറങ്ങി നടന്നത് മരണത്തിലേക്കാണോ സ്വാതന്ത്ര്യത്തിലേക്കാണോ എന്ന ചോദ്യത്തിന് ഒരാൾ ജീവിതത്തിൽ നിന്നും അവസാനമായി ഇറങ്ങിപ്പോകുന്നതിനെയാണ് മരണം എന്ന് വിളിക്കുന്നത് എന്ന ഉത്തരം കൊണ്ട് എഴുത്തുകാരൻ മറുപടി പറയുന്നു.

നിസ്സീമമായി ഭാവനയെ പറത്തിവിടുവാൻ വായനക്കാരന് സ്വാതന്ത്ര്യം അനുവദിക്കുക വഴി യുക്തിഭദ്രത എന്ന ഭാരിച്ച തലവേദനയിൽ നിന്ന് ഒരൽപ്പം തെന്നി മാറാൻ എഴുത്തുകാരന് കഴിയുമെങ്കിലും വായനയുടെ കണ്ണികൾ പൊട്ടിക്കാതെ തന്നെ കഥയുടെ നിഗൂഡത നമ്മളെ ആവരണം ചെയ്യും എന്ന് നിസ്തർക്കം പറയാം. പുതിയ രചനാസങ്കേതങ്ങളുമായി, കാലത്തെ അതിജീവിക്കുന്ന രചനകളുമായി എഴുത്തുകാരൻ നിരന്തരം നമുക്ക് മുന്നിൽ പ്രത്യക്ഷപ്പെടും എന്ന് പ്രത്യാശിക്കാം. കഥയുടെ കൺകെട്ടിൽ ശാസ്ത്രവും യുക്തിയും സഹജാവബോധവും മനുഷ്യനെന്ന മരീചികയുടെ ഒടുങ്ങാത്ത ആസക്തിയും ആകുലതകളും കൃത്യമായി രേഖപ്പെടുത്തുന്ന മാന്ത്രികനായ കഥാകാരന്റെ തലത്തിലേക്കുള്ള ബൗദ്ധികവ്യായാമമായി ചിലപ്പോഴെല്ലാം വായന മാറുന്നുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA