sections
MORE

ഈജിപ്തിലെ ആ മമ്മി ഇപ്പോൾ നഗരത്തിലുണ്ട്!

HIGHLIGHTS
  • ബ്രോം സ്റ്റോക്കറുടെ നോവലിന്റെ വളരെ സംക്ഷിപ്‌ത രൂപമാണ് ബ്രാം സ്റ്റോക്കറുടെ മമ്മി.
bram-stokerude-mummy-p
SHARE
മരിയ റോസ്

ഹാമർ ലൈബ്രറി

വില : 125 രൂപ

ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള വായിച്ചത് പത്താം ക്ലാസ്സിലെ പരീക്ഷയ്ക്ക് മുൻപുള്ള സ്റ്റഡി ലീവിന്റെ സമയത്തായിരുന്നു. അക്ഷരങ്ങളിൽ ഉള്ള നിഗൂഢത വായനയിലും പുലർത്തേണ്ട അനുഭവം. ആരെയും കാണിക്കാതെ ഒളിച്ച്, ഒറ്റയ്ക്കാവുന്ന സമയങ്ങളിൽ ആവേശത്തോടെ വായിച്ചു തീർത്തു. പക്ഷേ അതോടെ ചിതറിപ്പോയി. ട്രാൻസിൽവാനിയയിലെ ആ ഭീകരമായ കോട്ടയിലെ ഇരുട്ടിലൂടെ പേടിച്ചു നടക്കുന്നത് സ്വപ്നം കണ്ടു ഞെട്ടിയുണരുമ്പോൾ ലേശം പൊളിഞ്ഞു വീണ ജനാലയിലെ ദ്വാരത്തിലൂടെ അകത്തേയ്ക്ക് കയറി വരുന്ന കറുത്ത നിഴലുകൾ, ജനാല തുറന്നിടുമ്പോൾ ഇപ്പോൾ എവിടെ നിന്നോ പറന്നു വന്ന് ജനാലയിൽ വാവലുകൾ ആഞ്ഞിടിക്കുമെന്ന തോന്നലുകൾ. ആ ഉദ്വേഗഭരിതമായ ആകാംക്ഷ തന്നെയാണ് മരിയ റോസിന്റെ ബ്രാം സ്റ്റോക്കറുടെ മമ്മി എന്ന പുസ്തകത്തെ കാത്തിരുന്നപ്പോഴും ഉണ്ടായത്. സ്റ്റോക്കറുടെ "ദ ജുവൽ ഓഫ് സെവൻ സ്റ്റാർസ്" എന്ന മമ്മിഫൈഡ് നോവലിന്റെ അനുകൽപ്പനം ആണ് "ബ്രാം സ്റ്റോക്കറുടെ മമ്മി" എന്ന മരിയ റോസിന്റെ നോവൽ.

അനുകൽപ്പനം എന്നാൽ അഡാപ്റ്റേഷൻ. എന്നു വച്ചാൽ ഒരു കൃതിയെ അടിസ്ഥാനപ്പെടുത്തി സർവസ്വതന്ത്രനായി അതിനെ മാറ്റിയെഴുതുന്ന രീതിയാണത്. സ്റ്റോക്കറുടെ മാന്ത്രിക പേനയിൽ വിരിഞ്ഞ ആ ഏഴു രത്നങ്ങളെ മരിയ റോസ് സംക്ഷിപ്തപ്പെടുത്തി കഥയുടെ മുറുക്കം നിലനിർത്തിക്കൊണ്ട് ഈ നോവലിൽ എഴുതുന്നു. 

"മാർഗരറ്റ് ട്രിലോണി ഈജിപ്ത് സന്ദർശിച്ചിട്ടുണ്ടായിരുന്നില്ല. പക്ഷേ തന്റെ ഇരുപത്തിമൂന്നാം ജന്മദിനത്തിന് ഒരാഴ്ച മുൻപ് അവൾ പുരാതന ഈജിപ്തിനെ കുറിച്ച് സ്വപ്നം കാണാൻ തുടങ്ങി " ഇങ്ങനെയാണ് ബ്രോംസ്റ്റോക്കറുടെ മമ്മി എന്ന ഈ പുസ്തകം തുടങ്ങുന്നത്. ആരാണ് മാർഗരറ്റ് എന്ന ഇംഗ്ലണ്ടിലെ ഈ പെൺകുട്ടിയെ പിന്തുടരുന്നത്? എന്തിനാണ് അവളിലേക്ക് ആ കണ്ണുകളെത്തിയത്? ഇതിന്റെയെല്ലാം ഉത്തരം ചെന്നു നിൽക്കുന്നത് ഇരുപത്തി മൂന്ന് വർഷം മുൻപുള്ള ഒരു രാത്രിയിലാണ്. മിസ്റ്റർ എബ്രഹാം ട്രിലോണി എന്ന മാർഗരറ്റിന്റെ പപ്പാ അന്നാണ് ടെറാ എന്ന ആ ദിവ്യ സുന്ദരിയെ കാണുന്നത്. നൂറ്റാണ്ടുകൾക്കു മുൻപ് ആഭിചാരം ചെയ്ത് ജീവനോടെ മമ്മിയാക്കപ്പെട്ട ടെറാ എന്ന സ്ത്രീ. അന്ന് അയാൾക്കൊപ്പം വേറെയും പലരുമുണ്ടായിരുന്നു. അവരൊക്കെ ഇപ്പോൾ ആ കൂട്ടത്തിൽ നിന്ന് ചിതറിത്തെറിച്ച് താന്താങ്ങളുടെ ജീവിതം നയിക്കുന്നു, പക്ഷേ ഏതു നിമിഷവും അവരുടെ ഹൃദയം ഭയപ്പെട്ടുകൊണ്ടിരിക്കുകയാണ്, അവൾ, ടെറാ ഏതു നിമിഷവും തങ്ങൾക്കിടയിലേയ്ക്ക് തിരികെയെത്താം.

മാർഗരറ്റായിരുന്നു ടെറായുടെ നവയുഗത്തിലേക്കുള്ള വരവിന്റെ മാധ്യമം. അതിനുവേണ്ടി ടെറാ എന്തൊക്കെയാണ് ട്രിലോണി കുടുബത്തിൽ ചെയ്യുന്നത്?  മാർഗരറ്റിന് എന്താണ് സംഭവിക്കുക? ഒടുവിൽ ടെറാ നഗരത്തിലേക്ക് ഇറങ്ങി നാശം വിതയ്ക്കുമോ? ഇതൊക്കെ തന്നെയാണ് ഈ പുസ്തകത്തിലെ പ്രധാന ട്വിസ്റ്റുകൾ. 

ടെറയെ പോലെ, ഡ്രാക്കുളയെ പോലെ നിഗൂഢത സൂക്ഷിക്കുന്നൊരു വ്യക്തിയാണ് മരിയ റോസ് എന്ന് തോന്നുന്നു. പുസ്തകത്തിൽ മരിയയുടെ ചിത്രമേയില്ല. കഥാപാത്രങ്ങളുടെ നിഗൂഢത അപ്പാടെ പകർന്നതു പോലെ മരിയ മാറി നിൽക്കുമ്പോൾ വായനയ്ക്ക് കുറച്ചുകൂടി കൗതുകമേറും.

സ്റ്റോക്കറുടെ മമ്മിയുടെ പദാനുപദ വിവർത്തനം ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്, ഒന്നല്ല രണ്ടു വട്ടം, പക്ഷേ അപ്പോഴൊന്നുമില്ലാത്തൊരു വിശദമായ വായന മരിയയുടെ പുസ്തകത്തിനുണ്ട്, അത് ഏതു കാലത്തേയും സ്ത്രീകളെ കുറിച്ചാണ്. നൂറ്റാണ്ടുകൾക്ക് മുൻപ്, അറിവിലും ജീവിതത്തിലും സ്വാതന്ത്ര്യം പ്രഖ്യാപിച്ച, മന്ത്രവാദം വശമുള്ള ടെറാ എന്ന സ്ത്രീയെ അവിടുത്തെ സദാചാര വാദം എതിർക്കുകയും അവളെ ജീവനോടെ മമ്മിയാക്കുകയും ചെയ്യുകയായിരുന്നു. സ്ത്രീകൾക്ക് സ്വാതന്ത്ര്യം ലഭിക്കുക എന്നാൽ അത് അക്ഷന്തവ്യമായ തെറ്റാകുമ്പോൾ ആ കാലം മാറിയില്ലല്ലോ എന്ന് വെറുതെ ആശങ്കപ്പെടാൻ തോന്നുന്നു. നിരന്തരമായ അറിവിനുള്ള ത്വരയും തനിക്ക് താല്പര്യമുള്ള പുരുഷന്മാരെ രതിക്കായി തെരഞ്ഞെടുക്കാനുള്ള അവകാശവും ടെറാ സ്വയം നേടിയിരുന്നു. പക്ഷേ തങ്ങൾക്കു മീതെ വളർന്നു കയറുന്ന ഒരു സ്ത്രീയെ അടിയോടെ വെട്ടി മാറ്റുന്ന ആ പൗരുഷ സദാചാര രീതി ഈജിപ്തിലും ആവർത്തിക്കപ്പെട്ടു. ഒരു കൂട്ടം പുരോഹിതർ അവളുടെ കൈത്തണ്ട മുറിച്ചു മാറ്റിയ ശേഷം ജീവനോടെ ടെറയെ പെട്ടിയ്ക്കുള്ളിലാക്കി. പക്ഷേ മാന്ത്രികതയുടെ രാജകുമാരിയായ അവർ പുരോഹിതന്മാരെ ഒന്നാകെ കൊന്നു. പക്ഷേ പിന്നെയൊരു നീണ്ട കാത്തിരിപ്പായിരുന്നു അവൾക്ക്, സ്വന്തം മാന്ത്രിക സിദ്ധി കൊണ്ട് നശിച്ചു പോകാത്ത ഉടലിനെ അവൾ കാത്തുസൂക്ഷിച്ചു. എന്നെങ്കിലും തനിക്കു ചേരുന്ന ഒരു ആത്മാവ് ഉണ്ടായി തീരുമെന്ന് അവൾക്ക് നിശ്ചയമുണ്ടായിരുന്നു. 

ഇന്നത്തെ കാലത്തിൽ നിന്നും ടെറായുടെ കാലം അത്ര വലുതായി മാറിയിട്ടുണ്ടെന്ന് കരുതുക വയ്യ. ഒന്നിനും ഇപ്പോഴും സ്ത്രീകൾക്ക് പൂർണമായ സ്വാതന്ത്ര്യം ലഭ്യമായിട്ടില്ല, സ്വന്തം ലൈംഗികതയുടെ സമയം പോലും അവളല്ല തീരുമാനിക്കുന്നത് എന്നത് എത്ര ക്രൂരമായ സത്യമാണ്! അവിടെയാണ് ഈ നോവലിന്റെയും ടെറയുടെയും പ്രസക്തി. ഇവിടെ ആ പഴയ കാലത്തിൽ നിന്നും അവളിറങ്ങി വന്നാൽ മനുഷ്യർ എങ്ങനെയാവും മാറാൻ പോകുന്നത്? കാലങ്ങൾ കടന്ന് ഈജിപ്തിൽ നിന്നും പൂർവാധികം ശോഭയോടെ ടെറാ ഇറങ്ങി പൊതു ജനമധ്യത്തിലേയ്ക്ക് ചെല്ലുമ്പോൾ അവിടെ അവളെ ഭരിക്കാൻ ആരുമുണ്ടാകില്ല എന്നൊരു ധൈര്യം അവൾക്കുണ്ട്. അഥവാ അതിനാരെങ്കിലും തുനിഞ്ഞാൽ അവൻ ജീവനോടെ കാണില്ല എന്ന തീരുമാനവും അവൾ എടുത്തിട്ടുണ്ടാവണം. ഇങ്ങനെ പല തലങ്ങളിലുള്ള വായനയാണ് മരിയ റോസിന്റെ നോവൽ ഈ കാലത്തിൽ നൽകുന്നത്. 

മമ്മി എന്ന അവസ്ഥയെ കുറിച്ച് ഇതിനു മുൻപും നിരവധി സിനിമകളും പുസ്തകങ്ങളും ഇറങ്ങിയിട്ടുണ്ട്. അതെല്ലാം ജനങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും മമ്മിയെ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്തിട്ടുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപ് ജീവിച്ചിരുന്ന മനുഷ്യരുടെ ശവശരീരത്തെ പ്രത്യേക പെട്ടികളിലാക്കി അടക്കം ചെയ്ത് അതിനുള്ളിൽ രൂപങ്ങൾ നിറച്ച്, മരുന്നുകൾ ചേർത്ത് സൂക്ഷിച്ചു വയ്ക്കുന്നു. ഈജിപ്തിൽ നിലനിന്നിരുന്ന ഈ ആചാരത്തിന്റെ ഫലമായി നൂറ്റാണ്ടുകൾ കഴിഞ്ഞും സംസ്കാരത്തെ പറ്റിയും, അന്നത്തെ മനുഷ്യരെ കുറിച്ചും പുതിയ മനുഷ്യർക്ക് പഠിക്കാൻ ഏറെ സഹായമായിട്ടുണ്ട്. പക്ഷേ മമ്മിയെ കണ്ടെടുക്കുക എന്നത് ശാപം പിടിച്ച ജോലിയാണെന്ന വിശ്വാസവും ഇതിൽ നിലനിൽക്കുന്നു. സ്വതന്ത്രമാകുന്ന മമ്മി മനുഷ്യകുലത്തിനു നൽകുന്ന നാശം കടുത്തതാകുമെന്ന് പലരും സൂചിപ്പിക്കുന്നു. പക്ഷേ, മിത്തുകളുടെയൊക്കെ അപ്പുറം നിഗൂഢമാക്കപ്പെട്ട എന്തിനോടുമുള്ള കൗതുകം മനുഷ്യർ സൂക്ഷിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഡ്രാക്കുളയും മമ്മിയുമൊക്കെ ഇനിയുമെത്ര മാറ്റിയെഴുതി വന്നാലും വായനയിൽ ഇടം പിടിക്കും. 

ബ്രോം സ്റ്റോക്കറുടെ നോവലിന്റെ വളരെ സംക്ഷിപ്‌ത്തീകരിക്കപ്പെട്ട നോവലാണ് മരിയ റോസിന്റെ ബ്രാം സ്റ്റോക്കറുടെ മമ്മി. വായന തുടങ്ങുന്നതും തീരുന്നതും അത്രയെളുപ്പത്തിലാണ്. ഒടുവിൽ ടെറാ നഗരത്തിലേക്കിറങ്ങി അപ്രത്യക്ഷയാകുമ്പോൾ ഇടയിലെവിടെയോ വായന നിന്നു പോയിരുന്നോ എന്ന് തോന്നിയേക്കാം. ചടുലമായ വേഗത അക്ഷരങ്ങളുടെ പുറകെ വായനക്കാരനെ ഓടിക്കും. പെട്ടെന്ന് തീർന്നു പോയതു പോലെ അനുഭവപ്പെട്ടേക്കാം. പക്ഷേ ഈ പുസ്തകം ഒരു തുടക്കം മാത്രമായിരുന്നു എന്ന് വിശ്വസിക്കുന്നതാണ് സുഖം. ബാക്കി വായന മനസ്സിലാണ്, പുസ്തകം അവസാന പേജ് കഴിയുമ്പോഴും ആ വായന തുടർന്നുകൊണ്ടേയിരിക്കുന്നു!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA