ഓച്ചിറ വേലുക്കുട്ടിയുടെ പ്രേമഭാജനങ്ങള്‍; അഥവാ ഒരു ദുരന്തപ്രണയ കാവ്യം

HIGHLIGHTS
  • ട്രാന്‍സ്ജെന്‍ഡറുകള്‍ ഇന്നു സമൂഹത്തിന്റെ ഭാഗമാണ്.
Aligam-500
SHARE
എസ്.ഗിരീഷ്കുമാര്‍

ഡിസി ബുക്സ്, കോട്ടയം

വില 270 രൂപ രൂപ

നാലാളറിയുന്ന കലാകാരനെക്കുറിച്ച് കഥകളുണ്ടാകുക സ്വാഭാവികം. യാഥാര്‍ഥ്യവും സങ്കല്‍പവും നിറഞ്ഞവ. ഭാവന നിറംപിടിച്ചവ. സത്യവുമായി നേരിയ ബന്ധം പോലുമില്ലാത്തവ. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ വളര്‍ന്നു തിടംവച്ചവ. പറഞ്ഞുപടര്‍ത്തുന്നവരുടെ മനോധര്‍മമനുസരിച്ച് ഊതിപ്പെരുപ്പിച്ചവ. മലയാള നാടകവുമായി ബന്ധപ്പെട്ട എണ്ണമറ്റ കഥകളിലെ ഇതിഹാസപുരുഷനാണ് ഓച്ചിറ വേലുക്കുട്ടി എന്ന ശിവപ്രസാദ് സി വേലുക്കുട്ടി. മലയാള നാടകചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ വിളക്കും വെളിച്ചവുമായിരുന്ന നായികാനടന്‍. ഓച്ചിറ വേലുക്കുട്ടിയുടെ അരങ്ങിലെ ജീവിതം മലയാള നാടകചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ അണിയറയിലെ ജീവിതം ഇനിയും വെളിച്ചം കാണാത്ത രഹസ്യമാണ്. അറിയുന്തോറും അതിശയം കൂട്ടുന്ന, അദ്ഭുതപ്പെടുത്തുന്ന ദ്വന്ദജീവിതത്തിന്റെ ഉടമ. അരങ്ങിലെ പൂര്‍ണതയുടെയും അണിയറയിലെ അപൂര്‍ണതയുടെയും പേര്. വാമൊഴികളില്‍നിന്ന് സത്യം കണ്ടെത്തി വേുലുക്കുട്ടിയെ മജ്ജയും മാംസവുമുള്ള മനുഷ്യനാക്കി പുനഃസൃഷ്ടിക്കുകയാണ് ‘അലിഗം’. ചരിത്രത്തിനൊപ്പം നടന്നും ജീവിതം അറിഞ്ഞും വികാരവിചാരങ്ങളുടെ സങ്കീര്‍ണതകള്‍ ഉള്‍ക്കൊണ്ടും പൂര്‍ണമാക്കാന്‍ ശ്രമിക്കുന്ന ജീവചരിത്രം. ഒപ്പം മലയാള നാടകചരിത്രത്തിന്റെ പുനര്‍വായനയും. 

മൂന്നാം ലിംഗക്കാര്‍ അഥവാ ട്രാന്‍സ്ജെന്‍ഡറുകള്‍ ഇന്നു സമൂഹത്തിന്റെ ഭാഗമാണ്. മാറ്റിനിര്‍ത്തലുകളും ഒഴിവാക്കലുകളും അതിജീവിച്ച് മുഖ്യധാരയിലേക്ക് അവര്‍ കടന്നുവന്നിരിക്കുന്നു. തുറിച്ചുനോട്ടവും പരിഹാസവും ഒഴിവാക്കി സാധാരണക്കാരായി അംഗീകാരം നേടുന്നു. ഒരു പോരാട്ടത്തിന്റെ ഫലമാണ് ഇന്നവര്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്ന സ്ഥാനവും അംഗീകാരവും. വര്‍ഷങ്ങള്‍ നീണ്ട സഹനസമരങ്ങളുടെ ആകെത്തുക. വേലുക്കുട്ടി ജനിച്ചതും ജീവിച്ചതും ട്രാന്‍സ്ജെന്‍ഡറുകള്‍ എന്ന വിളിപ്പേര് പ്രചാരത്തിലാകുന്നതിനും മുമ്പ്. മൂന്നാം ലിംഗക്കാരെക്കുറിച്ച് സമൂഹം അറിയുന്നതിനും മനസ്സിലാക്കുന്നതിനും മുമ്പ്. സ്വന്തം വ്യക്തിത്വം തിരിച്ചറിയാന്‍ വേലുക്കുട്ടിക്കു കഴിഞ്ഞില്ല. അറിഞ്ഞിരുന്നെങ്കിലും സമൂഹം അത് അംഗീകരിക്കുമായിരുന്നില്ല. കാരണം അത് പതിന്നാലാം നമ്പര്‍ മണ്ണെണ്ണ വിളക്കിന്റെ കാലമായിരുന്നു. മങ്ങിയ വെളിച്ചത്തില്‍ തറയിലിരുന്ന് സാധാരണക്കാരായ നാട്ടുകാര്‍ സംഗീതനാടകങ്ങള്‍ ആസ്വദിച്ച കാലം. അന്ന് പൂര്‍ണതയോളമെത്തുന്ന നടന ചാരുതയിലൂടെ വേലുക്കുട്ടി പ്രശസ്തനായെങ്കിലും അണിയറയിലെ വെളിച്ചം വീഴാത്ത ഇടങ്ങളില്‍ ആ ജീവിതം നഷ്ടപ്പെട്ടുപോയി. കരഘോഷങ്ങളും വണ്‍സ് മോര്‍ വിളികളും അവസാനിക്കുമ്പോള്‍ മാത്രം തുടങ്ങിയ ജീവിതത്തിന്റെ ഇനിയം വെളിച്ചം കാണാത്ത കദനകഥ. 

കള്ളുപുരകളില്‍ ജീവിതം ഹോമിച്ചവെന്ന് പേരെടുത്തിരുന്നു വേലുക്കുട്ടി. വേശ്യാഗൃഹങ്ങളിലെ നിത്യസന്ദര്‍ശകനെന്ന കുപ്രശസ്തിയും. ഒന്നല്ല അനേകമുണ്ടായിരുന്നു അദ്ദേഹത്തിനു പ്രേമഭാജനങ്ങള്‍. ഒരിക്കല്‍പ്പോലും അര്‍ഹിച്ച പ്രേമം തിരിച്ചുകൊടുക്കാത്ത നായികമാര്‍. അവരെപ്പറ്റി പക്ഷേ വേലുക്കുട്ടി പരാതി പറഞ്ഞില്ല. കാരണം അവര്‍ വേലുക്കുട്ടിയോടു മല്‍സരിച്ചിട്ടില്ല. കുറ്റപ്പെടുത്തിയില്ല. പരിഹസിച്ചില്ല. ഉപാധികള്‍ വയ്ക്കാതെ, കലഹിക്കാതെ അവര്‍ അയാള്‍ക്കുവേണ്ടി കാത്തിരുന്നു. അവര്‍ വേലുക്കുട്ടിയെ അംഗീകരിച്ചു; വേലുക്കുട്ടി അവരെയും. പകലടങ്ങുവോളം കളി പറഞ്ഞും പാട്ടുപാടിയും അയാള്‍ അവര്‍ക്കരികിലിരുന്നു. ശരീരം കൊത്തിപ്പറിക്കാന്‍ എത്തിയിരുന്ന കഴുകന്‍മാരില്‍നിന്ന് വ്യത്യസ്തനായ ഒരേയൊരു പുരുഷന്‍. എല്ലാവര്‍ക്കും വേലുക്കുട്ടി ആവശ്യത്തിനു പണം കൊടുത്തു. ചിലരൊക്കെ പണം വാങ്ങി. ഒന്നും വാങ്ങാത്തവരും ഉണ്ടായിരുന്നു. അജ്ഞാതമായ കാരണങ്ങളാല്‍, നിര്‍വചിക്കാനാവാത്ത വികാരങ്ങളാല്‍ പരസ്പരം കൊരുക്കപ്പെട്ടു അവരുടെ ജീവിതങ്ങള്‍. 

വേശ്യാപ്പുരകളില്‍ ജീവിതത്തിന്റെ പൂര്‍ണത തേടിപ്പോകാന്‍ വേലുക്കുട്ടിയെ പ്രേരിപ്പിച്ചത് അപൂര്‍ണത എന്ന വികാരം. ജനിച്ചതും ജീവിച്ചതും പുരുഷനായിട്ടാണെങ്കിലും എത്തിച്ചേരാന്‍ ആഗ്രഹിച്ചതു പുരുഷത്വമാണെങ്കിലും അടിച്ചേല്‍പിക്കപ്പെട്ട സ്ത്രീത്വത്തില്‍നിന്നുള്ള മോചനം. അതുപക്ഷേ വൃഥാവ്യായാമമായി. ഓരോ തവണയും അയാള്‍ പരാജയപ്പെട്ടുകൊണ്ടിരുന്നു. ദയനീയമായി. പരിതാപകരമായി. തോല്‍വികള്‍ മറക്കാനും എന്നെങ്കിലും വിജയിക്കുമെന്ന മോഹത്തിലും അയാള്‍ വേശ്യാഗൃഹങ്ങള്‍ വീണ്ടും തേടിക്കൊണ്ടിരുന്നു. കള്ളുപുരകളെ അന്തിയുറങ്ങാനുള്ള ഇടങ്ങളുമാക്കി. 

മനസ്സും ശരീരവും തമ്മില്‍ യോജിക്കാത്ത താളപ്പിഴയാണു മൂന്നാം ലിംഗക്കാരുടെ ജീവിതം നിര്‍ണയിക്കുന്നതെങ്കില്‍ വേലുക്കുട്ടി അവരില്‍ ഒരാളായിരുന്നില്ല. അയാള്‍ ജനിച്ചത് പുരുഷനായി. കാമിച്ചതു സ്ത്രീയെ. അരങ്ങില്‍ കെട്ടാനാഗ്രഹിച്ചത് പുരുഷപ്പാര്‍ട്ട്. പക്ഷേ, സ്ത്രീയുടെ രുപലാവണ്യം അയാള്‍ക്കു സമ്മാനിച്ചതു സ്ത്രീപ്പാര്‍ട്ട്. ദാരിദ്ര്യത്തില്‍നിന്നു രക്ഷപ്പെടാനും, ജീവിക്കാന്‍ ലഭിച്ച ഒരേയൊരു റോള്‍ അതായിരുന്നതിനാലും അയാള്‍ക്കു സ്ത്രീപ്പാര്‍ട്ട് സ്വീകരിക്കേണ്ടിവന്നു. അന്നു സ്ത്രീകള്‍ നാടകമഭിനയിക്കാത്ത കാലം. സ്ത്രീവേഷം കെട്ടുന്നതും പുരുഷന്‍മാര്‍ തന്നെ. വേലുക്കുട്ടി സ്ത്രീപ്പാര്‍ട്ട് കെട്ടി. ജനം അതംഗീകരിച്ചു. ഓരോ തവണ മുഖത്തേപ്പു തേച്ച് സ്ത്രീയായി മാറുമ്പോഴും  അയാള്‍പോലുമറിയാതെ അയാളില്‍നിന്നു പുരുഷത്വം ചോര്‍ന്നുപോയിക്കൊണ്ടിരുന്നു. സ്ത്രീകളെ കാമിച്ചിട്ടും അവരെ സന്തോഷിപ്പിക്കാനാകാതെ പോയ പുരുഷന്‍. അവരില്‍നിന്നു സുഖവും സന്തോഷവും അനുഭവിക്കാനാകാതെ പോയ പുരുഷന്‍. 

വേലു എന്ന വേുക്കുട്ടിയെ അരങ്ങിന്റെ അദ്ഭുതമാക്കിയത് വാസവദത്ത. കുമാരനാശാന്റെ അനശ്വര കവിതയുടെ നാടകരൂപം. വാസവദത്തയായി വേലുക്കുട്ടി അരങ്ങുകളില്‍ അഭിനിയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു. ഒടുവില്‍ യഥാര്‍ഥ ജീവിതത്തിലും അയാള്‍ക്കു വാസവദത്തയാകേണ്ടിവന്നു. കരുണയില്‍ വാസവദത്തയ്ക്ക് അവസാന നിമിഷമെങ്കിലും ഉപഗുപ്തന്റെ പ്രേമവും കരുണയും കരഗതമായെങ്കില്‍ വേലുക്കുട്ടിക്ക് അതും നിഷേധിക്കപ്പെട്ടു. അരങ്ങില്‍ അയാളുടെ ഉപഗുപ്തനായ സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതരാല്‍പ്പോലും അവഗണിക്കപ്പെട്ടു. പകരം താങ്ങും തുണയുമായത് ആദ്യത്തെ കാമുകി- കല്യാണി. അദ്യന്തം ഉദ്വേഗഭരിതമാണ് ആ ജീവിതം. കഥ. അഭിനയം. അനുഭവങ്ങള്‍. അവയെല്ലാം നാടകീയതയോടെയും ചരിത്രത്തോടു നീതി പുലര്‍ത്തിയും അവതരിപ്പിക്കുന്ന നോവലാണ് അലിംഗം. സമീപകാലത്തെ മികച്ച നോവലുകളിലൊന്ന്. 

‘അലിംഗം’ എന്ന നോവല്‍ ഒരേസമയം കലയും കലാപവുമാണ്. ഒരു മികച്ച നോവല്‍ എന്ന നിലയില്‍ അതു കലയാണെങ്കില്‍ പറഞ്ഞുകേട്ട കഥകളില്‍നിന്ന് സത്യത്തെ തല്ലിക്കൊഴിച്ചെടുക്കുന്നതിനാല്‍ കലാപവുമാണ്. മലയാള നാടകചരിത്രത്തിലാണ് അലിഗം തിരുത്തല്‍ വരുത്തുന്നത്. പറഞ്ഞുകേട്ടതും എഴുതിവച്ചതുമായ ചരിത്രം അപൂര്‍ണമാണെന്ന് ഓര്‍പ്പെടുത്തുന്നതിനൊപ്പം ദ്വന്ദജീവിതത്തിന്റെ സങ്കീര്‍ണതകളിലേക്കും വെളിച്ചം വീശുന്ന ജ്വാലാകലാപം. പതിന്നാലാം നമ്പര്‍ മണ്ണെണ്ണവിളക്കിന്റെ മങ്ങിയ വെട്ടത്തില്‍നിന്ന് ആധുനിക ജീവിതത്തിന്റെ പകല്‍വെളിച്ചത്തിലേക്കു നീക്കിനിര്‍ത്തി നായികാനടന്റെ ജീവിതം ഇഴപിരിച്ചെടുക്കുന്ന കലാസൃഷ്ടി. അലിംഗത്തിലൂടെ മലയാളത്തിന് ലഭിച്ചിരിക്കുന്നത് എഴുത്തിലെ ഭാവിവാഗ്ദാനമായ ഒരു ചെറുപ്പക്കാരനെ -എസ്.ഗിരീഷ്കുമാര്‍. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA