sections
MORE

ബർമുഡ ട്രയാങ്കിളിലെ രഹസ്യ ദ്വീപ്, ലോകാവസാന സൂചനകൾ, പേടിപ്പെടുത്തും ഈ പുസ്തകം

HIGHLIGHTS
  • അഖിൽ പി. ധർമ്മജന്റെ രണ്ടാമത്തെ നോവലാണ് മെർക്കുറി ഐലൻഡ്.
Mercury-Island-p
SHARE
അഖിൽ പി. ധർമ്മജൻ

കഥ പബ്ലിക്കേഷൻസ്

വില: 350 രൂപ

ലോകപ്രശസ്ത രഹസ്യമായ ബെർമുഡ ട്രയാങ്കിളിൽ എന്താണുള്ളത്? അവിടെ വരുമ്പോൾ കപ്പലുകളും വിമാനങ്ങളും അപകടത്തിൽ പെടുന്നതിന്റെ രഹസ്യമെന്താണ്? ഒരുപാട് ശാസ്ത്രീയമായ ഗവേഷണങ്ങൾ നടന്നിട്ടുണ്ട് ഇതിനെ കുറിച്ച് , അവിടെ വിശേഷപ്പെട്ടതായി യാതൊന്നുമില്ലെന്നും ബാക്കിയൊക്കെയും അന്ധവിശ്വാസമാണെന്നും ചില ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഇതേ വിശ്വാസത്തെ പിന്തുടർന്ന് നിരവധി സിനിമകളും നോവലുകളും വിദേശ ഭാഷകളിൽ ഈ ട്രയാങ്കിളിനെ കുറിച്ച് ഇറങ്ങിയിട്ടുണ്ട്. 

ബർമുഡ ട്രയാങ്കിളിൽ ആരുമറിയാത്ത ഒരു ദ്വീപ് ഉണ്ടെന്ന് ആർക്കെങ്കിലും അറിയാമോ? അതിന്റെ പേരാണ് മെർക്കുറി ഐലൻഡ്. നോവലിസ്റ്റായ അഖിൽ പി. ധർമ്മജന്റെ രണ്ടാമത്തെ നോവലാണ്  മെർക്കുറി ഐലൻഡ്. രഹസ്യങ്ങളും ഹൃദയം നിലച്ചു പോകുന്ന കാഴ്ചകളുമായി അഖിൽ വായനക്കാരെ അഞ്ഞൂറ്റി പന്ത്രണ്ട് പേജുകളിലായി തളച്ചിട്ടിരിക്കുന്നു. അഞ്ഞൂറിൽ കൂടുതൽ പേജ് എന്നതുകണ്ട് ഭയപ്പെടേണ്ടതില്ല, കാരണം പുസ്തകവായന തുടങ്ങിയാൽ അത് വായിച്ച് അവസാനിക്കുന്നതുവരെ മായികമായ ഒരു ലോകത്തായിരിക്കും വായനക്കാർ അതുകൊണ്ടു തന്നെ പേജുകൾ തെന്നി നീങ്ങുന്നത് അറിയുക പോലുമില്ല. 

മായൻ കലണ്ടർ അനുസരിച്ചാണ് ലോകത്തിന്റെ ഗതിവിഗതികളെന്നു വിശ്വസിക്കപ്പെടുന്നു. ലോകാവസാനവും അതിനോട് അനുബന്ധിച്ച കാര്യങ്ങളും മായൻ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ആ വിശ്വാസത്തിൽ ഊന്നിയാണ് മെർക്കുറി ദ്വീപിലെ രഹസ്യങ്ങളെ അഖിൽ പറഞ്ഞു വയ്ക്കുന്നത്. ഫ്ലോറിഡയിലെ യൂണിവേഴ്‌സിറ്റിയിലെ പ്രഫസർ ആയ നിക്കോള്സന് ഒരു പ്രത്യേക ഡയറി ലഭിക്കുന്നു, അതിൽ അദ്ദേഹം കണ്ടെത്തുന്ന ചില സത്യങ്ങൾ പ്രഫസറെ ഞെട്ടിക്കുന്നു. അതനുസരിച്ച് ബെർമുഡ ട്രയാങ്കിളിലെ മെർക്കുറി ദ്വീപ് അന്വേഷിച്ച് പോകാൻ അദ്ദേഹം തയാറെടുക്കുകയാണ്. അത് ആരോടും പറയാൻ അദ്ദേഹം തയാറല്ല. പക്ഷേ പോകുമ്പോൾ അദ്ദേഹം താൻ പോകുന്ന വഴിയുടെ മാപ്പ് വീട്ടിൽ അവശേഷിപ്പിക്കുന്നു. എല്ലാത്തിനും ഒരു കാരണം ഉണ്ട്. ആ കാരണവും പ്രവൃത്തിയും ഒരുപക്ഷേ നൂറ്റാണ്ടുകൾക്ക് മുൻപേ എഴുതിവയ്ക്കപ്പെട്ടതാവും. അതുകൊണ്ട് തന്നെയാണല്ലോ നിക്കോള്സന്റെ ശിഷ്യരായ ആ കുട്ടികൾ അദ്ദേഹത്തെ തിരഞ്ഞു ദ്വീപിലേക്ക് പോകാനൊരുങ്ങുന്നത്. അവർക്കൊപ്പം പ്രഫസറെ രഹസ്യമായി സ്നേഹിക്കുന്ന ജോംസി മിസ്സും ഉണ്ട്.

എങ്ങനെ പ്രതിബന്ധങ്ങളെ അതിജീവിച്ച് ബർമുഡ ട്രയാങ്കിൾ കടന്നു മെർക്കുറി ദ്വീപിൽ എത്തിപ്പെടും? എല്ലാവരുടെയും ചിന്ത അതായിരുന്നു. അതിനുള്ള എളുപ്പവഴികൾ പ്രഫസർ തന്നെ പുസ്തകത്തിൽ അടയാളപ്പെടുത്തിയിരുന്നു. ജീവൻ കയ്യിൽ പിടിച്ച് അവർ ആ ഉദ്യമത്തിൽ വിജയിക്കുന്നു. മണിക്കൂറുകൾ യാത്ര ചെയ്ത് ഒടുവിൽ അവർ  മെർക്കുറി  ദ്വീപിൽ എത്തിച്ചേരുന്നു. പക്ഷേ ഇതുവരെ അനുഭവിച്ചതൊന്നുമല്ല, അതിലും വലിയ യാഥാർഥ്യങ്ങളും ഞെട്ടിക്കുന്ന ജീവിത രഹസ്യങ്ങളും അവരെ കാത്തിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഭൂമിയുടെ നിലനില്പിനോളം പഴക്കമുള്ള രഹസ്യമായിരുന്നു അത്. 

ലോകാവസാനമാണ് വരുന്നത്. എന്താണ് അതിനു കാരണം? ഭൂമിയുടെ മാതൃകാ ഗൃഹം നിർമ്മിച്ച് അതിനു ജീവൻ നൽകുന്ന മാന്ത്രിക വിദ്യ മായന്മാർ കണ്ടുപിടിച്ചത് എന്തിനു വേണ്ടിയായിരുന്നു? അതുകൊണ്ടാണോ ലോകാവസാനത്തിന്റെ വക്കുകളിലേയ്ക്ക് ഭൂമി സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്? ഭൂമിയെ അതിന്റെ അവസാനത്തിൽ നിന്ന് രക്ഷിക്കാനുള്ള ദൗത്യമാണ് തങ്ങളെ ആ ദ്വീപിൽ കാത്തിരുന്നതെന്നറിഞ്ഞ ഒരുപറ്റം ചെറുപ്പക്കാർ എങ്ങനെയാണ് അതിനു ശ്രമിക്കുന്നത്? ഉദ്വേഗഭരിതമായ മണിക്കൂറുകൾ വായനക്കാരുടെ ഹൃദയമിടിപ്പ് കൂട്ടും. 

മലയാളത്തിൽ ഇംഗ്ലിഷ് ഫിക്ഷന്റെയും സിനിമകളുടെയും ചുവടുപിടിച്ച് കൃതികൾ ഉണ്ടാവുന്നത് ഒരുപക്ഷേ പുതിയ വായനക്കാരന്റെ ഭാഗ്യം തന്നെയായിരിക്കാം. കാലങ്ങൾക്കു മുൻപ് മറന്നു വച്ച ഒരു ഇരിപ്പിടമാണത്. ബാറ്റൺ ബോസും ഏറ്റുമാനൂർ ശിവകുമാറും ഒക്കെ ഒഴിച്ചിട്ട സിംഹാസനങ്ങൾ ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്, അതിലേക്കാണ് അഖിലിനെ പോലെയുള്ള നവാഗത എഴുത്തുകാർ തങ്ങളുടെ ബൃഹത്തായ രചനകളുമായി എത്തുന്നത്. ഒരുപക്ഷേ ഈ കൃതി ഇംഗ്ലിഷിൽ ആയിരുന്നു എഴുതപ്പെട്ടിരുന്നത് എങ്കിൽ തീർച്ചയായും മറ്റൊരു സാഹസിക സിനിമയ്ക്കു കൂടി നോവൽ കാരണമായേനെ... 

നീണ്ട എട്ടു വർഷങ്ങളെടുത്താണ് അഖിൽ മെർക്കുറി ഐലൻഡ് എഴുതി തീർക്കുന്നത്. ബർമുഡ ട്രയാങ്കിൾ എന്ന നിഗൂഢ സ്ഥലത്തെ കുറിച്ച് വിവരങ്ങൾ ശേഖരിച്ച ശേഷം അതിനുള്ളിലെ സങ്കല്പികമായൊരു ദ്വീപാണ് അഖിൽ തന്റെ ഭൂമികയാക്കുന്നത്. ഭൂമിയുടെ തന്നെ നിലനിൽപ്പ് ആ ആരും അറിയാത്ത ദ്വീപിനുള്ളിലെ ഇരുട്ട് മുറിയിൽ മറച്ചു വയ്ക്കപ്പെടുമ്പോൾ അഖിൽ പുസ്തകത്തിലൂടെ സഞ്ചരിച്ച വഴികൾ അമ്പരപ്പിക്കുന്നു. ഫാന്റസിയുടെ വല്ലാത്ത ഭ്രമിപ്പിക്കുന്ന ഒരു ലോകത്തിലൂടെ വായനയിൽ സഞ്ചരിക്കുമ്പോൾ ചില മിത്തുകളെ അടിസ്ഥാനപ്പെടുത്തി കാഴ്ചകളൊക്കെ സത്യമാണെന്ന് ഒരു നിമിഷം അമ്പരന്നുവോ! പിന്നെയും യുക്തി തലച്ചോറിനെ ചോദ്യം ചെയ്യുമ്പോൾ ഫാന്റസി എന്ന തലക്കെട്ടിൽ വീണ്ടും വീണ്ടും കൗതുകം കൂടുന്നു. ഓരോ അധ്യായങ്ങളും അത്രമാത്രം ആകാംക്ഷ ഉണർത്തി മുന്നോട്ടു പോകുന്നതുകൊണ്ട് പകുതിയിൽ വച്ച് വായന അവസാനിപ്പിക്കാൻ ആകില്ലെന്ന് സാക്ഷ്യം പറയുന്നു .

സ്വന്തമായി എഴുതി സ്വയം അച്ചടിച്ച് പുസ്തകം വിൽക്കുന്ന അഖിലിന് എഴുത്ത് എന്നാൽ അതിജീവനത്തിന്റെ മാർഗ്ഗം കൂടിയാണ്. നിരവധി പ്രതിബന്ധങ്ങൾ ഓരോ സമയത്തും ഉണ്ടാകുമ്പോഴും അതിനെയൊക്കെ എഴുത്തിന്റെ വഴിയിൽ കൂടി തന്നെ അഖിൽ പ്രതിരോധിക്കുന്നു. ആ അക്ഷരങ്ങൾ തന്നെ അയാൾക്ക് ആത്മവിശ്വാസം നൽകുന്നു. അതാണല്ലോ ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ ശക്തിയും.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA