sections
MORE

കാലം കാൽപാടുകൾ: കാണാപ്പുറങ്ങളുടെ വായനാനുഭവം...

HIGHLIGHTS
  • കാണാപ്പുറങ്ങളുടെ സാഹിത്യാനുഭവമാണ് ആർ. ശശിശേഖർ രചിച്ച കാലം, കാൽപാടുകൾ
kalam-p
SHARE
ആർ. ശശിശേഖർ

ആപ്പിൾ ബുക്സ്

കാണാപ്പുറങ്ങളുടെ സാഹിത്യാനുഭവമാണ് ആർ. ശശിശേഖർ രചിച്ച കാലം, കാൽപാടുകൾ എന്ന പുസ്തകം. പ്രസാധന ചരിത്രത്തിലെ നാഴികക്കല്ലായിട്ടാണു പ്രസാധകരായ ആപ്പിൾ ബുക്സ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അവരുടെ ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം പിടിക്കാൻ കഴിഞ്ഞതു പുസ്തകത്തിന്റെ ഇതിവൃത്തത്തിന്റെ സവിശേഷതകാരണമാണ്. മികച്ച ക്രിയേറ്റീവ് ഡയറക്ടർക്കുള്ള രാഷ്ട്രപതിയുടെ സുവർണ കമലം പുരസ്കാരം ലഭിച്ച മലയാളിയായ എസ്.വി. ദീപക്കാണ് മനോഹരമായ കവർ രൂപകൽപന ചെയ്തത്. കലാമണ്ഡലം മുൻ വൈസ് ചാൻസലർ പി.എൻ. സുരേഷാണ് അവതാരിക എഴുതിയിരിക്കുന്നത്. ചിരപരിചിതമായ സ്ഥലങ്ങളുടെയും വ്യക്തികളുടെയും സന്ദർഭങ്ങളുടെയും അപരിചിത മുഖങ്ങളാണ് ഈ പന്ത്രണ്ടു ലേഖനങ്ങളുടെയും ഇതിവൃത്തം. സദാകർഷണീയങ്ങളായ സാമൂഹ്യ സംഭവങ്ങളുടെ സാമാന്യ വിവരണത്തിലൂടെ സാംസ്കാര വാഞ്ഛയുള്ള സമൂഹത്തിൽ അന്തർവ്യാപിയായി അലിഞ്ഞു ചേർന്നിട്ടുള്ള നന്മയുടെ കണ്ടെത്തലുകൾ ഓരോ ലേഖനത്തിലും നമുക്കു ദർശിക്കാം

രണ്ടിടങ്ങഴിയുടെ കഥ

മൂക്കിനു താഴെ മിനുക്കിയ ഹൈനസ് മീശയിലൂടെയും, സ്റ്റീൽ മോതിരമിട്ട ചൂണ്ടുവിരലിലൂടെയും വളർന്ന പ്രസ്ഥാനത്തിന്റെയും പാടിക്കഴിഞ്ഞപ്പോൾ കൂലിമുട്ടിയ ഗാന സംസ്കാരത്തിന്റെയും ഉമ്മവെയ്ക്കാനാകാത്ത കൊച്ചുതമ്പുരാന്റെ വിശ്വസ്ത ഭൃത്യന്റെയും വിവരണത്തിലൂടെ, മാഞ്ഞുപോയ മാനവീയതയുടെ അളക്കാനാകാത്ത നന്മ ചിത്രങ്ങൾ കഥാകാരന്റെ ചാതുര്യത്തോടെ ‘രണ്ടിടങ്ങഴിയിൽ കാലം അളക്കുമ്പോൾ' എന്ന അധ്യായത്തിൽ കോരി നിറച്ചിരിക്കുന്നു. 

ഖസാക്കിന്റെ വർത്തമാനങ്ങൾ

കാറ്റു ചേക്കേറിയ കരിമ്പനകളുടെ ഗന്ധം പിടിച്ച്, കാവൽ നിൽക്കുന്ന ചിതലിമലകളുടെ സാന്നിധ്യം തേടി, മൈമുനയുടെ തുടകളിലെ കെട്ടു പിണഞ്ഞ നീല ഞരമ്പുകളെപ്പോലെയുള്ള നാൽക്കൂട്ടപ്പെരുവഴികളിലൂടെയും കാളവണ്ടികൾ ഞെരുങ്ങി നീങ്ങിയിരുന്ന മൈലാഞ്ചിപ്പാതകളിലൂടെയും ഇതിഹാസഭൂമിയിലൂടെയുള്ള യാത്രയാണു ഖസാക്കിലെ വർത്തമാനങ്ങൾ. ഇവിടെ ചില്ലുവാതിലുകളടച്ച് മറഞ്ഞുപോയ അപ്പുക്കിളിയുടെയും ചന്ദനത്തിരികളണച്ച് വിടചൊല്ലിയ അള്ളാപിച്ചാ മൊല്ലാക്കയുടെയും ആയിരത്തൊന്നു വെള്ളക്കുതിരകളുടെ കഥയുപേക്ഷിച്ച ശൈഖ് തങ്ങളുടെ പള്ളിയുടെയും ഞാറ്റുപുരയുടെയും മായാത്ത മിത്തുകളുടെയും മുത്തുകൾ പെറുക്കി നിരത്തിവച്ചിരിക്കുന്നു. 

കെ.ആർ. ഗൗരയമ്മയും ടി.വി. തോമസും 

തടവറയുടെ ഏകാന്തതയ്ക്കും മർദനമുറകൾക്കും സാന്ത്വനമായി കല്ലിൽക്കെട്ടിയിട്ടും ഭക്ഷണപ്പൊതികളിലൂടെയും എത്തിച്ചേർന്നിരുന്ന സന്ദേശങ്ങളിലൂടെ പുഷ്പിച്ച സ്നേഹബന്ധം, ആദർശ രാഷ്ട്രീയത്തിന്റെ മുൾമുനകൾ പിച്ചിച്ചീന്തി അലോസരപ്പെടുത്തിയ ജീവിത കഥയാണ് ‘വാക്കുറപ്പ് കരളുറപ്പ്’. കേരള രാഷ്ട്രീയ ചരിത്രത്തിൽ ത്യാഗത്തിന്റെ തിളങ്ങുന്ന ചുവപ്പു ലിപികളിൽ എഴുതപ്പെടേണ്ട അധ്യായത്തിന്റെ ഇരുളും പൊരുളും സത്യസന്ധമായി അനാവരണം ചെയ്യുന്ന ഈ ഖണ്ഡത്തിലെ വരികൾ ഒരു പാശ്ചാത്യ ദുരന്ത നാടകത്തെ ഓർമപ്പെടുത്തുന്നുണ്ട്. അത്യപൂർവമായ ഈ കൂടിക്കാഴ്ച,സമകാലീന രാഷ്ട്രീയത്തിൽ സമനിലയോടെ ചവിട്ടി അരച്ചുകളയാൻ ചങ്കുറപ്പുള്ളവർ ഉണ്ടാവില്ല. 

രാജലക്ഷ്മിയും നിഴലിന്റെ വഴിയും

വെറുക്കപ്പെട്ട സർവനാമത്തിന്റെ നിഴലുകളാടിയ ഒറ്റവഴിയിലൂടെ ഒരു ഉച്ചവെയിലിൽ നടത്തിയ യാത്ര, പതിറ്റാണ്ടുകൾക്കുമുമ്പുതന്നെ അവഗണിക്കപ്പെട്ട സ്ത്രീത്വത്തിന്റെ‌യും വരണ്ടുപോയ സ്നേഹ സ്രോതസ്സുകളുടെയും ഊഷരഭൂമിയിലെത്തി സമാപിക്കുന്നു. കോമരവും,യക്ഷിയും ശ്മാശന ഭീകരതയും മുറ്റിനിൽക്കുന്ന തറവാട്ടു വളപ്പിന്റെ നിഗൂഢതയിൽ അന്ത്യവിശ്രമം കൊള്ളുന്ന സ്ത്രീ സ്വത്വം, വെള്ളരളിയുടെ പാൽക്കൊമ്പുകളിൽ അനശ്വരത്വം പ്രാപിക്കുന്ന ദുരൂഹമായ അനുഭവം സമ്മാനിക്കുന്നുണ്ട്. 

സുകൃതികളിൽ മുമ്പനായ കീഴ്പ്പടം

അരങ്ങിലെ സുകൃതികളിൽ മുമ്പനായ ഗുരു കീഴ്പ്പടം കുമാരൻ നായരുടെ ജീവിത രേഖയാണ് കളിവിളക്ക്. അഭിനയകലയ്ക്ക് അനന്യമായ വൈശിഷ്ട്യം സമ്മാനിച്ച ഈ നാട്യാചാര്യന്റെ ജീവിത സന്ധികളും ആവിഷ്കാര സിദ്ധാന്തങ്ങളും അവതരണ ശാഠ്യങ്ങളും പ്രതിപാദിക്കുന്ന ഈ പേജുകളിൽ പൂർവകാല തമിഴ് സിനിമയുടെ ഹ്രസ്വ ചരിത്രവുമുണ്ട്.

തുഞ്ചത്ത് എഴുത്തച്ഛന്റെ കാണാപ്പുറങ്ങൾ

ഭാഷാ പിതാവിന്റെ ജീവിതവും ചരിത്രവും എന്നും തർക്ക വിഷയമാണ്. ആറും നാലും ആടുന്ന ചക്കും മത്സ്യം തൊട്ടുകൂട്ടുന്ന ഊൺവിധിയും തിരൂരിലെ തത്തയും നിലനിൽക്കെത്തന്നെ ശോകനാശിനീ തീരത്തുള്ള ചിറ്റൂർ തെക്കേ ഗ്രാമവും ആചാര്യനും തമ്മിലുള്ള ബന്ധത്തെ ആധികാരിതയോടെ ലേഖകൻ  ഇവിടെ അവതരിപ്പിക്കുന്നു. ഇതിൽ പ്രതിപാദ്യമാകുന്ന ചമ്പത്ത് മണ്ണാടിയാർ, ഗുരുമഠത്തിലെ ഗദപ്രതിഷ്ഠ, അഗ്രഹാരത്തിലെ ആൽത്തറ, താളിയോല ഗ്രന്ഥങ്ങൾ, ഗുരു സമാധി എന്നീ വിഷയങ്ങൾ ഏതൊരു ഭാഷാ വിദ്യാർഥിയിലും ഔത്സുക്യം ഉളവാക്കും.

കല്ലൂർ രാമൻകുട്ടിമാരാർ

കേരളത്തിന്റെ തായങ്ങളുടെ വഹയായ തായമ്പകയുടെ സാങ്കേതിക ചരിത്രമാണ് ‘കല്ലൂർ’. ഘനത്തിന്റെ താളത്തിൽ കാല പ്രപഞ്ച വൃത്തികളെ നിലയ്ക്ക് നിർത്തുന്ന പാലക്കാടൻ വാദ്യപ്പഴമയുടെ പര്യായമായ രാമൻകുട്ടിമാരാരുടെ പേരിലുള്ള ഈ ലേഖനം തായമ്പകയുടെ സ്വത്വവും സങ്കീർണമായ സാങ്കേതികത്വവും കലർന്ന ഒരു ശാസ്ത്രീയ പ്രബന്ധം കൂടിയാണ്. അടന്തക്കൂറ്, വിളംബിതം, ഇടകാലം, ഇരുകിട, മനോധർമം, ശൈലീഭേദം, വായ്ത്താരി, തുടങ്ങിയവയുടെ നിർവചനം, പ്രയോഗം എന്നിവ മുതൽ വ്യത്യസ്ത ശൈലികളുടെ സവിശേഷതകളും അവയുടെ പ്രസിദ്ധമായ പ്രയോക്താക്കളെയും പരാമർശിക്കുന്നത് ഈ ലേഖനത്തെ ഹൃദ്യ സമ്പുഷ്ടമാക്കുന്നു. 

കുറിയേടത്ത് താത്രി

കയ്പാർന്ന സ്വാനുഭാവത്തിനു പ്രചിതാകമായി കാമാസക്തിയുടെ വിഷമുപയോഗിച്ച് ജാതിഭേദമെന്യേയുള്ള പുരുഷന്മാരോട് ബന്ധം പുലർത്തി അവർക്കു ഭ്രഷ്ട് സമ്മാനിച്ച് ആധുനിക സ്ത്രീശക്തിയുടെ പ്രതീകമായി മാറിയ കുറിയേടത്ത് താത്രിയുടെ സംഭവ ബഹുലമായ ജീവിത ഭൂമിയിലേക്കു നടത്തിയ യാത്രാ വിവരണത്തിന് (തീയെരിഞ്ഞ ഓർമ) ഒരു മിത്തിന്റെ പരിവേഷമുണ്ട്. തിച്ചൂർ അയ്യപ്പൻകാവിലെ ആൽത്തറയിലുണ്ടായ കഥകളിയിൽ ശങ്കരപ്പണിക്കർ ‘കുംഭികുംഭം തൊഴും’ അഭിനയിക്കുമ്പോൾ ‘വേഷമഴിക്കാതെ കാണണം’എന്നു കീചകനോടു മുദ്ര കാണിച്ചത് 55–ാമത്തെ പുരുഷ സംസർഗമായി അഞ്ചാം പുരയിൽനിന്നു സാധനം വിളിച്ചു പറഞ്ഞു. കാവുങ്ങൽ രാമുണ്ണിപ്പണിക്കർ, പാലത്തോൾ ഇട്ടീരി നമ്പൂതിരി, നായ്ക്കാലി കുഞ്ഞിരാമൻ നമ്പീശൻ, തൃക്കങ്ങോട്ട് അച്യുത പൊതുവാൾ, പനങ്ങാവിൽ ഗോവിന്ദൻ നമ്പ്യാർ, കാട്ടാളത്ത് മാധവൻ നായർ, തുടങ്ങി നിരവധി മഹാരഥന്മാരാണ് സ്മാർത്ത വിചാരത്തിലൂടെ കലാകേരളത്തിനു എന്നെന്നേക്കുമായി നഷ്ടമായത്. ഒരു സാമൂഹിക പരിഷ്കരണ ചിന്തനത്തിനു നാന്ദികുറിച്ച ഈ സംഭവത്തിന്റെ നേർ രേഖകൾ നിരത്തുന്ന ചിന്തനീയമായ ഈ അന്വേഷണം സമനിലയോടെ വായിച്ചു തീർക്കാനാവില്ലതന്നെ.    

നഷ്ടപ്പെട്ട കന്യാകുമാരി

ഭാഷകൂടാതെ സാംസ്കാരിക പാരമ്പര്യം കൂടി കണക്കിലെടുത്തു മാത്രമേ സംസ്ഥാന രൂപീകരണം നിർവഹിക്കാവൂ എന്ന പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ നിർദേശത്തെ മാനിക്കാത്തതുമൂലം കേരളത്തിനു നഷ്ടപ്പെട്ട നാഞ്ചിനാടും കന്യാകുമാരിയുമാണ് അടുത്ത ലേഖനത്തിന്റെ പ്രതിപാദ്യ വിഷയം. തിരുവിതാംകൂറിന്റെ അധിപസ്ഥാനികളായ രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന അനന്തപുരി അന്യാധീനപ്പെട്ടുപോയതിന്റെയും അനന്തപത്മനാഭനെ അക്ഷരാർഥത്തിൽ ഛേദിച്ചതിന്റെയും അണിയറ നീക്കങ്ങൾ ധാർമിക രോഷത്തോടെ ലേഖകൻ അനാവരണം ചെയ്യുന്നത് ഏതൊരു കേരളീയനെയും ചിന്താധീനനാക്കും. വടക്ക് കൊല്ലൂർ തൊട്ട്, തെക്കു നാഞ്ചിനാടുവരെ (മൂകാംബിക മുതൽ കന്യാകുമാരിവരെ ) സ്ത്രീ പ്രജകളാൽ സംരക്ഷിക്കപ്പെടേണ്ട നാട് അനൗചിത്യപരമായി വിഭജിക്കപ്പെട്ടതിന്റെ സമകാലിക ദുരന്തമായി ഇന്നത്തെ സ്ത്രീ വിവേചനത്തെ വിലയിരുത്തേണ്ടി വരും.

കലാമണ്ഡലം ഉണ്ണിക്കൃഷ്ണകുറുപ്പ് 

കഥകളി വീണ്ടും ശശിശേഖറിന് വിഷയമാകുന്നു. ഇത്തവണ സംഗീതമാണ്. സഹ്യാദ്രിക്കപ്പുറമുള്ള ഇന്നത്തെകേരള പ്രദേശത്ത് ആചാരങ്ങളും അനുഷ്ഠാനങ്ങളും ആഘോഷങ്ങളുമൊക്കെയായി ഒരു സംഗീത ശൈലി നിലനിന്നിരുന്നു. ‘സോപാന സമ്പ്രദായം’ എന്നൊക്കെ ഇക്കാലത്തു വ്യാഖ്യാനിക്കപ്പെടുന്ന ഈ ശൈലിയത്രേ ആറുനൂറ്റാണ്ടുകൾക്കു മുൻപ് അവതരിക്കപ്പെട്ട രാമനാട്ടം സ്വാഭാവികമായും കൈക്കൊണ്ടത്. കാലാനുസൃതമായി രാമനാട്ടം കഥകളി ആയിത്തീർന്ന ശേഷം മറ്റു സംഗീത ധാരകളുടെ സന്നിവേശം സ്വാഭാവികമായും ഈ കലയിലും വന്നുകൂടി. എന്നാൽ ഭാവാത്മകമായ കഥകളി സംഗീതത്തിന്റെ സ്വത്വം ചില ഗായകരെങ്കിലും നിലനിർത്തുകയുണ്ടായി. അമാനുഷാകാരം പൂണ്ട കഥാപാത്രങ്ങളുടെ ആഹാര്യാഗംഗാദികൾക്ക് അനുയോജ്യമാം വിധം, കഥകളിയുടെ സംഗീതത്തെ ആജ്ഞാനുവർത്തിയാക്കിയ ഉണ്ണിക്കൃഷ്ണക്കുറുപ്പെന്ന  സ്വരമാന്ത്രികന്റെ ജീവിതവും കലാസപര്യയുമാണ് കഥകളി സംഗീതത്തിലെ അവധൂതൻ.മലയാള സിനിമാലോകത്തെ അതികായനായിരുന്ന കുഞ്ചാക്കോ ഉദയാ സ്റ്റുഡിയോ പ്രശസ്ത തിരക്കഥാകൃത്ത് ശാരംഗപാണി എന്നിവരുടെ ജീവിത കഥയാണ് തുടർന്നുള്ള ലേഖനം. 

വെള്ളിനേഴിയുടെ കഥ    

കലാഗ്രാമമായ വെള്ളിനേഴിയെപ്പറ്റി പറയുമ്പോൾ ശശിശേഖറിന് ആയിരം നാവാണ്. അതിനു കാരണവുമുണ്ട്. കലാഗ്രാമം എന്ന സങ്കൽപം തിരനീക്കി ആദ്യം രംഗപ്രവേശനം ചെയ്തത് ശശിയുടെ മനോമുകുരത്തിലാണ്. 2012 ജൂലായ് 9–14 കാലത്ത് മനോരമ പത്രത്തിൽ അദ്ദേഹം എഴുതി ഖണ്ഡശ: പ്രസിദ്ധീകരിച്ച കളിയരങ്ങിന്റെ പൈതൃകം എന്ന ലേഖന പരമ്പരയാണു പിന്നീടു വെള്ളിനേഴിയെ കലാഗ്രാമമായി പ്രഖ്യാപിക്കാൻ സർക്കാരിനു നിമിത്തവും പ്രചോദനവുമായത്. വെള്ളിനേഴിക്കാർ സുഖസുഷുപ്തിയിൽ നിമഗ്നരാകുമ്പോഴും കലാഗ്രാമത്തിനായി പദ്ധതികൾ രൂപകൽപന ചെയ്യാനും സാമ്പത്തിക സ്രോതസ്സ് എത്തിപ്പിടിക്കാനുമായി ശശിശേഖർ അധികാരത്തിന്റെ ഇടനാഴികളും കൊത്തളങ്ങളും കയറി ഇറങ്ങുകയായിരിക്കും. കലാഗ്രാമം എന്ന ഒരൊറ്റ യജ്ഞം മാത്രം മതി ശശിശേഖറിനെ കലാലോകം സ്മരിക്കാൻ.

പഠിച്ചു പതിഞ്ഞ അക്ഷരങ്ങളും കേട്ടു തഴമ്പിച്ച വാക്കുകളും ഉപയോഗിച്ച് കാലാനുവർത്തിയായ അനുഭവ രേഖ രചിക്കുന്നതിലുള്ള നൈപുണ്യം ഇവിടെ അനുഭവവേദ്യമാവുകയാണ്. രണ്ടിടങ്ങഴിയും ടി.വി. തോമസും,ഖസാക്കും കീഴ്പ്പടവും കല്ലൂരും കഥകളിയും കന്യാകുമാരിയും ഒരു സാമാന്യ സംവേദകനും അന്യമല്ല. എന്നാൽ വിഷയങ്ങളുടെ തികച്ചും വ്യത്യസ്തമായ മാനങ്ങളാണ് പ്രതിപാദ്യത്തെ സവിശേഷമാക്കുന്നത്. ഭാഷ, കല, ചരിത്രം, സാഹിത്യം, രാഷ്ട്രീയം, വ്യക്തിപ്രഭാവം, എന്നിങ്ങനെയുള്ള വൈവിധ്യമാർന്ന വിഷയങ്ങൾ വ്യത്യസ്തമായി പ്രതിപാദിക്കുന്ന ഈ ലേഖനങ്ങൾ ആരും ഒറ്റയിരുപ്പിൽ വായിച്ചു തീർക്കും. കാലം– കാൽപാടുകൾ ഒരു നല്ല വായനാനുഭവമായി എന്നും നമ്മോടൊപ്പമുണ്ടാവും. 

(ലേഖകൻ- ഡോ. വെള്ളിനേഴി അച്യുതൻ‌കുട്ടി, പാലക്കാട് വെള്ളിനേഴി കലാഗ്രാമം ചീഫ് കോ–ഓർഡിനേറ്റർ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA