sections
MORE

ഇതാ സൂസന്ന, എന്റെയും നിങ്ങളുടെയും പ്രിയപ്പെട്ടവള്‍...

HIGHLIGHTS
  • അജയ് പി. മങ്ങാട്ടിന്റെ ആദ്യ നോവല്‍ ‘സൂസന്നയുടെ ഗ്രന്ഥപ്പുര’ വാക്കുകളെക്കുറിച്ചാണ്.
Susannayude Granthappura-1
SHARE
അജയ് പി. മങ്ങാട്ട്

മാതൃഭൂമി ബുക്സ്

വില 275 രൂപ

ഇനി നീ വരരുതെന്നല്ല, നിനക്കിവിടെ ഇനി വരാനാവില്ല എന്നാണ് സൂസന്ന ജോസഫിനോടു പറഞ്ഞത്. ഇനി നീ വന്നാല്‍ അലമാരയില്‍ നിന്ന് തോക്കെടുത്ത് നിന്നെ വെടിവെച്ചിടും എന്നും. വാതില്‍പ്പാളിയില്‍ കൈ വച്ചുനിന്ന സൂസന്നയുടെ കോപം കണ്ട് ജോസഫ് പതറിയില്ല. ചുണ്ടു കോട്ടി അയാള്‍ പറഞ്ഞു: 

സൂസന്നാ, എനിക്കു പറയാനുള്ള കാര്യം കേട്ടോളൂ, ഞാന്‍ നിനക്കു വേണ്ടി പ്രാര്‍ഥിക്കുന്നു. എല്ലാ പുസ്തകങ്ങള്‍ക്കും എല്ലാ അക്ഷരങ്ങള്‍ക്കുമപ്പുറം ദുര്‍ബലവും ദുസ്സഹവുമായ വികാരങ്ങളുടെ കെട്ടുപാടുകള്‍ക്കപ്പുറം നനിക്കു ശാന്തിയുണ്ടാവാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. നാം ഏറ്റവും സ്നേഹിക്കുന്നതിനെ ഒരുനാള്‍ നാം വിട്ടുകൊടുക്കണം സൂസന്നാ, ഞാന്‍ നിന്നെ നിനക്കു വിട്ടുതന്നല്ലോ. നീയെന്താണ് എന്നെ എനിക്കു വിട്ടുതരാത്തത്? നീയെന്താണ് നിന്റെ പുസ്തകങ്ങളെ സ്വതന്ത്രമാക്കാത്തത് ? 

ജോസഫ് പിന്തിരിഞ്ഞു ചെടികള്‍ക്കിടയിലൂടെ നടന്ന് ഇരുള്‍പ്പാതയില്‍ അപ്രത്യക്ഷനാകുമ്പോഴേക്കും, സൂസന്ന തീരുമാനത്തിലെത്തിയിരുന്നു. ഗ്രന്ഥപ്പുരയെക്കുറിച്ച്. നീലകണ്ഠന്‍ പരമാരയുടെ മുഴുമിക്കാത്ത അവസാന പുസ്തകത്തെക്കുറിച്ച്. ഏറ്റവും സ്നേഹിക്കുന്നതിനെ വിട്ടുകൊടുക്കുന്നതിനെക്കുറിച്ച്. അതിനുശേഷം ലഭിക്കുന്ന സമാധാനത്തെക്കുറിച്ച്. എഴുതാനാഗ്രഹിച്ച പുസ്തകം പൂര്‍ത്തിയായപ്പോള്‍ അലിക്കു തോന്നിയതും ആഹ്ളാദത്തെക്കാള്‍, ആശ്വാസത്തെക്കാള്‍, സമാധാനം. സന്തോഷവും സമാധാനവും. വാക്കുകള്‍ക്കുള്ളിലെ സമാധാനം. 

അജയ് പി. മങ്ങാട്ടിന്റെ ആദ്യ നോവല്‍ ‘സൂസന്നയുടെ ഗ്രന്ഥപ്പുര’ വാക്കുകളെക്കുറിച്ചാണ്. പറഞ്ഞതും പറയാന്‍ ആഗ്രഹിച്ചതുമായ വാക്കുകളെക്കുറിച്ച്. വായിച്ചതും വായിക്കാന്‍ ആഗ്രഹിച്ചതുമായ വാക്കുകളെക്കുറിച്ച്. കേട്ടതും കേള്‍ക്കാന്‍ കൊതിച്ചതുമായ വാക്കുകളെക്കുറിച്ച്. എഴുതാന്‍ ആഗ്രഹിച്ചതും സ്വപ്നം കണ്ടതുമായ വാക്കുകളെക്കുറിച്ച്. ഒരു നോവലെന്ന നിലയില്‍ സൂസന്നയ്ക്ക് തുടക്കമില്ല; ഒടുക്കവും. അല്ലെങ്കില്‍ത്തന്നെ വാക്കുകള്‍ എന്നാണ് തുടങ്ങിയതെന്ന് ആര്‍ക്കു പറയാനാവും. എന്നെങ്കിലും അവസാനിക്കുമോയെന്നും. വാക്കുകളെപ്പോലെ സൗഹൃദം. അഥവാ വാക്കുകള്‍ കൊണ്ടുവന്ന സൗഹൃദങ്ങള്‍. വാക്കുകളെപ്പോലെ പ്രണയം. വാക്കുകള്‍ക്കൊപ്പം വന്ന പ്രണയം. വാക്കുതന്നെയല്ലേ അടുത്തിരുന്ന് കവിളില്‍ മൃദുവായി ഉമ്മവച്ച് എഴുതൂ എന്നു മന്ത്രിച്ചത്. എഴുതിക്കൊണ്ടിരിക്ക് എന്നു പ്രേരിപ്പിച്ചത്. ഇതാ, ഈ വാക്കുകള്‍ സൂസന്നയ്ക്കുള്ളത്. സൂസന്നയ്ക്കു പ്രിയപ്പെട്ട ഗ്രന്ഥപ്പുരയ്ക്ക്. സൂസന്നയുടെ അലിക്ക്. 

എഴുതുന്നത് എങ്ങനെയെന്നറിയില്ല; എഴുതാന്‍ ആഗ്രഹിച്ചിട്ടുണ്ടെങ്കിലും. വാക്കുകളെ പ്രണയിച്ചിട്ടുണ്ട്; പ്രണയം തിരിച്ചുകിട്ടുമോയെന്നറിയാതെ. പക്ഷേ, സൂസന്നയെക്കുറിച്ച് എഴുതാതിരിക്കാനാവില്ല .എഴുതിയില്ലെങ്കില്‍ ആത്മവഞ്ചനയാകും; എഴുതിയാല്‍ പൂര്‍ണതയിലെത്തുകയുമില്ല. എഴുതാതിരിക്കാനാവാത്തതുകൊണ്ട്, പൂര്‍ത്തിയാകുമെന്ന അത്യാഗ്രഹമില്ലാതെ ഒരു കുറിപ്പെഴുതുകയാണ്... സൂസന്നയെ പരിചയപ്പെടുത്താന്‍വേണ്ടി മാത്രം. ഇതെഴുതിക്കഴിയുന്നതോടെ സൂസന്ന നിങ്ങളുടേതാകും; ഇപ്പോള്‍ എന്റേതാണെന്നതുപോലെ. ഒരുപക്ഷേ നിങ്ങളും എഴുതിയേക്കും അവളെക്കുറിച്ച്. എഴുതിയില്ലെങ്കില്‍ത്തന്നെ പറയുമെന്നുറപ്പ് ഏറ്റവും പ്രിയപ്പെട്ടവരോട്. പ്രിയപ്പെട്ട വാക്കുകളില്‍. 

നോവല്‍ എന്ന വിശേഷണമുണ്ടെങ്കിലും സൂസന്നയുടെ ഗ്രന്ഥപ്പുര ആത്മകഥയാണ്. എന്റെയും നിങ്ങളുടെയും അലിയുടെയും. ഒപ്പം പുസ്തകം വായിക്കുന്ന മുഴുവന്‍ പേരുടെയും. നാം ഏറ്റവും പ്രിയപ്പെട്ടതായി കാത്തുസൂക്ഷിക്കുന്ന പുസ്തകങ്ങളുടെ. വാക്കുകളുടെ. എഴുതാന്‍ ആഗ്രഹിച്ചിട്ടും എഴുതാതെയപോയ പുസ്തകം. നമ്മുടെ തന്നെ കടന്നുപോയ കാലങ്ങളുടെ. നാമിപ്പോള്‍ വായിക്കുന്ന പുസ്തകങ്ങളുടെ. നാം പറയുന്ന വാക്കുകളുടെ പുസ്തകം. ചില നേരങ്ങളിലെ നമ്മുടെ ശ്വാസത്തെപ്പോലും തൊട്ടെടുക്കാം ഈ ഗ്രന്ഥപ്പുരയില്‍നിന്ന്. അത്രമേല്‍ നമ്മുടെ അടുത്താണ് സൂസന്ന. ഇനി അടുക്കാന്‍ സ്ഥലമില്ലെന്നതുപോലെ അടുത്ത്. ഇനി അകലാന്‍ കഴിയാത്തതുപോലെ ചേര്‍ന്ന്. 

ഒരു പുസ്തകം മറ്റൊരു പുസ്തകത്തിലേക്കുള്ള വാതിലാണ്. അങ്ങനെയാകുമ്പോഴാണ് അത് പുസ്തകമാകുന്നത്. സൂസന്ന ഒന്നല്ല ഒരായിരം പുസ്തകങ്ങളിലേക്കുള്ള വാതിലാണ്. വായിച്ചതും വായിക്കാനിരിക്കുന്നതുമായ പുസ്തകങ്ങള്‍. കേട്ടതും കേള്‍ക്കാത്തതുമായ കഥകള്‍. കേട്ട കഥകളെപ്പോലും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മാന്ത്രികക്കുപ്പായമണിയിച്ചാണ് സൂസന്ന അവതരിപ്പിക്കുന്നത്. ഒരിക്കല്‍പ്പോലും വിരസമാകാതെ, സൗഹൃദം ആഘോഷിച്ചും സ്നേഹം പറഞ്ഞും. സൂസന്നയെക്കുറിച്ചു വായിക്കുമ്പോള്‍ വാനയക്കാരും ഒരു നോവല്‍ എഴുതാന്‍ തുടങ്ങും. ഒന്നും എഴുതാതെ, എന്നെങ്കിലുമൊരിക്കല്‍ എഴുതാനായി കാത്തുവച്ച നോവല്‍. ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങള്‍ക്കു മാത്രമേ അങ്ങനെ ഒരു കഴിവുണ്ടാകൂ. അവ വായനക്കാരെയും എഴുത്തുകാരാക്കുന്നു. വാക്കുകളുടെ നിത്യപ്രണയിനികളാക്കുന്നു. ഇരുട്ടില്‍നിന്ന് പ്രകാശം കണ്ടെടുക്കുന്നതുപോലെ സൂസന്ന വാക്കുകളെ കണ്ടെടുക്കുന്നു. വാചകങ്ങളെ കോര്‍ത്തുവയ്ക്കുന്നു. കഥകളിലൂടെ, കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുന്നു. ഇതു തന്നെയല്ലേ എഴുതാന്‍ കാത്തിരുന്ന പുസ്തകം എന്ന സന്തോഷകരമായ അനുഭൂതിയില്‍ എത്തിക്കുന്നു. സൂസന്ന ഓരോ വായനക്കാരുടെയും സ്വന്തം പുസ്തകമാണ്. ഇതാ എന്റെ സ്നേഹം എന്നുപറഞ്ഞ് ആര്‍ക്കും നല്‍കാവുന്ന മനസ്സു നിറയ്ക്കുന്ന അനുഭവം. മലയാളത്തില്‍ അപൂര്‍വം രചനകള്‍ക്കു മാത്രം പ്രദാനം ചെയ്യാന്‍ കഴിയുന്ന വൈകാരികോര്‍ജ്ജം. 

ഒരു പുസ്തകം പോലും വായിച്ചിട്ടില്ലാത്തവരെ സൂസന്ന വായനക്കാരാക്കും; പുസ്തകം വായിക്കുന്നതു ശീലമാക്കിയവരെ മികച്ച വായനക്കാരും. അക്ഷരസൗന്ദര്യത്തിന്റെ അത്യാനന്ദം പകരുന്നതിലൂടെ എഴുത്തുകാരാകണോ എന്നു സ്വയം തീരുമാനിക്കാം. പക്ഷേ ഒന്നുറപ്പ്. ഒരു പുസ്തകമെങ്കിലും എന്നെങ്കിലും എഴുതാനുള്ള തീവ്രമായ ആഗ്രഹത്തിലേക്ക് സൂസന്ന നയിക്കും. ഏറ്റവും പ്രിയപ്പെട്ടത് വിട്ടുകൊടുത്തുകൊണ്ട് സൂസന്ന ആഴത്തില്‍ കുഴിച്ചിട്ട അക്ഷരങ്ങളുടെ വിത്തുകള്‍ മുളയ്ക്കാതിരിക്കില്ല. എന്റെയും നിങ്ങളുടെയും മനസ്സുകളില്‍. നാം നട്ടുനനയ്ക്കുന്ന സൗഹൃദത്തിന്റെ പച്ചപ്പുകളില്‍. രക്തവും കണ്ണീരും കൊണ്ട് നാം നമ്മുടെ സ്വന്തമാക്കി നിലനിര്‍ത്തുന്ന പ്രണയത്തിന്റെ ശാദ്വലതീരങ്ങളില്‍. കഠിനമായ അനുഭവങ്ങളുടെ മരുഭൂമികളിലും നമ്മെ മോഹിപ്പിക്കുന്ന മരുപ്പച്ചകളില്‍. 

നീലകണ്ഠന്‍ പരമാരയുടെ പ്രസിദ്ധീകരിക്കാത്ത, ആരും വായിച്ചിട്ടില്ലാത്ത, അവസാനത്തെ പുസ്തകമാണ് അലിയെയും അഭിയെയും  സൂസന്നയിലെത്തിക്കുന്നത്. സുസന്നയുടെ ഗ്രന്ഥപ്പുരയുടെ ഇരുട്ടിലെത്തിക്കുന്നത്. സൂസന്നയുടെ അവസാനത്തെ കത്തിനൊപ്പം പരമാരയുടെ പുസ്തകവും അലിക്കു കിട്ടുന്നു. പക്ഷേ, അലി ആ പുസ്തകം വായിക്കുന്നില്ല. 

‘ ഇല്ല, വായിക്കുന്നില്ല’. 

‘ പിന്നെന്തു ചെയ്യാന്‍ പോകുന്നു ? 

‘ എഴുത്തുകാരന്‍ വരട്ടെ; എന്നിട്ടു വായിക്കാം’.  

‘ പരമാര തിരിച്ചുവരുമോ? അയാള്‍ മരിച്ചുപോയില്ലേ ? 

‘ എല്ലാ എഴുത്തുകാരും തിരിച്ചുവരും അഭീ. മരിച്ചുകഴിഞ്ഞാലാണ് എഴുത്തുകാര്‍ക്ക് മടങ്ങാന്‍ എളുപ്പം’. 

ഇതാ സൂസന്ന. നിങ്ങളുടെ മനസ്സില്‍ വളര്‍ന്നുവലുതാന്‍ പോകുന്ന സൂസന്നയുടെ ഗ്രന്ഥപ്പുര. ഒരിക്കല്‍ക്കൂടി ആദ്യത്തെ താള്‍ മറിച്ച് വായിച്ചു തുടങ്ങട്ടെ... 2014. മുന്‍പു കണ്ട സന്ദര്‍ഭങ്ങളിലൊന്നും ഞങ്ങള്‍ തമ്മില്‍...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA