sections
MORE

കഥയില്‍ കവിതയുണ്ട്, നോവലുണ്ട്, പിന്നെ കഥയ്ക്കു മാത്രം സാധ്യമായ ചിലതും

HIGHLIGHTS
  • സുസ്മേഷിന്റെ ഒരു പിടി നല്ല കഥകള്‍ വീണ്ടും വായനക്കാരെ തേടിയെത്തുന്നു.
katha-320x478
SHARE
സുസ്മേഷ് ചന്ത്രോത്ത്

നാഷനല്‍ ബുക്ക് സ്റ്റാള്‍

വില 170 രൂപ

കഥ വെറും കഥയല്ല, മലയാളത്തിലെങ്കിലും. സാഹിത്യത്തിലെ ഏറ്റവും സജീവമായ മേഖല. പരീക്ഷണങ്ങളാലും ഭാവുകത്വപരിണാമങ്ങളാലും കാലത്തിനും മുമ്പേ കുതിക്കുന്നു കഥ. ഭാഷയെ നിലനിര്‍ത്തുന്നതും ഒരര്‍ഥത്തില്‍ മലയാളത്തില്‍ കഥ തന്നെയാണ്. ഓരോ ആഴ്ചയും പുറത്തുവരുന്ന കഥകള്‍. അവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍. സംവാദങ്ങള്‍. നിരൂപണങ്ങള്‍. നിലയ്ക്കാതൊഴുകുകയാണ് കഥയെന്ന പുഴ. തീരത്തെ തഴുകിയും പുതിയ തടങ്ങള്‍ സൃഷ്ടിച്ചും നിഴലുകളെ തലോടിയും അനന്തമായ ആകാശത്തെ പ്രതിഫലിപ്പിച്ചും കലയുടെ പൂര്‍ണതയിലേക്കുള്ള നിരന്തര സഞ്ചാരം. 

നോവലുകളേക്കാള്‍, കവിതകളേക്കാള്‍, അനുഭവങ്ങളേക്കാള്‍ കൂടുതല്‍ വായനക്കാരെ ആകര്‍ഷിക്കുന്നതും കഥ തന്നെ. കഥയില്‍ കവിതയുണ്ട്. നോവലുണ്ട്. ഇവയ്ക്കെല്ലാമപ്പുറം കഥയ്ക്കു മാത്രം സാധ്യമായ പ്രതിഭയുടെ മിന്നല്‍പ്പിണരുണ്ട്. ഒരൊറ്റനിമിഷത്തെ കാഴ്ചയാല്‍ ജീവിതം സഫലമാക്കുന്ന മഴവില്ലഴകു സൗന്ദര്യത്തിന്റെ സ്ഫുരണങ്ങള്‍. വിരസമായ അനേകമാളുകളുടെ വായനയെ സംതൃപ്തിപ്പെടുത്തുന്ന മൂന്നോ നാലോ പേജു വരുന്ന ജീവിതചിത്രം. വായനയുടെ അനിര്‍വചനീയ സംതൃപ്തിക്കുവേണ്ടി വീണ്ടും വീണ്ടും പുസ്തകങ്ങള്‍ തിരയാന്‍ പ്രേരിപ്പിക്കുന്ന മാന്ത്രികലഹരി. മലയാളത്തില്‍ കഥയിലാണ് ഈ മാന്ത്രികത കൂടുതലായി കുടികൊള്ളുന്നത്. മഹാകവികള്‍ക്കും കവിത്രയങ്ങള്‍ക്കും ശേഷം, വലിയ നോവലെഴുത്തുകാര്‍ക്കു ശേഷം, ഇന്നും എഴുത്തിനെയും വായനയെയും സജീവമാക്കി നിര്‍ത്തുന്ന കഥയെഴുത്തുകാര്‍. 

കഥകളുടെ ചിറകിലേറിയാണ് പുതിയ എഴുത്തുകാര്‍ വായനക്കാരുടെ മനസ്സില്‍ കുടിയേറുന്നത്. ഒന്നോ രണ്ടോ കഥകളെഴുതി മോഹിപ്പിക്കുന്നുവരുണ്ട്. മികച്ച സൃഷ്ടികളുടെ വാഗ്ദാനങ്ങളായി വരുന്നവരുണ്ട്. പൊട്ടക്കഥകളില്‍പ്പോലും ഒളിഞ്ഞിരിക്കുന്ന അതിശയിപ്പിക്കുന്ന ജീവിതചിത്രങ്ങളുണ്ട്. ശ്രദ്ധേയ കഥാകൃത്തുക്കള്‍ തന്നെ മലയാളത്തില്‍ ഒട്ടേറെപ്പേരുണ്ടെങ്കിലും നിരന്തരമായി മികച്ച കഥകളെഴുതി മനസ്സില്‍ സ്ഥാനം പിടിച്ച യുവ എഴുത്തുകാരുടെ പട്ടികയില്‍ ആദ്യസ്ഥാനങ്ങളിലുണ്ട് സുസ്മേഷ് ചന്ത്രോത്ത്. പേപ്പര്‍ ലോഡ്ജും 9 ഉം ഉള്‍പ്പെടെ മികച്ച നോവലുകള്‍ എഴുതിയിട്ടുണ്ടെങ്കിലും അടിസ്ഥാനപരമായി കഥാകൃത്താണ് സുസ്മേഷ്. മലയാള ഭാവുകത്വത്തെ നവീകരിച്ച മികച്ച കഥകളുടെ രചയിതാവ്. കഥ എന്ന പുതിയ സമാഹാരത്തിലൂടെ, സുസ്മേഷിന്റെ ഒരു പിടി നല്ല കഥകള്‍ വീണ്ടും വായനക്കാരെ തേടിയെത്തുകയാണ്. ഓര്‍മ പുതുക്കിയും, കഥയുടെ കൈവഴികളെക്കുറിച്ചുള്ള ചര്‍ച്ച സജീവമാക്കിയും, കെട്ടിലും മട്ടിലും പുതുമയുള്ള പുസ്തകം. 

മനസ്സിനെ പിടിച്ചുലയ്ക്കാനും ആന്തരിക ജീവിതത്തിന്റെ ഭാഗമായി മാറാനും കഴിയുമ്പോഴാണ് കഥ, യഥാര്‍ഥ കഥയാകുന്നത്. അപൂര്‍ണ ജീവിതങ്ങളുടെ പൂര്‍ത്തീകരണവും സങ്കീര്‍ണ നിമിഷങ്ങളുടെ വ്യാഖ്യാനവും നിര്‍വഹിച്ച് വെളിപാടുകളുടെ അക്ഷരങ്ങളാകുന്നത്. കഥ, വെറും കഥയല്ലാതാകുകയും ജീവിതം തന്നെയോ ജീവിതത്തോട് ഏറ്റവും ചേര്‍ന്നുനില്‍ക്കുന്ന എഴുത്തുരൂപമോ ആയി മാറുന്നത്. കഥ എന്ന സമാഹാരത്തിലെ സുസ്മേഷിന്റെ മിക്ക കഥകള്‍ക്കുമുണ്ട് പുസ്തകത്തില്‍നിന്നു ജീവിതത്തിലേക്കു വളരാനും വളര്‍ന്നു പന്തലിക്കാനുമുള്ള കഴിവ്. 

മാംസഭുക്കുകള്‍ എന്ന കഥ തന്നെ നോക്കുക. സാറ എന്ന യുവതിയുടെ ഇരട്ടജീവിതത്തിന്റെ കഥയാണത്. സാറയുടെ മാത്രമല്ല, സദാചാര-സാമുദായിക അതിര്‍ത്തികള്‍ ലംഘിക്കുന്ന ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവരുടെയെല്ലാം കഥയും ജീവിതവുമാണത്. കിടപ്പുമുറയിലെ കൊതുകുവല നീക്കി പുറത്തേക്കു കാല്‍വയ്ക്കുന്ന സാറ ഫോണെടുത്ത് ആദ്യം വിളിക്കുന്നത് പപ്പയെയാണ്. ആ വിളി മനസ്സിലുണ്ടാക്കുന്ന സ്നേഹചിത്രം എത്ര പെട്ടെന്നാണ് വീണുടയുന്നത്. കിടപ്പുമുറിയിലേക്ക് ഒന്നു പാളി നോക്കി സാറ വിവേകിനെ വിളിക്കുമ്പോള്‍. സിറിലിനെ വിസ്മരിക്കുമ്പോള്‍. സിറിലിനൊപ്പമുള്ള ജീവിതത്തിൽ നിന്ന്, ഒരു വിവാഹജീവിതത്തിന്റെ എല്ലാ ഊഷ്മളതയും നിലനിര്‍ത്തിക്കൊണ്ടുതന്നെ, കുടുംബിനിയുടെ എല്ലാം ഉത്തരവാദിത്തങ്ങളും നിറവേറ്റിക്കൊണ്ടുതന്നെ, സാറ വിവേകിലേക്കു ചായുമ്പോള്‍ ആരുടെ പക്ഷം പിടിക്കണമെന്നറിയാതെ കുഴങ്ങുകയുയാണ് വായനക്കാര്‍. അവരുടെ മനസ്സിലേക്കാണ് അപ്രതീക്ഷിതമായി ഒരു കഴുകന്‍ ചിറകു നിവര്‍ത്തുന്നത്. മാംസഭുക്കിന്റെ വരവ്. ഈ കഥ മുന്നോട്ടുവയ്ക്കുന്ന കൊലപാതകചിത്രം മെലോഡ്രാമയാണെന്ന് അക്ഷേപിക്കാം. പക്ഷേ, ഓരോ ദിസവവും അങ്ങനെയുള്ള എത്രയെത്ര മെലോഡ്രാമകളിലൂടെയാണ് കടന്നുപോകുന്നതെന്ന് വാര്‍ത്തകള്‍ സാക്ഷി. ആര്‍ത്തിയോടെ പതിയുന്ന കൈകളും രഹസ്യനോട്ടങ്ങളും അതീവരഹസ്യങ്ങളും സൃഷ്ടിക്കുന്ന മാംസഭുക്കുകളുടെ നാടാണ് നമ്മുടേത്. നമ്മുടെയും ഈ കാലത്തിന്റെയും കഥയാണ് മാംസഭുക്കുകള്‍. 

വൈഭവം എന്ന മികച്ച കഥയുടെ അവസാനത്തില്‍ ലോകത്തെക്കുറിച്ചും കാലത്തെക്കുറിച്ചും, കൗമാരക്കാരിയായ സ്വന്തം മകളുടെ ജീവിതത്തിലെ അരുതാത്ത ദൃശ്യത്തിനു സാക്ഷിയായ വീട്ടമ്മയിലൂടെ എഴുത്തുകാരന്‍ സംസാരിക്കുന്നുണ്ട്: 

ലോകം വലുതാവുകയല്ല, ഒന്നാവുകയാണ് ചെയ്യുന്നതെന്ന് എനിക്കു തോന്നാന്‍ തുടങ്ങി. എല്ലാം വലിയൊരു ഒന്നിലേക്കാണ് എത്തിച്ചേരുന്നത്. അല്ലെങ്കില്‍ മടക്കയാത്രയുടെ സുഖത്തിലാണ് നാമെല്ലാവരും. ആദിമകാലത്തെപ്പോലെ. കടലിനും കരകള്‍ക്കുമിടയില്‍ ഇത്തിരിപ്പോന്ന സമതലങ്ങള്‍ക്കും ഗിരിനിരകളിലും കഴിച്ചുകൂട്ടിയ അന്നത്തെ ആദിമ മനുഷ്യരെപ്പോലെ. മനുഷ്യവര്‍ഗ്ഗത്തിനൊന്നാകെ, ഒരേ നിയമം. ഒരേ ശരികള്‍. ഒരേ വേഷം. ഒരേ രുചി. 

പിതാവും പുത്രിയും, പുരുഷജന്‍മം, സംഹിതയുടെ കത്ത്, ഇട്ടിക്കളി, ദ് ലേക് ക്ലബ്... പുതിയ കാലത്തെ സമ്പന്നമാക്കിയ മികച്ച കഥകള്‍. വായിക്കൂ എന്നു പറഞ്ഞ് ആര്‍ക്കും ശുപാര്‍ശ ചെയ്യാവുന്ന സമാഹാരം. കഥയുടെ കരുത്തും കാതലും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA