sections
MORE

മിസ്റ്റിക് മൗണ്ടൻ- നിഗൂഢമായ ആ പള്ളിയിലേക്ക് പോയ രണ്ടു പെൺകുട്ടികളെ കുറിച്ച്

HIGHLIGHTS
  • ശ്രീപാർവതിയുടെ \"മിസ്റ്റിക് മൗണ്ടൻ\" മിസ്റ്ററികൾ ഒളിപ്പിച്ചുവെച്ച ഒരു പർവതം തന്നെയാണ്.
mystic-mountain-320x478
SHARE
ശ്രീപാർവതി

മാതൃഭൂമി ബുക്സ്

വില: 150 രൂപ

റുമേനിയയിലെ കാർപാത്യൻ താഴ്​വരകളിലൂടെ ഡ്രാക്കുള പ്രഭുവിന്റെ കുതിരവണ്ടി രാത്രിയുടെ യാമങ്ങളെ കീറി മുറിച്ചു പായുമ്പോൾ ഉണ്ടാകുന്ന ഒരുതരം, രക്തം കട്ട പിടിപ്പിക്കുന്ന മരവിപ്പ് -  വായന തുടങ്ങിയ ആദ്യനാളുകളിൽ ബ്രോം സ്റ്റോക്കർ എന്ന വിഖ്യാതനായ നോവലിസ്റ്റ് അനുഭവവേദ്യമാക്കിത്തന്ന ഭീകരതയുടെ തണുത്തുറഞ്ഞ ലോകം  വർഷങ്ങൾക്കു ശേഷം അതേ കുതൂഹലത്തോടെ വായിച്ചറിയാൻ കഴിഞ്ഞത് മിസ്റ്റിക് മൗണ്ടന്റെ താളുകളിലൂടെയാണ്. ഭയത്തിന്റെയും ജിജ്ഞാസയുടെയും മുൾമുനയിൽ നിർത്തി  അനുവാചകരെ ഭ്രമാത്മകതയുടെ കൊടുമുടികളിലേക്കു വലിച്ചു കയറ്റാൻ നോവലിസ്റ്റിനു നിഷ്‌പ്രയാസം സാധിക്കുന്നുണ്ട്. ശ്രീപാർവതിയുടെ "മിസ്റ്റിക് മൗണ്ടൻ " പേരു പോലെ തന്നെ മിസ്റ്ററികൾ ഒളിപ്പിച്ചു വെച്ച ഒരു പർവതം തന്നെയാണ്.

താഴ്‌വാരങ്ങളിലെ തണുത്തുറഞ്ഞ ശീതക്കാറ്റേറ്റ് കാടുകൾ വകഞ്ഞു മാറ്റി മലമുകളിലേക്ക് താരയ്ക്കും ആഗ്നസിനുമൊപ്പം നാം നടന്നു കയറുമ്പോൾ കൈത്താങ്ങാകുന്നത് ഭയത്തിന്റെ ഊന്നുവടിയാണ്. മലയാള സാഹിത്യ ശാഖയിൽ അത്രയൊന്നും ശ്രദ്ധിക്കപ്പെടാതിരുന്ന മിസ്റ്ററി ത്രില്ലർ വിഭാഗത്തിലെ ശ്രദ്ധേയമായ ഒരു നവ മുന്നേറ്റമായി 'മിസ്റ്റിക് മൗണ്ടൻ ''മാറുന്നു. പെണ്ണെഴുത്തുകളും സ്ത്രീപക്ഷ എഴുത്തുകളും തരം തിരിച്ചു മാർക്കറ്റ് പിടിക്കുന്ന ഈ കാലത്തു തന്നെയാണ്  ത്രില്ലർ വായനയുടെ നവ്യ സുഖം പകർന്നു ശ്രീപാർവതി എന്ന യുവ എഴുത്തുകാരി  മുന്നേറുന്നത് എന്നത് പ്രത്യേകം ശ്രദ്ധയർഹിക്കുന്നു.

വാൾട്ടർ ബെന്യാമിൻ പറയുന്നതുപോലെ, ജീവിതത്തിന്റെ ആകസ്മിതകൾ കഥ പറയുന്നവരെയും കഥ കേൾക്കുന്നവരെയും കൂട്ടിയിണക്കുന്ന ആ മാന്ത്രികത, ശ്രീപാർവതി വളരെ സവിശേഷമായി മിസ്റ്റിക് മൗണ്ടനിൽ ഉപയോഗിച്ചിട്ടുണ്ട്. താരയുടെയും ആഗ്‌നസിന്റെയും നെടുവീർപ്പുകൾ പോലും നമ്മുടെ മുഖത്തു തട്ടുന്നതും ചിലപ്പോഴെങ്കിലും ആഗ്നസിനെ ചൂഴ്ന്നു നിൽക്കുന്ന ഭ്രമാത്മകത നമ്മെയും ചുറ്റി വരിയുന്നതും അതുകൊണ്ടു തന്നെയാണ്.

നവ മാധ്യമങ്ങളും ആധുനിക കാലത്തിന്റെ പരിസരങ്ങളും നോവലിന്റെ പശ്ചാത്തലമാക്കുമ്പോൾ ശ്രീപാർവതി ഈ കാലത്തെ നവീന എഴുത്തുകാരിയായി മാറുന്നു. ഒരു നിമിഷം പോലും വിരസത അനുഭവപ്പെടാത്ത, ഒറ്റയിരിപ്പിനു വായിച്ചു തീർക്കാൻ തോന്നുന്ന നോവലാണ് മിസ്റ്റിക് മൗണ്ടൻ. കേന്ദ്ര കഥാപാത്രങ്ങളായ താരയും ആഗ്നസ് എന്ന ആഗിയും ഒരു തുടർച്ചയാണ്. കഥാകാരിയുടെ ആദ്യ നോവലായ ‘മീനുകൾ ചുംബിക്കുന്നു’ വിൽനിന്നു മിസ്റ്റിക് മൗണ്ടനിൽ എത്തുമ്പോൾ സ്വാഭാവികമായ പരിണാമങ്ങൾ അവർ ഏറ്റുവാങ്ങുന്നു .

മനസ്സിന്റെ ആകുലതകളൊഴിവാക്കി ഒന്നു ഫ്രഷ് ആവാനാണ് താര കൂട്ടുകാരിയായ ആഗ്‌നസിനെ എലോപ് എന്ന ഏട്ടംഗ ട്രാവൽ സംഘത്തിനൊപ്പം എലീന മൗണ്ടനിലേക്കു പറഞ്ഞയക്കുന്നത്. നിഗൂഢതകൾ നിറച്ചുവച്ച ആ യാത്ര ആഗിയിൽ ഉണ്ടാക്കിയ മാറ്റങ്ങളിൽ താരയും ബലിയാടാവുമ്പോൾ കഥയുടെ പിരിമുറുക്കം ഏറുന്നു. ഇല്യുമിനാറ്റിയും സാത്താൻ സേവയും ഒക്കെ ഹരം പിടിപ്പിക്കുന്ന അധ്യായങ്ങളിൽ നിക്കോളാസ് എന്ന പൗരുഷത്തിന്റെ പ്രതീകം കൃത്യമായ രേഖകളിലൂടെ കളം നിറഞ്ഞാടുന്നു. കാരാഗൃഹത്തിൽ ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപാലത്തിലൂടെ ഉള്ള സഞ്ചാരത്തിൽനിന്ന് ആഗിയെ രക്ഷിക്കാൻ സ്വന്തം ജീവൻ പണയംവച്ച് താര നടത്തുന്ന നീക്കങ്ങൾ ഉൾക്കിടിലത്തോടെ മാത്രമേ വായിക്കാനാവൂ. ഊരാക്കുടുക്കുകളിൽ പെട്ടുപോയ കൂട്ടുകാരികൾ എങ്ങനെ രക്ഷപ്പെടും എന്ന ഉദ്വേഗം അവസാനതാൾ വരെ നിലനിർത്താൻ കഥാകാരിക്കു കഴിയുന്നുണ്ട് .

പുതുമയുള്ള  കഥാപരിസരങ്ങളിൽ രസകരവും ഉദ്വേഗജനകവുമായ ഒരു വായനാഅനുഭൂതി നുകരണമെങ്കിൽ നിങ്ങൾ മിസ്റ്റിക് മൗണ്ടൻ വായിക്കാതെ പോകരുത്. കാരണം അത്രയും ഹൃദ്യവും ഉദ്വേഗജനകവും ആണ് മിസ്റ്റിക് മൗണ്ടനിലേക്കുള്ള വഴിയിലെ ഓരോ വളവും തിരിവും. ശ്രീപാർവതി ഈ കാലഘട്ടത്തിന്റെ എഴുത്തുകാരിയാവുന്നതും അങ്ങനെയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA