sections
MORE

പൊറോട്ടയ്ക്ക് പത്തിരിയെന്നു പറയുന്ന കൊല്ലത്തിന്റെ കഥ

HIGHLIGHTS
  • നിരൂപകരുടെ ഔദാര്യമില്ലാതെ, വിമര്‍ശകരുടെ വിസ്മയമില്ലാതെ ഇരുട്ടുപത്രാധിപരുടെ എഴുത്തുകാരന്‍ വളര്‍ന്നു.
padinjarekkollam-chorakkalam-320x478
SHARE
ജി.ആര്‍. ഇന്ദുഗോപന്‍

ഡിസി ബുക്സ്

വില 170 രൂപ

ഇരുട്ടുപത്രാധിപര്‍ എന്ന കഥ ജി.ആര്‍. ഇന്ദുഗോപന്‍ എഴുതുന്നത് രണ്ടു പതിറ്റാണ്ടു മുമ്പ്. ഒരു പുതിയ എഴുത്തുകാരന്റെ വരവറിയിച്ച കഥ. ഇന്ദുഗോപനെ മലയാളത്തില്‍ അടയാളപ്പെടുത്തിയ കഥ. പക്ഷേ, അന്ന് ആ കഥ വലിയ ചര്‍ച്ചയായില്ല; കൊല്ലപ്പാട്ടി ദയ പോലെ, പടിഞ്ഞാറെ കൊല്ലം ചോരക്കാലം പോലെ, അമ്മിണിപ്പിള്ള വെട്ടുകേസ് പോലെ... അന്നത്തെ അവഗണനയ്ക്ക് ഒരു കാരണം മാത്രമേയുള്ളൂ. ആ കാലം ആ കഥ ചര്‍ച്ച ചെയ്യാന്‍ പാകപ്പെട്ടിരുന്നില്ല എന്ന സത്യം. അനുഭവമെഴുത്തുകള്‍ സാഹിത്യത്തിന്റെ മുന്‍നിരയിലേക്ക് പ്രാമുഖ്യത്തോടെ വരുന്നതിനും മുമ്പുള്ള കാലം. കഥയെഴുത്തിനെക്കുറിച്ചുള്ള ആധുനിക സങ്കല്‍പങ്ങളില്‍ വായനക്കാര്‍ കുടുങ്ങിക്കിടന്ന കാലം. 

ഉത്തരാധുനികതയെ വരവേല്‍ക്കാന്‍ ആവേശത്തോടെ കാത്തുനിന്ന കാലം. ആ കാലവും സാഹിത്യാന്തരീക്ഷവും ഇന്ദുഗോപനെ കണ്ടില്ലെന്നു നടിച്ചു. ഇരുട്ടുപത്രാധിപര്‍ ഒരു കഥയല്ലെന്നുതന്നെ വിശ്വസിച്ചു. പക്ഷേ, മറ്റാരേക്കാളും നന്നായി ഇന്ദുഗോപന്‍ വിശ്വസിച്ചിരുന്നു തന്റെ കഥയില്‍. കഥയുടെ കരുത്തില്‍. നിരൂപകരുടെ ഔദാര്യമില്ലാതെ, വിമര്‍ശകരുടെ വിസ്മയമില്ലാതെ ഇരുട്ടുപത്രാധിപരുടെ എഴുത്തുകാരന്‍ വളര്‍ന്നു. രണ്ടു പതിറ്റാണ്ടിനുശേഷം മലയാളത്തിലെ മുന്‍നിര എഴുത്തുകാരുടെ ഗണത്തിലെത്തിയിട്ടും താന്‍ പിന്‍നിരയില്‍തന്നെയാണ് നില്‍ക്കുന്നതെന്നും അങ്ങനെ നില്‍ക്കാനാണ് തനിക്കിഷ്ടമെന്നും പ്രഖ്യാപിക്കുന്നു. തന്റെ അനുഭവമണ്ഡലത്തിലുള്ള സൂക്ഷ്മാംശങ്ങളിലൂന്നി, തനിക്ക് തക്കപിടിപാടുള്ള തറയില്‍ ഉറച്ചുനിന്ന് എഴുതുന്നയിനം എഴുത്തുകാരുടെ പിന്നില്‍ താനുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. 

അനുഭവിച്ച വേദന, സ്വാംശീകരിച്ചതും ഘനീഭവിച്ചതുമായ ജീവിതം എന്നിവ സ്വന്തമാണെന്നു കരുതുന്ന, അതിന്റെ മാന്യവും സത്യസന്ധവും ശാന്തവുമായ പരാഗണമാണ് എഴുത്തുരീതിയെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന എഴുത്തുകാരന്‍. തന്റെ മാനിഫെസ്റ്റോ പുതിയ സമാഹാരത്തിന്റെ ആമുഖത്തില്‍ അദ്ദേഹം ആത്മവിശ്വാസത്തോടെ കുറിക്കുമ്പോള്‍ ആഗ്രഹിക്കാതിരിക്കാനാകുന്നില്ല; ഇരുട്ടുപത്രാധിപര്‍ ഇപ്പോഴായിരുന്നു പ്രസിദ്ധീകരിച്ചിരുന്നതെങ്കില്‍ എന്ന്. വാഴ്ത്തിപ്പാടാന്‍ സുഹൃത്തുക്കള്‍ വരും. പ്രശംസിക്കാന്‍ പണ്ഡിതകേസരികള്‍ വരും. ഇതാ, മലയാളത്തിന്റെ പുതിയ എഴുത്തിന്റെ ദിശ എന്നു ചൂണ്ടിക്കാണിക്കാന്‍ വരെ ആളുണ്ടാകും. അങ്ങനെ സംഭവിക്കുന്നില്ലെങ്കിലും സന്തോഷമുണ്ട്. ഇന്ദുഗോപന്റെ പുതിയ കഥകള്‍ മലയാളികള്‍ ആവേശത്തോടെ വായിക്കുന്നു. കഥകളുടെ ദൃശ്യചാരുത തിരക്കഥാകൃത്തുക്കളെയും സംവിധായകരെയും ആകര്‍ഷിക്കുന്നു. അവര്‍ കഥകളില്‍നിന്ന് വ്യത്യസ്ത സിനിമകള്‍ക്കുള്ള സാധ്യത തേടുന്നു. പുതിയ കഥാസമാഹാരങ്ങള്‍ക്ക് പുതിയ പതിപ്പുകളുണ്ടാകുന്നു. കാലം പാകപ്പെട്ടിരിക്കുന്നു സത്യസന്ധമായ എഴുത്തിനുവേണ്ടി. ആര്‍ജവമുള്ള അനുഭവങ്ങളുടെ ആവിഷ്ക്കാരത്തിനായി. കാല്‍പനികതയും ആധുനികതയും ഉത്തരാധുനികതയുമെല്ലാം ഷെൽഫുകളില്‍ ഒതുങ്ങിയ കാലത്ത് സ്വന്തം നാട്ടിലേക്കും നാടിന്റെ പുരാവൃത്തങ്ങളിലേക്കും മടങ്ങുകയാണ് എഴുത്തുകാര്‍. സ്വന്തം മണ്ണില്‍നിന്ന് കൊത്തിക്കിളച്ചെടുക്കുന്ന അധ്വാനഫലം പോലെ സ്വന്തം കഥകള്‍ വായിക്കുന്നു. പരിചിതരുടെ കഥകള്‍ വായിക്കുന്നു. അവയില്‍ അവരവരെത്തന്നെ കണ്ട് ചിരിക്കുന്നു, കരയുന്നു, പരിഹസിക്കുന്നു, അതിശയപ്പെടുന്നു.

പ്രസിദ്ധീകരിച്ചപ്പോള്‍ തന്നെ ചര്‍ച്ചയായ കഥയാണ് പടിഞ്ഞാറെ കൊല്ലം ചോരക്കാലം. ആദ്യവരി മുതല്‍ അവസാനവരി വരെ വിശദാംശങ്ങളെയും സൂക്ഷ്മാംശങ്ങളെയും പൂര്‍ണമായും ഉള്‍പ്പെടുത്തി പറഞ്ഞ ചോരക്കാലത്തിന്റെ കഥ. ഒപ്പം തീവണ്ടിയിലെ തടവുകാരന്‍, ശംഖുമുഖി എന്നീ രണ്ടു കഥകളും കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ സമാഹാരം വരുന്നത്. മൂന്നു കഥകളെയും ബന്ധിപ്പിച്ചുനിര്‍ത്തുന്നത് നായകനോ നായികയോ അല്ല അപ്രധാന കഥാപാത്രങ്ങളിലൊന്നായ അറവുശശിയാണ്. താരതമ്യേന അപ്രധാന കഥപാത്രമെന്നു പറയുമ്പോള്‍ തന്നെ അറവുശശിക്ക് വ്യക്തിത്വമുണ്ട്. അതുകൊണ്ടാണ് മൂന്നുകഥകളിലും അയാള്‍ക്കു സ്ഥാനമുണ്ടായത്. ഒരു സമാഹാരത്തിന്റെ തന്നെ കാരണക്കാരനായത്. കഥാകൃത്ത് എന്ന നിലയില്‍ ഇന്ദുഗോപന്റെ പ്രത്യകതകൂടിയാണ് അറവുശശിയുടെ ചിത്രീകരണം. ഓര്‍മിക്കപ്പെടാന്‍ യോഗ്യതയില്ലാത്ത ഒരു കഥാപാത്രം പോലുമില്ല ഈ കഥകളില്‍. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ഒരു രംഗത്തു വന്നുപോകുന്നവരില്‍പോലുമുണ്ട് തനതായ ചില സവിശേഷതകള്‍. അതവരെ പ്രിയപ്പെട്ടവരാക്കുന്നു. പ്രധാന കഥാപാത്രങ്ങളുടെ ഗണത്തിലേക്ക് ഉയര്‍ത്തുന്നു. 

കൊല്ലം പട്ടണത്തിനു തെക്ക് ഇരവിപുരം റെയില്‍വേ സ്റ്റേഷനില്‍ പാസഞ്ചറില്‍ തിരുവനന്തപുരത്തു നിന്ന് ചില പേരുകേട്ട ഗുണ്ടകള്‍ വന്നിറങ്ങുന്നതോടെയാണ് പടിഞ്ഞാറെ കൊല്ലം തുടങ്ങുന്നത്. അവരുടെ കയ്യില്‍ അബ്ദുള്‍ ഷെഫീറിന്റെ കത്തുണ്ട്. പ്രതികാരത്തിന് ആഹ്വാനം ചെയ്യുന്ന, അട്ടക്കുളങ്ങര ജില്ലാ ജയിലില്‍നിന്ന് എഴുതിയ കത്ത്. അവസാനത്തെ വരിയില്‍ സ്വന്തം മണ്ണില്‍ ഉറച്ചുചവിട്ടി നില്‍ക്കുന്ന എഴുത്തുകാരനെ കാണാം. അതൊരു അടിക്കുറിപ്പായിട്ടാണ് എഴുതിയിരിക്കുന്നത്. കൊല്ലത്ത് പൊറോട്ടയ്ക്ക് പത്തിരിയെന്നാണു പറയുന്നത്. 

ഈ സത്യം അറിയാത്ത ഒരാള്‍ക്കും കൊല്ലത്തിന്റെ കഥ എഴുതാനാവില്ല. ഇരവിപുരത്തിന്റെയും പടിഞ്ഞാറെ കൊല്ലത്തിന്റെയും കഥാകാരനാകാന്‍ കഴിയില്ല. അനുഭവത്തിന്റെ ശക്തി ഭീകരമാണെന്ന് വെറുതെയല്ല  ഇന്ദുഗോപന്‍ പറയുന്നത്. രാജവെമ്പാല വാലില്‍കുത്തി എഴുന്നേറ്റുനില്‍ക്കുന്നതുപോയാണത്. അനുഭവിച്ച ജീവിതഭാഷയുടെ ഊറ്റം. 

ഇരവിപുരത്ത് പാസഞ്ചറില്‍ വന്നിറങ്ങിയ ഗുണ്ടകള്‍ ജംഗ്ഷനിലെ മുറുക്കാന്‍ കടയില്‍ ചെന്നു. അപ്പോള്‍ മഞ്ഞേടെ ഹോട്ടലില്‍ അലുമിനിയം ചരുവത്തില്‍ ഇറച്ചി വേവുകയായിരുന്നു. കറി ഇളക്കാന്‍ ചെന്ന വില്യം ദുരെ വന്നിറങ്ങിയവരെ കണ്ടു. ഒന്നു പരുങ്ങി. അടുപ്പിലെ വിറക് പുറത്തേക്കു വലിച്ചിട്ടു കനലുമാത്രമാക്കി. കഴുത്തിലെ തോര്‍ത്തെടുത്ത്, മുഖത്തൂടെ വലിച്ചിട്ട്, അതിലൊരു തുമ്പു കടിച്ചുപിടിച്ചുകൊണ്ട് ബെഞ്ചില്‍ വന്നിരുന്നു. ഇന്നത്തെ നഗരജീവിതത്തില്‍ ഇങ്ങനെയൊരു കാഴ്ചയില്ല. ഗ്രാമങ്ങളിലേക്കു ചെന്നാല്‍ ഒരു പക്ഷേ കാണാന്‍ കഴിഞ്ഞേക്കും. ഈ ഒരൊറ്റ കാഴ്ച മതി, ആ കാഴ്ചയുടെ ദൃശ്യഭാഷ മതി ഇന്ദുഗോപന്റെ തനിമ അടയാളപ്പെടുത്താന്‍. താന്‍ കടയിലെ ആരുമല്ലെന്നും ഒരു കസ്റ്റമര്‍ മാത്രമാണെന്നും ദുരെ വന്നിറങ്ങിയ ഗുണ്ടകളെ ബോധ്യപ്പെടുത്താനായിരുന്നു തോര്‍ത്തെടുത്ത് മുഖത്തൂടെ വലിച്ചിട്ട്, ഒരു തുമ്പ് കടിച്ച് വില്യം ഇരുന്നത്. 

ഗുഗിള്‍ ചെയ്താല്‍ കിട്ടാത്ത മണ്ണിന്റെ വികാരവും ഇതു തന്നെയാണ്. ബുദ്ധിപരവും ഘടനാപരവുമായ അവതരണങ്ങള്‍ ഇന്റര്‍നെറ്റിലൂടെ ലഭിക്കും. അത്തരം ഘടനയെ ലംഘിക്കുന്നതും ഗൂഗിള്‍ ചെയ്താല്‍ കിട്ടാത്ത അനുഭൂതിയുമാണ് ഇന്ദുഗോപന്‍ പകരുന്നത്. അത് സാഹിത്യമാണോ എന്ന ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കേണ്ടത് വായനക്കാര്‍. ഇനി അതു സാഹിത്യമല്ലെങ്കില്‍ പുതിയൊരു സാഹിത്യം ഇന്ദുഗോപന്‍ ഉള്‍പ്പെടെയുള്ള പുതിയ എഴുത്തുകാരിലൂടെ അവതരിക്കുകയാണെന്നും അതിനെ ഇനിയും അഗീകരിക്കാതിരിക്കാന്‍ ആവില്ലെന്നും പറയേണ്ടിവരും. പടിഞ്ഞാറെ കൊല്ലം ചോരക്കാലം ആ പുതിയ സാഹിത്യശാഖയെ മലയാളത്തില്‍ ആഴത്തില്‍ പ്രതിഷ്ഠിക്കുന്നു. എഴുത്തുകാരന്റെ മാനിഫെസ്റ്റോ ഉള്‍പ്പെടെ. വായിക്കുകയും വിലയിരുത്തുകയും ചെയ്യുന്നവര്‍ക്കുവേണ്ടി സമര്‍പ്പിക്കുന്നു: പടിഞ്ഞാറെകൊല്ലം ചോരക്കാലം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA