sections
MORE

മുറിവുകൾ പൂക്കുന്ന ഓർമകൾ; മകൾക്കു വേണ്ടി സമർപ്പിച്ച ഒരച്ഛന്റെ പുസ്തകം

murivukal-pookkunna-ormakal-p
SHARE
മോഹൻ കർത്താ

നിയതം

വില: 180 രൂപ

മുറിവുകൾക്കാണ് ഓർമകൾ കൂടുതൽ. സന്തോഷങ്ങളുടെ ആയിരം നിമിഷങ്ങൾ കടന്നു പോയാലും അതിനിടയിലൊരു ചെറു മുള്ളു കൊണ്ടാൽ അതോർത്ത് ഒരു ദിവസം കളഞ്ഞു പോകുന്നവരുണ്ട്. മനുഷ്യന്റെ അടിസ്ഥാന വൈകാരികത ദുഃഖവുമായി ബന്ധപ്പെട്ടിരിക്കുന്നതിന്റെ ഉദാഹരണം മാത്രമാണത്. എന്തുകൊണ്ടാണ് സങ്കടങ്ങൾ മാത്രം ഇത്രമേൽ, ഇത്ര പെട്ടെന്ന് ഇണങ്ങിച്ചേരുന്നത്? സന്തോഷങ്ങൾ പ്രതീക്ഷിച്ച് ഒടുവിൽ അതെത്തുമ്പോൾ ഇപ്പോഴും ഉള്ളിൽ ഭയമാണ്, ഇതിന്റെയപ്പുറം ഇനി വന്നെത്താനുള്ളത് ഏതു സങ്കടമാണെന്നറിയില്ലല്ലോ എന്ന ആധിയാണ്. ആ ഓർമകളിൽ നിന്നാണ് എഴുത്തുകാരനായ മോഹൻ കർത്താ ഒരു പുസ്തകം പുറത്തിറക്കിയത്, പേര് -മുറിവുകൾ പൂക്കുന്ന ഓർമ്മകൾ. ചില്ലു കൊണ്ട് മുറിഞ്ഞാലെന്ന പോലെ രക്താഭിഷിക്തമായ നോവുകളാണ് അതിന്റെ ഉള്ളു നിറയെ.

നഷ്ടപ്പെട്ടു പോയ മകളെ ഓർത്ത് സങ്കടപ്പെടുന്ന ഒരച്ഛന്റെ വരികൾ പലപ്പോഴും മോഹൻ കർത്താ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എത്ര എഴുതിയാലും വേദനകളുടെ ആഴം കൂടുന്നതേയുള്ളൂ എന്നു ആരാണ് പറഞ്ഞത്! എന്തായാലും ആ പറഞ്ഞത് ഈ എഴുത്തുകാരനെ കൂടി ഉൾക്കൊണ്ടിട്ടാവണം .മകളെ കുറിച്ചെഴുതുമ്പോഴൊക്കെ ഒരച്ഛന്റെ കരഞ്ഞ മുഖമാണ് വായനയിൽ തെളിയുന്നത്. എഴുതുമ്പോൾ എഴുത്തുകാരൻ ഒഴുക്കിയ കണ്ണുനീർ വായനയിൽ വരുന്നതും സ്വാഭാവികമാണല്ലോ. 

ചിലർക്ക് അനുഭവമാണ് എഴുത്ത് . മോഹൻ കർത്തായുടെ കാര്യത്തിൽ അത് പരമാർഥമാകുന്നു. അതുകൊണ്ടുതന്നെ ഒരു അവതാരികയുടെയും ബലമില്ലാതെ അത് മറ്റുള്ളവരുടെ ജീവിതങ്ങളിലേക്കും സഞ്ചരിക്കും. 30 ചെറുകഥകൾ അടങ്ങിയ പുസ്തകമാണ് മുറിവുകൾ പൂക്കുന്ന ഓർമ്മകൾ. ആദ്യത്തെ കുറച്ചു കഥകൾ മകളുടെയും നഷ്ടപ്പെട്ടു പോയ അമ്മയുടെയും ഓർമകളിൽ എഴുത്തുകാരൻ തളച്ചിട്ടിരിക്കുന്നു. എത്ര എഴുതിയിട്ടും ആ വേദന തീരാത്തതുകൊണ്ടാകണം ഇടയ്ക്കുള്ള പല കഥകളിലും ഈ മകളും അമ്മയും കടന്നു വരുന്നുണ്ട്. ഏറ്റവുമവസാനത്തെ പേജിൽ, നഷ്ടപ്പെട്ടു പോയ മകളുടെ ചിത്രത്തോടൊപ്പം എഴുത്തുകാരൻ ഇങ്ങനെ കുറിച്ചിടുന്നു:

"കുഞ്ഞാവേ, നഷ്ടപ്പെടലിന്റെ വേദന എത്രയെന്ന് അച്ഛന്റെ വരികളിലൂടെ പറഞ്ഞറിയിക്കാനാവില്ല. ഒരു വരി പോലും കണ്ണ് നനയാതെ എഴുതാനായിട്ടില്ല. അത്രമാത്രം ആഴത്തിൽ നീയെന്നിൽ നിറഞ്ഞു നിൽക്കുന്നു. ഏത് അദൃശ്യലോകത്തേക്കു പറന്നു പോയോ, അവിടെ കുഞ്ഞു മാലാഖയായി ആഹ്ലാദിച്ചിരിക്കട്ടെ!" 

ഏതൊരു പെൺകുഞ്ഞിനും അച്ഛൻ തന്നെയാണ് ലോകമെന്നും അച്ഛന്മാർക്ക് പെണ്മക്കൾ തന്നെയാണ് മാലാഖയെന്നും വീണ്ടും വീണ്ടും ഉറപ്പിക്കുന്നു.

ഷുഗർ കുറഞ്ഞ് ഹൈപ്പോ ഗ്ലൈസീമിയയെന്ന അവസ്ഥയിൽ  ആശുപത്രിയിൽ അഡ്മിറ്റായ അമ്മ ജീവിതത്തിൽ നിന്നു പതുക്കെ പതുക്കെ വലിഞ്ഞ് അതിജീവനം സാധ്യമല്ലാത്ത മറ്റൊരു ലോകത്തേക്കു പോയപ്പോൾ വായിൽ ഒഴിച്ചു കൊടുത്ത പഞ്ചസാരവെള്ളത്തിനൊപ്പം ഒരുപക്ഷേ മക്കളുടെ കണ്ണുനീരിന്റെ ഉപ്പും കലർന്നിട്ടുണ്ടാവില്ലേ! ആശ്രയിക്കാൻ മറ്റാരുമില്ലാത്ത അവസ്ഥയിൽ അമ്മയാണ് സൂപ്പർ പവർ. ആ മഹാ ഊർജത്തിന്റെ നഷ്ടം അത്ര നെഞ്ചിടിപ്പോടെയാണ് മോഹൻ കർത്താ എഴുതിയതെന്നു തോന്നുന്നു. പഞ്ചസാരവെള്ളം കൊടുക്കുന്ന നിമിഷങ്ങളിലെല്ലാം അമ്മ വീണ്ടും എഴുന്നേറ്റു വരുമെന്നും നോക്കി ചിരിക്കുമെന്നും സംശയിച്ചു പോയി. 

ബന്ധങ്ങളിൽനിന്നു പുറത്തു കടന്നിട്ടൊരു എഴുത്തുമില്ല മോഹൻ കർത്തയ്ക്ക്. പക്ഷേ പ്രവാസിയായ ഭർത്താവിനെ ഓർത്ത് വിരഹിണിയായി ജീവിക്കുന്ന ഉണ്ണിമായയെ കുറിച്ചോർക്കുമ്പോൾ അതിലെ സ്ത്രീമനഃശാസ്ത്രം എഴുത്തുകാരൻ മുറുകെ പിടിക്കുന്നതായി തോന്നി. ഒരുപക്ഷേ രണ്ടാം ഭാവം എന്നു പേരുള്ള ഈ കഥ വായിച്ചാൽ മറുനാട്ടിൽ കഷ്ടപ്പെട്ട് ജീവിക്കുന്ന പ്രവാസികൾക്ക് അത്ര രസിക്കാൻ ഇടയില്ല. എങ്കിലും അവർ അവിടം മുതൽ ജീവിക്കാൻ തുടങ്ങുമെന്നുറപ്പാണ്. വർഷങ്ങളായി ശരീരം കൊണ്ടും മനസ്സ് കൊണ്ടും കാത്തിരിക്കുന്ന ഭർത്താവിനു പകരം ഏതൊരാളെയും സ്വീകരിക്കാൻ തക്ക വിധത്തിലായിപ്പോയോ സ്ത്രീമനസ്സ് എന്ന കലഹം നിലനിൽക്കുമ്പോൾത്തന്നെ ജീവിതം എന്നത് ഒട്ടും ചോരാതെ ജീവിക്കേണ്ടതാണെന്ന് ഉണ്ണിമായയിലൂടെ ഓർമിപ്പിക്കുന്നു. പുരുഷോത്തമന്റെ ഈഗോയുടെ കഥയാണ് ജന്മം. എത്ര കാലം പിന്നോട്ടടിച്ചാലും ആ പഴയ ജന്മത്തിന്റെ വേരുകൾ കളഞ്ഞു പോവില്ല. പണ്ട് തനിക്ക് കീഴെ നിന്നവൻ ഇന്ന് തനിക്ക് മീതെ വരുമ്പോൾ അയാളെ തിരിച്ചെടുക്കാനുള്ള താക്കോൽ അയാളുടെ ഈഗോയിൽ വീണു തകർന്നു പോകുന്നു. മനുഷ്യന്റെ മനസ്സ് എന്തൊക്കെ ചിന്തകളാൽ ആകുലമാണ്! അസ്വസ്ഥമാണ്!

മുറിവുകൾ പൂക്കുന്ന ഓർമ്മകൾ എന്നു പുസ്തകത്തിലെ ഓരോ കഥയും ഓരോ തരത്തിൽ മനുഷ്യരെ അടയാളപ്പെടുത്തുന്നു. സ്ത്രീയെയും പുരുഷനെയും ഒന്നിച്ചും അവരുടെ ദാമ്പത്യത്താലും വരച്ചു വയ്ക്കുന്നു. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ നേർക്ക് തിരിച്ചു പിടിച്ച കണ്ണാടിയാണ് ഈ കഥാസമാഹാരമെന്ന് പറയാൻ മടിക്കേണ്ടതില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA