sections
MORE

പ്രകാശത്തിന്റെ ഗ്രന്ഥപ്പുര സൂസന്നയുടേയും

HIGHLIGHTS
  • വായനക്കാർ മുഖ്യ കഥാപാത്രങ്ങളായി വരുന്ന കഥ.
susannayude-grandhappura-p
SHARE
അജയ് പി. മങ്ങാട്ട്

മാതൃഭൂമി ബുക്സ്

വില 275 രൂപ

"പരാജയം നിങ്ങളെ തനിച്ചാക്കുന്നു. അതേ പരാജയം നിങ്ങളെ ശുദ്ധീകരിക്കാനും ഇടയാക്കുന്നു" 

സൂസന്നയുടെ ഗ്രന്ഥപ്പുരയിൽ പരാജയപ്പെട്ട ഒരു നോവലിസ്റ്റും സംഗീതജ്ഞനും വലിയ വായനക്കാരനുമായ ഇക്ബാൽ എന്ന കഥാപാത്രം ഇങ്ങനെ പറയുന്നുണ്ട്.

" ഞാൻ വായിച്ച പുസ്തകങ്ങൾക്കും ഞാനറിഞ്ഞ മനുഷ്യർക്കുമുള്ള ആദരമാണ് ഈ നോവൽ. അപമാനങ്ങളോടും പരാജയങ്ങളോടുമുള്ള എന്റെ ഭാവനയുടെ ചെറുത്തുനിൽപ്പും "

നോവലിന്റെ ആമുഖത്തിൽ അജയ് പി. മങ്ങാട് കുറിച്ചതും മറ്റൊന്നുമല്ല...!

ഇതുവരെ വായിച്ചു കഴിഞ്ഞ നോവലുകൾ പോലൊന്നുമല്ല സൂസന്നയുടെ ഗ്രന്ഥപ്പുര എന്നു തോന്നാൻ പ്രത്യേക കാരണം ഉണ്ട്. എന്തെന്നാൽ, ഇത് വലിയ വായനക്കാരായ ഒരു കൂട്ടം ആളുകളെക്കുറിച്ച്, അവരുടെ ചുറ്റിത്തിരിയുന്ന വികാര പ്രപഞ്ചങ്ങളെക്കുറിച്ച്, ഹൃദയത്തിന്റെ ധ്യാനാത്മക ഭാഷയിൽ കുറിക്കപ്പെട്ട കൃതിയാണ്. ഈ കഥാപാത്രങ്ങളുടെയൊക്കെ ചിന്തകൾക്ക് വിസ്മയാവഹമായ വായനയുടെ ഗാഢതയും ചാരുതയും കാൽപനികതയും ഉണ്ട്. അവരിൽ പലരും നിർമലമായ ഒരു ലോകത്ത് പുസ്തകങ്ങളിൽ സ്വയം നഷ്ടപ്പെട്ട്, സ്വയം പീഡിതരായി അലഞ്ഞു തിരിഞ്ഞവരാണ്. അവർ ആരും പ്രശസ്തി ആഗ്രഹിക്കുന്നില്ല.. പുസ്തകത്തിൽ പറയുന്നതുപോലെ യഥാർഥ അദ്ഭുതങ്ങളായ അവർ പരസ്യപ്പെടാതെ, പൊടിപടലത്തിൽ പ്രകാശം അടച്ചു വെക്കാൻ മാത്രം ശേഷിയുള്ള പുസ്തകങ്ങളെപ്പോലെ, ഒളിഞ്ഞിരിക്കാൻ താൽപര്യമുള്ളവരാണ്.

വായനക്കാരെ കേന്ദ്രീകരിച്ച്, അവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഇതുവരെ ആരും കഥയെഴുതിയതായി അറിവില്ല.

പുസ്തകത്തിലെ മുഖ്യ ആഖ്യാതാവായ അലിയുടെ ഉള്ളിൽ നിന്നുമാണ് സൂസന്നയുടെയും കൂട്ടരുടേയും കഥ ചുരുൾ നിവരുന്നത് എങ്കിൽപോലും ഇതിൽ കൃത്യമായ നായികാനായകസങ്കൽപം ഉള്ളതായി തോന്നിയില്ല. അത്രത്തോളം ഇതിൽ വന്നു പോകുന്നവരും കഥാപാത്രങ്ങളുടെ ആഖ്യാനങ്ങളിൽ ചില വരികളിൽ മാത്രം നാം കാണുന്നവരും പോലും നമ്മുടെ ഹൃദയത്തെ ഉമ്മ വെച്ച് നെഞ്ചിൽ പതുങ്ങിക്കിടക്കുന്നു.

നോവലിലെ കഥാപാത്രങ്ങളായ അലി, അഭി, സൂസന്ന, വെള്ളത്തൂവൽ ചന്ദ്രൻ, അമുദ, ഫാത്വിമ, ഇക്ബാൽ, കൃഷ്ണൻ, സരസ, ലക്ഷ്മി, കാർമേഘം, പശുപതി മതി, പോൾ തുടങ്ങിയവർ പറഞ്ഞു മാത്രം നമ്മൾ കേൾക്കുന്ന കഥാപാത്രങ്ങളാണ് താണ്ടിയേക്കൻ, നീലകണ്ഠൻ പരമാര, ജല, മെലീന, സബീന, ജോസഫ് തുടങ്ങിയവർ.. ഇങ്ങനെ പറഞ്ഞു കേൾക്കുന്ന കഥാപാത്രങ്ങൾ പോലും ഈ നോവലിന്റെ ആത്മാക്കളാണ്. നിശ്ശബ്ദതയുടെ തണലുകളിൽനിന്ന് നാം, വിദൂരസ്ഥരും മാഞ്ഞു പോയവരുമായ അവരെ കാണുന്നു. അവരുടെ മൊഴികൾ കേൾക്കാൻ അറിയാതെ ചെവി കൂർപ്പിക്കുന്നു. കഥ പറയുക, കഥ കേൾപ്പിക്കുക, കേൾക്കുന്നവന്റെ മനസ്സിലേക്ക് കഥയെ പതിച്ചു വയ്ക്കുക എന്ന സിദ്ധിയാണ് നോവലിസ്റ്റ് ഉപയോഗപ്പെടുത്തിയത് എന്നു തോന്നിപ്പോയി...

ഈ കഥാപാത്രങ്ങളെക്കൂടാതെ കഥാഗതിക്കൊപ്പം, ഇടയിൽ, പുസ്തകത്തിൽ പലയിടത്തായി പല കഥാപാത്രങ്ങളിലൂടെ, കോട്ടയം പുഷ്പനാഥ് മുതൽ ബോർഹസ് വരെയുള്ള ഏകദേശം അറുപത്തഞ്ചോളം എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും ആത്മകഥാപരമായ അനുഭവങ്ങളെയും പറ്റിയൊക്കെ, കഥ പറയുന്ന  മന്ത്രഭാഷയിൽ പറഞ്ഞു പോകുന്നുണ്ട്,. വായനയിൽ അവ ചെറിയ ഡൈവേർഷൻ പോലും ഉണ്ടാക്കുന്നില്ല എന്നതാണ് അദ്ഭുതം. മറിച്ച് നാം സമാന്തര വഴികളിലൂടെ അവരുടെ കുതിരക്കുളമ്പടികൾക്ക് പിന്നാലെ കുറച്ചു ദൂരം അറിയാതെ നടന്നും ഓടിയും പോകുന്നു...!

ഒരേ നഗരത്തിൽ ഒരു ഇടുങ്ങിയ വീട്ടിൽ മാത്രം പാർത്ത, ലോകം കാണാത്ത എഴുത്തുകാരനായ കാഫ്കയുടെ ആത്മ സംഘർഷങ്ങളും രോഗാതുരമായ ജീവിത ചിത്രങ്ങളും റിക്ഷത്തൊഴിലാളികൾക്കും മത്സ്യത്തൊഴിലാളികൾക്കും വേണ്ടി കവിതയെഴുതി നൽകിയിരുന്ന നെരൂദയുടെ സാധാരണത്വവും വായനയിൽ എന്റെ കണ്ണു നനയിച്ചു. ഹോം ആൻഡ‍് ദ് വേൾഡ് എന്ന നോവൽ 1916 ൽ ടഗോർ എഴുതിയിട്ടുണ്ടെന്നും ചെറുപ്പത്തിൽ പപ്പ പറഞ്ഞു തന്ന കഥകളായ സിൻബാദിന്റെ യാത്രകളും അലാവുദ്ദീന്റെ അദ്ഭുതവിളക്കുമൊക്കെ ആയിരത്തൊന്ന് രാവുകളുടെ കൂട്ടിച്ചേർക്കലുകൾ മാത്രമാണെന്നതുമൊക്കെ, ഈ പുസ്തകവായന തന്ന പുതു പുതു അറിവുകളായിരുന്നു... ‘മദാം ബോവറി’ എഴുതിയ ഫ്ളോബോറിന്റെ വാക്കുകൾ ഉച്ചത്തിൽ അംഗവിക്ഷേപങ്ങളോടെ  പറഞ്ഞ്  മുറിയിൽ ഉലാത്തിക്കൊണ്ടേയിരുന്നു. എഴുത്തിനു വേണ്ടി അദ്ദേഹം എടുത്തിരുന്ന അസാധാരണ ശ്രമങ്ങൾ മാനിക്കപ്പെടേണ്ടതായി തോന്നി.

ഇടയിൽ എന്റെ നേരേ തിരിഞ്ഞദ്ദേഹം കവിത പറഞ്ഞു: 

"ഞാൻ എല്ലാ കാലങ്ങളിലും ജീവിച്ചിരുന്നതായി എനിക്ക് തോന്നാറുണ്ട്. എന്റെ ഓർമകൾക്ക് ഫറവോയോളം പഴക്കമുണ്ട്. ഞാൻ നൈൽ നദിയിലെ വള്ളക്കാരനായിരുന്നു. റോമാ സാമ്രാജ്യകാലത്ത് ഞാൻ നെയ്ത്തുകാരനായിരുന്നു. ഞാൻ കടൽക്കൊള്ളക്കാരനായും സന്യാസിയായും മുറിവൈദ്യനായും കുതിരവണ്ടി ക്കാരനായും ജീവിച്ചിട്ടുണ്ട്. ചിലപ്പോൾ കിഴക്കു ദേശത്ത് ഒരു ചക്രവർത്തിയായിപ്പോലും.......!"

ബ്രയാൻ എൽവീസിന്റെ Many lives, Many Masters വായിച്ചതിന് ശേഷമായിരുന്നു സൂസന്ന വായനക്കെടുത്തത് എന്നതും യാദൃച്ഛികതയായി സംഭവിച്ചത് എഴുതാതെ വയ്യ..!

ഗ്രന്ഥപ്പുരയുടെ പത്താമധ്യായത്തിൽ സെയ് ബാൾഡ് പറയുന്ന വെർട്ടി ഗോ അപരിചിതമല്ലായിരുന്നു. മരിച്ചു പോയ ഡാന്റേ തെരുവിൽ തനിക്കു മുന്നിൽ നടന്നു പോകുന്നത് കണ്ട സെയ് ബാൾഡിനുണ്ടായ അവസ്ഥ, ലണ്ടൻ നഗരത്തിൽ തെരുവിലെ തിരക്കിലൂടെ നടന്നുപോകുന്ന ഡ്രാക്കുളയുടെ ചിത്രം,  തിരക്കുള്ള നമ്മുടെ നഗരവീഥികളിൽ ഇന്നും തിരയുന്ന, അത്തരമൊരാളെ കണ്ടതുപോലെ തലചുറ്റുന്ന, ഒരുവൾക്ക് കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞു....!

നോവലിൽ പറയുന്ന ‘ജയൻ അമേരിക്കയിൽ’ എന്ന ചെറു പുസ്തകം ചെറുപ്രായത്തിൽ വീട്ടിലെ ലൈബ്രറിയിൽ നിന്നു കട്ടു വായിച്ച ഓർമയും ഓടി വന്ന് കൈ പിടിച്ചു... ഇത്തരം നിരവധി വ്യത്യസ്ത സന്ദർഭങ്ങൾ ‘തനിക്കനുഭവപ്പെട്ടത്, താൻ ചിന്തിക്കുന്നത്’ എന്ന് ഓരോ വായനക്കാരനും തോന്നുന്ന വിധത്തിലുള്ള നിരവധി  കരുതലുകൾ സൂസന്നയുടെ ഗ്രന്ഥപ്പുരയുടെ അറകളിലുണ്ട് എന്നത് പുസ്തകത്തിന്റെ മാത്രം പ്രത്യേകതയായി തോന്നി.

വായനയിൽ താൽപര്യമുള്ള രണ്ടു വിദ്യാർഥികളാണ് അലിയും അഭിയും. നീലകണ്ഠൻ പരമാര എന്ന നോവലിസ്റ്റിന്റെ ‘വിഷാദത്തിന്റെ ശരീരഘടന’ എന്ന നോവലിന്റെ കയ്യെഴുത്ത് പ്രതി തിരഞ്ഞ് അവർ മറയൂരുള്ള സൂസന്നയുടെ വീട്ടിൽ എത്തുകയാണ്. സൂസന്നയുടെ ലോകത്തുനിന്ന് അലി കണ്ടെടുക്കുന്ന ചില വിചിത്രമനുഷ്യർ പിന്നീടുള്ള കഥാഗതിയെ മുന്നോട്ടു കൊണ്ടു പോകുന്നു. സൂസന്ന ഒരിക്കലും മറുപടി എഴുതാത്ത കത്ത് ദാഹിച്ചിരിക്കുന്ന അയാളുടെ ശൂന്യമായ വേനൽ കത്തുന്ന നഗര ദിനങ്ങളിലേക്ക് ഇലകൾ പടർന്ന വഴികളുമായി അമുദ എന്ന പെൺകുട്ടി വരുന്നുണ്ട്.... തുടർന്നുണ്ടാകുന്ന കഥയുടെ ഗതി മാറ്റം, അപ്രതീക്ഷിത സംഭവങ്ങൾ, മനുഷ്യ മനസ്സിന്റെ കെട്ടുപിണയലുകൾ, അതീന്ദ്രിയ സ്പർശങ്ങൾ, ആകസ്മികതകൾ ഒക്കെ വ്യത്യസ്തമായും ആത്മാവുള്ള പ്രമേയം  നോവലിന്റെ കാതലായും തോന്നി! കഥ കൂടുതൽ  വെളിവാക്കി വായനക്കാരന്റെ കണ്ണിൽ കരട് ഇടുന്നില്ല. നോവൽ വായിക്കുക തന്നെ വേണം.

ഇടവപ്പാതി മഴ പെട്ടെന്നു പൊട്ടിച്ചിതറി വന്ന് പാതി ഇരുട്ടിലാഴ്ത്തിയ ഒരു നട്ടുച്ചയ്ക്കാണ് ഗ്രന്ഥപ്പുര വായിക്കാൻ ഇരുന്നത്..

പുഴയിൽ പാതി മുങ്ങിയ മരച്ചില്ലകൾ, മലയിൽ നിന്ന് ഒഴുകിയെത്തിയ ചെടിപ്പടർപ്പുകൾ ചുറ്റിപ്പിണഞ്ഞ കോവിൽത്തൂണുകളിൽ പാതി മുങ്ങിയ ദേവീ മുഖം!

ചിരപരിചിതമെന്ന് തോന്നിക്കുന്ന ഏതോ പ്രാചീന വിഷാദത്തിന്റെ പുഴയിലേക്ക് മനസ്സ് വീണ്ടും കൂപ്പുകുത്തി ഒലിച്ചുപോയതു പോലെ....! കാടുകൾ, മലകൾ, കോടമഞ്ഞ്, പെരുവെള്ളക്കെട്ടുകൾ, കുത്തൊഴുക്കുകൾ.. കാടു വളരുന്ന, ഇടയിലൂടെ പുഴയൊഴുകുന്ന ഗ്രന്ഥപ്പുര തന്ന പ്രലോഭനം വിഷാദത്തിലേക്ക് വീണ്ടും വീണ്ടും മയക്കിയിടുന്ന മധുരതരമായ ഒരു ഏകാന്താനുഭൂതി തന്നെആയിരുന്നു...!

സൂസന്നയടക്കമുള്ള ഇതിലെ സ്ത്രീകഥാപാത്രങ്ങൾക്ക് അപാര വ്യക്തിത്വവും ഉൾക്കരുത്തുമുണ്ട്. നോവലിൽ ഒരിടത്തും ഒരു പുരുഷ കഥാപാത്രവും ഒരു സ്ത്രീയെയും ശരീരം കൊണ്ട് അടയാളപ്പെടുത്തുന്നില്ല, മറിച്ചവർ സ്ത്രീകളെ തങ്ങളേക്കാൾ ഉയർന്ന തലങ്ങളുള്ള, ഇടപെടലുകളിലും നിലപാടുകളിലും ബൗദ്ധിക, സൗന്ദര്യാത്മക സംവേദന ശേഷിയുള്ള മനുഷ്യരായിത്തന്നെ അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്നുമുണ്ട്.

നോവലിന്റെ പേരിന്റെ ഉടമസ്ഥയായ സൂസന്ന പുസ്തകത്തിൽ അധികം പ്രത്യക്ഷപ്പെടുന്നില്ല എന്നു മാത്രമല്ല അവർ പുസ്തകം മാത്രം വായിച്ചിരിക്കുന്ന സ്വപ്നജീവിയുമില്ല.. നമ്മൾ കാണുമ്പോഴൊക്കെ അവർ സസ്യശാലയിൽ പണിയെടുക്കുന്നു. അതിഥികൾക്കു ഭക്ഷണം കൊടുക്കുന്നു. കുഞ്ഞിനെ നോക്കുന്നു. പോളിന്റെ അമ്മ എന്ന നിലയിലാണ് സൂസന്നയുടെ സംവേദനങ്ങൾ അധികവും. താൻ കാൽപനികയായ ഒരാൾ മാത്രം അല്ലെന്നാണ് കാൽ ഭൂമിയിൽ ഉറച്ചു ചവിട്ടി  സൂസന്ന നമ്മളോട് പറയാൻ ശ്രമിക്കുന്നത്.വിഷാദം പുകമഞ്ഞ് മൂടിയ ഒരു വീട്ടിൽ അവർ പ്രസാദാത്മകതയും പുസ്തകവും കൂട്ടുകാർക്ക് പങ്കുവെച്ച്, വായിക്കാതിരിക്കാൻ ശ്രദ്ധിച്ച് ജീവിച്ചു. ഒരു സ്ത്രീ രക്തം വാർക്കുന്ന ആത്മാവ് പൊത്തിപ്പിടിച്ച് കൊണ്ട് പരാതികളില്ലാതെ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതിനെ ത്യജിക്കുന്നതിന്റെ കാരണം അവൾ സ്ത്രീ ആയതു കൊണ്ട് മാത്രമാണല്ലോ എന്ന് ഓർത്തു പോയി; അവളെ ഉടയോൻ വാർത്തത് സ്നേഹത്തിന്റെ, ത്യാഗത്തിന്റെ മണ്ണടരുകൾ കൊണ്ടാണല്ലോ എന്നും...! പ്രിയപ്പെട്ട പലതും വഴിയിൽ ഉപേക്ഷിച്ച ഒരുപാട് സൂസന്നമാരെ  വെറുതെ ഓർത്തെടുത്തു. സൂസന്ന എന്തുകൊണ്ടാണ് വായന ഉപേക്ഷിച്ചത് എന്നതാണ് നോവലിൽ അവസാനം വരെ ചിതറിക്കിടക്കുന്ന സസ്പെൻസ്....! അനിതരസാധാരണമായ പക്വതയും മനസ്സടക്കവും കരുത്തും അവരുടെ ഓരോ ഭാഷണത്തിൽ പോലുമുണ്ട്. വായിക്കുന്ന സ്ത്രീക്കു മാത്രം സാധിക്കുന്ന ഒരു സിദ്ധിയാണിതെന്ന ജീവിതാനുഭവം.

നോവലിൽ അലി പറയുന്നുണ്ട്:

"വലിയ പ്രഹരങ്ങൾക്കു ശേഷം വീണുപോകാതെ ഉയർന്നു നിൽക്കുവാനുള്ള വിദ്യ ഞാൻ പഠിച്ചത് സൂസന്നയിൽ നിന്നാണ്. ദുർബലമായ ആത്മാവിനുള്ളിൽ വലിയ ലോകത്തെ എങ്ങനെ കൊണ്ടു നടക്കാമെന്ന് അമുദയും പഠിപ്പിച്ചു.... "

ഇവരെക്കൂടാതെ, ചെന്നിയിൽനിന്നു ചോരയൊലിക്കുന്ന, വിറയ്ക്കുന്ന ചുമലുകളുള്ള യേശുവിനെ നേരിൽക്കണ്ട മേരിയമ്മ, ചന്ദ്രനോടുള്ള ദുഷ്ക്കരമായ പ്രണയത്തിൽ മുറിവേറ്റുകൊണ്ടേയിരുന്ന രാച്ചിയമ്മയുടെ കരുത്തുള്ള ജല, സ്നേഹത്തിന്റെ വിചിത്രവഴികളിൽ കുടുങ്ങിപ്പോയ ഫാത്വിമ,  കവിതയുടെ സ്വപ്ന ലോകങ്ങൾ പ്രണയത്തെ മുൻപിൽ കൊണ്ടു നിർത്തുമെന്ന് ഗ്രഹിച്ചറിഞ്ഞറിഞ്ഞ ലക്ഷ്മി, ജീവിതകാലം മുഴുവൻ പിതാവിനോട് യുദ്ധം ചെയ്ത് ജയിച്ച ധീരയായ മതി എന്ന എഴുത്തുകാരി.... തുടങ്ങി സൂസന്നയുടെ സഹായി സരസ വരെ അനിതരസാധാരണമായ ആത്മാർഥതയും ഉറപ്പുമുള്ള സ്ത്രീകളാണ്.

ഇതിൽ വെള്ളത്തൂവൽ ചന്ദ്രൻ മെലീന എന്ന ജർമൻ പ്രഫസറെപ്പറ്റി പറയുന്നുണ്ട്. മകന്റെ ജനിതക വൈകല്യത്തോട് പടവെട്ടി, കുട്ടിക്കു വേണ്ടി ജീവിച്ച് അവനെ ഓർത്ത് ആത്മഹത്യയിലേക്കു സമചിത്തതയോടെ നടന്നുപോകുന്ന ഒരു സ്ത്രീ! നോവലിൽ എന്റെ ഉള്ളുലച്ച, ആർത്തു കരയാൻ തോന്നിയ ഒരു ഭാഗം ഇതായിരുന്നു. കുറച്ചേറെ നേരം പുസ്തകം മടക്കി വെച്ചു. മരിച്ചു പോയ അമ്മമാർക്ക് എങ്ങനെ മക്കളെ പിരിയാൻ കഴിയും എന്നു വേദനിച്ചു. അദൃശ്യമായ ചിറകുകളുമായി അവർ തങ്ങളുടെ മക്കളെ എല്ലായ്പ്പോഴും പൊതിഞ്ഞു പിടിക്കുന്നുണ്ടാകും എന്ന് സമാധാനിച്ചു.

അതി വാചാലരോ വൈകാരികതയുള്ളവരോ പുരുഷത്വം എന്ന മേൽക്കോയ്മയിൽ അഭിരമിക്കുന്നവരോ അല്ല ഇതിലെ പുരുഷ കഥാപാത്രങ്ങളും. അലി അടക്കമുള്ളവർ നേർമയോടെ വലിയ ചിന്തകൾ സംസാരിക്കുന്നു, ധ്യാനത്തിലെന്ന പോലെ ലോകത്തെ ശ്വസിക്കുന്നു.

നോവലിൽ എന്നെ ഏറെ ആകർഷിച്ചത് വെള്ളത്തൂവൽ ചന്ദ്രൻ എന്ന കഥാപാത്രമാണ്. പിതൃവേരുകൾ തപ്പിയാൽ മുറിഞ്ഞു കിടക്കുന്ന ആ സ്ഥലം ചെറുപ്പം മുതലേ എന്റെയുള്ളിലെ സങ്കൽപങ്ങളിൽ വിഷാദത്തിന്റെ പെരുമഴപ്പുഴകൾ ചാലിട്ടൊഴുകിയ  മഞ്ഞുമൂടിയ ഒരു ഭൂമികയായിരുന്നു.

ഒരു സുഖങ്ങൾക്കും വഴങ്ങാതെ, പ്രിയപ്പെട്ട ഇടങ്ങൾ ഉപേക്ഷിച്ച് ഒളിച്ചോടി ആത്മപീഢനത്തിൽ  ജീവിക്കുന്ന ചില വേറിട്ട മനുഷ്യരെ ജീവിതത്തിൽ പരിചയമുണ്ട്. അവർ ശൂന്യതയിലേക്ക്, സ്വയം മുറിവേൽപ്പിച്ച് അനിശ്ചിതരായി ഒറ്റയ്ക്കു മറഞ്ഞു പോകുന്നു, വീണ്ടും വരുന്നു.

മരിച്ചവരുടെ ഒപ്പം നീന്തിയിട്ടുണ്ടോ എന്ന് ചന്ദ്രൻ അലിയോട് ചോദിക്കുന്ന ഭാഗമുണ്ട്. ചെറുപ്പത്തിൽ മുങ്ങാംകുഴിയിട്ട് നീന്തുമ്പോൾ പുഴയിൽ തലേയാഴ്ച വീണ് മരിച്ച അക്ബർ എന്ന കൂട്ടുകാരൻ വെള്ള ഉടുപ്പും മുണ്ടുമിട്ട് തനിക്കു മുൻപേ നീന്തുന്നത് കണ്ട വിഭ്രമാനുഭവം ചന്ദ്രൻ വിവരിച്ചപ്പോൾ ജലത്താൽ മുറിവേറ്റ ഒരു നൂറാത്മാക്കൾ രാത്രി മഴയിലൂടെ നനഞ്ഞ മിഴികളും വെള്ളമിറ്റുന്ന മുടിയുമായി എന്റെ മച്ചകങ്ങളിലൂടെയും നീന്തി വന്നു.

ചില മനുഷ്യരെ ജീവിതം തോറ്റു പോയവർ എന്ന് വിധിയെഴുതുന്നത് എന്താവും എന്ന ചിന്ത വെള്ളത്തൂവൽ ചന്ദ്രൻ തിരുത്തി. ഇരുട്ടിന്റെ പുഴയിൽ മുങ്ങി നിവർന്ന് മഴ നനയുന്ന ചന്ദ്രൻ അത് തങ്ങളുടെ തോൽവിയല്ലെന്നും നിയോഗമാണെന്നും എന്നോട് ഉറക്കത്തോളം നനഞ്ഞു വന്ന് കാതിൽ പറഞ്ഞു തന്ന് ജലപ്പരപ്പിലേക്ക് തന്നെ വീണ്ടും മടങ്ങിപ്പോയി....!

കഥ കടന്നു പോകുന്ന മറയൂരും ചെങ്കുളവും വെള്ളത്തൂവലും കൊച്ചിയും കമ്പവും ബോഡിനായ്ക്കനൂരുമെല്ലാം തദ്ദേശ പ്രകൃതി ചിഹ്നങ്ങളാൽ വായനക്കാരനോട് സംവദിക്കുന്നുണ്ട്. പ്രകൃതി ഗ്രന്ഥപ്പുരയുടെ സൂക്ഷ്മ ഭാഷയാണ്, അലങ്കാരവും ആഭരണവുമാണ്...!

വിഷാദത്തിന്റെ ഘടനകളിൽ പ്രലോഭിപ്പിക്കുന്ന നോവൽ ശുഭപ്രതീക്ഷകളുടെ കാത്തിരിപ്പിന്റെ, കണ്ടുമുട്ടലുകളുടെ പൂക്കൾ വിതറിയാണ് അവസാനിക്കുന്നത്... പുഷ്ക്കിന്റെ വരികൾ ഓർത്തെടുത്താൽ,

Then to my soul

An awakening came

And again your face appeared

Like a vision

Fleeting

Momentary

Like a spirit of

Purest Beauty......

അലിയുടെ ജീവിതത്തിലേക്ക് നിറങ്ങൾ വീണ്ടും പടരുകയാണ്....!

സുഗന്ധത്തിലും സ്നേഹത്തിലും വിഷാദത്തിലും വെളിച്ചത്തിലും കുതിർന്ന് ഞാൻ സൂസന്നയുടെ ഗ്രന്ഥപ്പുര നഷ്ടബോധത്തോടെ വായിച്ചു മടക്കുകയാണ്.....!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA