sections
MORE

മനുഷ്യ മനസ്സിന്റെ സങ്കീർണതകളെ കുറിച്ച്...

HIGHLIGHTS
  • മനസ്സിന്റെ സങ്കീർണ ഭാവങ്ങൾ ഒപ്പിയെടുത്തവതരിപ്പിക്കുന്ന നോവൽ
rahasyam-p
SHARE
സ്റ്റെഫാൻ സ്വൈഗ്, വിവർത്തനം: എസ്. വിശ്വംഭരദാസ്

ഡിസി ബുക്സ്

വില 125 രൂപ

മനുഷ്യമനസ്സ് എന്ന അദ്ഭുത പ്രപഞ്ചത്തെ വിശകലനം ചെയ്യുന്ന നോവലാണ് പ്രശസ്ത ജർമൻ എഴുത്തുകാരൻ സ്റ്റെഫാൻ സ്വൈഗിന്റെ അമോക്. അസാധാരണമായ സംഭവ പരമ്പരകളുടെ ഉറവിടമായ ഈ നോവലിന്റെ മലയാള വിവർത്തനമാണ് ‘രഹസ്യം’

മനസ്സിന്റെ സങ്കീർണ ഭാവങ്ങൾ ഒപ്പിയെടുത്തവതരിപ്പിച്ച വിശ്വസാഹിത്യപ്രതിഭകൾ ഒട്ടേറെയുണ്ട്. ഷേക്സ്പിയറിന്റെ വിഖ്യാത നാടകമായ ‘മക്ബെത്തിൽ’ തീവ്രമായ കുറ്റബോധത്തിനടിമയായ മക്ബെത്തിന്റെ മനസ്സിന്റെ ഭാവങ്ങൾ എത്ര സമർഥമായാണ് ഷേക്സ്പിയർ അവതരിപ്പിച്ചിരിക്കുന്നത്. സിഗ്മണ്ട് ഫ്രോയിഡ് മനുഷ്യമനസ്സിന്റെ അകത്തളങ്ങളിലെ ചുഴികളും മലരികളും വെളിപ്പെടുത്തുവാൻ ഈടുറ്റ പഠനങ്ങൾ നടത്തിയിട്ടുണ്ട്. ഫ്രോയിഡിന്റെ ചുവടു പിടിച്ചാണ് സ്റ്റെഫാൻ സ്വൈഗും ഈ നോവൽ രചിച്ചത്. ഇതിൽ ‘അമോക്’ എന്ന വാക്കിന്റെ അർഥം സൂചിപ്പിക്കുന്നതു പോലെ വിറളി പിടിച്ച ഒരു മനുഷ്യനെയാണ് അവതരിപ്പിക്കുന്നത്. ഒരു ടൈം ബോംബ് കുപ്പായത്തിനുള്ളിൽ ഒളിപ്പിച്ച് സഞ്ചരിക്കുന്ന ഒരു മനുഷ്യന്റെ വിഭ്രാന്തിപോലെ മനസ്സിനുള്ളിൽ ഒളിപ്പിച്ച ഒരു രഹസ്യത്തിന്റെ സംഭ്രമജനകമായ ആഖ്യാനമാണ് ഈ നോവൽ. എന്താണ് ആ രഹസ്യം? ആ കഥ പറയുകയാണ് നോവലിസ്റ്റ്.

സിംഗപ്പൂരിൽ നിന്ന് പുറപ്പെട്ട വൊടാൻ എന്ന കപ്പലിന്റെ ഡക്കിൽ വച്ച് രണ്ടു യാത്രക്കാർ കണ്ടുമുട്ടുന്നു. ഒരാൾ ശാന്തമനസ്കൻ. വിഷാദത്തിന്റെ ആൾ രൂപമാണ് അപരൻ. കപ്പലിനുള്ളിലെ ബഹളത്തിൽ നിന്ന് ശാന്തി തേടിയെത്തിയവരാണ് ഇരുവരും. കടലിൽ നിന്ന് വീശിയടിക്കുന്ന കുളിർകാറ്റ് അവരെ തഴുകി പുറത്തേക്ക് ഒഴുകുന്നു. സൗഹൃദ സംഭാഷണം നടത്തി ഇരുവരും പിരിഞ്ഞു. അടുത്ത ദിവസം അവർ വീണ്ടും കണ്ടു മുട്ടി. തലേദിവസത്തേക്കാൾ അയാൾ പരിക്ഷീണിതനാണ്. തന്റെ ഹൃദയത്തെ സദാ മഥിക്കുന്ന വേദന ആരോടെങ്കിലും തുറന്നു പറയാൻ അയാൾ വെമ്പൽ പൂണ്ടിരിക്കുകയാണ്. അയാൾ തന്റെ ജീവിതകഥയുടെ രഹസ്യ പൂട്ട് തുറന്നു. താൻ ഒരു ഡോക്ടറാണ്. ‘‘എവിടെ നിന്നോ ആരോ ഒരാൾ വന്ന് തന്നെ സഹായിക്കണമെന്നും തന്നോട് കരുണ കാണിക്കണമെന്നും കേണപേക്ഷിച്ചാലുടൻ തന്നെ അതിനായി നാം നമ്മുടെ ജീവിതം തുലയ്ക്കണോ’’

ഡോക്ടറുടെ ജീവിതനാൾവഴിയിലേക്കു കടക്കുമ്പോഴാണ് ഈ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കുക. അദ്ദേഹം ലിപ്സിങ് ആശുപത്രിയിൽ ഡോക്ടറായി പ്രവർത്തിക്കുമ്പോൾ ഒരു ഭ്രാന്തെടുക്കുന്ന യുവതിയുമായുള്ള പ്രണയം ഒടുവിൽ അയാളുടെ ജോലി തെറിപ്പിച്ചു. ഡച്ചു സർക്കാരിന് ഡോക്ടർമാരെ ആവശ്യമുണ്ടെന്ന വിവരം അയാൾ അറിഞ്ഞു. പൗരസ്ത്യ ഉൾനാടൻ സെറ്റിൽമെന്റ് കോളനിയിൽ ജോലിയും ലഭിച്ചു. ഏഴു വർഷത്തോളം കാലാവസ്ഥയുടെ പ്രതികൂലങ്ങളെ നേരിട്ടുകൊണ്ട് അയാൾ ജോലി ചെയ്തു. ഇതിനോടകം അസാധാരണ കൈപുണ്യമുള്ള ഡോക്ടർ എന്ന പ്രശസ്തിയും കൈവരിച്ചു. 

ഒരു നാൾ മഹാവന്യമായ ഏകാന്തതയിൽ അതിസമ്പന്നയായ പ്രൗഢ വനിത അവളുടെ രോഗത്തിനുള്ള ചികിത്സ തേടി അദ്ദേഹത്തെ സമീപിച്ചു. ഗർഭധാരണത്തിന്റെ പ്രാരംഭ നാളുകൾ തള്ളി നീക്കുന്ന അവളുടെ ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ നശിപ്പിക്കണം. ഇതായിരുന്നു അവളുടെ ആവശ്യം. പ്രതിഫലമായി ഒരു വൻതുകയും വാഗ്ദാനം ചെയ്തു. ആ തുക നിരസിച്ച അയാൾ പറഞ്ഞു താൻ ഒരു മനുഷ്യനാണെന്നും തനിക്ക് ‘‘മറ്റ് വിനോദങ്ങളിൽ ഏർപ്പെടുന്ന മണിക്കൂറുകളും ഉണ്ടെന്നും’’ പറഞ്ഞു. ആ നിർദേശം നിരസിച്ചു കൊണ്ട് അവൾ പറഞ്ഞു.‘‘ഒരിക്കലും താങ്കളുടെ സഹായത്തിനായി ഞാൻ കേണപേക്ഷിക്കാൻ പോകുന്നില്ല. അതിനേക്കാൾ എത്രയോ ഭേദമാണ് മരണം’’. ഇതു പറഞ്ഞിട്ട് അഭിമാനിയായ ആ സ്ത്രീ അവിടെ നിന്നും പുറത്തേക്ക് അതിവേഗം ഇറങ്ങി. 

വിദേശയാത്രയിലായ അവളുടെ ഭർത്താവ് വരുവാൻ കുറച്ചു ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. അയാൾ മടങ്ങി എത്തുന്നതിനു മുൻപ് അവളുടെ രോഗത്തിന് ചികിത്സ കിട്ടിയിരിക്കണം. അതിനവൾ പിന്നീട് സമീപിച്ചത് ഒരു ചീനക്കാരി  വയറ്റാട്ടിയേയും. അവർ വളരെ പ്രാകൃതമായി നടത്തിയ ഗർഭഛിദ്രത്തിൽ അവൾ ഗുരുതരാവ്സഥയിലെത്തി. എങ്ങനെയെങ്കിലും തന്റെ ജീവൻ രക്ഷിക്കണമെന്ന അഭ്യർഥനയുമായി ഡോക്ടറുടെ സമീപത്തേക്ക് ആളെ അയച്ചു. അദ്ദേഹം എത്തിയപ്പോഴേക്കും. അവൾ തീർത്തും ക്ഷീണിതയായി. ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ വേണ്ട ഈ രഹസ്യം സൂക്ഷിക്കണമെന്ന് ഡോക്ടറോട് അഭ്യർത്ഥിച്ചു. അയാൾ അത് സമ്മതിച്ചു. അധികം വൈകാതെ മാഡം ബ്ലാങ്ക് എന്ന സമ്പന്നയായ സ്ത്രീ മരിച്ചു. തുടർന്നു സംഭവ പരമ്പരകൾ നിരവധി നടന്നു. ഡോക്ടർക്ക് ഇതിന്റെ പേരിൽ നാടുവിടേണ്ടിവന്നു. സമ്പാദ്യമില്ലാതെ പെൻഷൻ ഇല്ലാതെ, പൂരം കണ്ടു മടങ്ങുന്ന നായയെപ്പോലെ. അയാൾ അവിടെനിന്ന് പുറപ്പെട്ടു. കപ്പലിൽ എത്തിച്ചേർന്ന പശ്ചാത്തലം ഇതാണ്. 

മാഡം ബ്ലാങ്കിന്റെ ഓർമ മാത്രമല്ല അവർ ഒരു വേട്ടനായയെപ്പോലെ അയാളെ പിന്തുടർന്നു. അവരുടെ മൃതദേഹം ഒരു പെട്ടിയിലാക്കി അവളുടെ ഭർത്താവ് ഇംഗ്ലണ്ടിലേക്ക് കൊണ്ടു പോകാൻ തിരഞ്ഞെടുത്തതും ഈ കപ്പലിലാണ്. 

ഡോക്ടർ തന്റെ കഥ പറഞ്ഞു കഴിഞ്ഞ് ഒരു തീരുമാനമെടുത്തതുപോലെ അവിടെ നിന്നും തന്റെ ക്യാബിനിലേക്ക് പോയി.

ഒരു ഇറ്റാലിയൻ പത്രത്തിൽ വന്ന വാർത്തയോടെയാണ് നോവൽ അവസാനിക്കുന്നത്. ഒരു ഇംഗ്ലിഷ് യുവതിയുടെ മൃതദേഹം അടങ്ങിയ പേടകം കപ്പലിൽ മാറ്റിക്കയറ്റുമ്പോൾ കപ്പൽഡക്കിൽ നിന്ന് ഭാരമേറിയ എന്തോ ഒന്ന് ശവപ്പെട്ടിയിൽ കനത്ത ആഘാതമേൽപ്പിച്ചു കൊണ്ട് താഴേക്ക് പതിച്ചു. കപ്പലിന്റെ മേൽത്തട്ടിൽ നിന്ന് വിറളിപിടിച്ച ഒരു മനുഷ്യൻ താഴേക്ക് ചാടിയതാണ്.

ആരാണ് ആ സ്ത്രീയുടെ മരണത്തിന് കാരണക്കാരൻ? ഒരു കുറ്റവും പ്രത്യക്ഷത്തിൽ ചെയ്തില്ലെങ്കിലും ഡോക്ടർ ഇത്രമാത്രം അസ്വസ്ഥനായത് എന്തുകൊണ്ട്. പ്രൗഢയായ സ്ത്രീയുടെ ദുരഭിമാനമാണോ ഈ ദുരന്തത്തിൽ കലാശിച്ചത്. അവർ തന്റെ സ്നേഹനിധിയായ ഭർത്താവിനോട് അവിശ്വസ്തത പുലർത്തിയത് താങ്ങാൻ കഴിയാത്ത കുറ്റബോധം അവരിൽ ഉയർത്തിയോ? മനുഷ്യ മനസ്സ് രഹസ്യം സൂക്ഷിക്കാൻ കഴിയാത്തതാണോ? എണ്ണമില്ലാത്ത ചോദ്യങ്ങൾ ഈ നോവൽ അവശേഷിപ്പിക്കുന്നു.

മനുഷ്യ ജീവിതത്തിന്റെ കാണാത്ത ഇടനാഴിയിലൂടെ സഞ്ചരിക്കാൻ നോവലിസ്റ്റ് എത്ര വിദഗ്ധമായിട്ടാണ് പ്രമേയം സ്വീകരിച്ചിരിക്കുന്നതെന്ന് ഇതിലൂടെ സഞ്ചരിക്കുന്ന ആർക്കും ബോധ്യമാവും. ഉദ്വേഗജനകമായ സംഭവങ്ങളുടെ പരമ്പരയായ ഈ നോവൽ ഹൃദ്യമായ വായനാനുഭവം പകരുന്നതാണ്. മനോഹരമായ പരിഭാഷ ഈ നോവലിന്റെ കാന്തി പതിന്മടങ്ങ് വർധിപ്പിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA