ഇതാണ് പെര്‍ഫ്യൂം, രണ്ടു ഡസന്‍ കന്യകമാരുടെ ജീവരക്തത്താല്‍ നിര്‍മിക്കപ്പെട്ട അപൂര്‍വസുഗന്ധം

HIGHLIGHTS
  • അസ്വസ്ഥരാക്കുകയും അദ്ഭുതപ്പെടുത്തുകയും അന്ധാളിപ്പിക്കുകയും ചെയ്യുന്ന നോവല്‍ വിസ്മയം.
Perfume
SHARE
പാട്രിക് സൂസ്കിന്റ്

കറന്റ് ബുക്സ്, തൃശൂര്‍

വില 280 രൂപ

പാട്രിക് സൂസ്കിന്റിന്റെ പെര്‍ഫ്യൂം എന്ന നോവലിന് ഒരു അടിക്കുറിപ്പുണ്ട്: ഒരു കൊലപാതകിയുടെ കഥ. നോവല്‍ വായിച്ചുപൂര്‍ത്തിയാക്കുമ്പോഴാകട്ടെ ഞെട്ടലോടെ മനസ്സിലാകും ഇത് ഒരു കൊലപാതകിയുടെ കഥയല്ല, കൊല ചെയ്യപ്പെട്ടവന്റെ കഥയാണെന്ന്. മറ്റുള്ളവരെ കൊലപാതകികളാക്കി നിരപാധിത്വം നടിക്കുന്ന കപട മനുഷ്യരുടെ കഥയാണെന്ന്. ഏറ്റവും വലിയ സ്നേഹത്തിന്റെയും അര്‍പ്പണത്തിന്റെയും കടപ്പാടിന്റെയും പോലും മുഖം വലിച്ചുകീറിയാല്‍ ചതിയുടെയും വഞ്ചനയുടെയും മനുഷ്യത്വമില്ലായ്മയുടെയും കള്ളക്കഥകളാണുള്ളതെന്ന്. ആ അര്‍ഥത്തില്‍ ചരിത്രത്തിന്റെ പുനര്‍വായനയാണ് പെര്‍ഫ്യൂം. തലതിരിച്ചുപിടിച്ചുള്ള വേതാളത്തിന്റെ വായന. ഒരേ സമയം അസ്വസ്ഥരാക്കുകയും അദ്ഭുതപ്പെടുത്തുകയും അന്ധാളിപ്പിക്കുകയും ചെയ്യുന്ന നോവല്‍ വിസ്മയം. 

2000-ല്‍ ടോം ടൈക്കര്‍ ചലച്ചിത്രമാക്കിയ ജര്‍മന്‍ ഇതിഹാസ നോവല്‍ ജീവിതത്തില്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളില്‍ ഒന്ന്. വായനയുടെ സന്തോഷവും ചിന്തയുടെ അസ്വസ്ഥതയും മൗലികപ്രതിഭയുടെ തിളക്കവും പ്രകടമാക്കുന്ന അസാധാരണ കൃതി. 

പതിനെട്ടാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ ചേരിപ്രദേശത്താണ് ഷാങ് ബാപ്റ്റിസ്റ്റ് ഗ്രെനോയ്ല്‍ എന്ന ബാലന്‍ ജനിക്കുന്നത്. ആ ജനനം തന്നെ അദ്ഭുതമാണ്. അവനു മുമ്പു ജനിച്ചവരെല്ലാം ജീവിക്കാന്‍ അര്‍ഹതയില്ലാത്തവരായി വിട പറഞ്ഞതിനാല്‍ അവന്റെ അമ്മ ഉപേക്ഷിച്ച കുട്ടി. സ്നേഹമോ പരിഗണനയോ പരിലാളനയോ ലഭിക്കാതെ മരിക്കാന്‍ വിധിക്കപ്പെട്ട ശിശു. പക്ഷേ, അവന്‍ ഒരു രാജ്യത്തിന്റെ ചരിത്രം പുനര്‍നിര്‍മിക്കാന്‍ പിറന്നവനായിരുന്നു. നെപ്പോളിയനെപ്പോലെ. ഹിറ്റ്ലറെപ്പോലെ, മുസ്സോളിനിയെപ്പോലെ. പ്രശസ്തനാകേണ്ടവനല്ല, കുപ്രശസ്തനാകേണ്ടവന്‍. അവന്‍ ചേരിയില്‍ മരിക്കാതെ അവശേഷിച്ചു. അവന്‍ കരഞ്ഞതോടെ അവന്റെ അമ്മ ജയിലിലുമായി. നവജാതശിശുവിനെ കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍. മുമ്പു ജനിച്ചവരെ കൊന്നെന്ന കുറ്റവും അവരില്‍ ആരോപിക്കപ്പെട്ടു. കുട്ടികളില്ലാത്തതിന്റെ വേദനയില്‍നിന്ന് കുട്ടികളെ കൊന്ന ആള്‍രൂപമായി അവര്‍ മാറ്റപ്പെട്ടു. ജയിലിലേക്കും പിന്നെ കൊലമരത്തിലേക്കും. 

അപ്പോള്‍ വാടക അമ്മമാരുടെ പാലൂറ്റിവലിച്ചു കുടിച്ച് ഗ്രെനോയ്ല്‍ ജീവിതത്തിലേക്കു തിരിച്ചുവരികയായിരുന്നു. അമ്മയാല്‍ മാത്രമല്ല, വാടക അമ്മമാരാലും അവന്‍ ഉപേക്ഷിക്കപ്പട്ടു. അവനു വേണ്ടിയിരുന്നത് ഒരാളുടെ ആഹാരമല്ല. ഒന്നിലധികം പേരുടെ ആഹാരം. പാല്‍. ഇഷ്ടപ്പെട്ട ഭക്ഷണം ലഭിച്ചില്ലെങ്കിലും പല അമ്മമാരാല്‍ ഉപേക്ഷിക്കപ്പെട്ടെങ്കിലും വിരൂപനും വികൃതരൂപിയുമായിരുന്നെങ്കിലും ഗ്രെനോയ്ല്‍ വളര്‍ന്നുകൊണ്ടേയിരുന്നു. ലോകത്തില്‍ അപൂര്‍വം പേര്‍ക്കുമാത്രം ലഭിക്കുന്ന അസാധാരണ കഴിവുള്ളവനായി. ഗന്ധം തിരിച്ചറിയാനുള്ള കഴിവായിരുന്നു അവന്റെ ഏറ്റവും വലിയ സ്വത്ത്. ഒരേയൊരു സ്വത്തും. അതവന്റെ നിയോഗം തന്നെയായിരുന്നു. 

പാരീസിലെ മണങ്ങളുടെ നിഗൂഡതയില്‍ ബാല്യം. കൗമാരത്തില്‍ പ്രശസ്തനായ ഒരു സുഗന്ധനിര്‍മാതാവിന്റെ കീഴില്‍ പരിശീലനം. അമൂല്യമായ തൈലങ്ങളും ഔഷധങ്ങളും മിശ്രിതമാക്കുന്ന വിദ്യ പഠിച്ചെടുക്കുന്നു. മണങ്ങള്‍ ഒഴിയാബാധയാകുന്ന അയാള്‍ അവിടെനിന്നും രക്ഷപ്പെടുന്നു. ഒരിക്കല്‍ അമ്മയെ മരണത്തിലേക്കു തള്ളി ജീവിതത്തിലേക്കു തിരിച്ചുവന്നതുപോലെ, രക്ഷകനെ മരണത്തിനു കൊടുത്ത് യൗവ്വനത്തിലേക്ക്. ആ യാത്ര ഒരു സുന്ദരിയുടെ മണത്തിലേക്കായിരുന്നു. ഒരു ചുവപ്പുമുടിക്കാരിയുടെ അപൂര്‍വവും മത്തുപിടിപ്പിക്കുന്നതുമായ ഗന്ധത്തിലേക്ക്. അതവനെ കൊലപാതകത്തിലേക്കും നയിക്കുന്നു. മറ്റൊരു വ്യക്തിയുടെ ജീവനെടുക്കുന്നത് തെറ്റാണെന്ന പാപബോധമില്ലാതെ. പരമമായ മണം ആയിരുന്നു അവന്റെ ലക്ഷ്യം. ലോകത്തെ കീഴ്പ്പെടുത്തുന്നത്. ആ മണം കണ്ടെത്തിയാല്‍ പതിനായിരങ്ങളല്ല, ലക്ഷങ്ങള്‍ അവനെ പ്രണയിക്കാനും സ്വീകരിക്കാനും എത്തും. കൊട്ടാരത്തിലേക്കു കടന്നുചെന്ന് രാജാവിനെ തന്നെ തന്റെ പാദങ്ങളില്‍ വീഴ്ത്താം. മാര്‍പാപ്പയ്ക്ക് ആ മണം പൂശിയ കത്തെഴുതി താനാണ് പുതിയ രക്ഷകനെന്ന് വെളിപ്പെടുത്താം. രാജാക്കന്‍മാരുടെയും ചക്രവര്‍ത്തിമാരുടെയും മധ്യത്തില്‍ നോത്രദാം പള്ളിയില്‍വച്ച് മനസ്സുവച്ചാല്‍ മതി എല്ലാറ്റിന്റെയും അധിപനായ ഏറ്റവും ഉന്നതനായ ചക്രവര്‍ത്തിയായി വാഴിക്കപ്പെടാം. അല്ലെങ്കില്‍ മണ്ണിലിറങ്ങിയ ദൈവമായി വാഴാം. ദൈവം എന്നൊരു വസ്തുത ഉണ്ടെന്നും അങ്ങനെ സ്വയം വാഴ്ത്തപ്പെടാമെന്നും കരുതിയാല്‍ മതി. 

പക്ഷേ, ആ സുഗന്ധത്തിനുവേണ്ടിയിരുന്നത് ആരും മുകരാത്ത കന്യകാപുഷ്പങ്ങളെ. അനാഘ്രാതസുമങ്ങള്‍. രണ്ടു ഡസനിലേറെ കൗമാരക്കാരികള്‍. അവരെ കൈക്കലാക്കി, കീഴ്പ്പെടുത്തി, അവരില്‍നിന്നെടുത്ത മണത്തില്‍നിന്നുവേണം പരമമായ സുഗന്ധം നിര്‍മിക്കാന്‍. ആ പോരാട്ടത്തില്‍ ഗ്രെനോയ്ല്‍ വിജയിക്കുമോ എന്നാണ് പെര്‍ഫ്യൂം പറയുന്നത്. വിജയിച്ചാല്‍തന്നെ ലോകം അവനെ വെറുതെ വിടുമോ എന്നും. പരമമായ സുഗന്ധത്തിലൂടെ മനുഷ്യ മനസ്സുകളിലേക്കാണ് പാട്രിക് സൂസ്കിന്റ് യാത്ര ചെയ്യുന്നത്. ആ യാത്ര അതിന്റെ  ഒട്ടും ചോര്‍ന്നുപോകാതെ മലയാളത്തിലാക്കാന്‍ വിവര്‍ത്തകനായ പി.ആര്‍.പരമേശ്വരനു കഴിഞ്ഞിട്ടുമുണ്ട്. വിവര്‍ത്തനത്തില്‍ മൂല്യം നഷ്ടപ്പെടാത്ത സുന്ദര കൃതികൂടിയാണ് പെര്‍ഫ്യും. 

50 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട നോവല്‍. ലോകവ്യാപകമായി 20 മില്യന്‍ കോപ്പികള്‍ വിറ്റഴിക്കപ്പെട്ട കൃതി. ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ജര്‍മന്‍ നോവല്‍. പെര്‍ഫ്യൂം കാത്തിരുന്ന കൃതിയാണ്. കാത്തിരിപ്പിനെ സാര്‍ഥകമാക്കുന്ന സാഹിത്യവിസ്മയം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LITERARY WORLD
SHOW MORE
FROM ONMANORAMA