sections
MORE

തീപ്പൊരി നേതാവിൽനിന്ന് തീ പടർത്തിയ പത്രപ്രവർത്തകനിലേക്ക്: അത്യപൂർവം ഈ ജീവിതം, എഴുത്തും

HIGHLIGHTS
  • ഭാഷയുടെ പുതുമയും ചിന്തയുടെ കരുത്തും അവതരണത്തിന്റെ ഉള്‍ക്കാഴ്ചയും നിറ‍ഞ്ഞുനില്‍ക്കുന്ന ലേഖനങ്ങള്‍
  • രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായ 26 ലേഖനങ്ങളുടെ സമാഹാരം.
kr-chummar-p
SHARE
കെ.ആര്‍. ചുമ്മാര്‍

മനോരമ ബുക്സ്

വില 250 രൂപ

രോഗക്കിടക്കയില്‍, മരണം അടുത്തെത്തിയെന്നറിഞ്ഞപ്പോള്‍, പുതുതായി എത്തുന്ന ലോകത്ത് പത്രമിറക്കുന്നതിനെക്കുറിച്ച് ആലോചിച്ച ഒരു പത്രപ്രവര്‍ത്തകന്‍. അയാളപ്പോള്‍ കണക്കുകൂട്ടലിലായിരുന്നു. തനിക്കു മുന്നേ കടന്നുപോയവരെക്കുറിച്ച്. അവരെ ഏതൊക്കെ സ്ഥാനങ്ങളില്‍ നിയോഗിക്കണമെന്ന ആലോചന. മുഖപ്രസംഗം എഴുതാനുള്ള ആള്‍. പ്രധാന വാര്‍ത്ത കൈകാര്യം ചെയ്യുന്നയാള്‍. പ്രാദേശിക പേജുകളുടെ ചുമതല. സര്‍ക്കുലേഷന്‍ സംബന്ധമായ കാര്യങ്ങള്‍ നോക്കാനും പ്രചാരവര്‍ധനവിനും വേണ്ടി തല പുകയ്ക്കാന്‍ ശേഷിയുള്ളവരെകുറിച്ചുള്ള ആലോചന. അര്‍ഹതപ്പെട്ട, കഴിവുറ്റവരെ കണ്ടെത്തിയതിനുശേഷം പത്രത്തിനുവേണ്ടി പണമിറക്കാന്‍ തയാറുള്ള ചീഫ് എഡിറ്ററെയും അദ്ദേഹം മനഃക്കണ്ണില്‍ കണ്ടു. അതോടെ നിരാശയ്ക്കു പകരം ആ മുഖത്ത് ഉദിച്ചത് പ്രത്യാശ. വേദനയ്ക്കു പകരം ആത്മവിശ്വാസം. മരണത്തിനുശേഷമുള്ള ലോകത്തെത്താനുള്ള തിടുക്കമായിരുന്നു പിന്നീട്. അവിടെയെത്തി ഉടന്‍ ചെയ്യേണ്ട ജോലികളെക്കുറിച്ചുള്ള ആവേശം. അതോടെ, ദീനരോദനങ്ങളും നിലവിളികളും ഉയരുന്ന ആശുപത്രിമുറിയില്‍ അയാളുടെ പൊട്ടിച്ചിരി മുഴങ്ങി. ആത്മവിശ്വാസമുള്ള, ഊര്‍ജസ്വലമായ പൊട്ടിച്ചിരി. ചിരി നിലയ്ക്കുന്നതിനുമുമ്പുതന്നെ പത്രപ്രവര്‍ത്തകന്‍ കണ്ണടയ്ക്കുകയും ചെയ്തു. ജീവതത്തില്‍ മാത്രമല്ല, മരണത്തിലും പത്രപ്രവര്‍ത്തകന്റെ മഷിയുണങ്ങാത്ത പേനയും ക്ഷീണിക്കാത്ത ബുദ്ധിയും മുറുകെപ്പിടിച്ച അയാളുടെ പേര് കെ.ആര്‍. ചുമ്മാര്‍. 

മലയാള മനോരമയിലൂടെ ലക്ഷക്കണക്കിനു വായനക്കാരുടെ ഹരമായ എഴുത്തുകാരന്‍. കോളമിസ്റ്റ്. മാനേജ്മെന്റ് വിദഗ്ധന്‍. പത്രപ്രവര്‍ത്തനം തുടങ്ങുംമുമ്പ് രാഷ്ട്രീയത്തില്‍ തിളങ്ങി, ഉജ്വല പ്രാസംഗികന്‍ എന്നു പേരെടുത്ത തീപ്പൊരി നേതാവ്. കാഴ്ചയില്‍ ആജാനബാഹു. സമീപനത്തില്‍ ആത്മവിശ്വാസത്തിന്റെ ആള്‍രൂപം. ഋതുഭേദങ്ങള്‍ ബാധിക്കാത്ത പ്രതിഭയുടെ വസന്തം എന്നും പ്രസരിപ്പിച്ച അക്ഷരങ്ങളുടെ ലോകത്തെ നിത്യഹരിതനായകന്‍. മരണാനന്തര ലോകത്ത് പത്രമിറക്കാന്‍ ധൃതിപിടിച്ച് അദ്ദേഹം വേഗം യാത്ര തുടങ്ങിയെങ്കിലും പുതിയ തലമുറയ്ക്കും കാലത്തിനും വേണ്ടി അദ്ദേഹത്തിന്റെ കണ്ണും കാതും ഒപ്പിയെടുക്കുകയും മൗലിക ചിന്തകളായി വിടരുകയും ചെയ്ത സൃഷ്ടികള്‍ പുസ്തകരൂപത്തില്‍ എത്തിയിരിക്കുന്നു. അരനൂറ്റാണ്ടിനു മുമ്പ് എഴുതിയവ പോലും ഇന്നലെയെഴുതിയതെന്നു തോന്നുമാറ് ഭാഷയുടെ പുതുമയും ചിന്തയുടെ കരുത്തും അവതരണത്തിന്റെ ഉള്‍ക്കാഴ്ചയും നിറ‍ഞ്ഞുനില്‍ക്കുന്ന പ്രൗഡമായ ലേഖനങ്ങള്‍: തിരഞ്ഞെടുത്ത ലേഖനങ്ങള്‍. കെ..ആര്‍. ചുമ്മാര്‍. മനോരമ ബുക്സ് ആണു പ്രസാധകര്‍. 

യന്ത്രത്തോക്കിനെതിരെ വാരിക്കുന്തം കൊണ്ടു പോരാടി മരിക്കാനും ബാലറ്റ് പേപ്പര്‍ കൊണ്ട് രാഷ്ട്രീയാധികാരം പിടിച്ചെടുക്കാനും കഴിഞ്ഞ കേരളത്തിലെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ രണ്ടു ഘട്ടങ്ങളിലും തലയുയര്‍ത്തിപ്പിടിച്ചുനിന്ന അധൃഷ്യനായ നേതാവ് ടി.വി. തോമസിനെക്കുറിച്ച് അദ്ദേഹത്തിന്റെ മരണത്തോടനുബന്ധിച്ച് 1977 മാര്‍ച്ച് 27 ന് മലയാള മനോരമയില്‍ ചുമ്മാര്‍ ഒരു കുറിപ്പെഴുതി; വിപ്ലവകേരളത്തിന്റെ അധൃഷ്യനേതാവ് എന്ന തലക്കെട്ടില്‍. ആ ലേഖനത്തിന്റെ തുടക്കം പോലെ ഉജ്വലമാണ് അവസാനവും. ഒരുപക്ഷേ ടി.വി. തോമസ് അതു വായിച്ചിരുന്നെങ്കില്‍ ചുമ്മാറിനെ കെട്ടിപ്പിടിച്ച് അഭിനന്ദിക്കുമായിരുന്ന ചിരിയും ചിന്തയും കോര്‍ത്തിണക്കിയ പഞ്ച് ലൈന്‍. അതിങ്ങനെ– 

പുന്നപ്ര വലിയ ചുടുകാട് കേരളത്തിലെ കമ്യൂണിസ്റ്റുകളുടെ തീര്‍ഥാടനകേന്ദ്രമാണ്. പി. കൃഷ്ണപിള്ളയും പി.ടി. പുന്നൂസും ആര്‍. സുഗതനും ചടയംമുറിയും നൂറുകണക്കിനു രക്തസാക്ഷികളുടെ കൂടെ അവിടെ എന്നന്നേക്കുമായി ഉറങ്ങിക്കിടക്കുന്നു. എന്നാല്‍ ആ പരേതരുടെ കുടുംബത്തിലേക്ക് ടിവി കടന്നുചെല്ലുന്നത് അതിന്റെ നാഥനായിട്ടാണ്. 

അദ്ദേഹത്തോളം അവകാശം അവിടെ മറ്റാര്‍ക്കുമില്ല. വെളുത്ത സൈഡ് ബട്ടന്‍ ജുബാ ധരിച്ച ആ രൂപം കണ്ടും ശബ്ദം കേട്ടും ആവേശംകൊണ്ട് വാരിക്കുന്തവുമേന്തി സമരം ചെയ്തു വെടിയേറ്റു മരിച്ച അവര്‍ ഇന്നു തങ്ങളുടെ കുടുംബത്തിലേക്ക് അവരുടെ ആശാനെ സ്വാഗതം ചെയ്യും. 

അവിടെയും പൊട്ടിക്കാന്‍ പറ്റിയ ചില ഫലിതങ്ങള്‍ അദ്ദേഹം കയ്യില്‍ കരുതിയിട്ടുണ്ടാവും. 

വാക്കുകളിലെ മൂര്‍ച്ച. ഉള്‍ക്കാഴ്ചയുടെ തീക്ഷ്ണത. എഴുതുന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെയും കുറിച്ചുള്ള ആഴമേറിയ അറിവ്. സൂക്ഷ്മാംശങ്ങളില്‍പ്പോലുമുള്ള അതീവശ്രദ്ധയും കരുതലും. ഓരോ വാക്കും ഒരു വാരിക്കുന്തംപോലെയാക്കി ചുമ്മാര്‍ എഴുതുമ്പോള്‍ ടിവി മരിക്കുകയല്ല, ജീവിക്കുകയാണ്. ഉയിര്‍ത്തെഴുന്നേല്‍ക്കുകയാണ് വായനക്കാരുടെ മസ്സില്‍. അതാണ് ആ എഴുത്തിന്റെ കരുത്ത്. ക്രാന്തദര്‍ശിയായ പത്രപ്രവര്‍ത്തകന്റെ മിടുക്ക്. കൈകൂപ്പി നമിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രതിഭയുടെ പ്രകടനം. 

വിപ്ലവനേതാവില്‍ നിന്ന് കേരളത്തില്‍ ലീഡര്‍ എന്നു വിളിക്കപ്പെടുന്ന സാക്ഷാല്‍ കരുണാകരനിലേക്ക് എത്തുമ്പോള്‍ ചുമ്മാറിന്റെ ശൈലി മാറുന്നുണ്ട്. അപ്പോഴും ആ ചാട്ടുളി പ്രയോഗങ്ങള്‍ക്കു കുറവില്ല. അതീവരസകരമായ നിരീക്ഷണങ്ങള്‍ പ്രവഹിക്കുന്നുണ്ട്. ഒപ്പം പ്രശംസയെന്നോ വിമര്‍ശനമെന്നോ വ്യവഛേദിക്കാനാവാത്ത എഴുത്തിന്റെ സൗന്ദര്യവും. 1988 ജൂലൈ 9 ന് കരുണാകരന്റെ 71-ാം ജന്‍മദിനത്തിലായിരുന്നു കരുണാകരനും അണികളും എന്നെന്നും ഓര്‍ത്തിരിക്കുന്ന വാക്കുകള്‍ ചുമ്മാര്‍ കുറിച്ചത്: അണികളില്‍ അണു, അണികള്‍ക്കു ലീഡര്‍ എന്ന പേരില്‍. 

കാറില്‍ ചീറിപ്പായാനും വേദിയില്‍ ഓടിക്കയറാനും ഉച്ചത്തില്‍ തൊണ്ടകാറി പ്രസംഗിക്കാനും വേണ്ട ചുറുചുറുക്ക് ഇപ്പോഴുമുണ്ടെങ്കിലും കെ. കരുണാകരന് വയസ്സ് എഴുപതു കഴിഞ്ഞു. ഇന്ന് എഴുപത്തൊന്നാം ജന്‍മദിനം പുലരുമ്പോള്‍ അദ്ദേഹം മുകുളിതപാണിയായി ഗുരുവായൂരപ്പന്റെ മുന്‍പില്‍ നില്‍പ്പുണ്ടാകും. ഏതുരംഗത്തും എന്തിനേക്കാള്‍ കൂടുതല്‍ ദൈവാശ്രയം ശക്തിപകരുമെന്ന് വിശ്വസിക്കുന്ന ഈ രാഷ്ട്രീയ നേതാവ് എല്ലാ സുഖദുഃഖങ്ങളും തന്റെ ഭാഗ്യവിധാതാവിന്റെ മുന്‍പില്‍ സമര്‍പ്പിക്കാന്‍ എപ്പോഴും വെമ്പല്‍കൊള്ളുന്നു. 

ഈ തുടക്കം വായിക്കുന്നവര്‍ക്ക് ബാക്കി കൂടി വായിക്കാതെ അവസാനിപ്പിക്കാനാകുമോ ?... അതുതന്നെയാണ് ചുമ്മാര്‍ എന്ന ത്രികാലജ്ഞാനിയുടെ എഴുത്തിന്റെ കരുത്ത്. ഉള്‍ക്കരുത്ത്. കരുണാകരന് ശത്രുക്കളെന്നപോലെ മിത്രങ്ങളുമുണ്ടെന്ന് എഴുതി പഞ്ച് ലൈനില്‍ എത്തുമ്പോള്‍ ചുമ്മാറിലെ പത്രപ്രവര്‍ത്തകന്‍ അനുപമമായ ക്രാഫ്റ്റിന്റെ പരകോടിയില്‍ എത്തുന്നു: 

ഇരുകൂട്ടര്‍ക്കും വെണ്‍മ തിരളുന്ന പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അദ്ദേഹം അവര്‍ക്കിടയില്‍ വിലസുന്നു- ഈ എഴുപതൊന്നും അദ്ദേഹത്തിന് എഴുപതല്ല. 

ഈ വാക്കുകള്‍ വായിച്ച് കുസൃതിച്ചിരി ചിരിക്കുന്ന കരുണാകരന്റെ രൂപം കൂടി മനസ്സി ല്‍കാണാതിരിക്കാനാവുന്നില്ല ഇപ്പോള്‍ ചുമ്മാറിനെ വായിക്കുമ്പോള്‍. 

ആഴ്ചക്കുറിപ്പുകള്‍ എന്ന പേരില്‍ ചുമ്മാര്‍ എഴുതിയ 26 ലേഖനങ്ങള്‍. രാഷ്ട്രീയ ചരിത്രത്തിന്റെ ഭാഗമായ ലേഖനങ്ങള്‍. ഇഎംഎസും പനമ്പിള്ളിയുമുള്‍പ്പെടെ 18 വ്യക്തികളെക്കുറിച്ചുള്ള സ്മരണകള്‍. നേതാവിന്റെ ഒരു ദിവസം. നിയമസഭാവലോകനം. അനുസ്മരണങ്ങള്‍. 

വായനയെ ആവേശഭരിതമാക്കുന്ന സമൃദ്ധിയുണ്ട് ചുമ്മാറിനെക്കുറിച്ചുള്ള പുസ്തകത്തിന്. മലയാള മനോരമ ചീഫ് എഡിറ്റര്‍ മാമ്മന്‍ മാത്യുവിന്റെ അവതാരിക(കെ.ആര്‍.ചുമ്മാര്‍:ഇന്നും വിസ്മയം)യും മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബിന്റെ ആമുഖക്കുറിപ്പും (മരിക്കും മുമ്പ് ആ പഞ്ച് ലൈന്‍). തോമസ് ജേക്കബ് എഡിറ്റ് ചെയ്ത പുസ്തകത്തിന്റെ സമാഹരണം ഇ.കെ. പ്രേംകുമാര്‍. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA