sections
MORE

ഇംഗ്ലിഷിനെ അത്രയ്ക്കു പേടിക്കണോ?

HIGHLIGHTS
  • സംഭാഷണങ്ങൾ എങ്ങനെ അവസാനിപ്പിക്കണമെന്ന് ഉദാഹരണം സഹിതം വിശദീകരിക്കുന്നു.
  • ആത്മവിശ്വാസത്തോടെ ഇംഗ്ലിഷ് സംസാരിക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും.
speak-english-320x478
SHARE
അഞ്ജു ലോപ്പസ്

മനോരമ ബുക്സ്

160 രൂപ

വളരെ അപ്രതീക്ഷിതമായാണ് ഇംഗ്ലിഷ് സംസാരിക്കേണ്ട സന്ദർഭങ്ങൾ വന്നു ചേരുന്നത്. അടുത്ത ബന്ധു കേരളത്തിനു പുറത്തുള്ള ഒരു വ്യക്തിയെ വിവാഹം ചെയ്ത് വീട്ടിൽ വരുമ്പോൾ, ഓഫിസിൽ ഒരു വിവരം ചോദിച്ച് മറുനാട്ടിൽ നിന്ന് ഒരു കോൾ വരുമ്പോൾ, ഒരു എൻക്വയറി നടത്താൻ കൗണ്ടറിൽ ചെല്ലുമ്പോൾ, വിദേശത്തു നിന്നു വന്ന സഞ്ചാരികൾ വഴി ചോദിക്കാൻ മുന്നിൽ പ്രത്യക്ഷപ്പെടുമ്പോൾ, ഉറ്റ സുഹൃത്ത് വിദേശത്തുനിന്നു വന്ന തന്റെ മിത്രത്തെ പരിചയപ്പെടുത്തുമ്പോൾ ഒക്കെ ഇംഗ്ലിഷിൽ സംസാരിക്കാൻ അറിയില്ലെങ്കിൽ സ്വാഭാവികമായും നമ്മൾ പരുങ്ങും. 

സംസാരം എങ്ങനെ തുടങ്ങണമെന്നോ മലയാളത്തിൽ ആലോചിച്ച് എങ്ങനെ ഇംഗ്ലിഷിലേക്ക് ഭാഷാന്തരം ചെയ്യണമെന്നോ ഒക്കെ ആലോചിച്ച് സന്ദേഹം കൊണ്ടും പരിഭ്രമിച്ചും വിയർത്ത് അത്തരം സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാനായിരിക്കും അടുത്ത നീക്കം. 

ഡിഗ്രി തലം വരെ ഇംഗ്ലിഷ് പഠിക്കുകയും പ്രഗൽഭരായ ഇംഗ്ലിഷ് കവികളുടെയും നോവലിസ്റ്റുകളുടെയും രചനകൾ സിലബസിന്റെ ഭാഗമായിരിക്കുകയും ചെയ്തിട്ടും ഒരു വാചകം തെറ്റുകൂടാതെ എങ്ങനെ മുഴുമിപ്പിക്കും എന്നുള്ള പേടി ഒഴിവാക്കണ്ടേ? ഇനിയുള്ള കാലത്ത് ഇംഗ്ലിഷ് ഒരു അവശ്യ ഭാഷയായിത്തീരും എന്നതിൽ സംശയം വേണ്ട.

അവസരം പ്രധാനം

നിങ്ങൾക്ക് ഇംഗ്ലിഷിൽ എത്രത്തോളം സംസാരിക്കാൻ അവസരം കിട്ടുന്നോ അത്രത്തോളം ആ ഭാഷ നിങ്ങൾക്ക് വഴങ്ങിത്തരും. എന്റെ ഒപ്പം സ്കൂളിൽ പഠിച്ചിരുന്ന ചില കുട്ടികൾ വളരെ അനായാസം ഇംഗ്ലിഷ് സംസാരിക്കുന്നവരായിരുന്നു. കാരണം അവരുടെ മാതാപിതാക്കളുമായി വീട്ടിൽ പലപ്പോഴും ഇംഗ്ലിഷിൽ സംസാരിക്കാനുള്ള പരിശീലനം അവർക്കു ലഭിച്ചിരുന്നു എന്നതാണ്. എനിക്കാവട്ടെ, അത്തരമൊരു സാഹചര്യം ഉണ്ടായിരുന്നില്ലതാനും.

ഇംഗ്ലിഷ് ആനുകാലികങ്ങളും പുസ്തകങ്ങളും ചാനലുകളുമാണ് എന്നെ പിൽക്കാലത്ത് ആത്മാഭിമാനത്തോടെ ഇംഗ്ലിഷ് സംസാരിക്കുന്നതിന് പ്രാപ്തയാക്കിയത്. സംസാരിക്കാനുള്ള ധൈര്യത്തോടൊപ്പം കൃത്യമായ ഉച്ചാരണവും മെച്ചപ്പെട്ടു. ക്രമേണ ആ ഭാഷയോട് പ്രത്യേകമായ ഒരു മമത വളർന്നു വരികയും ഉപരിപഠനത്തിന് ഇംഗ്ലിഷ് തെരഞ്ഞെടുക്കാൻ പ്രേരകമാവുകയും ചെയ്തു. 

ഇന്ത്യയിലെ പ്രശസ്തമായ ഒരു സർവകലാശാലയിൽ ബിരുദാനന്തരബിരുദത്തിന് ചേർന്നപ്പോൾ എന്റെ ഒപ്പം വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇംഗ്ലിഷോ ഇന്ത്യൻ ഭാഷകളോ ഒട്ടും അറിയാത്ത വിദ്യാർഥികളും ക്ലാസ്സിൽ ഉണ്ടായിരുന്നു. എന്നാൽ അവർ വളരെ പെട്ടെന്നു തന്നെ ഇംഗ്ലിഷ് അനർഗളമായി സംസാരിക്കുവാൻ പഠിച്ചതു കണ്ട് എനിക്ക് ആശ്ചര്യം തോന്നി. അതിജീവനത്തിന് ഇംഗ്ലിഷ് ഭാഷ പഠിക്കുക എന്ന ഏക മാർഗമേ അവരുടെ മുന്നിലുണ്ടായിരുന്നുള്ളൂ എന്നതായിരുന്നു അവരെ ഇംഗ്ലിഷ് സംസാരിക്കാൻ പ്രാപ്തരാക്കിയത്. നിങ്ങളുടെ ചിന്തകളെ വ്യക്തമായി ഇംഗ്ലിഷിൽ വെളിപ്പെടുത്താൻ കഴിഞ്ഞാൽ നിങ്ങൾ ഒരു പരിധി വരെ വിജയിച്ചു എന്നു പറയാം. 

ലണ്ടനിൽ ഉപരിപഠനാർഥം എത്തിച്ചേരുമ്പോൾ എന്റെ ഉച്ചാരണശൈലിയെക്കുറിച്ച് തെല്ലൊരു ആശങ്കയുണ്ടായിരുന്നു. എന്നാൽ മറ്റൊരു ചിത്രമാണ് എനിക്കവിടെ കാണാൻ കഴിഞ്ഞത്. വ്യത്യസ്ത ദേശക്കാർ, ഭാഷകൾ, സംസ്കാരങ്ങൾ എന്നിവയുടെ സംഗമഭൂമിയാണ് ലണ്ടൻ. തികച്ചും ഒരു ‘കോസ്മോപൊളിറ്റൻ’ നഗരം. എല്ലാവരും അവശ്യം ഇംഗ്ലിഷ് സംസാരിക്കുമെങ്കിലും, അവരുടെ തനതു ഉച്ചാരണ ശൈലിയിലായിരുന്നു അവർ സംസാരിച്ചിരുന്നത്. 

ഇംഗ്ലിഷ് ഭാഷയിൽ എഴുതുമ്പോൾ ഒരു സ്റ്റാൻഡേർഡ് രൂപം ഉണ്ടാക്കേണ്ടതുണ്ട്. എന്നാൽ ഇംഗ്ലിഷില്‍ സംസാരിക്കുമ്പോൾ ഈ നിയമം ബാധകവുമല്ല. ഇംഗ്ലിഷ് ഭാഷയിൽ ഒരു വാക്കിനു തന്നെ സന്ദര്‍ഭഭേദമനുസരിച്ച് അർഥം മാറിവരാം. അതു പോലെ പല ഭാഷകളിൽ നിന്ന് പുതിയ വാക്കുകൾ ഇംഗ്ലീഷിലേക്ക് വന്നു ചേരാറുമുണ്ട്. സോഷ്യൽ മീഡിയയിലും പോപ് കൾച്ചറിലും നിന്ന് ഉയര്‍ന്നു വരുന്ന പുതുവാക്കുകൾ (selfie, photobomb, hashtag, geeks, troll തുടങ്ങിയവ) സുപരിചിതങ്ങളായി. 

ടെക്സ്റ്റ് മെസേജുകളിൽ നിന്ന് കടംകൊണ്ട (ROFL, LOL, OMG) തുടങ്ങിയ വാക്കുകൾ വേറെയുമുണ്ട്. വാക്കുകളുടെ അർഥങ്ങൾ ധ്വനിക്കുന്ന ഈ അക്ഷര സംയുക്തങ്ങൾ ദൈനംദിന വ്യവഹാരഭാഷയുടെ ഭാഗമാകുന്നതിലൂടെ ഇംഗ്ലിഷിന്റെ വിനിമയശേഷി പൂർവാധികം ശക്തമാക്കി. 

101 സംഭാഷണങ്ങൾ

ഒരു സാധാരണ വ്യക്തിക്ക് വ്യത്യസ്ത സന്ദർഭങ്ങളിൽ ഉപയോഗിക്കേണ്ടിവരാനിടയുള്ള നൂറിൽപ്പരം സംഭാഷണങ്ങളാണ് ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. സംഭാഷണങ്ങൾ എങ്ങനെ തുടങ്ങണമെന്നും എങ്ങനെ അവസാനിപ്പിക്കണമെന്നും ഇതിൽ വിശദമാക്കുന്നുണ്ട്. 

∙പുസ്തകത്തിന്റെ ആരംഭത്തിൽ ഈ സംഭാഷണങ്ങളുടെ ഇൻഡക്സ് കൊടുത്തിരിക്കുന്നു. സന്ദർഭങ്ങളും സംഭാഷണങ്ങളും തിരഞ്ഞെടുക്കാൻ ഇതു സഹായകരമാകുമെന്ന് കരുതുന്നു. 

∙സംഭാഷണങ്ങൾ എങ്ങനെ, എപ്പോൾ അവസാനിപ്പിക്കണമെന്ന് ഉദാഹരണ സഹിതം വിശദീകരിക്കുന്നു. 

∙സംഭാഷണത്തോടൊപ്പം വരുന്ന വ്യാകരണവിശേഷങ്ങൾ അതതു സന്ദർഭങ്ങളിൽ വിവരിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇത് നിങ്ങളുടെ സംഭാഷണശൈലി മെച്ചപ്പെടുത്തുന്നതിന് അത്യന്താപേക്ഷിതമാണ്.

∙ഇതിൽ ചേർത്തിട്ടുള്ള സന്ദർഭങ്ങളും സംഭാഷണങ്ങളും വിവിധ മേഖലകളിലെ വിദഗ്ധരുമായി ചർച്ച ചെയ്തശേഷമാണ് തിരഞ്ഞെടുത്തിട്ടുള്ളത്. അതുകൊണ്ട് ഓരോ സംഭാഷണത്തിനും വേണ്ടത്ര പ്രാധാന്യവും വിശദീകരണങ്ങളും നൽകാൻ സാധിക്കുകയുണ്ടായി. 

ഒരു ബാങ്ക് വായ്പയ്ക്ക് അപേക്ഷിക്കാൻ ചെല്ലുമ്പോൾ ഓഫിസർ മലയാളിയല്ലെങ്കിൽ, വീസ കോൺസുലേറ്റിൽ ചെന്ന് കാര്യങ്ങൾ തിരക്കേണ്ടി വരുമ്പോൾ, വിദേശ സർവകലാശാലയിൽ അഡ്മിഷൻ സംബന്ധിച്ച് അന്വേഷണം നടത്തേണ്ടി വരുമ്പോൾ, ഒരു കമ്പനിയുടെ ഹ്യൂമൻ റിസോഴ്സസ് വിഭാഗത്തിൽ ഇന്റർവ്യൂവിന് ചെല്ലുമ്പോൾ ഒക്കെ മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങൾ കൂടി ഈ പുസ്തകത്തിൽ ശ്രദ്ധിച്ചിട്ടുണ്ട്. ഇന്റർവ്യൂവിലും ചർച്ചാ വേളകളിലും അടിസ്ഥാനമായി അറിഞ്ഞിരിക്കേണ്ട വ്യത്യസ്ത വിഷയങ്ങളും ഇതിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.

ആത്മവിശ്വാസത്തോടെ ഇംഗ്ലിഷ് സംസാരിക്കാൻ ഈ പുസ്തകം നിങ്ങളെ സഹായിക്കും.

(പുസ്തകത്തിന്റെ ആമുഖകുറിപ്പിൽ നിന്ന്)

'സ്പീക്ക് ഇംഗ്ലിഷ്' പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യുക

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA