sections
MORE

എൻജിനീയർ ആകാൻ ആഗ്രഹിക്കുന്നവരോടല്ല, ഒരു നല്ല എൻജിനീയർ ആകണമെന്ന് ആഗ്രഹിക്കുന്നവരോട്...

HIGHLIGHTS
  • ലളിതമായ മാർഗത്തിലൂടെ എൻജിനീയറിങ് എന്താണെന്ന് പറയാൻ ശ്രമിക്കുന്ന നോവൽ.
Spirit of Engineering_2.cdr
SHARE
നജീബ് കുഴിയിൽ

കൊണാർക് പബ്ലിഷേഴ്സ്

‘...എൻജിനീയറിങിന്റെ ആത്മാവു തേടിയുള്ള യാത്രയാണിത്. ലളിതമായ മാർഗത്തിലൂടെ എൻജിനീയറിങ് എന്താണെന്ന് പറയാൻ ശ്രമിക്കുകയാണ് ഈ നോവൽ. ഇതു വായിക്കുന്നതിലൂടെ ഓരോരുത്തർക്കും തിരിച്ചറിയാം, തങ്ങൾക്ക് എൻജിനിയറാവാൻ  അഭിരുചിയുണ്ടോ എന്ന്. ഇതു വായിക്കുന്ന ഓരോ വിദ്യാർഥിയുടെയും ഉള്ളിൽ അത്തരമൊരു അഭിരുചിയുണ്ടെങ്കിൽ തീർച്ച, അവരോരുത്തരും മികച്ച എൻജിനീയർമാരായി മാറിയിരിക്കും...’

(‘സ്പിരിറ്റ് ഓഫ് എൻജിനീയറിങി’ന്റെ ആമുഖത്തിൽ നോവലിസ്റ്റ് നജീബ് കുഴിയിൽ)

എന്തിന് എൻജിനീയറിങ് പഠിക്കണം എന്ന ചോദ്യത്തിനൊരു മറുപടിയാണ് ആലുവ മാറമ്പിള്ളി സ്വദേശി നജീബ് കുഴിയിൽ എഴുതിയ ‘സ്പിരിറ്റ് ഓഫ് എൻജിനിയറിങ്’ എന്ന ഈ നോവൽ. എൻജിനീയറിങ് പഠിക്കാനെത്തുന്നവരിൽ കൂടുതലും അതിനോട് അഭിരുചിയില്ലാത്തവരായതാണ് ഇന്ത്യയിൽ ഇത്രയേറെ എൻജിനീയർമാർക്ക് പണിയില്ലാതാവാൻ കാരണമെന്നും നജീബ് പറയുന്നു.

എങ്ങനെ പഠിക്കണമെന്ന് കുട്ടികൾക്കോ എങ്ങനെ പഠിപ്പിക്കണമെന്ന് അധ്യാപകർക്കോ ശരിക്കും അറിയാത്തൊരു വിഷയമായി എൻജിനീയറിങ് മാറിക്കഴിഞ്ഞു. അതുവഴി ഇതു പഠിക്കാനെത്തുന്നവർ കാര്യമായ കഴിവു പ്രകടിപ്പിക്കാനാവാത്ത വിധത്തിൽ കോഴ്സ് പൂർത്തിയാക്കി പുറത്തിറങ്ങുന്നു. അവർക്കാവട്ടെ ഈ ലോകത്ത് എൻജിനീയറിങ് രംഗത്ത് കാര്യമായൊന്നും ചെയ്യാനില്ലാതെ കഴിയുന്ന അവസ്ഥയിലുമാണ്. ക്ലാസ്മുറികളിലെ പഠനത്തിനപ്പുറം പ്രായോഗികപരിശീനത്തിന് പ്രാധാന്യം നൽകുന്ന എൻജിനീയറിങ് വിദ്യാഭ്യാസരീതി കൈവരിച്ചാലേ നമ്മുടെ വിദ്യാർഥികൾക്ക് ഈ മേഖലയിൽ കഴിവുറ്റവരായിമാറാൻ സാധിക്കൂവെന്ന ഊന്നലിലാണ് നോവൽ രചന പൂർത്തിയാക്കിയതെന്ന് നജീബ് പറഞ്ഞു.

അമേരിക്കയിലെ എക്സോൺ മൊബിൽ കോർപറേഷൻ കമ്പനിയിൽ സ്റ്റാഫ് എൻജിനീയറായി ജോലി ചെയ്യുന്ന നജീബിന്റെ വർഷങ്ങളായുള്ള ആഗ്രഹമാണ് എൻജിനീയറിങ് വിദ്യാർഥികൾക്ക് സംശയനിവാരണത്തിനൊരു പുസ്തകം എഴുതണമെന്നത്. നാട്ടിലായിരുന്നപ്പോൾ ക്ലാസെടുക്കാൻ പോകുന്ന അവസരങ്ങളിലെല്ലാം കുട്ടികളുടെ സംശയം കേട്ടുകേട്ടാണ് അത്തരമൊരു ആശയം ഉദിച്ചത്. 

പ്ലസ് വൺ, പ്ലസ് ടു, ഒന്നാം വർഷ എൻജിനിയറിങ് വിദ്യാർഥികൾക്ക് പ്രയോജനപ്രദമാകും വിധത്തിലൊരു പുസ്തകമെന്ന രീതിയിലാണ് ആദ്യചിന്ത വന്നത്. 15 വർഷം മനസ്സിൽ കൊണ്ടുനടന്ന ഈ ആഗ്രഹമാണ് 2015ൽ ആദ്യം ലേഖനങ്ങളുടെ രൂപം കൈവരിക്കുന്നത്. എൻജിനിയറിങിനെ സമീപിക്കാൻ 4 സ്തൂപങ്ങൾ എന്ന സങ്കൽപത്തെ ആസ്പദമാക്കിയാണ് ആ ലേഖനം എഴുതിത്തയാറാക്കിയത്. എഴുത്തിനുശേഷം വായിച്ചുനോക്കിയപ്പോൾ ഈ ലേഖനങ്ങൾ വിദ്യാർഥികളുടെ താൽപര്യമുണർത്താൻ സാധ്യതയില്ലെന്ന് ഞാൻതന്നെ തിരിച്ചറിഞ്ഞു. പിന്നീട് കുറേക്കാലം അതുമായി ഇരുന്നു. 2016ലെ പ്രഭാതങ്ങളിലൊന്നിൽ ഉറക്കമുണർന്നപ്പോഴാണ് അതു കഥാരൂപത്തിലാക്കിയാലോ എന്ന ആശയമുദിച്ചത്. തുടർന്ന് പ്ലോട്ടും കഥാപാത്രങ്ങളും ഉരുത്തിരിഞ്ഞുവന്നു. ഒരു വർഷമെടുത്തു ലേഖനം നോവൽരൂപത്തിലേക്ക് മാറ്റിയെടുക്കാൻ. 2017ൽ എഴുത്ത് പൂർത്തിയാക്കി നോവൽ തയാറായി. നോവലിൽ മാറ്റ് എന്ന നായകൻ അമേരിക്കക്കാരനാണെങ്കിൽ നോവലിലെ നായിക മായ ഇന്ത്യക്കാരിയാണ്. 

2017ൽ മാസ്കോട്ട് ബുക്സ് ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച നോവൽ ഈ വർഷം കൊണാർക് പബ്ലിഷേഴ്സ് ഇന്ത്യയിലും പ്രസിദ്ധീകരിക്കുകയാണ്. ജൂലൈ 2നാണ് ഡൽഹിയിൽ പ്രകാശനം. അന്നുതന്നെ എറണാകുളം പബ്ലിക് ലൈബ്രറിയിലും പ്രകാശനം നടക്കുന്നുണ്ട്. 

ആലുവ സ്വദേശിയായ നജീബിന്റെ സ്കൂൾവിദ്യാഭ്യാസം വാഴക്കുളം ഗവ. ഹൈസ്കൂളിലായിരുന്നു. തൃശൂർ ഗവ. എൻജിനിയറിങ് കോളജിൽ കെമിക്കൽ എൻജിനീയറിങിൽ ബിടെക് പൂർത്തിയാക്കി. 1997ൽ ഇന്ത്യൻ ഓയിൽ കോർപറേഷനിൽ ചേർന്ന നജീബ് അവിടെനിന്നാണ് സ്കോളർഷിപ്പോടെ 2004ൽ ഇംഗ്ലണ്ടിൽ മാസ്റ്റേഴ്സ് പഠനത്തിനു പോകുന്നത്. 2005ൽ ലീഡ്സ് സർവകലാശാലയിൽ നിന്ന് മാസ്റ്റേഴ്സ് പൂർത്തിയാക്കി. 2011ൽ അമേരിക്കയിലെ അയോവ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽനിന്ന് പിഎച്ച്ഡി നേടി. 2011 മുതൽ 2017 വരെ ജനറൽ ഇലക്ട്രിക് കമ്പനിയിൽ സീനിയർ എൻജിനീയറായി ജോലി ചെയ്തശേഷമാണ് 2017ൽ അമേരിക്കയിലെ എക്സോണിൽ ചേരുന്നത്. കോളജ് പഠനം പൂർത്തിയാക്കിയ രണ്ടു പേരുടെ യാത്രയും എൻജിനീയറിങ്ങിന്റെ ആത്മാവുമാണ് ഈ പുസ്തകം എന്ന് അടിക്കുറിപ്പായി ചേർത്തിരിക്കുന്നു. അക്ഷരാർഥത്തിൽ ഇതുതന്നെയാണ് ഈ നോവൽ പറയുന്നതും.

എൻജിനീയറിങ് പഠനത്തിന്റെ 10 വർഷത്തെ സർവകലാശാല അനുഭവങ്ങളും, എൻജിനിയർ എന്ന നിലയിൽ 15 വർഷത്തെ പ്രവർത്തനപരിചയവുമാണ് ഈ നോവൽ രചനയിൽ നജീബിനെ സഹായിച്ചത്. അതേക്കുറിച്ച് നജീബിന്റെ വാക്കകൾ ഇങ്ങനെ ; ‘മഹാന്മാരായ എൻജിനീയർമാർക്കും, മികച്ച എൻജിനീയർമാർക്കും, അത്ര മികവാർന്നതല്ലാത്ത എൻജിനീയർമാർക്കൊപ്പവും ഞാൻ ജോലി ചെയ്തിട്ടുണ്ട്. ഇതിൽനിന്നെല്ലാം മനസിലായ ഒരു കാര്യം ഇതാണ്; പല വിദ്യാർഥികൾക്കും എൻജിനീയറിങിനെക്കുറിച്ചു ശരിയായ ധാരണയില്ല, അതല്ലെങ്കിൽ  മികച്ച എൻജിനീയറാവാൻ എന്തെല്ലാം കഴിവുകൾ വേണമെന്നും അവർക്കറിയില്ല. അടിസ്ഥാന ധാരണയില്ലാത്തതിനാൽ അവർക്ക് ഈ ജോലിയിൽ മികവു പ്രകടിപ്പിക്കാനാവുന്നുമില്ല. അവർക്കു ലഭിക്കുന്ന അറിവുകൾ പ്രയോജനപ്പെടുത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ക്രിയാത്മകമായി പ്രവർത്തിക്കാനും അവർക്കാവുന്നില്ല’. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA