sections
MORE

ലാൽസലാം വിളിച്ച പാത്തുമ്മയുടെ ആട്!

HIGHLIGHTS
  • ബഷീറിന്റെ സമത്വബോധം തെളിയുന്ന സന്ദർഭങ്ങളും നോവലിലുണ്ട്.
  • ചൂഷണം ഇല്ലാതാക്കാൻ‌ ഹിംസയെ സ്വീകരിക്കാൻ ബഷീർ മടിക്കുന്നില്ല.
athrak-parichithamallatha-vazhikal
SHARE
എൻ. സന്തോഷ്കുമാർ

കറന്റ് ബുക്സ്

വില 200 രൂപ

ചുരുളൻമുടിക്കാരി: ആ ചാരുകസേരയിൽ മലർന്നു കിടക്കുന്നത് ആരാണെന്നറിയാമോ? സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീർ. 

‌മാൻകണ്ണി: പിന്നറിഞ്ഞുകൂടേ! സുപ്രസിദ്ധ സാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീർ. 

കോകിലവാണി: ഞാനെന്റെ ആട്ടോഗ്രാഫ് എഴുതിക്കുമല്ലോ. 

പൂച്ചക്കണ്ണി: അതയാളൊന്നുമല്ല. ആ ചെറ്റക്കുടിലു പോലത്തെ വീടു കണ്ടില്ലേ. 

മധുവാണി: പോടീ, പൂച്ചക്കണ്ണി! അദ്ദേഹമാണത്. കാണണോ, ഇന്നെന്റെ ആട്ടോഗ്രാഫ് ബുക്കിൽ അദ്ദേഹത്തെക്കൊണ്ടെഴുതിക്കുന്നത്. 

പൂച്ചക്കണ്ണി: ഓടി, എന്നാലൊന്നു കാണാമല്ലോ ! 

                          (പാത്തുമ്മയുടെ ആട് ) 

എഴുത്തുകാരനായ വൈക്ക് മുഹമ്മദ് ബഷീർ തന്നെ നായകനാകുന്ന കഥയിലെ പാത്തുമ്മയുടെ ആട് മുദ്രാവാക്യങ്ങൾ വിളിച്ചതായി കേട്ടിട്ടില്ല. ആരും അങ്ങനെ കണ്ടെത്തിയിട്ടില്ല. രേഖപ്പെടുത്തിയിട്ടുമില്ല. എങ്കിലും പുരോഗമന സാഹിത്യപ്രസ്ഥാനം സജീവമായിരുന്ന കാലത്ത് എഴുതപ്പെട്ട നോവലിൽ അക്കാലത്തിന്റെ പ്രതിഫലനം തേടാവുന്നതാണ്. അങ്ങനെയൊരു പുനർവായനയ്ക്കുള്ള സാധ്യതകൾ ഒഴിച്ചിട്ടാണ് ബഷീർ തന്റെ മാസ്റ്റർപീസ് എന്നു വിശേഷിപ്പിക്കാവുന്ന കൃതി എഴുതിയത്. ഏഴു പതിറ്റാണ്ടുകൾക്കുശേഷം പാത്തുമ്മയുടെ ആടിന്റെ പ്രത്യയശാസ്ത്രവായന സാധ്യമാക്കുകയാണ് എൻ.സന്തോഷ്കുമാർ അത്രയ്ക്ക് പരിചിതമല്ലാത്ത വഴികൾ എന്ന പുസ്തകത്തിലെ പാത്തുമ്മയുടെ ആട് എന്ന ലേഖനത്തിലൂടെ. 

സ്വന്തം ജീവിതത്തെയും അനുഭവങ്ങളെയും നേർ അനുഭവമായി നോവലിലൂടെ രേഖപ്പെടുത്തുന്നത് മലയാളം ആദ്യമായി വായിക്കുന്നത് പാത്തുമ്മയുടെ ആടിലാണ്. ഭാഷ പൂർണമായും പ്രാദേശികവും. സംസാര ഭാഷ തന്നെ. വർത്തമാനം പറയുന്ന മാതിരിയാണ് നോവൽ എഴുതിയതെന്നും സ്വന്തം കഥയാണെന്നും ബഷീർ തന്നെ മുഖവുരയിൽ പറയുന്നുമുണ്ട്. മലയാള ഭാഷയുടെ വ്യകാരണത്തെ ഗൗനിക്കാത്ത കൃതി കൂടിയാണ് പാത്തുമ്മയുടെ ആട്. 

കാലങ്ങളുടെ അലഞ്ഞുതിരിയലിനുശേഷം ജൻമാട്ടിൽ തിരിച്ചെത്തുന്ന ബഷീറാണ് നോവലിലെ നായകൻ. ശാന്തതയും പരിപൂർണ വിശ്രമവുമാണ് അദ്ദേഹം കൊതിക്കുന്നത്. പക്ഷേ ലഭിക്കുന്നതോ ശല്യങ്ങളുടെയും ബഹളങ്ങളുടെയും ഒച്ചകളുടെയും നടുവിൽ ഒരിടം. ദന്തഗോപുരവാസം ആഗ്രഹിക്കുന്ന എഴുത്തുകാരനെ സമൂഹമധ്യത്തിൽ ജീവിക്കാൻ നിയോഗിക്കുന്നതിലൂടെ ബഷീർ അനാവരണം ചെയ്യുന്നത് രാഷ്ട്രീയം തന്നെയാണ്; നിഷ്കളങ്കമായ വ്യക്തിചിത്രമല്ല. ബഷീർ എന്ന എഴുത്തുകാരൻ ശബ്ദങ്ങളെ ഇഷ്ടപ്പെടുന്നു. ബഹളങ്ങളെ ഇഷ്ടപ്പെടുന്നു. അവയില്ലാതെ അയാളില്ല. അയാൾ ജനങ്ങൾക്കു നടുവിലാണ്. 

ഭാഷയുടെ പാണ്ഡിത്യപ്രകടനം പൂർണമായി ഉപേക്ഷിക്കുന്നതാണ് എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. മാതാവേ കുറച്ചുശുദ്ധജലം തന്നാലും എന്നു പറയുന്ന എഴുത്തുകാരന് ലഭിക്കുന്നത് ഉമ്മയുടെ തവി കൊണ്ടുള്ള അടി. വരേണ്യഭാഷയ്ക്കാണ് ഇവിടെ അടി കൊള്ളുന്നത്. ക്രിതൃമമായ ഭാഷയ്ക്ക്. പകരം സാധാരണ ജനതയുടെ പൊതുഭാഷയെ സാഹിത്യത്തിൽ ബഷീർ പ്രതിഷ്ഠിക്കുന്നു. ഭാഷയുടെ സത്വത്തെ സ്വതന്ത്രമാക്കുകയാണ് ബഷീർ. 

പരിഷ്കാരികളും സുന്ദരികളും വരേണ്യരുമായ പെൺവർഗം എഴുത്തുകാരനെ അവഗണിക്കുന്ന ചിത്രവും പാത്തുമ്മയുടെ ആടിലുണ്ട്. തൊഴിലാളി വർഗത്തിൽപ്പെട്ട കുട്ടി എഴുത്തുകാരനെ ആദരിക്കുന്നതും. ഇതും മനഃപൂർവം തന്നെയാണെന്ന് സന്തോഷ് കുമാർ കണ്ടത്തുന്നു. എഴുത്തുകാരൻ ആരുടെ പക്ഷത്ത് എന്ന ചോദ്യവും ഇവിടെ ഉയർന്നുവരുന്നു. പുരോഗമന സാഹിത്യപ്രസ്ഥാനം ചോദിച്ച അതേ ചോദ്യം. കല കലയ്ക്കുവേണ്ടിയോ സമൂഹത്തിനു വേണ്ടിയോ എന്ന ചോദ്യവും. ജീവൽ സാഹിത്യം ഉയർത്തിപ്പിടിച്ച മുദ്രാവാക്യമാണ് ഇവിടെ ബഷീർ സൂക്ഷ്മമായി അവതരിപ്പിക്കുന്നത്. തൊഴിലാളി, കറുപ്പ് എന്നിങ്ങനെ കീഴാളപക്ഷത്തെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നു. 

ബഷീറിന്റെ സമത്വബോധം തെളിയുന്ന സന്ദർഭങ്ങളും നോവലിലുണ്ട്. ചൂഷണം ഇല്ലാതാക്കാൻ‌ ഹിംസയെ സ്വീകരിക്കാൻ ബഷീർ മടിക്കുന്നില്ല. ഇത് വ്യക്തിപരമായാണ് നോവലിൽ അവതരിപ്പിച്ചിട്ടുള്ളതെങ്കിലും സാമൂഹികമായ അർഥതലങ്ങൾ കാണാതിരുന്നുകൂടാ. ബഷീറും മുദ്രവാക്യം വിളിക്കുന്നുണ്ട്. വിപ്ലവ പ്രതിജ്ഞ എടുക്കുന്നുമുണ്ട്. അതുപക്ഷേ, വാചാലമല്ല. പ്രകടമല്ല എന്നുമാത്രം. 

കുടുംബത്തിന്റെ രൂപീകരണമാണ് ഭരണകൂടത്തിന്റെയും ദേശീയതയുടെയും നിർമിതിയിലേക്ക് നയിച്ചതെന്ന എംഗൽസിന്റെ നിരീക്ഷണങ്ങൾക്ക്, അത്തരമൊരു സിദ്ധാന്തത്തിന്റെ ആശ്രയവും ഭാരവുമില്ലാതെയുള്ള ഒരു ബഷീർ ഭാഷ്യമാണ് പാത്തുമ്മയുടെ ആട് എന്നും സന്തോഷ് കുമാർ യുക്തിയുടെ വെളിച്ചത്തിൽ സ്ഥാപിക്കുന്നുണ്ട്. 

പാത്തുമ്മയുടെ ആടിനൊപ്പം മലയാള കഥാ–കാവ്യ സാഹിത്യത്തിന്റെ മഹാ സംസ്കാരത്തെ സമകാലികമായി അടയാളപ്പെടുത്തുന്ന കൃതി കൂടിയാണ് അത്രയ്ക്ക് പരിചിതമല്ലാത്ത വഴികൾ. സാഹിത്യ നിരൂപണത്തിന്റെ പരമ്പരാഗതമായ എടുപ്പുകൾ മറിച്ചിടുന്ന വിപ്ലവ കൃതി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA