sections
MORE

ഭക്ഷണ ഗുളികകൾ, ലാബിൽ നിർമിച്ച മത്സ്യവും മാംസവും; 2050ല്‍ നമ്മൾ എന്തു കഴിക്കും?

HIGHLIGHTS
  • കാലാവസ്ഥാ വ്യതിയാനം പരമ്പരാഗത ഭക്ഷണരീതികള്‍ ഇല്ലാതാക്കുമോ?
  • ഭക്ഷണ നിര്‍മാണത്തിലേക്കും ടെക്‌നോളജി
the-fate-of--food-p
SHARE
അമാന്‍ഡാ ലിറ്റ്ല്‍

വില 3634 രൂപ

2050 ല്‍ മനുഷ്യര്‍ എന്തു ഭക്ഷിക്കും? കാലാവസ്ഥാ വ്യതിയാനം പരമ്പരാഗത ഭക്ഷണരീതികള്‍ ഇല്ലാതാക്കുമോ?

മുമ്പൊരിക്കലും ചോദിക്കപ്പെട്ടിട്ടില്ലാത്ത ഒരു ചോദ്യമാണ്, വരും കാലത്ത് മനുഷ്യര്‍ എന്തു ഭക്ഷിക്കും എന്നത്. ഭക്ഷണത്തെപ്പറ്റിയുള്ള ധാരണകള്‍ വെറും 30 വര്‍ഷത്തിനുള്ളില്‍ തിരുത്തപ്പെടുമോ? ഭൂമിയിലെ 7.5 ബില്യന്‍ മനുഷ്യര്‍ 2050 ല്‍ എന്തു ഭക്ഷിക്കും എന്ന ചോദ്യം ചോദിക്കുന്ന പുസ്തകത്തെയും അതെഴുതിയ ആളുടെ കണ്ടെത്തലുകളെയും ഇവിടെ ചെറുതായി പരിചയപ്പെടാം. അമാന്‍ഡാ ലിറ്റ്ല്‍ എന്ന എഴുത്തുകാരിയെക്കുറിച്ചും അവര്‍ എഴുതിയ ‘ദ് ഫെയ്റ്റ് ഓഫ് ഫുഡ്: വാട്ട് വീ വില്‍ ഈറ്റ് ഇന്‍ എ ബിഗര്‍, ഹോട്ടര്‍, സ്മാര്‍ട്ടര്‍ വേള്‍ഡ്’ (ഭക്ഷണത്തിന്റെ വിധി: കൂടുതല്‍ വിശാലമായ, താപനം വര്‍ദ്ധിച്ച, സ്മാര്‍ട്ടായ ലോകത്ത് നമ്മള്‍ എന്തു ഭക്ഷിക്കും) എന്ന പുസ്തകത്തെക്കുറിച്ചുമാണ് ഇവിടെ പറയുന്നത്. 

ക്ലൈമറ്റ് ചെയ്ഞ്ച്

കാലാവസ്ഥാ വ്യതിയാനം താറുമാറാക്കിക്കൊണ്ടിരിക്കുന്ന പരിസ്ഥിതിയില്‍ മനുഷ്യരുടെ അതിജീവനം എങ്ങനെയായിരിക്കും? ‘കാലാവസ്ഥാ വ്യതിയാനമോ? അത് വരും നൂറ്റാണ്ടുകളില്‍ സംഭവിച്ചേക്കാവുന്ന ഒന്നല്ലേ’ എന്ന ചിന്തയാണ് ഇന്നും പലരും വച്ചുപുലര്‍ത്തുന്നത്. കാലാവസ്ഥാ വ്യതിയാനം നമ്മളെയും ചെറുതായെങ്കിലും ബാധിച്ചു തുടങ്ങിയെന്ന് മലയാളികളും മനസ്സിലാക്കിത്തുടങ്ങുന്ന വര്‍ഷങ്ങളിലൂടെയാണ് നാമിപ്പോള്‍ കടന്നു പോകുന്നതെന്നതിനാല്‍ ഈ പുസ്തകത്തിനു പ്രസക്തിയേറും. വരള്‍ച്ചയും വെള്ളപ്പൊക്കവും കൊടുങ്കാറ്റും വിട്ടുപോകാത്ത ചൂടും ലോകമെമ്പാടുമുള്ള മനുഷ്യരെയും ജീവജാലങ്ങളെയും ബാധിക്കുകയാണ്. ഇതാകട്ടെ, പരമ്പരാഗതമായി ഭക്ഷണത്തിന് ആശ്രയിച്ചിരുന്ന സ്രോതസുകളെ ഇനി ആശ്രയിക്കാനായേക്കില്ല എന്ന യാഥാർഥ്യത്തിലേക്കാണ് കാര്യങ്ങളെ കൊണ്ടുചെന്ന് എത്തിക്കുന്നത് എന്നാണ് പല പഠനങ്ങളും സൂചിപ്പിക്കുന്നതും. കാലാവസ്ഥാ വ്യതിയാനം ഇന്നത്തെ ഭക്ഷ്യവ്യവസ്ഥയെ ബാധിച്ചു കഴിഞ്ഞതായും വാദമുണ്ട്.

പരമ്പരാഗത കൃഷി രീതികള്‍ വില്ലനോ?

കാലാവസ്ഥാ വ്യതിയാനം ത്വരിതപ്പെടുത്തുന്ന ഹരിതഗൃഹ വാതകങ്ങള്‍ (greenhouse gases) ഉണ്ടാക്കുന്നതില്‍ പരമ്പരാഗത കൃഷിക്കുള്ള പങ്ക് വളരെ വലുതാണ്. ആധുനിക സംസ്‌കാരത്തിലെ, ഇന്നും അനുവര്‍ത്തിക്കുന്ന കൃഷിരീതികള്‍ ആഗോള താപനത്തിന് വളരെയധികം വഴിവയ്ക്കുന്നു. ഏകദേശം 15-20 ശതമാനം വരെയാണിത് എന്ന് അമാന്‍ഡ ഒരു അഭിമുഖത്തില്‍ പറയുന്നു. ഇത്  ലോകത്തെ മൊത്തം ഗതാഗത സംവിധാനം (വാഹനങ്ങളും മറ്റും) ഉണ്ടാക്കുന്ന മലിനീകരണത്തിനൊപ്പമോ മുകളിലോ ആണത്രേ. കൃഷി, ഭൂമിയിലെ മനുഷ്യവാസമുള്ള മിക്ക ഭാഗങ്ങളുടെയും സ്വാഭാവികതയും നശിപ്പിച്ചു കഴിഞ്ഞു. നദികളെയും തടാകങ്ങളെയും ഭൂപ്രദേശങ്ങളെയും മാറ്റിമറിച്ചു. കോടിക്കണക്കിനു വര്‍ഷമെടുത്തു പരുവപ്പെട്ട ഭൂമിയെ നൂറ്റാണ്ടുകള്‍ കൊണ്ടാണ് കൃഷി മാറ്റിമറിച്ചത്. ഇതിനി ഈ രീതിയില്‍ അധികകാലം തുടരില്ല എന്നും വാദമുണ്ട്. ഇപ്പോള്‍ത്തന്നെ 'രുചിക്കാവുന്ന' ഒന്നാണത്രേ കാലാവസ്ഥാ വ്യതിയാനം. പഴങ്ങളിലും പച്ചക്കറികളിലും പശുക്കളിലുമെല്ലാം പുതിയ രുചിഭേദങ്ങള്‍ കാണാമത്രേ.  

അത്തരം ഒരു ഭാവി മുന്നില്‍ക്കണ്ടാണ് വമ്പന്‍ കൃഷിഫാമുകള്‍ പുതിയ കൃഷിരീതികള്‍ പരീക്ഷിക്കുന്നത്. ഭാവിയിലെ ലാഭവും അവരുടെ തീരുമാനത്തിനു പിന്നിലുണ്ട് എന്ന് ഉറപ്പാണ്. എന്നാല്‍, ഇത്തരം ഫാമിങ്ങിലൂടെ ലഭിക്കുന്ന ഭക്ഷണം ലോകത്തിനു മുഴുവന്‍ ലഭിച്ചേക്കില്ല എന്നും അല്ലെങ്കില്‍ അതു വാങ്ങാനുള്ള പണം സാധരാണക്കാരന് ഉണ്ടായേക്കില്ല എന്നുമുള്ള ഭീതിയും നിലനില്‍ക്കുന്നു. അതായത്, പാരമ്പര്യേതര ഭക്ഷണം സമ്പന്നർക്കു മാത്രമുള്ളതായിരിക്കാം എന്നാണ് ഒരു വാദം. 

ഭക്ഷണ നിര്‍മാണത്തിലേക്കും ടെക്‌നോളജി

ടെക്‌നോളജി കമ്പനികളും ഗ്ലോബല്‍ സ്റ്റാര്‍ട്ട്-അപ്പുകളും ഇതു മുന്നില്‍ കണ്ട് ഹൈ-ടെക് ആയി, പാരമ്പര്യേതര രീതിയില്‍ പച്ചക്കറികളും പഴങ്ങളും 'വളര്‍ത്താന്‍' ശ്രമിക്കുകയാണ്. മത്സ്യവും മാംസവും മൃഗങ്ങളെ കൊല്ലാതെ സൃഷ്ടിക്കുന്നതിനെപ്പറ്റിയും അമാന്‍ഡ പറയുന്നു. സംസ്‌കരിച്ചെടുത്ത മൃഗകോശങ്ങളില്‍നിന്ന് ലാബുകളില്‍ ഭക്ഷണത്തിനുള്ള മാംസം നിർമിക്കുന്നു. അതിന്, ഇത്രകാലം കഴിച്ചതില്‍നിന്ന് രുചി ഭേദം ഉണ്ടായേക്കില്ല. എന്നാല്‍, അത് ജീവനുള്ള ഒരു മൃഗത്തെ കൊന്നെടുക്കുന്നതായിരിക്കില്ല. സസ്യങ്ങളില്‍ നിന്നെടുത്ത പ്രോട്ടീന്‍ ഉപയോഗിച്ചോ മൃഗങ്ങളുടെ കോശങ്ങള്‍ സംസ്‌കരിച്ച് ബയോറിയാക്ടറുകളില്‍ വളര്‍ത്തിയോ ആയിരിക്കും അവ നിർമിക്കുക. ഇത്തരം ഭക്ഷണം ഇപ്പോള്‍ത്തന്നെ ലഭ്യമാണ്. 

ഇപ്പോള്‍ ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ ഇനിയും ഉണ്ടാക്കപ്പെടും. പക്ഷേ, അതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ എങ്ങനെ ലഭിക്കുന്നു എന്നതിലായിരിക്കും മാറ്റം വരിക. മാംസത്തിന്റെ കാര്യത്തിലാണെങ്കില്‍, കോശങ്ങള്‍ മൃഗങ്ങളില്‍ നിന്നായിരിക്കും വരിക. എന്നാല്‍ അവ ഒരു മൃഗത്തിലായിരിക്കില്ല വളരുക. എല്ലുകളും മറ്റ് അവയവങ്ങളും ഇല്ലാതെ മാംസം മാത്രമായിരിക്കും വളര്‍ത്തിയെടുക്കുക. ഇതിലൂടെ മൃഗത്തിനു സംഭവിച്ചേക്കാവുന്ന വേദനയും മറ്റും ഒഴിവാക്കപ്പെടുകയും ചെയ്യാം. മാംസം വളര്‍ത്തിയെടുത്ത ശേഷം അത് 3ഡി പ്രിന്ററുകളില്‍ പ്രിന്റു ചെയ്‌തെടുക്കുകയും ചെയ്യാം! (എന്നാല്‍, ചില 3ഡി പ്രിന്റിങ് പരീക്ഷണങ്ങള്‍ ഇപ്പോള്‍ പരാജയപ്പെട്ടതായും പറയുന്നു. അതിനാല്‍, ധാരാളം പരീക്ഷണങ്ങള്‍ക്കു ശേഷമായിരിക്കും ഇവ ഉപയോഗിക്കാനാകുക.) റോബോട്ടുകള്‍, രാസപദാര്‍ത്ഥങ്ങളില്ലാതെ മുറികള്‍ക്കുള്ളില്‍ സൂര്യപ്രകാശമോ (പകരം എല്‍ഇഡി ബള്‍ബുകള്‍ വെളിച്ചം നല്‍കും), മണ്ണോ ഇല്ലാതെ പച്ചക്കറികള്‍ വിളയിക്കുന്നു തുടങ്ങിയവയൊക്കെയാണ് അമാന്‍ഡ കണ്ടെത്തിയത്. അമേരിക്കയിലെ 13 സ്റ്റേറ്റുകളിലും മറ്റ് 11 രാജ്യങ്ങളിലും നടത്തിയ അന്വേഷണങ്ങളാണ് ഭാവിയിലെ ഭക്ഷണത്തെക്കുറിച്ചുള്ള പുസ്തകമെഴുതാന്‍ അവരെ പ്രാപ്തയാക്കിയത്. 

എന്നാല്‍, ഇത്തരം ഒരു പദ്ധതി മാത്രമായിരിക്കില്ല പരീക്ഷിക്കാനിരിക്കുന്നത്. ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുമോ എന്ന് പരീക്ഷിക്കുന്നതും പുതിയ നീക്കങ്ങളുടെ ഭാഗമായിരിക്കും. വരള്‍ച്ച, ചൂട്, ആക്രമണകാരികളായ കീടങ്ങള്‍ തുടങ്ങിയവ മുതല്‍ വെള്ളപ്പാച്ചിലിനെ വരെ ചെറുത്തു നിന്നേക്കാവുന്ന തരം വിത്തുകള്‍ ഉത്പാദിപ്പിക്കാനായിരിക്കും ശ്രമിക്കുക. 

എന്നാല്‍, ഭക്ഷണത്തെക്കുറിച്ചുള്ള മനുഷ്യരുടെ ചിന്തയില്‍ എളുപ്പം മാറ്റം വരുമെന്ന് ആരും കരുതുന്നില്ല. വര്‍ഷങ്ങളെടുത്തായിരിക്കും പുതിയ ചുവടുവയ്പ്പുകള്‍ നടത്തുക. കൂടാതെ, ഇതുവരെയുള്ള ഭക്ഷണ പാരമ്പര്യത്തെ പരമാവധി മാനിച്ചു കൊണ്ടായിരിക്കും പുതിയ നീക്കങ്ങള്‍. എന്നാല്‍, എങ്ങനെയാണ് ഭക്ഷണാവശ്യത്തിനുളള ഉല്‍പന്നങ്ങള്‍ സൃഷ്ടിക്കുന്നത് എന്നതിനും എവിടെയാണ് അവ ഉല്‍പാദിപ്പിക്കപ്പെടുക എന്നതിനും മാറ്റം വരും. 

ഇതൊന്നും കൂടാതെ, സയന്‍സ് ഫിക്‌ഷനില്‍ കാണുന്നതു പോലെ, ഭക്ഷണ ഗുളികകളും ക്യാപ്‌സ്യൂളുകളും മറ്റും കഴിക്കുന്നവരും 2050ല്‍ കണ്ടേക്കാമെന്നും പറയുന്നു. ഇവ ഒരോന്നും വേണ്ട ചേരുവകള്‍ ചേര്‍ത്തൊരുക്കിയ സമ്പൂര്‍ണ ഭക്ഷണമായിരിക്കുമെന്നതിനാല്‍, പോഷകാംശത്തിന് കുറവുണ്ടാകില്ല. 

അമാന്‍ഡയുടെ പുസ്തകത്തിന്റെ കിന്‍ഡ്ല്‍ എഡിഷന് 939 രൂപയാണ് ഇപ്പോഴത്തെ വില; ഹാര്‍ഡ്കവറിന് ഫ്‌ളിപ്കാര്‍ട്ടില്‍ 3634 രൂപയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
FROM ONMANORAMA