sections
MORE

കുറേക്കൂടി നല്ല മനുഷ്യനാകാൻ പ്രേരിപ്പിച്ച ‘ദൈവത്തിന്റെ ചാരന്മാർ’

HIGHLIGHTS
  • ജീവിതത്തെ പുതിയ രീതിയിൽ നോക്കിക്കാണാൻ സഹായിക്കുന്ന പുസ്തകം.
dhaivathinte-charanmar-p
SHARE
ജോസഫ് അന്നംകുട്ടി ജോസ്

ഡിസി ബുക്സ്

225 രൂപ

ഇരുട്ടിൽ തപ്പിത്തടഞ്ഞ് വഴികാണാതെ അലയുന്നവർക്ക് പ്രകാശത്തിന്റെ ഇത്തിരി വെട്ടം പകരുന്ന പ്രചോദന ചിന്തുകളാണ് ഈ പുസ്തകത്തിൽ. അതോടൊപ്പം അവനവനിലേക്ക് നോക്കുവാനും സഹായിക്കുന്ന രചനകൾ.

ജീവിതയാത്രയിൽ കണ്ടുമുട്ടിയ എത്രയെത്രമുഖങ്ങൾ. ചിലർ സ്നേഹിച്ചവർ, സ്നേഹം നിഷേധിച്ചവർ, ബലഹീനതകളിൽ താങ്ങായി നിന്നവർ, സഹായിക്കാൻ കരം നീട്ടിയവർ, മുഖം തിരിച്ചവർ അങ്ങനെ ഒരുപാടാളുകൾ നമ്മെ കടന്നു പോകുന്നു. അവരുടെ കഥകളും അനുഭവങ്ങളും പങ്കുവച്ചുകൊണ്ട് ജീവിതത്തെ പുതിയ രീതിയിൽ നോക്കിക്കാണാൻ സഹായിക്കുകയാണ് ഗ്രന്ഥകർത്താവിന്റെ വാക്കുകളിൽ. "എന്റെ ജീവിതത്തിലും ഇതുപോലെ ഒരുപാടാളുകൾ വന്നു. അങ്ങനെ വന്നവരെ എന്നെ തൊട്ടവരെ എന്നെ കുറേക്കൂടി നല്ല മനുഷ്യനാകാൻ പ്രേരിപ്പിച്ചവരെ ഞാൻ വിളിക്കുന്ന പേരാണ് ‘ദൈവത്തിന്റെ ചാരന്മാർ’."

ഒരു കുമ്പസാരക്കൂട്ടിനുള്ളിൽ കുറ്റബോധത്താൽ നീറിപ്പുകഞ്ഞു നിൽക്കുന്ന ഒരു ചെറുപ്പക്കാരൻ പഠിത്തത്തിൽ മുൻ പന്തിയിലായിരുന്നവൻ. എന്നാൽ പിന്നീട് കാലുകൾ ഇടറി പരീക്ഷയിൽ തളരുന്നു. ഒരു യുവ വൈദികന്റെ മുൻപിൽ പഠിത്തത്തിലുള്ള തന്റെ പിന്നോക്കാവസ്ഥ പങ്കുവയ്ക്കുന്നു. പരീക്ഷയ്ക്ക് ഇനിയും ഒരാഴ്ച. ഗ്രന്ഥകർത്താവ് തന്റെ അനുഭവം പറയുകയാണ്. എന്നാൽ വൈദികന്റെ ഉപദേശം അയാളുടെ ജീവിതം മാറ്റിമറിച്ചു. ആദ്യ അധ്യായത്തിൽ വിവരിക്കുന്ന സംഭവം കുറ്റബോധങ്ങളുടെ ചുവരുകൾക്കുള്ളിൽ തളയ്ക്കപ്പെടേണ്ടതല്ല ജീവിതം എന്ന പാഠം പകരുന്ന ലേഖനം.

മരണാസന്നനായ പിതാവിനെ ശുശ്രൂഷിക്കുന്ന ഗാന്ധിജി. അടുത്തമുറിയിൽ കിടന്നുറങ്ങുന്ന ഭാര്യ കസ്തൂർബയെ അദ്ദേഹം ഓർമിക്കുന്നു. ശരീരത്തിന്റെ ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ കഴിയാതെ അദ്ദേഹം ഭാര്യയുടെ അടുത്തേക്ക് പോകുകയാണ്. അൽപ്പസമയത്തിനുശേഷം മുറിയുടെ കതകിൽ തുടർച്ചയായി മുട്ടു കേൾക്കുന്നു. വാതിൽ തുറന്നപ്പോൾ അറിയുന്നത് പിതാവ് മരിച്ച വാർത്തയാണ്. ഗാന്ധിയുടെ ആത്മകഥയിൽ ഈ ഭാഗം ഉൾപ്പെടുത്തിയത് അദ്ദേഹത്തിന്റെ മഹത്വം കൊണ്ടാണെന്ന് പറയുന്ന ഗ്രന്ഥകർത്താവ് തന്റെ മാതാവിനെ പലപ്പോഴും വേദനിപ്പിച്ചത് ഓർമിക്കുന്നു. സമാന അനുഭവത്തിലൂടെ കടന്നുപോയ വായനക്കാരെ സ്വന്തം ജീവിതത്തിലേക്ക് കണ്ണോടിക്കുവാൻ സഹായിക്കുകയാണിവിടെ.

വൃക്ക തകരാറിലായ പെൺകുട്ടിക്ക് മറ്റൊന്നും ആലോചിക്കാതെ വൃക്ക നൽകിയ ജീവന്റെ കാവൽക്കാരനായ സെക്യൂരിറ്റി സുനിലേട്ടൻ, ദൈവത്തിന്റെ ചാരന്മാരിൽ ഒരാളാണെന്നു പറയുന്നു. പ്രതിഫലം ആഗ്രഹിക്കാതെ അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ നമ്മുടെ ജീവിതത്തിലും നന്മ ചെയ്തവരെ ഒരു നിമിഷം ഓർമിക്കുവാൻ സഹായിക്കുന്നു. പത്താം ക്ലാസ്സിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ തന്റെ പിതാവിന്റെ സ്നേഹിതനേൽപ്പിച്ച മുറിപ്പാടുകൾ ഉണക്കുവാൻ ആത്മവിശ്വാസം പകർന്ന് അവളുടെ കൂടെ നിന്ന അവളുടെ മാതാവിന്റെ കഥ പറയുകയാണ് മറ്റൊരധ്യായത്തിൽ തകർക്കപ്പെടുന്ന സ്ത്രീ ജീവിതങ്ങൾക്ക്  കരുത്തു പകരാൻ സഹായിക്കുന്ന ലേഖനം. രോഗിയും അവശയുമായ സ്ത്രീയ്ക്ക് രക്തം നൽകിയവർ മറ്റൊരിടത്ത്. 

സ്ത്രീകളെ താഴ്ത്തിക്കെട്ടാൻ ഇടയാക്കുന്ന പരസ്യങ്ങളിൽ നിന്ന് പിന്മാറിയ പൃഥ്വിരാജ്, പെപ്സിയുടെയും ഫെയർ ആൻഡ് ലവ്‍ലിയുടെയും പരസ്യങ്ങളിൽ നിന്ന് പിന്മാറിയ വിരാട് കോഹ്‍ലി തുടങ്ങിയവരുടെ യഥാർഥ ഹീറോയിസം വ്യക്തമാക്കുമ്പോൾ ജീവിതത്തെ ഉയർന്ന നിലയിൽ കാണണമെന്ന സന്ദേശമാണ് പങ്കു വയ്ക്കുന്നത്.

ഉള്ളിൽ മുഴുവൻ കരച്ചിലുമായി ജീവിക്കുന്നവർ ഈ പുസ്തകത്തിൽ പ്രത്യക്ഷപ്പെടുന്നു. സ്നേഹത്തിന്റെ പേരിൽ മുറിവേറ്റ ഒരു പെൺകുട്ടിയുടെ കഥയുണ്ട്. നമുക്ക് പഴയ ജീവിതത്തിലേക്ക് പോയി എല്ലാം വീണ്ടും തുടങ്ങാൻ പറ്റില്ലല്ലോ. എന്നാൽ നന്നായി തുടങ്ങിയാൽ ഏറ്റവും നല്ല രീതിയിൽ ജീവിതം അവസാനിപ്പിക്കാം എന്ന ഉപദേശം അനേകർക്ക് ആത്മവിശ്വാസം പകരാൻ കഴിയുന്നതാണ്.

മക്കൾക്കു നൽകാവുന്ന ഏറ്റവും നല്ല സമ്മാനം എന്തും തുറന്നു പറയാനുള്ള സ്വാതന്ത്ര്യം വീടിനുള്ളില്‍ ഉണ്ടെന്ന ഉറപ്പാണ്. മാതാപിതാക്കൾ മക്കൾക്ക് തണൽമരങ്ങളാകണം. നിങ്ങളുടെ സ്വപ്നങ്ങളിലേക്ക് മക്കളെ വലിച്ചിഴയ്ക്കുമ്പോൾ ചവിട്ടി അരയ്ക്കപ്പെടുന്ന അവരുടെ സ്വപ്നങ്ങൾ കാണാതെ പോകരുത്. മാതാപിതാക്കളോട് പറയുന്നു. എത്രയോ പേരുടെ കരുണയുടെയും സ്നേഹത്തിന്റെയും കൂട്ടിവയ്പാണ് ജീവിതം. അതിന് ഒരു ഉദാഹരണം ചെറിയ ക്ലാസ്സിൽ തന്നെ സ്വാധീനിച്ച എൽസി ടീച്ചറിന്റെ കഥയാണ്.

മറ്റുള്ളവർക്കു വേണ്ടി ഓടാൻ പലതും വേണ്ടാ എന്നു വച്ചു കൊണ്ട് നിന്നവർ. ഓരോന്നു വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിനിടയിൽ കൂടെയുള്ളവരെ സ്നേഹിക്കാൻ കൂടി സമയം കണ്ടെത്തേണ്ടിയിരിക്കുന്നു.

വിദ്വേഷം മനസ്സിൽ നിന്നകറ്റാൻ കഴിയാത്തവരോട് പറയുന്നു. ‘‘നാളെ അവരുടെ വിളി കേൾക്കാൻ നമ്മളോ നമ്മുടെ വിളി കേട്ട് ഉത്തരം പറയാൻ അവരോ ഇല്ലെങ്കിലോ? സ്നേഹത്തിനുവേണ്ടി വിശക്കുന്ന ആരൊക്കെയോ നമുക്ക് സമീപം ഉണ്ടെന്നുള്ളത് നാം കാണാതെ പോകരുത്. 

പ്രയാസം നിറഞ്ഞ നിങ്ങളുടെ ജോലി തൊഴിൽരഹിതന്റെ സ്വപ്നമാണ്. ശല്യപ്പെടുത്തുന്ന നിങ്ങളുടെ മക്കൾ, കുട്ടികൾ ഇല്ലാത്തവരുടെ സ്വപ്നമാണ്. നിങ്ങളുടെ കൊച്ചു വീട്, വീടില്ലാത്തവന്റെ സ്വപ്നമാണ്. നിങ്ങളുടെ ആരോഗ്യം രോഗികളുടെ സ്വപ്നമാണ്. നിങ്ങളുടെ പുഞ്ചിരി വിഷമിക്കുന്നവന്റെ സ്വപ്നമാണ്. 

അമ്മയുടെ പേര് സ്വന്തം പേരിനോടൊപ്പം ചേർത്ത ഗ്രന്ഥകാരൻ ജീവിതത്തെ പ്രണയിക്കാൻ അനുവാചകരോട് ആവശ്യപ്പെടുകയാണ്. നിരാശയിൽനിന്ന് ഏകാന്തതയിൽ നിന്ന് വേദനയിൽ നിന്ന് പരിഹാസത്തിൽ നിന്ന് പുറത്തു കടക്കാൻ ആഗ്രഹിക്കുന്നവർക്ക് മഴവിൽ വർണങ്ങൾ പകരുന്ന ശ്രദ്ധേയമായ പുസ്തകം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN BOOK REVIEW
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA